ഐവിൻ ഫ്രാൻസിസ്/ ഐവിൻ ഫ്രാൻസിസിന്റെ കല്ലറയിലെ ക്യുആർ കോഡ് | Photo: website/ iwin francis
നമ്മുടെ സ്വന്തമെന്ന് കരുതി ജീവിതത്തില്‍ ചേര്‍ത്തുപിടിച്ചവര്‍ മരണത്തിലൂടെ വേര്‍പിരിയുമ്പോള്‍ ആ ദു:ഖം നമുക്ക് താങ്ങാനാകില്ല. അവര്‍ ബാക്കിയാക്കി പോകുന്ന ശൂന്യത നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഒറ്റയ്ക്കുള്ള ഒരു ബസ് യാത്രക്കിടയില്‍, വിന്‍ഡോ സീറ്റിന് അരികില്‍ ഇരുന്ന് നമ്മള്‍ അവരെ കുറിച്ച് മാത്രം ആലോചിക്കും. പഴയ ഓര്‍മകള്‍ ഓരോന്നായി നമ്മുടെ മനസിലൂടെ മിന്നിമായും. ആ ഓര്‍മകള്‍ എന്നും കണ്‍മുന്നില്‍ കാണാന്‍ അവരുടെ ചിത്രങ്ങള്‍ നമ്മള്‍ ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കും. എന്നും രാവിലെ അവരുടെ ചിരിക്കുന്ന മുഖം നമ്മള്‍ കാണും. മനസിനുള്ളിലെ വിങ്ങലിന് ആ മുഖം നല്‍കുന്ന ആശ്വാസം ചെറുതല്ല.
ജീവിച്ചു കൊതി തീരും മുമ്പെ ഇരുപത്തിയാറാം വയസ്സില്‍ മരണം കവര്‍ന്നെടുത്ത ഐവിന്‍ ഫ്രാന്‍സിസ് എന്ന യുവ ഡോക്ടറുടെ മാതാപിതാക്കളും ഇത്തരമൊരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. കോളേജിലെ ഷട്ടില്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ ഐവിന്റെ അപ്രതീക്ഷിത മരണം ഫ്രാന്‍സിസിനേയും ലീനയേയും ഒരു ദു:സ്വപ്‌നം പോലെ പിന്തുടര്‍ന്നു. മകന് വേണ്ടി എന്തെങ്കിലും ചെയ്യുംമുമ്പ് അവന്‍ വിട്ടുപിരിഞ്ഞതിന്റെ ദു:ഖമായിരുന്നു അവരുടെ മനസുനിറയെ. ഒടുവില്‍ അവര്‍ അതിനൊരു ചെറിയൊരു പരിഹാരം കണ്ടെത്തി.
മകന്റെ മൃതദേഹം സംസ്‌കരിച്ച തൃശ്ശൂര്‍ കുരിയച്ചിറ പള്ളിയിലെ കല്ലറയില്‍ അവര്‍ ഒരു ക്യുആര്‍ കോഡ് സ്ഥാപിച്ചു. ആ കോഡ് സ്‌കാന്‍ ചെയ്താല്‍ 'മരിക്കാത്ത' ഐവിന്റെ ഓര്‍മകളാണ് നമ്മുടെ മുന്നില്‍ എത്തുക. ഐവിന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും പാട്ടിന്റെ വീഡിയോകളും നമ്മുടെ മുന്നിലെത്തും. 'എ ജാക്ക് ഓഫ് ഓള്‍ ട്രേഡ്‌സ്' എന്ന മുഖവുരയോടെ തുടങ്ങുന്ന ഈ വെബ്‌സെറ്റ് നിര്‍മിച്ചത് ഐവിന്റെ സഹോദരി എവ്‌ലിനാണ്. ഒമാനില്‍ ആര്‍ക്കിടെക്ടാണ് എവ്‌ലിന്‍.

മെഡിക്കല്‍ ബിരുദം നേടിയ ശേഷം പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് കോളേജിലെ ഷട്ടില്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് 2021 ഡിസംബര്‍ 22-ന് ഐവിന് ജീവന്‍ നഷ്ടമായത്. പഠനത്തിനൊപ്പം സംഗീതത്തിലും തത്പരനായിരുന്നു ഐവിന്‍. ഡ്രംസ്, ഗിറ്റാര്‍, കീബോര്‍ഡ് എന്നിവയിലെല്ലാം പ്രാവീണ്യം നേടിയിരുന്നുഫോട്ടോഗ്രഫിയും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഡീകോഡിങ്ങും ഇഷ്ടമേഖലകളായിരുന്നു.
ഒമാനില്‍ സൗദ് ഭവന്‍ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു ഐവിന്റെ പിതാവ് കുരിയച്ചിറ വട്ടക്കുഴി ഫ്രാന്‍സിസ്. അമ്മ ലീന സീബിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് പ്രിന്‍സിപ്പല്‍ ആണ്.
Content Highlights: QR code fixed in a tomb for recreating dr iwin francis memory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..