രാധാംബിക | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ
'ആരെയും ആശ്രയിക്കാതെ ആര്‍ക്കും ഭാരമാകാതെ സ്വയം സമ്പാദിച്ച് ജീവിക്കണമെന്ന വാശിയുണ്ടായിരുന്നു. ആ തീരുമാനമാണ് എന്നെ ഇന്ന് കാണുന്ന ഉയരങ്ങളിലെത്തിച്ചത്' പോളിയോ ബാധിച്ച വലതുകാല്‍ ക്രച്ചസിന്റെ സഹായത്തോടെ മണ്ണില്‍ ഉറപ്പിച്ച് തലയുയര്‍ത്തി നിന്ന് രാധാംബിക സംസാരിച്ചു തുടങ്ങി. പിറകില്‍ 'ശിവവാസു ഇലക്ട്രോണിക്‌സ്' എന്ന മഹാപ്രസ്ഥാനം ഒരു അരയാല്‍ വൃക്ഷംപോലെ വളര്‍ന്നുപന്തലിച്ച് അവര്‍ക്ക് തണലേകി. പോളിയോ ബാധിച്ച് തളര്‍ന്ന കാലുമായി വീട്ടിലെ ഇരുട്ടുമുറിയിലിരുന്ന രണ്ട് വയസ്സുകാരിയില്‍ നിന്ന് രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മംഗള്‍യാന് വരെ കരുത്തുപകര്‍ന്ന സംരംഭകയിലേക്കുള്ള രാധാംബികയുടെ വളര്‍ച്ചയുടെ കഥ ഇന്ത്യ ബഹിരാകാശത്ത് തീര്‍ക്കുന്ന അത്ഭുതങ്ങള്‍ക്ക് സമാനമാണ്.
പോയ 40 വര്‍ഷമായി ഇന്ത്യന്‍ സ്‌പേസ് റിച്ചര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിലെല്ലാം രാധാംബികയുടെയും സഹപ്രവര്‍ത്തകരുടെയും അധ്വാനത്തിന്റെ ചൂടുണ്ട്. ഐ.എസ്.ആര്‍.ഒയ്ക്ക് ബഹിരാകാശ വാഹനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സഹായകമായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തിരുവനന്തപുരം അമ്പലമുക്കിലെ ശിവവാസു ഇലക്ട്രോണിക്‌സിന്റെ ജീവനും ജീവവായുവുമാണ് രാധാംബിക. സദാസമയം മുഖത്ത് നിറയുന്ന പുഞ്ചിരിയ്ക്ക് വോള്‍ട്ടേജ് അല്‍പംകൂട്ടി രാധാംബിക ആ ജീവിതകഥയുടെ താളുകള്‍ മറിച്ചു.
.jpg?$p=81548d0&w=610&q=0.8)
ഇരുട്ടുമുറിയിലെ സങ്കടക്കാലം
പരമേശ്വരന്‍ പിള്ള എന്ന വാസുപിള്ള- സരോജിനി അമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമത്തെവളായി ഭൂമിയിലേക്ക് പിറന്നുവീഴുമ്പോള്‍ രാധാംബികയുടെ കാലുകള്‍ക്ക് തളര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിച്ചവെയ്ക്കാന്‍ കൊച്ചുകാല്‍മണ്ണിലുറപ്പിക്കേണ്ട രണ്ടാം വയസ്സില്‍ പോളിയോ വില്ലനായി. വലതുകാലിനെ പോളിയോ തളര്‍ത്തിയതോടെ മുട്ടിലൂന്നിയായിരുന്നു പിന്നീടുള്ള നടത്തം. കണ്ടുമുട്ടുന്നവരിലും ചെന്നുമുട്ടുന്ന ഇടങ്ങളിലുമെല്ലാം സഹതാപം മാത്രം നിറഞ്ഞു. പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്തതിനാല്‍ പലതവണയായി വിദ്യാഭ്യാസവും വഴിയില്‍ തട്ടിവീണുകൊണ്ടേയിരുന്നു.
''ഞാന്‍ ഭിന്നശേഷിക്കാരിയായതില്‍ അച്ഛനും അമ്മയ്ക്കും കടുത്ത ദു:ഖമുണ്ടായിരുന്നു. അന്നെല്ലാം വീടിന് പുറത്തേക്ക് ഇറങ്ങി മുട്ടിലിഴഞ്ഞ് നടക്കുമ്പോള്‍ ആളുകള്‍ എന്നെ നോക്കി ചിരിക്കാറുണ്ടായിരുന്നു. എവിടെയെങ്കിലും പിടിച്ച് ശകലം നടക്കാന്‍ നോക്കിയാല്‍ തട്ടി വീഴും. വളരുംതോറും പുറത്തേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ട് കൂടി കൂടി വന്നു. കാരണം ആള്‍ക്കാര്‍ ചിരിക്കുമോ എന്നൊരു ഭയമായിരുന്നു ഉള്ളില്‍. അതിനാല്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളിലെ ഇരുട്ടില്‍ തനിച്ചിരിക്കുകയായിരുന്നു ഞാന്‍. ആള്‍ക്കൂട്ടങ്ങളെ അന്ന് ഞാന്‍ ഭയത്തോടെയാണ് നോക്കിയിരുന്നത്. ഭിന്നശേഷിക്കാരിയായതിനാല്‍ എന്നെ ആരും വിവാഹം കഴിക്കില്ലെന്നും ഒരുകുടുംബമുണ്ടാകില്ലെന്നും അച്ഛനും അമ്മയും മനസ്സിലുറപ്പിച്ചിരുന്നു. ഇവള്‍ എല്ലാവര്‍ക്കുമൊരു ബാധ്യതയാകുമല്ലോ എന്നും അവരുടെ മനസ്സില്‍ വിഷമമായി ഉണ്ടായിരുന്നു. എന്റെ പേരില്‍ മാതാപിതാക്കള്‍ വിഷമിക്കരുത് എന്ന ചിന്തയാണ് എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ബോധ്യത്തിലേക്ക് എന്നെ നയിച്ചത്. ''അനുഭവങ്ങളുടെ കണ്ണീര് ചിരിയിലൊളിപ്പിച്ച് രാധാംബിക പറഞ്ഞു.

വിജയിക്കണമെന്ന വാശി...
അമ്പലമുക്ക് ഗേള്‍സ് സ്‌കൂളിലായിരുന്നു രാധാംബികയുടെ പഠനം. തുടര്‍ന്ന് പ്രീഡിഗ്രിക്ക് ചേര്‍ന്നു. നാലാഞ്ചിറ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ട്രോണിക്‌സ് കോഴ്‌സിന് ചേര്‍ന്നു. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഐ.എസ്.ആര്‍.ഒ പരിശീലന പരിപാടിയെ കുറിച്ച് കേള്‍ക്കുന്നതും രാധാംബിക അപേക്ഷ അയക്കുന്നതും.
''ലോകാരോഗ്യ സംഘടന 1981ലായിരുന്നു ആദ്യമായി ലോക ഭിന്നശേഷി ദിനം ആചരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്‍കൈ എടുത്താണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ ഞങ്ങള്‍ ഏഴ് പേരെയാണ് ഐ.എസ്.ആര്‍.ഒ. പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്. ആറുമാസമായിരുന്നു പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ നടത്തിയ പരീക്ഷയും വിജയിച്ചതോടെ ആറുമാസം കൂടി അവിടെ തന്നെ തുടരാന്‍ അവസരം നല്‍കി. അതിനിടയില്‍ തന്നെ ഞങ്ങളോട് സ്വന്തമായി സ്ഥാപനം തുടങ്ങി ജോലികള്‍ ചെയ്ത് ഐ.എസ്.ആര്‍.ഒയുമായി സഹകരിക്കാനുള്ളൊരു പദ്ധതി മുന്നോട്ട് വച്ചു. അതൊരു സാധ്യതയായി തിരിച്ചറിഞ്ഞ് ശിവവാസു ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. 1983ല്‍ എന്റെ 23ാം വയസ്സിലാണ് അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തത്. നല്ല രീതിയില്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്താല്‍ ഐ.എസ്.ആര്‍.ഒ തന്നെ എല്ലാവിധ പിന്തുണയും നല്‍കുമെന്ന ബോധ്യമാണ് എനിക്ക് ധൈര്യം നല്‍കിയത്.''

തളര്‍ന്നിരുന്നവരുടെ കൈപിടിച്ച്
രാധാംബിക തൊഴില്‍ദാതാവിന്റെ കുപ്പായമണിയുമ്പോള്‍ ഏഴു ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹങ്ങളിലും വിക്ഷേപണവാഹനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഭാഗമായ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിന്റെ വയറിങ്, ഹാര്‍നെസിങ്, അസംബ്ലിങ്, ടെസ്റ്റിങ് ജോലികളാണ് ശിവവാസുവില്‍ ചെയ്യുന്നത്. ഏല്‍പ്പിച്ച ജോലികളെല്ലാം കൃത്യതയോടെ ചെയ്ത് നല്‍കിയതോടെ ശിവവാസു വളര്‍ന്നു.
''ഞങ്ങളുടെ ലാബ് പൂര്‍ത്തിയാകുന്ന കാലഘട്ടം വരെ ഐ.എസ്.ആര്‍.ഒയില്‍ ചെന്ന് ജോലി ചെയ്യാന്‍ അനുവദിച്ചു. സ്ഥാപനം തുടങ്ങി മെല്ലെ വിജയവഴിയിലേക്ക് നീങ്ങുമ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്നെപോലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരം നല്‍കാനാണ്. ഏഴ് പേരില്‍ തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 200ലധികം തൊഴിലാളികളുണ്ട്. അതില്‍ ഭൂരിഭാഗം സ്ത്രീകളാണ്, 40 ശതമാനത്തോളം ഭിന്നശേഷിക്കാരും. ഐ.ടി.ഐ ഇലക്ട്രോണിക്‌സ്, മെക്കാനിക്‌സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപെന്‍ഡോട് കൂടി തൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട്. ''അഭിമാനത്തോടെ തന്നെ രാധാംബിക ശിവവാസുവിന്റെ വളര്‍ച്ച വഴിയിലേക്ക് വെളിച്ചം വീശി.
.jpg?$p=5e67d01&w=610&q=0.8)
ഇതെന്റെ ജീവതവും കുടുംബവും
ശിവവാസുവില്‍ നിന്ന് പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ ഇന്ന് ഐ.എസ്.ആര്‍.ഒ അടക്കം പ്രമുഖ ഇടങ്ങളില്‍ ജോലികള്‍ ചെയ്യുന്നുണ്ട്. അമ്പലമുക്കില്‍ ചെറിയൊരു കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സൗകര്യപ്രദമായ ഇരുനില കെട്ടിടത്തിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. എ.എസ്.എല്‍.വി, മംഗള്‍യാന്‍, പി.എസ്.എല്‍.വി, തുടങ്ങി ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ അഭിമാന പദ്ധതികളിലും ശിവവാസുവിന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. വി.എസ്.എസ്.സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) ആദ്യ കോണ്‍ട്രാക്ടര്‍ കൂടിയാണ് രാധാംബിക.
വി.എസ്.എസ്.സി നിര്‍ദ്ദേശിച്ച നിലവാരത്തിലുള്ള അത്യാധുനിക സൗകര്യമുള്ള ലാബും ബോര്‍ഡ് ചേമ്പറുമാണ് ശിവവാസുവിലേത്. മൂന്നുവര്‍ഷം മുമ്പ് മികച്ച ഭിന്നശേഷി തൊഴില്‍ദാതാവിനുള്ള ദേശീയ അവാര്‍ഡും രാധാംബികയെ തേടിയെത്തി. ഒരു ചേച്ചിയെ പോലെ ഒരമ്മയെ പോലെയാണ് രാധാംബിക പെരുമാറുന്നതെന്ന് ശിവവാസുവിലെ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെയും സങ്കടപ്പെടുത്താതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും രാധാംബിക പറയുന്നു.

''നമ്മള്‍ ഏതൊരു കാര്യവും കഠിനമായി ആഗ്രഹിച്ച് അതിനുവേണ്ടി കഷ്ടപ്പെട്ടാല്‍ ഈ ലോകം നമ്മുടെ കൂടെ നില്‍ക്കും എന്നതാണ് സത്യം. ഈ സ്ഥാപനം തുടങ്ങുമ്പോള്‍ ഒരുപാട് പേര്‍ എന്നെ തളര്‍ത്താന്‍ നോക്കിയിട്ടുണ്ട്. വെറുതെ പൈസ കളയാന്‍ എന്തിനാണ് ഓരോന്നെന്ന് പറഞ്ഞ് കളിയാക്കിയവരുണ്ട്. തളര്‍ന്ന കാലുള്ള ഇവളെ കൊണ്ട് ഇതൊന്നും സാധിക്കില്ലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ആരുടെ മുന്നില്‍ തലതാഴ്ത്തി നില്‍ക്കാതെ എന്നെ കൊണ്ട് സാധിക്കും എന്നൊരു ആത്മവിശ്വാസമാണ് എന്നെ വിജയത്തിലെത്തിച്ചത്. ഐ.എസ്.ആര്‍. ഒ. ഡയറക്ടര്‍മാര്‍ നല്‍കിയ വലിയൊരു പിന്തുണയാണ് എന്റെ സ്ഥാപനത്തിന്റെ വിജയകാരണം.വിവാഹശേഷം ഭര്‍ത്താവ് മുരളീധരന്‍ നായരും മക്കളായ ശ്രീവിനായകും ശ്രീരശ്മിയുമെല്ലാം എനിക്ക് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ''
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..