റോജിയും ജീനയും | Photo: Mathrubhumi
കോട്ടയം: പരിമിതികളെപ്പറ്റി ആലോചിക്കാന്‍ ജീനയ്ക്കും റോജിമോനും തീരെ സമയമില്ല. രാവിലെ മുതല്‍ വൈകീട്ട് വരെ ഇരുവരും ജീവിതം തുന്നിച്ചേര്‍ക്കാനുള്ള തിരക്കിലാണ്. ഇതിനിടയില്‍ വീട്ടുകാര്യങ്ങളൊക്കെ കൃത്യമായി നടക്കും. മേശപ്പുറത്തുള്ള തുണികള്‍ റോജി വെട്ടുമ്പോള്‍ ജീന അവ കൂട്ടിചേര്‍ത്ത് മനോഹര വസ്ത്രങ്ങളാക്കും.
ജീവിതസാഹചര്യത്തിനിടയില്‍ പഠിച്ച ആ തൊഴിലാണ് ഇന്ന് ഇവരുടെ അന്നവും നിലനില്പുമെല്ലാം. ജന്മനാ കേള്‍വിയും സംസാര ശേഷിയുമില്ലാത്തവരാണ് പാമ്പാടി കുറ്റിക്കല്‍ പരവന്പറമ്പില് റോജിമോനും ഭാര്യ ജീനയും.
ഏഴുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പരിമിതികളുള്ള റോജിക്ക് അനുയോജ്യയായ ഒരു വധുവിനെ വീട്ടുകാര്‍ തന്നെയാണ് കണ്ടെത്തിയത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയും മനക്കരുത്തും ഇരുവര്‍ക്കുമുണ്ടെന്ന് വീട്ടുകാര്‍ക്ക് ഉറപ്പായിരുന്നു. സ്പെഷ്യല്‍ സ്കൂളുകളിലാണ് ഇവര്‍ പഠിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം ഇവര്‍ തിരഞ്ഞെടുത്തതും തയ്യലായിരുന്നു.
പഠനശേഷം കറുകച്ചാല്‍, ചങ്ങനാശ്ശേരി, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം പ്രമുഖ തയ്യല്‍കടകളില്‍ റോജി നോക്കിയിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയുമെല്ലാം വസ്ത്രങ്ങള്‍ ഇരുവരും തയ്ക്കും. ഇതിനുപുറമെ വൈദീകരുടെ വസ്ത്രങ്ങള്‍ തയ്ക്കാനും റോജി പ്രത്യേക പരിശീലനം നേടി. തിരുവസ്ത്രങ്ങള്‍ തയ്ക്കാനും അലങ്കാരപ്പണികള്‍ ചെയ്യാനുമെല്ലാം റോജിക്ക് പ്രത്യേക കരവിരുതാണ്.
മലബാറില്‍ നിന്നുവരെ റോജിയെ തേടി പുരോഹിതരുടെ വസ്ത്രങ്ങളെത്താറുണ്ട്. രണ്ടുവര്‍ഷം മുന്‍പ് വരെ ഇവര്‍ക്ക് കുറ്റിക്കലില്‍ ഒരു തയ്യല്‍ക്കട ഉണ്ടായിരുന്നു. കോവിഡ് കാലം വന്നതോടെ കട പൂട്ടി. എങ്കിലും തളര്‍ന്നില്ല. കടയില്‍നിന്നും മെഷീനും സാധനങ്ങളും വീട്ടിലേക്ക് മാറ്റി. പിന്നെ വീട് തയ്യല്‍ കേന്ദ്രമാക്കി.
Content Highlights: roji and jeena success story and inspirational story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..