-
ഹാരി രാജകുമാരനുമായുള്ള വിവാഹശേഷം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് അഭിനേത്രി കൂടിയായ മേഗൻ മാർക്കിൾ. ഇരുവരും പദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിട്ട വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജകുടുംബത്തിലെ അസ്വാരസ്യങ്ങൾ ചർച്ചയാകുന്നതിനിടെ മേഗന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും കേറ്റ് മിഡിൽടണും.
വില്യമും കേറ്റുമായി അകൽച്ചയിലാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇരുവരുടെയും ഔദ്യോഗിക പേജിൽ നിന്നുതന്നെ മേഗന് പിറന്നാളാശംസകൾ കുറിച്ചിരിക്കുന്നത്. കേറ്റിന്റെയും വില്യമിന്റെയും ഔദ്യോഗിക അക്കൗണ്ടായ കെനിങ്ടൺ റോയൽ പേജിലൂടെയാണ് ആശംസ കുറിച്ചിരിക്കുന്നത്. മേഗന്റെ ചിത്രത്തിനൊപ്പം ഡച്ചസ് ഓഫ് സസെക്സിന് സന്തോഷം നിറഞ്ഞ പിറന്നാളാശംസകൾ എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എലിസബത്ത് രാജ്ഞിയും മനോഹരമായ ചിത്രം സഹിതമാണ് പിറന്നാളാശംസ കുറിച്ചിരിക്കുന്നത്. മേഗനൊപ്പം എലിസബത്ത് രാജ്ഞിയുമുള്ള ചിത്രമാണ് നൽകിയിരിക്കുന്നത്. ചാൾസ് രാജകുമാരനും ഭാര്യ കാമിലയും മേഗന് പിറന്നാളാശംസ പോസ്റ്റ് ചെയ്തിരുന്നു.
ഈ വർഷം ആദ്യമാണ് ഹാരിയും മേഗനും രാജപദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കേ അമേരിക്കയിലേക്കു ചേക്കേറിയത്. അടുത്തിടെ ഇൻ റോയൽ അറ്റ് വാർ എന്ന പുസ്തകത്തിൽ ഹാരിയെ വിവാഹത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കേറ്റ് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. തീർത്തും വ്യത്യസ്തമായ കരിയറിൽ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാൻ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങൾ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട് പറഞ്ഞിരുന്നുവെന്ന് പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു. മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചതായും പുസ്തകത്തിൽ പറഞ്ഞിരുന്നു.
Content Highlights: Queen, Kate Middleton and William wish meghan markle happy birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..