രാധിക ഗുപ്ത
പരിഹാസത്തിന്റെയും മാറ്റിനിർത്തലുകളുടെയും ബാല്യമായിരുന്നു രാധിക ഗുപ്ത എന്ന പെൺകുട്ടിയുടേത്. Torticollis എന്ന അവസ്ഥ മൂലം വളഞ്ഞ കഴുത്തുകളായിരുന്നു രാധികയുടേത്. അതിന്റെ പേരിലായിരുന്നു കൂടുതലും കുത്തുവാക്കുകൾ കേട്ടിരുന്നത്. അതിനെയെല്ലാം അതിജീവിച്ച് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന പദവിയിൽ എത്തിനിൽക്കുകയാണ് രാധിക. കഠിനകാലത്ത് കടന്നുപോയതിനെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ രാധിക പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
എയ്ഡൽവീസ് എംഎഫ് എന്ന സ്ഥാപനത്തിലെ സിഇഒ ആണ് രാധിക. പാകിസ്താൻ, ന്യൂയോർക്ക്, ഡൽഹി, നൈജീരിയ തുടങ്ങിയ ഇടങ്ങളിലായാണ് രാധിക വളർന്നത്. പലയിടത്തും തന്റെ ഇന്ത്യൻ ഉച്ചാരണം ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്റെ സ്കൂളിൽ തന്നെ ജോലി ചെയ്തിരുന്ന അമ്മയുമായാണ് പലരും തന്നെ താരതമ്യപ്പെടുത്തിയിരുന്നത്. അമ്മയുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എന്തു മോശമാണെന്നാണ് കേട്ടിരുന്നത്. അത് ആത്മവിശ്വാസത്തെ തളർത്തുന്നതായിരുന്നു- രാധിക പറയുന്നു.
താൻ അരക്ഷിതാവസ്ഥകളെ കുഴിച്ചുമൂടാൻ തീരുമാനിച്ചതിനെക്കുറിച്ചും രാധിക പറയുന്നുണ്ട്. ഇരുപത്തിരണ്ടാം വയസ്സിൽ ഏഴാംതവണയും ജോലി നിരസിക്കപ്പെട്ട സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിരുന്നു എന്നും സുഹൃത്താണ് സൈക്യാട്രിക് വാർഡിൽ എത്തിച്ചതെന്നും രാധിക പറയുന്നു. അന്നാണ് വിഷാദരോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ജോലിയുടെ അഭിമുഖം ഉണ്ടെന്ന് പറഞ്ഞ ഒറ്റക്കാരണത്താലാണ് അവർ അവിടെ നിന്നു തന്നെ പോരാൻ അനുവദിച്ചതെന്നും രാധിക പറയുന്നുണ്ട്.
അങ്ങനെ മക്കിൻസിയിൽ ജോലി ലഭിക്കുകയും ചെയ്തു. ജീവിതം ട്രാക്കിലേക്ക് തിരികെയെത്തുകയായിരുന്നു. മൂന്നുവർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് രാധിക എത്തിയത്. അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സിൽ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറി. ഭർത്താവിനും കുടുംബത്തിനുമൊപ്പം സംരംഭം തുടങ്ങി. തുടക്കം പതിയെ ആയിരുന്നെങ്കിലും വൈകാതെ തങ്ങൾ വളർന്നുവെന്നും രാധിക പറയുന്നു.
അങ്ങനെയിരിക്കെയാണ് കുറച്ചുവർഷങ്ങൾക്കു ശേഷം രാധികയുടെ സംരംഭം എയ്ഡൽവീസ് എംഎഫ് ഏറ്റെടുക്കുന്നത്. അങ്ങനെ കോർപ്പറേറ്റ് ലോകത്തേക്കും രാധിക ചുവടുവച്ചു. വൈകാതെ ബോസിനോട് സിഇഒ പദവിയിൽ തനിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം മുപ്പത്തിമൂന്നാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആവുകയും ചെയതു.
അടുത്ത വർഷമാണ് ജീവിതത്തെ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കാൻ ഒരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്റെ ലുക്കിനെക്കുറിച്ചുള്ള അരക്ഷിതാവസ്ഥകളെക്കുറിച്ചും തിരസ്കരണം നേരിടുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ആത്മഹത്യാശ്രമത്തെക്കുറിച്ചുമൊക്കെ ഞാൻ പങ്കുവെച്ചു. വൈകാതെ കഴുത്ത് ഒടിഞ്ഞ പെൺകുട്ടി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. പലരും അവരുടെ കഥ പങ്കുവെച്ചു, അത് എന്റെ കുറവുകളെ പുൽകാനുള്ള ആത്മവിശ്വാസം നൽകി. - രാധിക പറയുന്നു.
ഇപ്പോഴും കഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ തന്റെ ഏറ്റവും വലിയ നേട്ടം എന്താണെന്നും രാധിക പങ്കുവെക്കുന്നുണ്ട്. അത് ഇംപെർഫെക്റ്റ് ആണെന്നത് മനസ്സിലാക്കുകയും പുൽകുകയും ചെയ്യുന്നതിനൊപ്പം മനോഹരമാണ് എന്ന് തിരിച്ചറിന്നതു കൂടിയാണെന്ന് രാധിക പറയുന്നു. ആളുകൾ തന്റെ പുറംകാഴ്ചയെക്കുറിച്ച് കമന്റുകൾ പറയുമ്പോൾ അത് അംഗീകരിക്കുകയും എന്താണ് നിങ്ങളിൽ സവിശേഷമായി ഉള്ളത് എന്ന് അന്വേഷിക്കുകയുമാണ് ചെയ്യാറ് എന്നും രാധിക പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..