വി.എസ് സനിൽ
പരിമതികളെ പടിക്ക് പുറത്തുനിര്‍ത്തുകയാണ് കാസര്‍കോട് ചെര്‍ക്കളക്കാരന്‍ വി.എസ് സനില്‍. 12 വര്‍ഷം മുമ്പേയുണ്ടായ വാഹനാപകടം ഇടതുകാല്‍ മുറിച്ചുമാറ്റിയപ്പോള്‍ വീണുപോവുമെന്ന് കരുതിയിടത്തുനിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ തിരിച്ചുപറന്നവനാണ്. പിന്നെ കൃത്രിമക്കാല്‍ വെച്ച് മനസാന്നിധ്യത്തെ കൂട്ടുപിടിച്ച് ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങി. ദുരിതകാലങ്ങള്‍ താണ്ടി പരിശീലനം നടത്തിയപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പാരാബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ജേതാവായി. ഒടുവില്‍ ഈ മാസം ലക്‌നൗവില്‍ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോവാനുള്ള തയ്യാറെടുപ്പിലാണ് സനില്‍.
പത്താംക്ലാസ് കഴിഞ്ഞ് പ്ലസ്ടു സയന്‍സ് പഠിച്ചശേഷം ഉന്നത പഠനം സ്വപ്‌നം കണ്ടിരുന്നുവെങ്കിലും വീട്ടിലെ സാമ്പത്തികാവസ്ഥ സനിലിനെ കൂലിപ്പണിക്കിറക്കുകയായിരുന്നു. അച്ഛന്റെ ദിവസക്കൂലിയില്‍ തനിക്ക് പഠനം തുടരാനാവില്ലെന്ന തിരിച്ചറിവില്‍ അങ്ങനെ ആശാരിപ്പണിക്കിറങ്ങി. പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു 2010 ജൂലായ് 20 ന് കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വെച്ച് അപകടമുണ്ടായത്. സനില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേ വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുവെച്ച് തന്നെ ഇടതുകാല്‍ മുറിഞ്ഞ് തെറിച്ചുപോയി. മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കാല്‍ തുന്നിച്ചേര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നെയുണ്ടായിരുന്ന ഏകമാര്‍ഗം ജീവന്‍ നിലനിര്‍ത്തുകയെന്നത് മാത്രമായിരുന്നു. ഇതോടെ ഒറ്റക്കാലിലുമായി.
.jpg?$p=1990e2a&&q=0.8)
ഏറെ നാള്‍ കിടപ്പിലായശേഷം ചെന്നൈയിലെ ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ താല്‍ക്കാലിക കൃത്രിമക്കാല്‍ വെച്ചിരുന്നുവെങ്കിലും ഒന്നരവര്‍ഷമായിട്ടേയുള്ളൂ ആധുനിക കൃത്രിമാക്കാല്‍ വെക്കാന്‍ പറ്റിയിട്ട്. പിന്നെ വീട്ടിലിരുന്ന് പല ജോലികള്‍ ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പരിചയമുള്ള കമ്പ്യൂട്ടര്‍ കടക്കാരന്‍ നല്‍കിയ പഴയ കമ്പ്യൂട്ടര്‍ വെച്ച് എന്തെങ്കിലും ചെയ്യാനാവുമോയെന്നായിരുന്നു ആദ്യം നോക്കിയത്. ഒന്നും ചെയ്തില്ലെങ്കില്‍ വീണ് പോവുമെന്നുറപ്പുണ്ടായിരുന്നു. മനസ്സ് മടുത്ത് തളര്‍ന്നിരിക്കുന്നതിന് പകരം ഓണ്‍ലൈന്‍ ബിസിനസും സോഷ്യല്‍ മീഡിയ പ്രമോഷനുകളുമൊക്കെ ഏറ്റെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
അണ്ണാമലയിലെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിസിഎ ഡിഗ്രി പൂര്‍ത്തിയാക്കുകയും എംസിഎയ്ക്ക് ചേരുകയും ചെയ്തു. ഒപ്പം ബാഡ്മിന്റണ്‍ പരിശീലനത്തിനുമിറങ്ങി. കൃത്രിമക്കാല്‍ വെച്ച് കളിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറായില്ല. വേദന കടിച്ച് പിടിച്ച് പരിശീലനം തുടങ്ങി. തുടര്‍ന്നാണ് ജില്ലാ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കും ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്കുമുള്ള വഴി തുറന്ന് കിട്ടിയതെന്ന് പറയുന്നു സനില്‍.
കളികഴിയുമ്പോഴേക്കും പലപ്പോഴും മുട്ടിന് താഴെ മുറിച്ചുമാറ്റിയിടത്ത് നിന്ന് ചോരവരും. അതികഠിനമായ വേദനയുണ്ടാവും. പക്ഷെ എന്തെങ്കിലും തനിക്കാവണമെന്നും വിധിയെ ഭയന്ന് തിരിച്ചോടാനാവില്ലെന്നും മനസ്സിലുറപ്പിച്ചിരുന്നു. അതാണ് ഇവിടെവരെയെത്തിച്ചത്.
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയായ കോളിച്ചാലിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെങ്കിലും ബാഡ്മിന്റണ്‍ പരിശീലനത്തിനായും തന്റെ ബിസിനസിനുമായും ചെര്‍ക്കളയില്‍ വാടകയ്ക്ക് താമസിക്കുകയാണിപ്പോള്‍. ബേക്കറി സാധനങ്ങളുടെ വിതരണം പോലുള്ള ജോലിയും ചെയ്യുന്നുണ്ട്. ഭാര്യ രമ്യയും മകന്‍ മൂന്നുവയസ്സുകാരന്‍ സയാലും സനിലിനൊപ്പവുമുണ്ട്. മാര്‍ച്ച് 23-ാം തീയതി മുതല്‍ 26 വരെയാണ് ലക്‌നൗവില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
Content Highlights: para badminton national championship vs sanil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..