പഴയ ജീൻസിൽ നിന്നുണ്ടാക്കിയ ബാഗുമായി രത്‌ന പ്രഭാ രാജ്കുമാർ | Photo: facebook/ blue made green
മനസ്സിണങ്ങി വാങ്ങിയ വസ്ത്രം ഏതാനും വർഷത്തിനുശേഷം ഉപയോഗിക്കാനാകാതെ വന്നാൽ എന്തു ചെയ്യും? ചിലർ മടക്കി അലമാരയിൽ വയ്ക്കും. മറ്റുചിലരാകട്ടെ മനസ്സില്ലാമനസ്സോടെ നാടോടികൾക്ക് കൊടുക്കും. അതുമല്ലെങ്കിൽ പൊട്ടക്കിണറ്റിൽ തള്ളും. അറ്റകൈക്ക് തീയിടും. എന്നാൽ, ഇനി അതൊന്നും വേണ്ട. ഇവിടെ ബ്ലൂ മെയ്ഡ് ഗ്രീനിൽ ഏൽപ്പിച്ച് മനസ്സിലെ ആശയം കൈമാറിയാൽ ദിവസങ്ങൾക്കുള്ളിൽ പഴയ വസ്ത്രം മറ്റൊരു ഉത്‌പന്നമായി ഗ്യാരന്റിയോടെ നിങ്ങളുടെ വീട്ടിലെത്തും. ഇത് ഭംഗിവാക്കല്ല. വർഷങ്ങളോളം ഉപയോഗിച്ച ജീൻസ് ആറു വർഷം മുൻപ് രൂപമാറ്റം വരുത്തി യാത്രാബാഗാക്കി ചുമലിലിട്ട് പോകുന്നയാൾ സാക്ഷ്യംപറയുന്നതാണ് ബ്ലൂ മെയ്ഡ് ഗ്രീനിന്റെ വിജയം.
ഉപയോഗം തീരുന്ന തുണികളിൽനിന്ന് പുതിയൊരു വസ്തു നിർമിച്ചാണ് കാഞ്ഞങ്ങാട് കിഴക്കുംകരയിലെ രമണികയിൽ പ്രവർത്തിക്കുന്ന ബ്ലൂ മെയ്ഡ് ഗ്രീൻ എന്ന സ്ഥാപനവും അതിന് പിന്നിലെ ചാലകശക്തിയായ രത്നപ്രഭാ രാജ്കുമാറും വേറിട്ടൊരു സംരംഭകയാകുന്നത്. ഉപേക്ഷിക്കാനുള്ള വസ്ത്രങ്ങൾ പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ മറ്റൊരു വസ്തുവാക്കി വീണ്ടും ഉപയോഗിക്കുക എന്നതാണ് ബ്ലൂ മെയ്ഡ് ഗ്രീനിന്റെ വിജയമന്ത്രം.
യാത്രാബാഗ്, സ്ത്രീകളുടെ ചെറിയ ബാഗ്, ലാപ്‌ടോപ്പ് ബാഗ്, വിവിധതരം അലങ്കാരവസ്തുക്കൾ. മേശവിരി, ചവിട്ടി, ഏപ്രൺ, ജന്മദിനത്തോരണങ്ങൾ, പൗച്ചുകൾ, കണ്ണടക്കവർ തുടങ്ങി എഴുപതിലധികം വസ്തുക്കളാണ് ആവശ്യക്കാരുടെ ആശയങ്ങൾക്കനുസരിച്ച് ഇവിടെ നിർമിച്ചുകൊടുക്കുന്നത്.
പഴയ ജീൻസ് പുതിയ ബാഗ്
ഒരു ജീൻസ് രണ്ടരദിവസം കൊണ്ടാണ് യാത്രാബാഗായി രൂപാന്തരപ്പെടുന്നത്. അന്താരാഷ്ട്രനിലവാരമുള്ള സിബ്ബുകൾ ഘടിപ്പിച്ച് നിർമിക്കുന്ന ഇത്തരം യാത്രാബാഗുകൾ വീണ്ടും വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയുന്നുണ്ട്.
വിദേശത്ത് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. 2013-ൽ ബെംഗളൂരൂവിൽനിന്ന് തിരിച്ചെത്തിയ ശേഷമാണ് രത്നപ്രഭ പഴന്തുണിയിൽ പരീക്ഷണത്തിനിറങ്ങിയത്. വിദേശജോലിക്കിടയിൽ ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയിരുന്നു. അതിനൊപ്പം പാരമ്പര്യമായി ലഭിച്ച കഴിവും ചേർന്നതോടെ (രത്‌നയുടെ അമ്മ രാജാമണി കിഴക്കുംകരയിലെ അറിയപ്പെടുന്ന തുന്നൽക്കാരിയാണ്. അമ്മൂമ്മയാകട്ടെ തുണികളിൽ ചിത്രപ്പണി ചെയ്യുന്നയാളുമായിരുന്നു) രൂപപെട്ട ആശയമാണ് പഴയ തുണികളുടെ അപ് സൈക്ലിങ്.
2021-ലാണ് കിഴക്കുംകരയിലെ രമണികയിൽ ബ്ലൂ മെയ്ഡ് ഗ്രീൻ തുടങ്ങിയത്. ഇപ്പോൾ മുംബൈ, ഭോപാൽ, ഡൽഹി, കൊൽക്കത്ത, പുണെ, തിരുവനന്തപുരം, ബെംഗളൂരു, ആലപ്പുഴ, കൊച്ചി തുടങ്ങി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽനിന്നുള്ള ആളുകൾ രമണികയിലേക്ക് തങ്ങളുടെ ആശയവും കഴുകിവൃത്തിയാക്കിയ പഴയ വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്. അവ ഉപയോഗിച്ച് ഉണ്ടാക്കേണ്ടവയുടെ വിവരവും ഓൺലൈനിൽ കൈമാറും. സ്ഥാപനത്തിലുള്ളവർ തുണികൾ തരംതിരിച്ച് പഴയ തുന്നൽനീക്കും. തുടർന്ന് ആവശ്യമനുസരിച്ച് ഓരോ ഉത്‌പന്നം നിർമിക്കും. പഴയ വസ്ത്രങ്ങളുടെ സിബ്ബ് പോലും മറ്റൊരു വസ്തുവായി രൂപപ്പെടുത്തുന്നുണ്ട്. നിർമാണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തിരിച്ചുകൊടുക്കും.
പുതിയ സംരംഭം
സാമൂഹിക മാധ്യമങ്ങളുടെ സധ്യത പരമാവധി മുതലാക്കി അതൊരു സംരംഭമായി വളർന്നതോടെ സുനിതാ ബാലൻ, സുകന്യ രാജീവൻ, എ.വി. ശ്യാമള, മാലിനി കുമാരൻ എന്നിവർക്ക് മുഴുവൻസമയ ജോലിയായി. കോളേജ് വിദ്യാര്‍ഥിനിയായ നന്ദന, സുഹൃത്ത് അനുരാധ എന്നിവർ ഒഴിവുസമയത്ത് ജോലിക്കെത്തുന്നുണ്ട്. നിലവിൽ ആഴ്ചകൾ ചെയ്താലും തീരാത്ത ജോലി ഇവർക്ക് ബാക്കിയുണ്ട്. അത് പഴയ വസ്ത്രങ്ങളുടെ അപ് സൈക്ലിങ് സാധ്യതാലോകം അംഗീകരിച്ചുതുടങ്ങിയതിന്റെ സൂചനയാണെന്ന് രത്നപ്രഭയും സഹപ്രവർത്തകരും കരുതുന്നു. കയറ്റുമതി മേഖലയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂർ തളാപ്പിലെ ഭർത്താവ് രാജ്കുമാറും ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ മകൾ റിഷികയും അമ്മ രാജാമണിയും എല്ലാ പിന്തുണയും നൽകുന്നുണ്ട്.
Content Highlights: ratna prabhas upcycling boutique BlueMadeGreen gives old denims a creative makeover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..