വിവാഹപ്രായം 21 അല്ല, ഇരുപത്തിയഞ്ചെങ്കിലും ആക്കണം; സ്ത്രീകൾ പറയുന്നു


വീണ ചിറക്കൽ

ജെൻഡർ ന്യൂട്രാലിറ്റിയിലേക്കുള്ള ചുവടുവെപ്പാണോ ഇത്? വിവിധ തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ അഭിപ്രായങ്ങളിലേക്ക്...

വിവിധ തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ അഭിപ്രായങ്ങളിലേക്ക്...

''നിന്റെ പ്രായത്തിൽ എനിക്ക് മക്കൾ രണ്ടാ.'' വിവാഹത്തേക്കാൾ വിദ്യാഭ്യാസത്തിനും കരിയറിനും പ്രാധാന്യം നൽകുന്ന പല പെൺകുട്ടികളും ആരിൽനിന്നെങ്കിലും എപ്പോഴെങ്കിലുമൊക്കെ നേരിടുന്ന കേട്ടുപഴകിയ വാക്കുകളാണിത്. പതിനാലിലും പതിനഞ്ചിലുമൊക്കെ വിവാഹ ആലോചനകൾ തുടങ്ങി പതിനെട്ടിനോട് അടുക്കും മുമ്പുപോലും വിവാഹം കഴിപ്പിച്ചിരുന്ന വീട്ടകങ്ങളുണ്ട്. അത്തരം സാഹചര്യത്തിലാണ് സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽനിന്ന് 21 വയസായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ നോക്കിക്കാണേണ്ടത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ആക്കുന്നതോടെ പെൺകുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? ലിം​ഗസമത്വത്തിലേക്കുള്ള ചുവടുവെപ്പാണോ ഇത്? വിവിധ തലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ അഭിപ്രായങ്ങളിലേക്ക്...

വിപ്ലവകരമായ തീരുമാനം

sreeja

വിവാഹപ്രായം ഇരുപത്തിയൊന്നായി ഏകീകരിക്കാനുള്ള തീരുമാനം ഏറ്റവും വിപ്ലവകരമായ ഒന്നായാണ് കാണുന്നത്. 1978-ലെ ശാരദാ നിയമം അനുസരിച്ചാണ് പെൺകുട്ടികളുടെ പ്രായം പതിനെട്ടും ആൺകുട്ടികളുടേത് ഇരുപത്തിയൊന്നുമായി നിശ്ചയിച്ചത്. ശാരദാ നിയമത്തിന് പകരം 2006-ൽ ബാലവിവാഹ നിരോധനനിയമം കൊണ്ടുവന്നു, അപ്പോഴും വിവാഹപ്രായപരിധിയിൽ മാറ്റമുണ്ടായില്ല. ഏറ്റവും പ്രധാനപ്പെട്ട വോട്ടവകാശത്തിൽ പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പ്രായമാണ് പരി​ഗണിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തിൽ മാത്രം പെൺകുട്ടികളുടേത് പതിനെട്ടും ആൺകുട്ടികളുടേത് ഇരുപത്തിയൊന്നും ആയി തുടരുന്നതിൽ ശരികേടുണ്ട്.

പതിനെട്ടിൽ വിവാഹം കഴിക്കുന്നതോടെ വിദ്യാഭ്യാസം എങ്ങുമെത്തുന്നതിന് മുമ്പ് വിവാഹത്തിലേക്ക് കടക്കുന്ന അവസ്ഥയാണ് . പഠിക്കുകയാണോ വിവാഹം കഴിക്കുകയാണോ വേണ്ടതെന്ന് തീരുമാനിക്കാനുള്ള പക്വത പോലും എത്തുന്നതിന് മുമ്പേ പലരും വിവാഹിതരാകും. വിവാഹം കഴിക്കണോ തൊഴിലെടുത്ത് ജീവിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ഇരുപത്തിയൊന്നിൽ ചുവടു വെച്ചേക്കാം. വിവാഹപ്രായം ഇരുപത്തിയഞ്ചെങ്കിലും ആക്കണം എന്നതാണ് വ്യക്തിപരമായ അഭിപ്രായം. -ശ്രീജ ശ്യാം, മാധ്യമ പ്രവർത്തക

സ്ത്രീപുരോ​ഗമനത്തിലേക്കുള്ള ഒറ്റമൂലിയല്ലിത്

anaswara

രണ്ടു രീതിയിൽ വേണം ഈ തീരുമാനത്തെ കാണാൻ എന്നാണ് കരുതുന്നത്. ഒരു തരത്തിൽ വളരെ പുരോ​ഗമനപരമായ തീരുമാനമായി എടുക്കാം. പതിനേഴിലേ വിവാഹം ഉറപ്പിച്ച് പതിനെട്ടിൽ വിവാഹിതരാക്കുന്ന അവസ്ഥ ഇന്ത്യയിൽ പലയിടത്തുമുണ്ട്. പലർക്കും പ്ലസ്ടു കഴിഞ്ഞ് ഒരു വർഷമേ പഠിക്കാൻ കിട്ടുന്നുള്ളു. എപ്പോഴും സ്ത്രീകളുടെ വിവാഹപ്രായം കൂടിയിരിക്കുന്നതാണ് നല്ലത്. ഇരുപത്തിയഞ്ചെങ്കിലും ആയേ വിവാഹത്തെക്കുറിച്ച് ആലോചിക്കാവൂ എന്നാണ് കരുതുന്നത്. അപ്പോഴേ എത്തരക്കാരെയാണ് ജീവിതത്തിൽ കൂട്ടേണ്ടത്, എത്തരക്കാരെ കൂട്ടുകയേ ചെയ്യരുത് എന്നെല്ലാം തിരിച്ചറിയാനുള്ള പാകത കൈവരൂ. അതുപോലെ തന്നെ സ്ത്രീക്കും പുരുഷനും ഒരേ വിവാഹപ്രായം ആക്കുന്നതും പ്രാധാന്യമർഹിക്കുന്നതാണ്. എന്നാൽ ഇത്തരമൊരു നിയമം നടപ്പിലാകുന്നത് ഇന്ത്യ പോലെ വൈവിധ്യമുള്ള രാജ്യത്താണ് എന്നതും അധികം ചർച്ച ചെയ്യാതെ കേന്ദ്രം ഇത്തരമൊരു തീരുമാനം കൊണ്ടുവരുന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

ഇന്ത്യപോലൊരു സദാചാര, പാട്രിയാർക്കൽ സമൂഹത്തിൽ ഇത്തരമൊരു തീരുമാനം വരുമ്പോൾ മറ്റൊരു കാര്യം കൂടി പരി​ഗണിക്കേണ്ടതുണ്ട്, സെക്ഷ്വൽ ആവശ്യങ്ങളിലേക്കു വളരുന്ന പ്രായത്തിൽ സെക്ഷ്വൽ ഫ്രീഡമില്ലാതെ വളരുന്ന രാജ്യത്ത് ഇതെങ്ങനെ ബാധിക്കാം എന്നതാണത്. അതിനാൽ തന്നെ സ്ത്രീപുരോ​ഗമനത്തിലേക്കുള്ള ഒറ്റമൂലിയായി ഈ തീരുമാനത്തെ കാണാൻ കഴിയില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നതിക്കും സ്വയംബോധത്തിനുമെല്ലാം ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനു ശേഷമേ വിവാഹപ്രായം ഉയർത്തിയിട്ടു കാര്യമുള്ളു. -അനശ്വര.കെ, മാധ്യമ പ്രവർത്തക

ലിം​ഗസമത്വത്തിലേക്കുള്ള​ ചുവടുവെപ്പ്

nisha

വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന തീരുമാനത്തെ പൂർണമായും സ്വാ​ഗതം ചെയ്യുന്നു. കാരണം പെൺകുട്ടികൾക്ക് കൂടുതൽ പഠിക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമുള്ള അവസരം ലഭിക്കുന്നു, സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ വിവാഹത്തിനകത്തെ പീഡനങ്ങൾ സഹിച്ചു നിൽക്കേണ്ടി വരില്ല. അംബേദ്കറുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്,
'ഒരു സമൂഹത്തിന്റെ പുരോ​ഗതി നിർണയിക്കപ്പെടുന്നത് അവിടുത്തെ സ്ത്രീകൾ കൈവരിച്ച പുരോ​ഗതിയുടെ അടിസ്ഥാനത്തിലാണ്' എന്നാണത്. സ്ത്രീകൾ വിദ്യാസമ്പന്നരാവുകയും കരിയർ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിലൂടെ സമൂഹം പുരോ​ഗതിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഒപ്പം ലിം​ഗസമത്വത്തിലേക്കുള്ള ഒരു ചുവടു കൂടിയാണിത്. -നിഷ രത്നമ്മ, സംരംഭക

മാറ്റം പ്രശംസനീയം, ഇനിയും മാറ്റമുണ്ടാകണം

revathy

ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നുണ്ടാകുന്ന ഈ മാറ്റം എത്ര ചെറുതാണെങ്കിലും പ്രശംസനീയമാണ്. നിരവധി സ്ത്രീകളുടെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ കടന്നാണ് ഇപ്പോൾ വിവാഹപ്രായം ഇരുപത്തിയൊന്നിൽ എത്തിനിൽക്കുന്നത്. പക്ഷേ, ഈ മാറ്റത്തിന് ഇനിയും മാറ്റമുണ്ടാകണം. 21 വിവാഹപ്രായം ആണെന്നൊന്നും പറയാൻ കഴിയില്ല. അതിനി ഇനിയും ഏറെ മുന്നേറാനുണ്ട്. വിവാഹപ്രായം എന്നതിനെ എന്തടിസ്ഥാനത്തിലാണ് കാണുന്നത് എന്നതാണ് പ്രശ്നം. സ്ത്രീകളുടെ ജൈവീക അവസ്ഥയ്ക്കപ്പുറം ഇന്റലക്ച്വൽ ലെവലിനെക്കൂടി കണക്കിലെടുത്തു വേണം തീരുമാനങ്ങളെടുക്കാൻ. അപ്പോൾ പ്രായം ഇരുപത്തിയഞ്ചു വരെ എത്തിയേക്കാം.

പതിനാലിൽ നിന്ന് തുടങ്ങി ഇരുപത്തിയഞ്ചിൽ എത്തിനിൽക്കുന്ന മാറ്റത്തെ അഭിനന്ദിക്കുമ്പോഴും ഇരുപത്തിയഞ്ചു കഴിഞ്ഞാൽ സ്ത്രീകൾ എക്സ്പയറി ഡേറ്റിലേക്ക് കടക്കുകയാണെന്ന് കരുതുന്ന സമൂത്തെക്കൂടി മനസ്സിൽ കാണണം. വിവാഹം എന്നത് സ്ത്രീകളുടെ ചോയ്സും കണക്കിലെടുത്തായിരുന്നെങ്കിൽ കുറച്ചുകൂടി മനോഹരമാവും. അത്തരം സ്ത്രീകളുടെ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് അവരെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം ഇനി വരുന്ന മാറ്റങ്ങൾ. -രേവതി സമ്പത്ത്(ആർട്ടിസ്റ്റ്)

പോസിറ്റീവായ തീരുമാനം

dhanya

വളരെ പോസിറ്റീവായാണ് ഈ തീരുമാനത്തെ കാണുന്നത്. പലയിടത്തും പതിനെട്ടിലേക്ക് എത്താൻ കാത്തു നിൽക്കുകയാണ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ. പെൺകുട്ടികളെ ഒരു ഭാരമായി കാണുന്നതുപോലെയാണത്. അവർക്ക് മതിയായ വിദ്യാഭ്യാസം നൽകണമെന്നോ ഭാവിയിൽ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പാകത കൈവരണമെന്നോ ചിന്തിക്കുന്നില്ല പലരും. അത്തരക്കാർക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. വിവാഹപ്രായം ഇരുപത്തിയഞ്ചെങ്കിലും ആക്കിയാൽ വളരെ നല്ലതാണ് എന്നാണ് കരുതുന്നത്. വിവാഹപ്രായം വർധിപ്പിക്കുന്നതോടെ പെൺകുട്ടികൾക്ക് പഠിക്കാനും കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണ് ലഭിക്കുന്നത്.
-ധന്യ എസ്. രാജേഷ്( ഹെലൻ ഓഫ് സ്പാർട്ട) സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ

വിവാഹം പെൺകുട്ടികളുടെ ചോയ്സ്

gopika

ഒരു സ്ത്രീ എന്ന നിലയിൽ ഏറെ സന്തോഷം തരുന്ന വാർത്തയാണിത്. നേരത്തേ വിവാഹം കഴിക്കേണ്ട അവസ്ഥ കാരണം സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയാത്ത നിരവധി പെൺകുട്ടികളുണ്ട്. വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കിയെന്നു കരുതി ഉടൻ വിവാഹം കഴിക്കണമെന്നല്ല, വിവാഹം എന്നത് പെൺകുട്ടികളുടെ ചോയ്സ് ആണ്. അതിനനുസരിച്ച് തീരുമാനിക്കാൻ അവർക്ക് കഴിയണം.
-ഗോപിക സുരേഷ്, മിസ് കേരള 2021

വിവാഹമല്ല, സ്വയംപര്യാപ്തതയാണ് പ്രധാനം

gadha

പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കി ഉയർത്തിയത് വൈകിപ്പോയെങ്കിലും പ്രശംസനീയമാണ്. പതിനെട്ട് എന്നു പറഞ്ഞാൽ പ്ലസ് ടു കഴിയുന്ന സമയമാണ്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത പ്രായമാണ്. പഠിക്കാനൊന്നും കഴിവില്ലാത്ത കുട്ടികളാണെങ്കിൽ പെട്ടെന്ന് വിവാഹം കഴിപ്പിക്കുന്നതാണ് കണ്ടുവന്നിരുന്നത്. അവനവന്റേതായ അഭിപ്രായം പോലും രൂപീകരിക്കാൻ കഴിയാത്ത പ്രായത്തിലാണ് അവർ‌ വിവാഹം കഴിക്കേണ്ടി വരുന്നത്.

വിദ്യാഭ്യാസവും കരിയറും കെട്ടിപ്പടുത്ത് അവനവന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അഭിപ്രായം ഉയർത്താനും കഴിയണം. അത്തരമൊരു നിലയിലെത്താൻ വിവാഹപ്രായം ഇരുപത്തിയഞ്ചെങ്കിലും ആക്കിയിരിക്കണം. അതിനു പുറമെ വിവാഹം എന്നത് അവനവന്റെ ചോയ്സ് മാത്രമാണ് എന്നും തിരിച്ചറിഞ്ഞിരിക്കണം. സ്വയംപര്യാപ്തരാവുകയാണ് ഏറ്റവും വലുത്, അതിനുശേഷമാണ് വിവാഹം വരേണ്ടത്.
-ഗാഥ, എൻട്രൻസ് കോച്ചിങ്

പെൺകുട്ടികളുടെ പഠനത്തിനായി പണം നിക്ഷേപിക്കൂ

kadambari

വളരെ പോസിറ്റീവാണ് ഈ തീരുമാനം. തടസ്സമില്ലാതെ പഠിക്കാൻ കഴിയും എന്നതാണ് അതിലാദ്യം. പെൺകുട്ടികളെല്ലാം ജോലികളിൽ കയറാനും അതിലൂടെ സാമ്പത്തിക സുരക്ഷ നേടിയെടുക്കാനും കഴിയും. കുടുംബത്തിനകത്തുള്ള സാമ്പത്തികാവസ്ഥയുമായും വിവാഹപ്രായത്തിന് ബന്ധമുണ്ട്. ലോക്ക്ഡൗൺ സമയത്ത് പല പെൺകുട്ടികളും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്തിട്ടുണ്ട്. വിവാഹത്തിലുപരി പെൺകുട്ടികളുടെ പഠനത്തിനായി പണം നിക്ഷേപിക്കുക എന്നതുകൂടിയാണ് ചർച്ച ചെയ്യേണ്ടത്.
-കാദംബരി വൈ​ഗ (ഫൈനൽ ഇയർ വിദ്യാർഥി, ഡൽഹി യൂണിവേഴ്സിറ്റി)

പതിനെട്ടിലും കൗമാരമാണ് മറക്കരുത്

anan

വളരെ സന്തോഷം തോന്നിയ വാർത്തയാണ്. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് പതിനെട്ടു ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നുമായി വിവാഹപ്രായം നിശ്ചയിച്ചത് എന്ന് മുമ്പേ കരുതിയിരുന്നു. പെൺകുട്ടികൾ നേരത്തെ പക്വതയുള്ളവരാവും അതുകൊണ്ട് നേരത്തേ വിവാഹം കഴിപ്പിക്കണം എന്ന ചിന്താ​ഗതി തന്നെ പക്ഷപാതപരമാണ്. നിയമപ്രകാരം പതിനെട്ട് പൂർത്തിയായാൽ മതി എന്നു പറഞ്ഞാലും അപ്പോഴും അവർ കൗമാരക്കാരാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നേരെ വിവാഹത്തിലേക്ക് കടക്കുന്ന അവസ്ഥ. മിക്കപ്പോഴും മാതാപിതാക്കളാണ് പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നത്. ഇരുപത്തിയൊന്ന് ആക്കുന്നതിലൂടെ അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും പൂർത്തിയാവും. ഒപ്പം സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പക്വതയും കൈവരും.

-അനാൻ നൂർ (പ്ലസ് ടു വിദ്യാർഥി, പിഎംജി ജിഎച്ച്എസ്എസ്)

Content Highlights: raising legal age of marriage for women, marriage age of woman in india,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented