ജീവിതം കവിതയാക്കിയവര്‍; പ്രതിസന്ധികളിലും പൂത്തുലഞ്ഞ പ്രഭുവിന്റേയും സംഗീതയുടെയും പ്രണയം


സുധീഷ് മേയ്ക്കാട്ടില്‍

സംഗീതയും പ്രഭുവും കേച്ചേരിയിലെ വീട്ടിൽ

തമിഴ് മണ്ണില്‍ മൊട്ടിട്ട് കേരളത്തില്‍ പൂത്തുലഞ്ഞൊരു പ്രണയകഥയ്ക്ക് പിന്നിലെ കാല്പനികത തുളുമ്പുന്ന വരികളാണിവ. പിന്നിട്ട വഴികളില്‍ നേരിട്ട കല്ലേറുകളും അപമാനവുമെല്ലാം കുറിച്ചിട്ടാല്‍ ഒരു സിനിമയിലേക്ക് പിന്നെ അധികം ദൂരമുണ്ടാകില്ല. മതത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പുകളെ വെല്ലുവിളിച്ച് ജീവിതം തുടങ്ങുകയെന്നത് ഒരിക്കലും എളുപ്പമല്ലെന്ന് കാട്ടിത്തരും ഇവരുടെ സംഭവബഹുലമായ ജീവിതം.

കഥ തുടങ്ങുന്നത് തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍നിന്നാണ്. ക്രിസ്തുമതവിശ്വാസിയാണ് ആരോഗ്യപ്രഭു. സംഗീതയാകട്ടെ ഹിന്ദുമതവിശ്വാസിയും. പ്രണയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത സാഹചര്യമായിരുന്നു അവരുടേത്. എന്നിട്ടും സകല അഴികളും തകര്‍ത്തെറിഞ്ഞ് പ്രണയം വിരിഞ്ഞു. വലിയ കലാപമുണ്ടാക്കാനിടയുള്ള വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുടെ പ്രണയം, ഒളിച്ചോടല്‍, ജീവിക്കാനുള്ള അലയല്‍, അവസാനം കഠിനാധ്വാനത്തിലൂടെ മറുപടി. ഈ യാത്രയുടെ നോവുകളും അനുഭവങ്ങളുടെ തീക്ഷ്ണമായ ചിന്തകളും സംഗീതയെ സാഹിത്യകാരിയാക്കി. ഇന്ന് തമിഴില്‍ ഹൈകു കവിതകളും ബാലസാഹിത്യവും പിച്ചിപ്പൂ എന്ന തൂലികാനാമത്തില്‍ എഴുതുന്നുണ്ട് സംഗീത.സംഗീതയുടെ പുസ്തകം

ഒരിക്കല്‍ ആരുമറിയാതെ പ്രഭുവിനൊപ്പം ഓടിപ്പോന്ന നാട്ടില്‍നിന്ന് ഇന്ന് എണ്ണമറ്റ അംഗീകാരങ്ങളും സംഗീതയെ തേടിയെത്തുന്നു. തേനിയിലെ സിന്നമണൂര്‍ ഗ്രാമത്തിലെ നാട്ടാമൈ ആയിരുന്നു സംഗീതയുടെ മുത്തച്ഛന്‍. അച്ഛന്‍ മുരുകയ്യന്‍ നാട്ടുകൂട്ടത്തിലെ തലൈവരും. പൊതുമരാമത്ത് കരാറുകാരന്‍കൂടിയായ മുരുകയ്യയുടെ സുഹൃത്തിന്റെ മകനാണ് പ്രഭു. കാര്‍ഷികാവശ്യത്തിനായുള്ള കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്ന സംഘത്തോടൊപ്പം സംഗീതയുടെ അച്ഛന്റെ കരാര്‍ പണികള്‍ക്ക് എത്തുന്നിടത്താണ് തുടക്കം. മുരുകയ്യയുടെ വീട്ടില്‍ തന്നെയായിരുന്നു പ്രഭുവിന്റെ താമസം. അങ്ങനെ സംഗീതയുമായി അടുപ്പത്തിലായി. പതുക്കെ പ്രണയത്തിലേക്ക്. മുമ്പ് വല്ല്യച്ഛന്റെ നിര്‍ബന്ധത്തിനുവഴങ്ങി രണ്ടുവര്‍ഷം പ്രഭു വൈദികപഠനം നടത്തിയിരുന്നു. പിന്നീട് സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോരുകയായിരുന്നു. മതത്തിന്റെ പേരില്‍ നാട്ടില്‍ വലിയ കോലാഹലം ഉണ്ടാകുമെന്നറിഞ്ഞിട്ടും പ്രണയം തകര്‍ന്നില്ല. പ്രണയത്തിന്റെ കാര്യം ആരുമറിഞ്ഞിരുന്നുമില്ല.

ബിരുദപഠനം പൂര്‍ത്തിയാക്കുംമുമ്പെ സംഗീതയ്ക്ക് വിവാഹാലോചനകള്‍ മുറുകിത്തുടങ്ങി. അങ്ങനെ നാടുവിടാന്‍ തീരുമാനം. എവിടേക്ക് പോകും... ആലോചിക്കാന്‍ വലിയ സമയമൊന്നുമുണ്ടായിരുന്നില്ല. 2005 ഓഗസ്റ്റ് 22ന് രണ്ടു പേരും കേരളത്തിലേക്ക് തിരിച്ചു. എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തെന്ന് ചോദിച്ചാല്‍ ഇപ്പോഴുമറിയില്ല ഇവര്‍ക്ക്. ഇഷ്ടദൈവമായ ഗുരുവായൂരപ്പന്റെ മുന്നിലേക്കെത്താനാണ് സംഗീതയ്ക്ക് തോന്നിയത്. രണ്ടുദിവസം ഗുരുവായൂര്‍ നടയിലും മറ്റുമായി കഴിഞ്ഞു. പ്രഭുവിന്റെ കൈയിലുണ്ടായിരുന്നത് 1300 രൂപ മാത്രം. കയറിക്കിടക്കാനൊരിടം വേണം. ജീവിക്കാന്‍ ഒരു ജോലിക്കായുള്ള അന്വേഷണമായി പിന്നെ. പരിചയമില്ലാത്ത യുവതിക്കും യുവാവിനും വീട് വാടകയ്ക്ക് കൊടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ചാവക്കാട്ട് ഒരുമനയൂരിലെ കാദറിക്കയുടെ ചായക്കടയില്‍ ജോലി തേടിയെത്തി. അവിടെ ഒന്നും മറച്ചുവെച്ചില്ല. കാദര്‍ സംഗീതയെ തന്റെ അനിയന്റെ വീട്ടിലാക്കി. പ്രഭുവിനെ ചായക്കടയില്‍ പണിക്കും നിര്‍ത്തി.

ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു പിന്നീട്. പക്വതയില്ലാതെ ഒളിച്ചോടി വന്നവരെന്ന ചിന്തയില്‍ കാദറും ബന്ധുക്കളുംകൂടി സംഗീതയെ നിരന്തരം ഉപദേശിച്ചു. വീട്ടുകാരെ വിളിച്ചുവരുത്താമെന്നും അവരോടൊപ്പം പോകണമെന്നും പറഞ്ഞു. പ്രഭു സംഗീതയെ ചതിക്കുമെന്നുവരെ പറഞ്ഞുനോക്കിയെങ്കിലും അണുവിട പിന്മാറാന്‍ തയ്യാറല്ലായിരുന്നു സംഗീത. ഒരു മാസത്തോളം സംഗീതയെ കാണാന്‍പോലും അനുവദിക്കാതെ പ്രഭുവിനെക്കൊണ്ട് കാദര്‍ പണിയെടുപ്പിച്ചു. സംഗീത സുരക്ഷിതയാണെന്ന് മാത്രം പറഞ്ഞു. കഠിനമായ പണികള്‍ നല്‍കി. ബുദ്ധിമുട്ടേറുമ്പോള്‍ പ്രഭു സംഗീതയെ ഉപേക്ഷിച്ച് പോകുമെന്ന കാദറിന്റെ ചിന്ത വെറുതെയായി. പ്രഭു ക്ഷമയോടെ കാത്തിരുന്നു.

അവസാനം കാദറിന്റെ മനസ്സലിഞ്ഞു. ബന്ധുവായ സുരഭി ബക്കര്‍ വഴി കേച്ചേരിയിലെ തൂവാനൂരില്‍ വാടകവീടെടുത്ത് നല്‍കി. പ്രഭു പിന്നീട് പല ജോലികളും ചെയ്തു. 2008ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചു. സുരഭി ബക്കര്‍ വഴി ഇരുവരുടെയും വീട്ടുകാരെ ബന്ധപ്പെട്ടു. പിണക്കം മാറി എല്ലാവരുമെത്തി. തിരിച്ചുചെല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും കേച്ചേരിയില്‍ത്തന്നെ സ്ഥിരതാമസമാക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. പെരുമണ്ണില്‍ നാലര സെന്റ് സ്ഥലം വാങ്ങി വീട് പണിതു. ഇപ്പോള്‍ താന്‍ ആദ്യം ചെയ്തിരുന്ന കുഴല്‍ക്കിണറിന്റെ പണിയാണ് പ്രഭുവിന്. ആറ് മാസം തമിഴ്‌നാട്ടിലാണ് ജോലി. രണ്ട് ആണ്‍മക്കളാണിവര്‍ക്ക് പ്രസന്ന, പ്രവീണ്‍.

ഇതിനിടെയാണ് സംഗീത തമിഴില്‍ ഹൈകു കവിതകള്‍ രചിക്കാന്‍ തുടങ്ങിയത്. ഫെയ്‌സ്ബുക്കിലാണ് ആദ്യം എഴുതിയിരുന്നത്. തുടര്‍ന്ന് തമിഴ് നടന്‍ ഭാഗ്യരാജിന്റെ ഭാഗ്യ ആഴ്ചപതിപ്പില്‍ കവിതകള്‍ അച്ചടിച്ചുവരാന്‍ തുടങ്ങി. വിവിധ മാസികകളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

'മിത്രാവിന്‍ കാറ്റാടി' എന്ന പേരില്‍ കുട്ടികള്‍ക്കുള്ള കഥകളും പുസ്തകമായി പ്രസിദ്ധീകരിച്ചു. കവിതകളും കഥകളും മലയാളത്തില്‍ പരിഭാഷപ്പെടുത്താനും ആഗ്രഹമുണ്ട് സംഗീതയ്ക്ക്.

Content Highlights: prabhu and sangeetha's love story and life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented