അനീഷും രജിതയും വിവാഹ ദിനത്തിൽ | Photo: facebook/ aneesh
വിവാഹ ദിനത്തില്‍ സുന്ദരിയായി ഒരുങ്ങണമെന്ന് മിക്ക പെണ്‍കുട്ടികളുടേയും സ്വപ്നമാണ്. എന്നാല്‍ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടിവന്നാല്‍ അതിന്റെ സങ്കടം പെണ്‍കുട്ടികളുടെ മനസ്സില്‍ നിന്ന് മായില്ല. അതു ഒരു നോവായി അവശേഷിക്കും. മറ്റുള്ളവരുടെ വിവാഹത്തിന് പോകുമ്പോഴോ കല്ല്യാണ ആല്‍ബങ്ങള്‍ കാണുമ്പോഴോ എല്ലാം ആ സങ്കടം വീണ്ടും മനസിലെത്തും. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ വൈ.എസ് രജിത അങ്ങനെയൊരു നിരാശയുമായാണ് കഴിഞ്ഞ എട്ടു വര്‍ഷവും ജീവിച്ചത്.
ആ സങ്കടം തിരിച്ചറിഞ്ഞ ഭര്‍ത്താവ് വി അനീഷ് വിവാഹ വാര്‍ഷിക ദിനത്തില്‍ രജിതയ്ക്കൊരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി. വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്കരിച്ച് രജിതയെ ഞെട്ടിച്ചു. ഇതിനെല്ലാം സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകള്‍ അമ്മുവുമുണ്ടായിരുന്നു.
2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാര്‍ഥിനിയും. പ്രണയം വിവാഹത്തിലേക്ക് അടുത്തപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പുവന്നു. എന്നാല്‍ ഒളിച്ചോടാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല.
.jpg?$p=1990e2a&&q=0.8)
ഒടുവില്‍ അനീഷിന്റെ വീട്ടുകാര്‍ രജിതയുടെ വീട്ടില്‍ പെണ്ണു ചോദിച്ചെത്തി. ചടങ്ങുകള്‍ ഒന്നും നടത്തില്ല, വീട്ടില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. അങ്ങനെ അടുത്ത ദിവസം രജിതയെ വിളിച്ചിറക്കി കൊണ്ടുവന്നു. ഏതാനും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നു. എന്നാല്‍ സ്വന്തം വീട്ടുകാരില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു അന്ന് രജിത. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം.
പിന്നീട് ഇരുവരുടേയും ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. രജിത തുടര്‍ പഠനത്തിന് പോയി. പിഎച്ച്ഡി നേടി. ഗസ്റ്റ് ലക്ചര്‍ ആയി ജോലി ചെയ്തു. എന്നാലും ആ വിവാഹ ആല്‍ബം ഒരു വിങ്ങലായി രജിതയുടെ മനസില്‍ അവശേഷിച്ചിരുന്നു. ഏത് കല്ല്യാണത്തിന് പോകുമ്പോഴും രജിതയുട മുഖത്ത് അത് നിഴലിച്ചു. ഇതുകണ്ട അനീഷിനും സങ്കടമായി. ഒരു പരിഹാരം കണ്ടെത്തണമെന്ന് അന്ന് തീരുമാനിച്ചതാണ്.
എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ സര്‍പ്രൈസ് ഫോട്ടോഷൂട്ട് അങ്ങനെയാണ് ആസൂത്രണം ചെയ്തത്. സുഹൃത്തായ മീരയായിരുന്നു മേക്കപ്പ്. വിവാഹസാരിയുടുത്ത് മീരയുടെ അടുത്ത് മേക്കപ്പിന് എത്തുമ്പോഴും ക്യാമറയും വീഡിയോഗ്രാഫറും റെഡിയായി നില്‍ക്കുകയാണെന്ന് രജിതയ്ക്ക് അറിയില്ലായിരുന്നു. മേക്കപ്പെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സര്‍പ്രൈസ് ഫോട്ടോഷൂട്ട് ആണെന്ന് രജിത തിരിച്ചറിഞ്ഞത്. ആ നിമിഷം രജിതയുടെ കണ്ണകള്‍ സന്തോഷത്താല്‍ നിറഞ്ഞെന്നും അനീഷ് പറയുന്നു.
Content Highlights: rajitha and aneesh wedding save the date wedding album
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..