Photo: ShutterStock
പൊതുസ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് തുറിച്ചുനോട്ടം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. തുറിച്ചുനോക്കുന്നതിന് ശിക്ഷ വരെ ഏര്‍പ്പെടുത്തിയ കാര്യം നമുക്കറിയാം. എന്നാല്‍ ഇപ്പോഴും ഈ അവസ്ഥയ്ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നു വേണം മനസ്സിലാക്കാന്‍. ഇതാ ഒരു അന്വേഷണം...
ഇങ്ങനെ ആരെങ്കിലും നോക്കാറുണ്ടോ
സമയം ഉച്ചയ്ക്ക് ഒന്നര. നല്ല വെയില്‍. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ധിയുടെ ജനാല സീറ്റില്‍ കോഴിക്കോടുനിന്നു കയറിയ എന്നെ ഉണക്കാന്‍ വച്ച് ഞാന്‍ തലവേദനയെ കാത്തിരുന്നു. വെയില്‍ അത്രയ്ക്ക് കഠിനമായതുകൊണ്ട് തലവേദന ഉറപ്പായിരുന്നു. എന്നാല്‍ വന്ന് കയറിയത് പൊടിയും തുമ്മലുമാണ്. പരിചയഭാവത്തില്‍ അവരെന്റെയടുത്തേക്ക് ഓടി വന്നു. പാടുപെട്ട് തുമ്മലടക്കി ഇരിക്കുമ്പോള്‍ അടുത്തു വന്നിരുന്നത് ഒരു മധ്യവയസ്‌കനാണ്. രണ്ടു പേര്‍ക്കും കൂടി കൈവയ്ക്കാനുള്ള കൈത്താങ്ങിയില്‍ അയാള്‍ വേഗം സ്വന്തം കൈ സ്ഥാപിച്ചു. പിന്നെ എന്നെ മൊത്തത്തില്‍ ഒന്നു സ്‌കാന്‍ ചെയ്തു. അത് പിടികിട്ടിയതും ഞാനുടനെ കൈയിലുണ്ടായിരുന്ന പുസ്തകം നിവര്‍ത്തി വായന തുടങ്ങി.
പുള്ളിക്കാരന്‍ വിടുന്ന മട്ടില്ല. ചെരിഞ്ഞും മറിഞ്ഞും അറിയാത്ത മട്ടില്‍ എന്നെ നോക്കിക്കൊണ്ടിരിപ്പാണ്. കൈയിലെടുത്ത പുസ്തകത്തിലെ അക്ഷരങ്ങളില്‍ എത്ര ആഴ്ന്നിറങ്ങിയിട്ടും അയാള്‍ എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ അറിയാതിരുന്നില്ല. അസ്വസ്ഥതയോടെ തിരിച്ചും മറിച്ചും അതുതന്നെ ആലോചിച്ചു. ഇടയ്ക്ക് അയാളോട് രണ്ട്് ചോദിച്ചാലോ എന്നോര്‍ത്തെങ്കിലും അയാളുടെ പ്രായത്തെ പ്രതിയുള്ള അനാവശ്യമായ ഒരു സഹതാപം എന്നെ അതിന് അനുവദിച്ചില്ല.
ഞാന്‍ നോക്കുമ്പോള്‍ കണ്ണെടുത്തും വീണ്ടും നോക്കിയും ഞങ്ങളാ കണ്ണുടക്കി കളി തൃശൂരു വരെ തുടര്‍ന്നു. ഞാന്‍ ദേഷ്യം കൊണ്ട് ചുവന്നു. തൃശൂരായപ്പോള്‍ മൂപ്പിലാന്‍ എഴുന്നേറ്റതോടെ എന്റെ മനസ്സിലെ വെയില്‍ പതുക്കെ മാഞ്ഞു. ''ഇനി ഇവിടുന്നാരാണാവോ?'' ഞാന്‍ മനസില്‍ ചോദിച്ചു. ദോഷം പറയരുതല്ലോ ഈ സമയമത്രയും അയാള്‍ക്കപ്പുറമിരുന്ന മാന്യന്‍ മൊബൈലില്‍ തന്റേതായൊരു ലോകത്ത് വിരാജിക്കുകയായിരുന്നു.
തൃശൂരില്‍ നിന്നൊരു കണ്ണൂരുകാരി
ഭാഗ്യം തൃശൂരില്‍ നിന്നു കയറിയത് ഒരു പെണ്‍കുട്ടിയാണ്. പേര് പ്രിയ. ചെറിയ ചിരികള്‍ കൈമാറി ഞങ്ങള് പതുക്കെയങ്ങ് കൂട്ടായി. അടുത്തിരിക്കാന്‍ അവളെ കിട്ടിയ സന്തോഷം ഞാന്‍ മറച്ചു വച്ചില്ല. ഇത്ര നേരവും അനുഭവിച്ച ശ്വാസംമുട്ടലിനെ കുറിച്ച് ശ്വാസം വിടാതെ അവളോട് പറഞ്ഞു. ഉടനെ പ്രിയ പറഞ്ഞു: '' എന്റെ ചേച്ചീ ഞാനീ ഇട്ടിരിക്കുന്ന ജീന്‍സും ഷര്‍ട്ടുമിട്ട് എന്റെ നാട്ടിലൂടെ നടക്കാന്‍ പറ്റൂല. എന്തൊരു വായ്നോട്ടാ ആണുങ്ങള്. ചെക്കമ്മാരാണേ പോട്ടെ. ഇത് വല്യ കെളവമ്മാരാ. വയസാവുമ്പം ഇപ്പം ഇങ്ങന്‍ത്തെ സൂക്കേടാ വരുന്നേന്ന് തോന്നുന്നു.'' കണ്ണൂര്‍ ഭാഷ ശുദ്ധമലയാളത്തില്‍ മിക്സ് ചെയ്യാന്‍ ശ്രമിച്ച് അവളും കൂടെക്കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ അവളുറങ്ങിപ്പോയി. ബോറടി മാറ്റാന്‍ ഞാന്‍ ചുറ്റും നോക്കി. പുറത്തെ കാഴ്ചകള്‍ക്കു പകരം വണ്ടിക്കുള്‍വശത്തെ കാഴ്ചകള്‍ ശ്രദ്ധിക്കാനാണ് അപ്പോള്‍ തോന്നിയത്.
ബോഗി ഗാര്‍ഡ്സ്
സീന്‍: വണ്ടിക്കുള്‍വശം. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും. കണ്ടിട്ട് ഫ്രണ്ട്സാന്നാ തോന്നുന്നെ. കാരണം പ്രേമിക്കുമ്പോള്‍ മാത്രം കണ്ടുവരുന്ന ആപ്രത്യേക തിളക്കമൊന്നും കണ്ണില്‍ ഇല്ല. അവര്‍ വാതിലിനടുത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. അപ്പോഴാണ് ഞാനത് കണ്ടെത്തിയത് ഇയര്‍ ഫോണ്‍ വച്ച് മാറിയിരിക്കുന്ന ചപ്രത്തലമുടിയന്‍ അവരെ തന്നെ നോക്കുന്നു. ദേ അപ്പുറത്ത് ഒരമ്മച്ചിയും അവരെ അമര്‍ഷത്തില്‍ നോക്കുന്നു. ചുമ്മാ വര്‍ത്തമാനം പറയാനും സ്വാതന്ത്ര്യമില്ലല്ലോ എന്ന ഭാവത്തില്‍ ആ പയ്യന്‍ അവരെ തിരിച്ച് നോക്കി. നോട്ടക്കാരെ നോട്ട് ചെയ്തോണ്ടാവും പെണ്‍കുട്ടി പതിയെ സീറ്റിലിരുന്നു.
അകവും പുറവും
അല്‍പമൊന്ന് മയങ്ങി കണ്ണു തുറന്നപ്പോള്‍ ആലപ്പുഴ എത്തിയിട്ടുണ്ട്. പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് ഒരു തടിച്ച സ്ത്രീ ഭാരമുള്ളൊരു ബാഗും തൂക്കി നടക്കുന്നതാണ്. വേഷം സാരിയാണ്. സീറ്റിലിരിക്കുന്ന നിഷ്‌കളങ്കന്‍ അവരെ കണ്ണുകൊണ്ട് സ്റ്റെയര്‍ കയറ്റി വിട്ടു. എത്ര നല്ലവന്‍. ബോറടിച്ചിട്ടാവും എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. അപ്പോഴാണ് ചായ ചായ എന്ന വിളി. ചായക്കാരന്റെ വരവാണ്. നടുവേദനിച്ച് എഴുന്നേറ്റു നിന്ന ഒരു സ്ത്രീയെ അല്‍പം പോലും ദേഹത്ത് മുട്ടാതെ ചൂടുചായയും കൊണ്ട് അയാള്‍ വിദഗ്ദനായ ഒരു സര്‍ക്കസുകാരനെ പോലെ കടന്നുപോയി. അതുകണ്ടപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി.
അനന്തപുരിയില്‍
നോട്ടക്കാരെ നോക്കി നോക്കി ഞാനും ഒരു തുറിച്ചു നോട്ടക്കാരിയാണെന്ന് ആര്‍ക്കേലും തോന്നുമോ? എന്തായാലും വണ്ടി തിരുവനന്തപുരത്തെത്തി. പുറത്ത് കട്ട ഇരുട്ട്. ഓട്ടോക്കാരന് റൂം ബുക്ക് ചെയ്ത ലോഡ്ജ് അറിയില്ല. ഒരു തട്ടുകടയുടെ മുമ്പില്‍ ഓട്ടോ നിര്‍ത്തി ചോദിച്ചു. കട നടത്തുന്നത് ഒരു സ്ത്രീയാണ്. പാതി സഹതാപത്തോടെയും പാതി സംശയത്തോടെയും അവര്‍ വഴി പറഞ്ഞു തന്നു. റൂമെത്തി. മറഞ്ഞു നിന്ന് തുറിച്ചു നോക്കുന്ന ഒളിക്യാമറാ ഫൈന്‍ഡിങ്ങ് ടെസ്റ്റ് റൂമില്‍ നടത്തിയ ശേഷം ഞാന്‍ ക്ഷീണിച്ച് കിടന്നുറങ്ങി. രാവിലെ കുളിച്ചൊരുങ്ങി മാതൃഭൂമി അക്ഷരോത്സവത്തിന് പുറപ്പെട്ടു. മാതൃഭൂമിയുടെ ക അക്ഷരോത്സവ വേദി ചെറുപ്പക്കാരെ കൊണ്ട് സമ്പന്നമായിരുന്നു. ആദ്യം കണ്ട പെണ്‍കുട്ടി മയൂരിയായിരുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിത്തം. ''ഈ പരിപാടിക്ക് വന്നേപ്പിന്നെ ആരും നോക്കീട്ടില്ല. പക്ഷേ ചിലര്‍ക്ക് നോട്ടം ഇത്തിരി കൂടുതലാ. ഏതേലും ആണിനോട് മിണ്ടിയാല്‍ അപ്പോ സദാചാരം പറഞ്ഞോണ്ട് വരും. സംസ്‌കാര ശൂന്യര്‍!'' കൂട്ടുകാരികള്‍ മിണ്ടിയില്ലെങ്കിലും മയൂരി ആരെയും കൂസാതെ പറഞ്ഞു. ഉണ്ടെന്നും ഇല്ലെന്നും
സെക്യൂരിറ്റി ജീവനക്കാരി സജിതയ്ക്ക് പക്ഷേ പരാതിയൊന്നുമില്ല. ''സെക്യൂരിറ്റിയല്ലേ കടന്നുപോകുമ്പോ എല്ലാരും സ്വാഭാവികമായി നോക്കും അത്ര തന്നെ.''
ഗോപിക, മീര, സാഹിത്യ... മൂന്നു പേരും ചെമ്പഴന്തി എസ് എന്‍ കോളേജിലാണ്. ''മധ്യവയസ്‌കരും വയസമ്മാരുമാ വലിയ പ്രശ്നക്കാര്‍. പിന്നെ ഇങ്ങോട്ടു നോക്കിയാല്‍ അങ്ങോട്ടും നോക്കും അല്ലപിന്നെ.'' മൂന്നു പേരും ഒറ്റക്കെട്ട്.
ഞാന്‍ പിന്നെക്കണ്ടത് ചേച്ചിമാരെയാണ്. അപ്പോഴത്തെ തിരക്കില്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ മറന്നു പോയ സന്ധ്യപത്മ, ഷീബ. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ അവര്‍ മനസു തുറന്നു. ''തുറിച്ചു നോക്കുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ തോന്നും. പിന്നെ മൈന്‍ഡ് ചെയ്യാറില്ലെന്നു മാത്രം. നമ്മുടെ ഓട്ടത്തിനിടയില്‍ ഇതിന്റെ പുറകേ പോകണ്ടെ?'' എന്നാലും ഒരാളുടെ മുഖത്തടിച്ച കഥ കൂട്ടത്തില്‍ ഒരാള്‍ പങ്കുവച്ചു. കണ്ടവര്‍ക്കെല്ലാം സമാനമായ അനുഭവങ്ങളായതുകൊണ്ട് അന്നത്തേക്ക് ചോദ്യങ്ങള്‍ അവനസാനിപ്പിച്ചു.
മടങ്ങും മുന്‍പേ...
രാത്രിവണ്ടിക്ക് മടങ്ങാന്‍ സ്റ്റേഷനിലെത്തി. വണ്ടി അവിടെ നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും കയറാന്‍ ഒരു പേടി. ഞാന്‍ അറിയാതെ തന്നെ മാറത്ത് ഷോള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. സ്ത്രീകള്‍ എവിടെയാണ് സുരക്ഷിതര്‍ എന്നൊരു പഴകിപ്പിഞ്ഞിയ സംശയം മനസില്‍ പിന്നെയും മുളച്ചു. ജില്ലകള്‍ മാത്രമേ മാറുന്നുള്ളൂ. മനുഷ്യരെല്ലാം ഏതാണ് ഒരുപോലെ തന്നെ.
''മോളേ ഇത് കോഴിക്കോട്ടേക്കുള്ള ട്രെയിനല്ലേ?'' പെട്ടെന്ന് ഒരമ്മാവന്റെ ചോദ്യം. ''ആണല്ലോ'' എനിക്ക് മുമ്പേ ഒരു ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു. കണ്ടാലൊരു ഫ്രീക്കന്‍. ഞാനവന്റെ മുഖത്തേക്കു നോക്കി. കരുണയുള്ള കണ്ണുകള്‍. ചേച്ചി കയറുന്നില്ലേ അവന്‍ ചോദിച്ചു. മറുപടിക്കു കാക്കാതെ ആ അമ്മാവനെ അവന്‍ കൈപിടിച്ചു കയറ്റി.
ഇല്ല... എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. നല്ല നോട്ടങ്ങളുടെ പൂക്കാലം ഇനിയും വരാതിരിക്കില്ല.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: problems women face in society


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..