
പ്രിയങ്ക ചോപ്ര നിക്ക് ജോനാസിനും മകൾക്കുമൊപ്പം | Photos: instagram.com/priyankachopra/
മാതൃദിനത്തോട് അനുബന്ധിച്ച് ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. മകൾ ഒടുവിൽ വീട്ടിലെത്തി എന്നു പറഞ്ഞാണ് പ്രിയങ്ക നീണ്ട കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾ റോളർകോസ്റ്റർ പോലെയായിരുന്നു എന്നു പറഞ്ഞാണ് പ്രിയങ്ക കുറിപ്പ് ആരംഭിക്കുന്നത്. എൻഐസിയുവിൽ നൂറിലേറെ ദിവസത്തെ വാസത്തിനു ശേഷം മകൾ ഒടുവിൽ വീട്ടിലെത്തി എന്നാണ് പ്രിയങ്ക പറയുന്നത്.
വെല്ലുവിളികൾ നിറഞ്ഞ മാസങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഓരോ നിമിഷവും അമൂല്യമായിരുന്നു എന്നും പ്രിയങ്ക പറയുന്നു. മകൾ വീട്ടിലെത്തിയതിൽ അതീവ സന്തോഷത്തിലാണ് തങ്ങളിരുവരും. വഴിയിലെ ഓരോ ചുവടിലും നിസ്വാർഥമായി കൂടെയുണ്ടായിരുന്ന ലോസ്ആഞ്ചലീസിലെ ആശുപത്രിയിലെ ഓരോ നഴ്സുമാർക്കും ഡോക്ടർമാർക്കും സ്പെഷലിസ്റ്റുകൾക്കും പ്രിയങ്ക നന്ദി പറയുന്നുണ്ട്.
ജീവിതത്തിലെ അടുത്ത അധ്യായം തുടങ്ങുകയായി എന്നു കുറിക്കുന്ന പ്രിയങ്ക എല്ലാ അമ്മമാർക്കും തന്റെ ജീവിതത്തിൽ കരുതലായി കൂടെ നിന്നവർക്കും മാതൃദിനാശംസകൾ പങ്കുവെക്കുന്നുണ്ട്. തന്നെ ഒരു അമ്മയാക്കി മാറ്റിയ ജോനാസിനും പ്രിയങ്ക നന്ദി കുറിക്കുന്നുണ്ട്.
ഒപ്പം നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായെത്തി. ഓരോ പ്രാവശ്യവും തന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയങ്ക ഈ പുതിയ റോൾ വളരെ അനായാസത്തോടെയും സുസ്ഥിരതയോടെയുമാണ് ചെയ്യുന്നതെന്ന് നിക്ക് കുറിക്കുന്നു. ഈ യാത്രയിൽ പ്രിയങ്കയ്ക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ കടപ്പെട്ടിരിക്കുന്നു എന്നും ഇതിനകം തന്നെ പ്രിയങ്ക അത്ഭുതപ്പെടുത്തുന്ന അമ്മയായി എന്നും നിക്ക് കുറിക്കുന്നു.
വാടക ഗർഭധാരണത്തിലൂടെയും പ്രിയങ്കയും നിക്കും കുഞ്ഞിനെ ജീവിതത്തിലേക്ക് വരവേറ്റത്. അമ്മയായതിനു പിന്നാലെ ക്രൂരമായ ട്രോളുകളും വിമർശനങ്ങളും പ്രിയങ്ക നേരിട്ടിരുന്നു. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വീകരിച്ചതിനെ വിമർശിച്ചായിരുന്നു ട്രോളുകൾ. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..