പഗ്ലാറ്റ് സിനിമയിൽ നിന്നുള്ള രംഗം
കുറച്ചു നാള്‍ മുന്‍പ് എന്നെ ഒരു പെണ്‍കുട്ടി വിളിച്ചു. നൂറ ഫാത്തിമ എന്നാണ് അവളുടെ പേര്. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള ലൈസന്‍സിങ് പരീക്ഷയ്ക്കാണ് എന്റെ സ്ഥാപനം ട്രൈനിംഗ് കൊടുക്കുന്നതെങ്കിലും ഇതൊരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനമാണ് എന്ന രീതിയില്‍ ആരൊക്കെയോ മന്‍സിലാക്കിയിട്ടുണ്ട്. അങ്ങനെയെവിടുന്നോ നമ്പര്‍ കിട്ടി തെറ്റിദ്ധരിച്ചു വിളിച്ചതാണ് നൂറ. സാധാരണ അങ്ങനെ വരുന്ന കോള്‍ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു വേഗം കട്ടാക്കും..എന്നാല്‍ നൂറ.....!
'പ്ലസ് ടൂ കഴിഞ്ഞതാണ്, ഇനി എന്ത് പഠിച്ചാലാണ് വേഗം ജോലി കിട്ടുക' എന്നാണ് അവളുടെ ചോദ്യം. ശബ്ദത്തിലെന്തോ ഒരു പതര്‍ച്ച തോന്നിയത് കൊണ്ട് ബാക്ക്ഗ്രൗണ്ട് അറിയണമെന്ന് തോന്നി.
'പ്ലസ് ടു കഴിഞ്ഞപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. എനിക്ക് രണ്ടു ചെറിയ മക്കള്‍ മൂന്നു വയസ്സും രണ്ട് വയസ്സും. മാഡം പത്രത്തില്‍ കണ്ടു കാണും ആലുവയില്‍ ഒരു ലെവല്‍ ക്രോസില്‍ ബൈക്കില്‍ ട്രെയിന്‍ ഇടിച്ചോരാള്‍ കഴിഞ്ഞ ദിവസം മരിച്ചത്..ഫൈസല്‍! അതെന്റെ ഭര്‍ത്താവാണ്... നാല് ദിവസം മുന്‍പാണ് മരിച്ചത്.
ഒരു നിമിഷം എനിക്ക് ശ്വാസം നിന്നു പോയി.അടക്കിപ്പിടിച്ച ശബ്ദത്തില്‍ അവള്‍ തുടര്‍ന്നു... 'വീട്ടില്‍ ചടങ്ങുകള്‍ നടക്കുകയാണ്. ഇക്ക പോയി. പക്ഷെ ഞാന്‍ ആലോചിക്കുന്നത് മുന്നോട്ട് എന്തെന്നാണ്! ഇക്ക എന്താണ് ചെയ്തിരുന്നത് എന്നോ, കടങ്ങളുണ്ടോ എന്നോ എനിക്കറിയില്ല. എനിക്കൊരു ജോലി നേടണം. വേഗം ജോലി കിട്ടുന്ന ചെറിയ തുകയില്‍ പഠിക്കാവുന്ന എന്തെങ്കിലും ഒരു കോഴ്സ് എനിക്ക് പറഞ്ഞു തരണം..'
എന്റെ ജീവിതത്തിലാണെങ്കില്‍ ചിന്തിക്കാനാവാത്ത ഒന്നാണ് ആ മലപ്പുറംകാരി കുട്ടി പറഞ്ഞത്. അവളെ സഹായിക്കാതിരിക്കുന്നതെങ്ങനെ? അന്നവള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെത്തന്നെ ആരോടൊക്കെയോ സഹായങ്ങള്‍ ചോദിച്ചിരുന്നു. അവള്‍ക്കു പറ്റുന്ന കോഴ്സുകളെപറ്റി അറിയാന്‍.
ഭര്‍ത്താവിന്റെ മരണശേഷം മനോഹരമായി ഒരുങ്ങി ,തെളിഞ്ഞ ചിരിയോടെ നമുക്ക് മുന്നില്‍ വന്ന മേഘ്‌ന എന്ന നായികയെ നമ്മള്‍ കണ്ടു... എന്തൊരു തിളക്കമായിരുന്നു ആ ചിരിക്ക്!
പഗ്ലാറ്റ് എന്ന സിനിമ കണ്ടപ്പോള്‍ ഞാന്‍ നൂറയേയും മേഘ്നയെയും ഓര്‍ത്തു.
പങ്കാളി നഷ്ടപ്പെടുന്ന സന്ധ്യ എന്ന പെണ്കുട്ടി. ആസ്തിക് എന്ന തന്റെ ഭര്‍ത്താവിന്റെ മരണശേഷമാണ് സത്യത്തില്‍ അവള്‍ തന്നെക്കുറിച്ചു ചിന്തിച്ചു തുടങ്ങയത്. അപ്പോഴേക്കും അവളെക്കുറിച്ചു ചിന്തിക്കാനും അവള്‍ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും ബന്ധുക്കളുടെ ഒരു വലിയനിര തന്നെ ആ വീട്ടിലണിനിരന്നു.
തന്നോട് എന്നും അകല്‍ച്ച കാണിച്ചിരുന്ന ഭര്‍ത്താവ് പ്രണയപൂര്‍വം സൂക്ഷിച്ചു വച്ച ഒരു ഫോട്ടോയില്‍ നിന്ന് അയാളുടെ കാമുകിയെ തിരിച്ചറിഞ്ഞ സന്ധ്യ അവളെ കാണണം എന്നാഗ്രഹിച്ചു. എന്തിനാവും അവളങ്ങനെ ആഗ്രഹിച്ചത് എന്ന് നമ്മളാകെ ആശയക്കുഴപ്പത്തിലാകുമെങ്കിലും സിനിമയുടെ ഗതിയിലെപ്പോഴോ നമുക്കതിന് ഉത്തരം ലഭിക്കും.
ഭര്‍ത്താവ് മരിച്ചിട്ട് ഒന്നു കരയാന്‍ പോലും തോന്നാത്ത അത്ര മാനസിക അകല്‍ച്ചയാണ് സന്ധ്യക്ക് അയാളോട് ഉണ്ടായിരുന്നത്.. ഭര്‍ത്തവിന്റെ കപ്‌ബോര്‍ഡ് തുറക്കുമ്പോള്‍, വസ്ത്രങ്ങള്‍ കാണുമ്പോള്‍, തന്റെ 'അമ്മ തനിക്കണിയാന്‍ കൊണ്ടുവന്ന വെള്ളസാരി കാണുമ്പോഴുമൊക്കെ 'അവളിപ്പോള്‍ കരഞ്ഞേക്കുമെന്ന്' നമ്മള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ മനസ്സിലെ 'സ്റ്റീരിയോടൈപ്പ് വിധവയായി' സന്ധ്യയെ കാണാന്‍ എവിടെയൊക്കെയൊ നമ്മള്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്.
ഒരു തരത്തിലും അയാളോട് ക്ഷമിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല..പക്ഷെ ആകാന്‍ഷ എന്ന മിടുക്കിയായ അയാളുടെ കാമുകിയെ കാണുമ്പോള്‍, അവളെ അടുത്തറിയുമ്പോള്‍ കഥ മാറുകയാണ്. ജീവിച്ചിരുന്നപ്പോള്‍ അവളറിയാത്ത, അവള്‍ക്ക് മനസിലാകാതിരുന്ന ആസ്തിക്കിനെ തന്നെയാണ് ആകാന്‍ഷയിലൂടെ സന്ധ്യ അറിയാന്‍ ശ്രമിച്ചത്. അയാളുടെ ഇഷ്ടങ്ങള്‍ അറിയുന്ന, അയാളുടെ മനസ്സിനിണങ്ങിയ ആകാന്‍ഷ എന്ന പെണ്കുട്ടിയെ നിശബ്ദമായി സ്‌നേഹിച്ചിരുന്നത് കൊണ്ടാണ് വിവാഹശേഷവും ഒരു പരിധിക്കപ്പുറം സന്ധ്യയോടെ അടുക്കാന്‍ ആസ്തിക്കിന് കഴിയാഞ്ഞത്. അത് മനസിലാക്കുന്നിടത്ത് സന്ധ്യയ്ക്ക് ഭര്‍ത്താവിനോട് ക്ഷമിക്കാനും കഴിയുന്നുണ്ട്.
കാരണം പ്രണയമില്ലാതെ എങ്ങനെ കല്യാണം സാധ്യമാകുമെന്ന് അവള്‍ പലപ്പോഴായി തന്നോട് തന്നെയും ,മറ്റുള്ളവരോടും ചോദിക്കന്നുണ്ട്. അവിടെ ആസ്തിക്കോ, ആകാന്‍ഷയോ , സന്ധ്യയോ അല്ല തെറ്റുകാര്‍. ആ മൂന്നു ജീവിതങ്ങള്‍ ഇരുട്ടിലാക്കിയ മാതാപിതാക്കളും സമൂഹവുമാണ് തെറ്റുകാരെന്ന് അവള്‍ അടിവരയിടുന്നു.
ഒറ്റപ്പെട്ട സമയത്ത് അവളെ മനസിലാക്കാത്ത സ്വന്തം മാതാപിതാക്കളെ പോലും അകറ്റി നിര്‍ത്തി അവള്‍ ചേര്‍ത്ത് പിടിച്ചത് നാസിയ എന്ന സുഹൃത്തിനെയാണ്..അവള്‍ക്കൊപ്പം പുറത്ത് പോയി ആകാന്‍ഷയെ കാണുന്നു, ലോകം കാണുന്നു,ഗോള്‍ഗപ്പ കഴിക്കുന്നു... അവള്‍ മെല്ലെ ചിരിക്കാന്‍ തുടങ്ങുന്നു.
വലിയൊരു ഔദാര്യം പോലെ സന്ധ്യയ്ക്ക് വേണമെങ്കില്‍ മറ്റൊരു വിവാഹം കഴിക്കട്ടെയെന്നും ഞങ്ങളിതിലൊക്കെ വലിയ പുരോഗമാനക്കാരാണെന്നു പറയുന്ന കാരണവര്‍, മുസ്ലിമായ നാസിയായോട് കാണിക്കുന്ന ഇഷ്ടക്കേടിനെ തരിമ്പും വകവയ്ക്കാതെ ആസ്തിക്കിന്റെ മരണച്ചടങ്ങില്‍ അവളെയും തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന സന്ധ്യയില്‍ ആത്മവിശ്വാസത്തിന്റെ മുഴുവന്‍ പ്രഭാവവും നമുക്ക് കാണാം.
അവളുടെ പേരിലുള്ള വലിയ ഇന്‍ഷുറന്‍സ് തുകയില്‍ കണ്ണുനട്ടു അവളെ കല്യാണം കഴിക്കാന്‍ വന്ന കസിനെ കണക്കിന് പുച്ഛിച്ചു തന്നെയാണ് സന്ധ്യ ആ വീട്ടില്‍ നിന്ന് പടിയിടങ്ങുന്നത്. മകന്‍ മരിച്ചശേഷം അയാളടച്ചുകൊണ്ടിരുന്ന ലോണും മറ്റും എങ്ങനെയടയ്ക്കുമെന്ന ആധിയിലായിരുന്ന ആസ്തിക്കിന്റെ അച്ഛനും അമ്മയ്ക്കും താനിനി തുണയായി നില്‍ക്കുമെന്ന് അറിയിച്ചു കൊണ്ടാണ് സന്ധ്യ അവളുടെ യാത്ര തുടങ്ങുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം വയറു നിറച്ചു ഇഷ്ടമുള്ള ഭക്ഷണംകഴിക്കുന്ന വിധവയെ അത്ഭുതത്തോടെ നോക്കുന്ന, സ്ത്രീ ബുദ്ധിപൂര്‍വം ചിന്തിക്കുമ്പോള്‍ ഭ്രാന്തെന്ന് പറയുന്ന സമൂഹത്തെ നോക്കി പൊട്ടിച്ചിരിക്കുന്ന സന്ധ്യയെ സിനിമയില്‍ പലയിടത്തും നമുക്ക് കാണാം!
'സ്ത്രീ സ്വയം ചിന്തിച്ചില്ലെങ്കില്‍ അവള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ചിന്തിച്ചു തുടങ്ങും. പിന്നീട് അവര്‍ പറയുന്നതാകും നമ്മുടെ ജീവിതം.'സന്ധ്യയുടെ ഈ വാക്കുകളാണ് ഈ സിനിമയുടെ അര്‍ത്ഥവും സന്ദേശവും..
ഭര്‍ത്താവ് മരിച്ച ഒരുവള്‍ ചിരിച്ചു കണ്ടാല്‍ മഹാപാപമെന്നും വിചിത്രമെന്നും ഉറക്കെ ചിന്തിക്കുന്ന വലിയൊരു കൂട്ടം ഇപ്പോഴും നമുക്കിടയിലുണ്ട്. നൂറയെപ്പോലെ, മേഘ്നയെപ്പോലെ, സന്ധ്യയെ പോലെ ചിലര്‍ അവര്‍ക്കിടയിലൂടെ നിലാവ് പോലെ പുഞ്ചിരിച്ചു മുന്നോട്ട് നീങ്ങുമ്പോള്‍ ആ വെളിച്ചത്തില്‍ ആ പിറുപിറുക്കലുകള്‍ നിശബ്ദമാകട്ടെ...! വേട്ടയാടുന്നതും താലോലിക്കുന്നതുമായ ഒരുപാടോര്‍മ്മകളാല്‍ നിശ്ചലമാക്കപ്പെടുമ്പോഴും ഓര്‍ക്കണം... 'ജീവിച്ചു കാണിച്ചേ മതിയാകൂ... നിന്റെയാ ചിരി ഒരുപാട് പേര്‍ക്കുള്ള മറുപടിയാണ്...'
Content Highlights: Pagglait Movie questioned how society defines a widowhood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..