Photos: Instagram|asaniya_nazrin
വണ്ണം കൂടിയവർക്ക് പറഞ്ഞ പണിയല്ല മോഡലിങ് എന്നാണ് നാട്ടുനടപ്പ്. അല്പം വണ്ണം കൂടിയാലും വയറുചാടിയാലും മോഡലിങ് രംഗത്ത് പിന്നെ നോ രക്ഷ. പക്ഷേ, ഏത് വസ്ത്രവും ആത്മവിശ്വാസത്തോടെ ധരിക്കുമ്പോൾ വണ്ണമൊന്നും ഒരു പ്രശ്നമേ അല്ലെന്ന് പറയുകയാണ് ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്റിൻ. 'സീറോ സൈസ്' എന്ന പേരിൽ അസാനിയയും സുഹൃത്തുക്കളും ഒരുക്കിയ ഫോട്ടോ ഷൂട്ടും 'പ്ലസ് സൈസ്' മോഡലിന്റെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
കാലമേറെയായി മലയാളത്തിലെ മോഡലിങ് രംഗത്ത്നിന്ന് വണ്ണംകൂടിയവരെ മാറ്റിനിർത്തുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ ഫോട്ടോഷൂട്ടെന്നാണ് അസാനിയ നസ്റിന്റെ പ്രതികരണം. 'അല്പം വണ്ണം കൂടിയതിന്റെ പേരിൽ പല പെൺകുട്ടികളെയും മോഡലിങ്ങിൽനിന്ന് മാറ്റിനിർത്തപ്പെടുന്നുണ്ട്. അവർക്ക് സാരിയോ മോഡേൺ വസ്ത്രങ്ങളോ ധരിക്കാനാകില്ലെന്നാണ് വാദം. ഇത് പതിവായതോടെയാണ് ഒരു 'പ്ലസ് സൈസ്' മോഡലിനെ ഉപയോഗിച്ച് ഒരു ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചത്. ഏത് വസ്ത്രവും ധരിക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ സൈസ് ഒന്നും ഒരു പ്രശ്നമേ അല്ലെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം'- അസാനിയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന വിവാഹിതയായ ശ്വേത ദിനേഷായിരുന്നു മോഡൽ. 112 കിലോഗ്രാമാണ് ശ്വേതയുടെ ശരീരഭാരം. ഇൻസ്റ്റഗ്രാം വഴി ശ്വേതയെ കണ്ടെത്തിയതോടെ 'സീറോ സൈസ്' ഫോട്ടോഷൂട്ട് തീരുമാനിച്ചു. കൊച്ചിയിലെ വീടിന്റെ ടെറസായിരുന്നു ലൊക്കേഷൻ. ജാക്കറ്റും ഷൂവും റെയ്ബാൻ ഗ്ലാസും എല്ലാമായി ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ ശ്വേതയ്ക്ക് വ്യത്യസ്തമായൊരു ലുക്ക് നൽകി. നീതുവായിരുന്നു മേക്കപ്പ്. ചിത്രങ്ങൾ പകർത്തിയത് വഫാരയും. ഫോട്ടോഷൂട്ടിന് ശേഷം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അസാനിയ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..