പെരുന്നാൾ വിശേഷങ്ങളുമായി സ്കൈലൈൻ ഫ്ളാറ്റിൽ ഒത്തുകൂടിയ റഹിന, ഷെറീന, ഷബീന, റുക്സാന, അംറിൻ എന്നിവർ
കൊച്ചി: മൈലാഞ്ചിയിട്ട കൈകളിലേക്ക് നോക്കിയിരിക്കുമ്പോൾ ഷബീനയുടെ മുഖത്തെ പുഞ്ചിരിക്കു ശവ്വാലമ്പിളിയുടെ തിളക്കം. അരികിലുണ്ടായിരുന്ന റഹിനയും അംറിനും ഷെറീനയും റുക്സാനയുമൊക്കെ അതേ പുഴയിലെ തോണികൾ പോലെയാണ് ഒഴുകിക്കൊണ്ടിരുന്നത്. പെരുന്നാളിന്റെ വരവറിയിച്ച് മൈലാഞ്ചി മൊഞ്ചിലേക്ക് കൂടുമാറുമ്പോൾ ഒരുപാടു വിശേഷങ്ങൾ അവർക്ക് പങ്കുവെക്കാനുണ്ടായിരുന്നു. കാക്കനാട് ഇടച്ചിറ സ്കൈലൈൻ ഫ്ളാറ്റിന്റെ പുൽമുറ്റത്ത് ഒത്തുകൂടിയ ഷബീന ഷാജിക്കും റഹിന ശിഹാബിനും അംറിൻ ഖാനും ഷെറീന സജിത്തിനും റുക്സാന ആസിഫിനും എത്ര പറഞ്ഞിട്ടും പെരുന്നാൾ വിശേഷങ്ങൾ തീരുന്നുണ്ടായിരുന്നില്ല. ഓർമകളിലെ നോമ്പുകാലവും പെരുന്നാൾ സന്തോഷവുമൊക്കെ പങ്കുവെച്ച് അവർ വാചാലരാകുമ്പോൾ കാതോരമെത്തിയതെല്ലാം മനോഹരമായ വർത്തമാനങ്ങൾ...
നാട്ടിൽ പോകുന്ന പെരുന്നാൾ
ഫ്ളാറ്റ് ജീവിതത്തിൽ വിരുന്നെത്തുന്ന പെരുന്നാളിനെക്കുറിച്ച് ചോദിച്ചപ്പോൾ, നാട്ടിൽ പോകുന്ന സന്തോഷകാലമെന്നായിരുന്നു ഷെറീനയുടെ ആദ്യത്തെ മറുപടി.
“നാട്ടിൽ പോകാൻ കിട്ടുന്ന അവസരമായിട്ടാണ് മിക്കവാറും പെരുന്നാളുകളെ കാണുന്നത്. ഫ്ളാറ്റിൽ നോമ്പുകാലത്തെ ഇഫ്താറുകൾ ഞങ്ങളെല്ലാം ഒരുമിച്ചുചേർന്ന് നടത്താറുണ്ട്. അതിൽ ജാതി-മത ഭേദമെന്യേ എല്ലാവരും പങ്കെടുക്കുന്നതിന്റെ സന്തോഷവുമുണ്ട്. പെരുന്നാളിന് പ്രായമായ മാതാപിതാക്കളെ കാണാൻ മിക്കവരും നാട്ടിൽ പോകും. മാതാപിതാക്കൾ കൂടെയുള്ളവർ മാത്രമാണ് പെരുന്നാൾ ഫ്ളാറ്റിൽത്തന്നെ ആഘോഷിക്കാറുള്ളത്.” -ഷെറീന പറയുമ്പോൾ റുക്സാന അത് പൂരിപ്പിച്ചു. “കോഴിക്കോടാണ് എന്റെ നാട്. പെരുന്നാളിന്റെ ഏറ്റവും വലിയ സന്തോഷം കോഴിക്കോട് കറങ്ങിയുള്ള നടത്തം തന്നെയാണ്. കുറ്റിച്ചിറിയിലെയൊക്കെ പെരുന്നാളിന്റെ ഭംഗി ഒന്നു വേറെതന്നെയാണ്...” റുക്സാന പറഞ്ഞു.
ബിരിയാണിയും അതിഥികളും
പെരുന്നാളിന്റെ ഭക്ഷണ വിശേഷങ്ങളിലേക്ക് കടന്നപ്പോൾ മിക്കവർക്കും ഒരുത്തരം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ... ‘ബിരിയാണി’. “പെരുന്നാളിന് ഭക്ഷണം എന്താണെന്നു ചോദിച്ചാൽ ‘ബിരിയാണി’യാണ് ആദ്യം മനസ്സിൽ വരുന്ന ഓപ്ഷൻ. ബിരിയാണിയുണ്ടാക്കിയാൽ മക്കളും വളരെ ഹാപ്പിയാണ്. പെരുന്നാളിന് അതിഥികൾ ആരുമില്ലെങ്കിൽ ഫ്ളാറ്റിൽത്തന്നെ ബിരിയാണിയുണ്ടാക്കും. അതിഥികൾ വരുന്നുണ്ടെങ്കിൽ പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതാകും നല്ലത്...” -റഹിന പറയുമ്പോൾ ഷബീന ഒരു ന്യൂ ജെൻ ഭക്ഷണവിശേഷം പറഞ്ഞു. “ഇഫ്താറിനായാലും പെരുന്നാളിനായാലും ഞാൻ ഓയിലിയായ ഫുഡ് വളരെ കുറച്ചാണ് കഴിക്കാറുള്ളത്. വെള്ളക്കടലയും പച്ചക്കറികളുമൊക്കെ ചേർത്തുള്ള സലാഡും മറ്റുമാണ് എനിക്ക് കൂടുതൽ ഇഷ്ടം. ആരോഗ്യത്തിന് നല്ലതായ ഇത്തരം ഭക്ഷണം മക്കൾക്കും ഇഷ്ടമാണ്” -ഷബീന പറഞ്ഞു.
മസാലദോശയും ഇഡ്ഡലിയും
പെരുന്നാളിന്റെ ബിരിയാണിക്കഥ പറഞ്ഞിരിക്കുമ്പോഴാണ്, ആലപ്പുഴക്കാരിയായ അംറിൻ ഖാൻ പെരുന്നാളിലെ ഒരു സ്പെഷ്യൽ വിഭവത്തെപ്പറ്റി പറഞ്ഞത്.
“പെരുന്നാളിന് ‘മസാലദോശ’ കഴിക്കാനാണ് എനിക്കിഷ്ടം. ഞങ്ങളുടെ വീട്ടിൽ പെരുന്നാൾ ദിനത്തിലെ സ്പെഷ്യൽ ഐറ്റവും അതുതന്നെയാണ്.” -അംറിൻ പറഞ്ഞ ഉടനെ ഷബീനയുടെ കൗണ്ടറെത്തി. “പെരുന്നാളിന് മസാലദോശ കഴിക്കുന്ന കേരളത്തിലെ ഒരേയൊരാൾ അംറിനായിരിക്കും.”
ഷബീനയുടെ കൗണ്ടർ കേട്ട് എല്ലാവരും ചിരിക്കുമ്പോൾ ഷെറീന മറ്റൊരു കഥ പറഞ്ഞു: “ചെറുതുരുത്തിയിലെ എന്റെ വീട്ടിൽ പെരുന്നാളിന് ഇഡ്ഡലിയും സാമ്പാറുമാണ് വെയ്ക്കാറുള്ളത്. അതുപോലെ, അന്നുച്ചയ്ക്ക് ചോറും മീൻകറിയുമാണ് ഞങ്ങൾക്കിഷ്ടം. നോമ്പിന് മുഴുവൻ ഇറച്ചി കഴിച്ച ശേഷം ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്...?” -ഷെറീനയുടെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു കൂട്ടുകാരികളുടെ മറുപടി.
Content Highlights: perunnal memories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..