-
സ്ത്രീകൾക്കെതിരെയുള്ള സൈബർ ബുള്ളിയിങ്ങും ബോഡിഷെയിമിങ്ങുമൊക്കെ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും ഇതിനെതിരെ പ്രതികരിക്കുന്നുമുണ്ട്. ഇപ്പോഴിതാ ഹിന്ദി സീരിയൽ താരം രശ്മി ദേശായിയും അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ ചിത്രങ്ങൾക്ക് കീഴെ പ്രായത്തെച്ചൊല്ലി ഉയരുന്ന കമന്റുകളെക്കുറിച്ചാണ് രശ്മി പറയുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രശ്മി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രായം കൂടുതലാണെന്നു പറഞ്ഞ് ക്രൂരമായി കളിയാക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് രശ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റിയെന്നും മറ്റും വിളിച്ചുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്ത്് തനിക്ക് മതിയായെന്നും ഒരു വ്യക്തിയെ ട്രോള്‍ ചെയ്യുന്നതിന് പരിധിയുണ്ടെന്നും രശ്മി പറയുന്നു.
അമ്മയോടും പെങ്ങളോടും കാമുകിയോടും ഏതൊരു സ്ത്രീയോടുമുള്ള ചിന്താഗതി ഇതാണോ? ഇതാണോ നിങ്ങളെ പങ്കാളിയോ അല്ലെങ്കിൽ ചുറ്റുമുള്ളവരോ പഠിപ്പിക്കുന്നത്? അതോ ഇതാണോ നിങ്ങളുടെ വൃത്തികെട്ട മനസ്സ്? നിങ്ങളെപ്പോലെ എഴുതുന്ന, എന്നാൽ എന്താണ് എഴുതേണ്ടത് എന്നറിയാത്തവരെ കാണുമ്പോൾ വിഷമം തോന്നുന്നു. - രശ്മി കുറിച്ചു.

ഈ കാലത്ത് നെഗറ്റിവിറ്റിയും വിദ്വേഷവും എളുപ്പം തിരഞ്ഞെടുക്കാനാവുമെന്നും സ്നേഹം പടർത്താനാണ് ആളുകൾ ബുദ്ധിമുട്ടുന്നതെന്നും രശ്മി പറയുന്നു. ഇൻസ്റ്റഗ്രാമിൽ ലവ്, സ്റ്റാർ എന്നെല്ലാം പേരുകളിട്ടവരാണ് ഇത്തരത്തിൽ വെറുപ്പു പടർത്തുന്നതെന്നതാണ് മറ്റൊരു കാര്യമെന്നും രശ്മി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും മുംബൈ പോലിസിന്റെയും സൈബർക്രൈം ഹെൽപ് ലൈനിന്റെയും അക്കൗണ്ടുകളും ടാഗ് ചെയ്തിട്ടാണ് രശ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ 'ഞാൻ എന്താണോ അതാണ് ഞാൻ, നിങ്ങളുടെ അഭിപ്രായം എന്നെ നിർവചിക്കുന്നില്ല'- എന്ന ക്യാപ്ഷനോടെ രശ്മി ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ സൈബർ ബുള്ളിയിങ്ങിനെതിരെയും ബോഡിഷെയിമിങ്ങിനെതിരെയും പ്രതികരിച്ചു രംഗത്തെത്തിയത്. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ താരം പരാതി കൊടുക്കുകയും ചെയ്തിരുന്നു.
Content Highlights: Rashmi Desai Shares Screenshots of Hate Comments On Instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..