വയോധികയ്ക്ക് സ്വർണമാല സമ്മാനിക്കുന്ന എസ്‌ഐ ഗോവിന്ദപ്രസാദ്/ എസ്‌ഐ ഗോവിന്ദപ്രസാദ് | Photo: Special Arrangement
സന്തോഷച്ചിരിയോടെ അവസാനിക്കുന്ന ഫീല്‍ ഗുഡ് സിനിമകള്‍ എത്രയോ നമ്മള്‍ കണ്ടിട്ടുണ്ടാകും. ആ സിനിമകളുടെ അവസാനം 'the end' എന്ന് എഴുതി കാണിക്കുമ്പോള്‍ നമ്മുടെ മനസിലും സന്തോഷത്തിന്റെ തണുപ്പ് വന്ന് തൊടും. എന്നാല്‍, ജീവിതത്തില്‍ അതുപോലൊരു ഫീല്‍ ഗുഡ് കഥയുടെ ലൊക്കേഷനായി മാറുകയായിരുന്നു ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍. ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ കഥയിലെ നായകന്‍മാര്‍.
സ്വര്‍ണമാല നഷ്ടപ്പെട്ട വയോധികയ്ക്ക് പുതിയ മാല വാങ്ങി നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. അതു സമ്മാനിച്ചതാകട്ടെ, ആ പരാതി അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എസ്.ഐ. ഗോവിന്ദപ്രസാദും. അതു മാത്രമല്ല, കഥയില്‍ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. ഗോവിന്ദപ്രസാദ് വിരമിക്കുന്ന അതേ ദിവസം തന്നെയാണ് വയോധികയ്ക്ക് സ്വര്‍ണമാല കൊടുത്തത്.
രണ്ടു വര്‍ഷം മുമ്പാണ് തന്റെ ഒന്നര പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടെന്ന പരാതിയുമായി പഴമ്പാലക്കോട് സ്വദേശിനിയായ വയോധിക സ്റ്റേഷനിലെത്തിയത്. 2021 ഫെബ്രുവരിയിലാണ് അവര്‍ക്ക് മാല നഷ്ടമായത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേഎടുക്കാന്‍ എത്തിയതായിരുന്നു അവര്‍. അതിന് മുമ്പായി മാല അഴിച്ചുവെച്ചു. പേഴ്‌സിലാണോ പുറത്താണോ വെച്ചത് എന്ന് അവര്‍ മറന്നുപോയി. മാല കാണാതായതോടെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിയും നല്‍കി. ഭര്‍ത്താവ് കല്ല്യാണസമയത്ത് ഇട്ട മാലയാണ് എന്നത് മാത്രമാണ് അവര്‍ക്ക് അറിയാമായിരുന്നത്. എങ്ങനെ നഷ്ടപ്പെട്ടു എന്ന് അറിയാത്തതിനാല്‍ കേസ് എടുക്കാനും പറ്റാത്ത അവസ്ഥയായി.
പക്ഷേ, പോലീസുകാര്‍ അവരെ നിരാശരാക്കിയില്ല. അന്ന് എക്‌സ്‌റേ എടുത്തവരുടെ ലിസ്റ്റ് പരിശോധിച്ച് ആര്‍ക്കെങ്കിലും മാല കിട്ടിയിരുന്നോ എന്ന് അന്വേഷിച്ചു. ആശുപത്രിയിലെ ജീവനക്കാരോടും കാര്യങ്ങള്‍ തിരക്കി. പക്ഷേ ആരും മാല കണ്ടതായി പറഞ്ഞില്ല. സിസിടിവി ഇല്ലാത്തതും പ്രതിസന്ധിയായി. ഇക്കാര്യങ്ങളും നിയമവശങ്ങളും വയോധികയെ പറഞ്ഞുമനസിലാക്കാനും പോലീസുകാര്‍ ബുദ്ധിമുട്ടി.
മാല കിട്ടുമെന്ന പ്രതീക്ഷ അവര്‍ അപ്പോഴും കൈവിട്ടില്ല. അധിക ദിവസങ്ങളിലും പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും. അതിനിടയില്‍ 2021 സെപ്റ്റംബറിലാണ് എടത്തറ സ്വദേശിയായ എസ്‌ഐ ഗോവിന്ദപ്രസാദ് ഒറ്റപ്പാലം സ്റ്റേഷനില്‍ ജോലിക്കെത്തുന്നത്. പിന്നീട് ഈ പരാതി അന്വേഷിച്ചിരുന്നത് ഗോവിന്ദപ്രസാദായിരുന്നു. അതിനിടയില്‍ വയോധിക എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അതിന്റെ സ്റ്റേറ്റ്‌മെന്റ് റെക്കോഡിനായി അവരെ വിളിപ്പിച്ചതും അന്വേഷിച്ചതുമെല്ലാം ഗോവിന്ദപ്രസാദാണ്.
'അവരുടെ സങ്കടവും നിരാശയുമെല്ലാം കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമമായി. ഞാന്‍ ഈ സങ്കടം സി.ഐയുമായി പങ്കുവെച്ചു. അപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് പൈസ സംഘടിപ്പിച്ച് പുതിയ മാല വാങ്ങി നല്‍കാം എന്ന്. എല്ലാവരും പിന്തുണ നല്‍കി. ഞാന്‍ വിരമിക്കുന്ന ദിവസവും പതിവുപോലെ അവര്‍ എന്നെ അന്വേഷിച്ച് എത്തി. മാല കിട്ടിയോ എന്ന് അറിയാനായിരുന്നു ആ വരവും. ഇതോടെ ആ മാല ഇന്നു തന്നെ കൊടുക്കാം എന്ന് സി.ഐ. പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു പവന്റെ മാല ജ്വല്ലറിയില്‍ പോയി വാങ്ങി. എന്നിട്ട് എന്നെ കൊണ്ട് കൊടുപ്പിച്ചു. ആ സമയത്ത് ഒരുപാട് സന്തോഷം തോന്നി. ആ വയോധികയും അതേ മാനസികാവസ്ഥയിലായിരുന്നു.' ഗോവിന്ദപ്രസാദ് സംഭവം വിവരിച്ചു.
Content Highlights: ottappalam police station officers gave a new gold chain to an elderly woman who had lost her chain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..