അമ്മയെ അവർ തീവെച്ച് കൊല്ലാൻ ശ്രമിച്ചതോടെ ഞങ്ങൾ വീട് വിട്ടു; ഗുനീതിന്റെ ജീവിതം സിനിമയേക്കാൾ ത്രില്ലർ


സജ്ന ആലുങ്ങൽ

6 min read
Read later
Print
Share

ഗുനീത് മോംഗ അമ്മയ്‌ക്കൊപ്പം/ ഓസ്‌കർ പുരസ്‌കാരവുമായി ഗുനീത്‌ | Photo: twitter/ guneet monga/ ANI

ലോസ് ആഞ്ചലീസിലെ ഡോള്‍ബി തീയേറ്ററില്‍ ഓസ്‌കര്‍ പുരസ്‌കാരവും കൈയില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ഗുനീത് മോംഗ ആ പഴയ പതിനാറുകാരി പെണ്‍കുട്ടിയെ ഓര്‍ത്തിട്ടുണ്ടാകും. സ്വന്തമായി ഒരു വീട് പണിതുയര്‍ത്താന്‍ അച്ഛനേയും അമ്മയേയും സഹായിക്കാന്‍ പതിനാറാം വയസ്സില്‍ ജോലിക്കിറങ്ങിയ പെണ്‍കുട്ടി, ആറു മാസത്തെ വ്യത്യാസത്തില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട് വസ്ത്രങ്ങളെല്ലാം ഒരു ബാഗില്‍ നിറച്ച് മുംബൈയിലേക്ക് വണ്ടി കയറിയ കൗമാരക്കാരി. അവിടെ നിന്നിങ്ങോട്ട് ജീവിതത്തോടു പൊരുതാന്‍ തുടങ്ങിയ ഗുനീത് ഒടുവില്‍ ലോകസിനിമയുടെ ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുന്നു. 'എലിഫെന്റ് വിസ്‌പറേഴ്‌സി'ലൂടെ ഓസ്‌കര്‍ നേടിയ ഗുനീത് അതിന് മുമ്പ് ഗ്യാങ്‌സ് ഓഫ് വസെയ്പുര്‍, ലഞ്ച് ബോക്‌സ്, മാസാന്‍ തുടങ്ങിയ മികച്ച കഥകളുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഓസ്ക്കർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായ എലിഫന്റ് വിസ്പറേഴ്സിന്റെ നിർമാതാക്കളിൽ ഒരാളാണ് ഗുനീത്. തൊട്ടതെല്ലാം പൊന്നാക്കിയ നിർമാതാവാണെങ്കിലും നിർമിച്ച സിനിമകളേക്കാള്‍ കൂടുതല്‍ ട്വിസ്റ്റുകളും ട്രാജഡികളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.

അമ്മയെ ജീവനോടെ കത്തിക്കാന്‍ നോക്കിയ ബന്ധുക്കള്‍

സുന്ദരമായ ഒരു കുട്ടിക്കാലം ഗുനീതിന്റെ സ്വപ്നങ്ങളില്‍ മാത്രം വന്നുപോയതാണ്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രാവും പകലും കേട്ട് വളരേണ്ടി വന്ന പെണ്‍കുട്ടി. പഞ്ചാബിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച ഗുനീത് കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടത് സ്വത്തുതര്‍ക്കത്തിനിടെ ഉണ്ടാകുന്ന വാഗ്വാദങ്ങള്‍ മാത്രമാണ്. സ്ത്രീധനത്തിന്റെ പേരില്‍ അച്ഛന്റെ വീട്ടുകാര്‍ അമ്മയെ അപമാനിക്കുന്നതിനും അവളുടെ കുഞ്ഞിക്കണ്ണുകള്‍ സാക്ഷിയായി. ഇതെല്ലാം മൂര്‍ധന്യാവസ്ഥയില്‍ എത്തിയ ഒരു ദിവസം അമ്മയെ ഒരു ബന്ധു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഇതോടെ അവളേയും അമ്മയേയും ചേര്‍ത്തുപിടിച്ച് അച്ഛന്‍ ആ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു.

"ഡല്‍ഹിയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പുറത്തുനിന്ന് നോക്കുമ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷം നിറഞ്ഞ കുടുംബമായിരുന്നു. എന്നാല്‍, അടച്ചിട്ട വാതിലിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുനിന്നുള്ള ആര്‍ക്കും അറിയില്ലായിരുന്നു. ആ വലിയ വീട്ടില്‍ ഒരു മുറി മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന് തുറന്നുതന്നിരുന്നത്. സഹോദരങ്ങള്‍ക്കിടയിലുള്ള സ്വത്തുതര്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് എന്റെ അമ്മയാണ്. അവര്‍ അമ്മയെ അപമാനിച്ചുകൊണ്ടേയിരുന്നു. അമ്മയെ ജീവനോടെ അഗ്നിക്കിരയാക്കാന്‍ വരെ ശ്രമിച്ചു. ഇതോടെ പോലീസിനെ വിളിച്ച അച്ഛന്‍ ഞങ്ങളേയും കൂട്ടി ആ വീടിന്റെ പടിയിറങ്ങി." ഗുനീത് തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

ഗുനീത് മോംഗ മാതാപിതാക്കള്‍ക്കൊപ്പം | Photo: twitter/ guneet monga

ആറു മാസത്തിനിടയില്‍ മാതാപിതാക്കളുടെ വിയോഗം

പുതിയ വാടകവീട്ടിലേക്ക് മാറിയതോടെ ജീവിതത്തില്‍ സമാധാനം എന്താണെന്ന് ഗുനീത് അറിയാന്‍ തുടങ്ങി. അവര്‍ പുതിയ ഇന്നിങ്‌സ് തുടങ്ങി. മൂന്ന് കിടപ്പുമുറികളുള്ള ഒരു വീട് സ്വന്തമാക്കുക എന്നത് അമ്മയുടെ സ്വപ്‌നമായിരുന്നു. അതിനുവേണ്ടി ഗുനീത് 16-ാം വയസ്സില്‍ ജോലി ചെയ്യാന്‍ തുടങ്ങി. സ്‌കൂള്‍ പഠനത്തോടൊപ്പം വിവിധ ജോലികള്‍ ചെയ്തു. തെരുവില്‍ ചീസ് വില്‍ക്കാന്‍ പോയി, മൾട്ടിപ്ലക്സിൽ അനൗണ്‍സറായി, കല്ല്യാണ പാര്‍ട്ടികളുടെ അവതാരകയായി, ഡാന്‍സ് ജോക്കിയായി. സിനിമയുമായി ബന്ധപ്പെട്ട ജോലിക്കായി ഇടയ്ക്ക് മുംബൈയില്‍ പോകാനും തുടങ്ങി. സിനിമാ കോ-ഓർഡിനേറ്ററായിട്ടായിരുന്നു ബോളിവുഡിലെ തുടക്കം. അവിടെ നിന്നായിരുന്നു പ്രൊഡക്ഷന്‍ മാനേജറിലേക്കുള്ള വളര്‍ച്ച.

കുറച്ചു കാലത്തെ ജോലിക്കൊടുവില്‍ ഒരു വീട് സ്വന്തമാക്കാനുള്ള പണം ഗുനീത് കണ്ടെത്തി. ഒപ്പം അച്ഛന്റെ സഹായം കൂടിയുണ്ടായിരുന്നു. അങ്ങനെ അമ്മയുടെ ആഗ്രഹം പോലെ മൂന്ന് കിടപ്പുമുറികളുള്ള, മൂന്ന് പടിക്കെട്ടുകളുള്ള ഒരു സ്വപ്‌നവീട് അവര്‍ ബുക്ക് ചെയ്തു. എന്നാല്‍, ആ വീട്ടില്‍ ഒരു ദിവസം പോലും കിടന്നുറങ്ങാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായില്ല. ആറു മാസത്തെ ഇടവേളയില്‍ അച്ഛനേയും അമ്മയേയും ഗുനീതിന് നഷ്ടമായി.

"ഞങ്ങള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. പുതിയ വീട്ടിലക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. ആ വീടിനുള്ള പണമെല്ലാം അടച്ചുകഴിഞ്ഞിരുന്നു. എന്നാല്‍, ജീവിതത്തിലെ പരീക്ഷണങ്ങള്‍ അവസാനിച്ചിരുന്നില്ല. അടുത്ത ദുരന്തം എന്നെ തേടിയെത്തി. ആറു മാസത്തിനിടയില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് ഞാന്‍ അനാഥയായി. അമ്മയ്ക്ക് തൊണ്ടയില്‍ അര്‍ബുദമായിരുന്നു. അച്ഛന്റെ വൃക്കകള്‍ തകരാറിലായിരുന്നു. എന്തു ചെയ്യണമെന്ന്‌ എനിക്കറിയില്ലായിരുന്നു. അവരുടെ ഓര്‍മകളില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. ഡല്‍ഹിയിലെ വീട് വിറ്റ് ഞാന്‍ വസ്ത്രങ്ങളെല്ലാം ഒരു ബാഗില്‍ കുത്തിനിറച്ച് മുംബൈയിലേക്ക് വണ്ടി കയറി. എല്ലാ സങ്കടങ്ങളും വിഷാദങ്ങളും വേദനകളും വേര്‍പാടുകളും ഡല്‍ഹിയില്‍ ഉപേക്ഷിച്ചായിരുന്നു ആ യാത്ര. പിന്നീട് ഞാന്‍ എന്റെ എല്ലാ ഊര്‍ജ്ജവും സിനിമകള്‍ക്ക് വേണ്ടി മാത്രമായി ചെലവഴിച്ചു. സംവിധായകരുടെ സ്വപ്‌നങ്ങള്‍ എന്റെ സ്വപ്നങ്ങളായി. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചു. ഒരു ദിവസത്തെ ഉറക്കം നാല് മണിക്കൂറായി കുറച്ചു. ഈ കഠിനാധ്വാനങ്ങള്‍ക്കെല്ലാം ഫലമുണ്ടായി. പ്രൊഡക്ഷന്‍ മാനേജറില്‍നിന്ന് സ്വന്തമായി സിനിമകള്‍ നിര്‍മിക്കുന്ന തലത്തില്‍ വരെ ഞാന്‍ എത്തി." ഗുനീത് തന്റെ ജീവിതം പറയുന്നു.

ഗുനീത് മോംഗ ഓസ്‌കര്‍ വേദിയില്‍ | Photo: AP

അയല്‍ക്കാരനില്‍നിന്ന് വാങ്ങിയ 75 ലക്ഷത്തിന്റെ കടം

അമ്മയുടെ കൂട്ടുകാരി അനുരീത സൈഗാളാണ് ഗുനീത് ജീവിതത്തില്‍ ആദ്യമായി പരിചയപ്പെട്ട പ്രൊഡക്ഷന്‍ കോ-കോ-ഓര്‍ഡിനേറ്റര്‍. 2003-ല്‍ ഡല്‍ഹിയില്‍ സൈാഗാളിന് കീഴില്‍ ഗുനീത് ജോലി ചെയ്യാന്‍ തുടങ്ങി. ഇതാണ് തന്റെ മേഖലയെന്ന് മാസങ്ങള്‍ക്കുള്ളില്‍ അവര്‍ തിരിച്ചറിഞ്ഞു. മാസ് കമ്മ്യൂണിക്കേഷനില്‍ പി.ജി. പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗുനീത് സ്വതന്ത്ര പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററായി. അതും പാര്‍ടീഷന്‍ എന്ന ഇന്റര്‍നാഷണല്‍ സിനിമയില്‍.

അതിനു ശേഷമാണ് ഗുനീത് മുംബൈയിലെത്തുന്നത്. അച്ഛന്റേയും അമ്മയുടേയും വേര്‍പാടിന്റെ വേദന അവരോടൊപ്പമുണ്ടായിരുന്നു. ഡല്‍ഹിയിലെ വീട് വിറ്റ പണവും അയല്‍ക്കാരനില്‍നിന്ന് കടമായി വാങ്ങിയ 75 ലക്ഷം രൂപയും ഗുനീതിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. സിനിമയില്‍ പണം മുടക്കിയാല്‍ അത് ലാഭമായി തിരിച്ചുകിട്ടിയിരിക്കും എന്ന ഗുനീതിന്റെ ആത്മവിശ്വാസത്തിലാണ് അയല്‍ക്കാരന്‍ അത്രയും വലിയ തുക കടമായി നല്‍കിയത്.

2007-ല്‍ 'സേ സലാം ഇന്ത്യ' എന്ന ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രത്തിലാണ് അവര്‍ ആദ്യം പ്രവര്‍ത്തിച്ചത്. 'രംഗ് രസിയ'യായിരുന്നു അടുത്ത ചിത്രം. ഇതിന് പിന്നാലെ 2008-ലാണ് ഗുനീത് സുഹൃത്ത് അച്ഛിന്‍ ജെയിനുമായി ചേര്‍ന്ന് സിഖയ എന്റര്‍ടെയ്‌മെന്റ് തുടങ്ങിയത്. ആദ്യ ചിത്രം 'ദസ്‌വിദാനിയ' ആയിരുന്നു. 2010-ല്‍ 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച്‌ സംവിധായകന്‍ അനുരാഗ് കശ്യപിനെ പരിചയപ്പെട്ടു. ഇരുവരും അടുത്ത സുഹൃത്തുക്കളായി. അനുരാഗ് കശ്യപ് ഫിലിംസ് ആയിരുന്നു പിന്നീട് ഗുനീതിന്റെ തട്ടകം. 2011-ല്‍ അനുരാഗ് സംവിധാനം ചെയ്ത 'ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ്' എന്ന ചിത്രവും സിഖയ നിര്‍മിച്ചു. അതേ വര്‍ഷം ബിയോജ് നമ്പ്യാരുടെ 'ശെയ്താനും' വെള്ളിത്തിരയിലെത്തിച്ചു.

ഗുനീത് മോംഗ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ | Photo: Getty Images

2013-ലായിരുന്നു ഗുനീതിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ 'ലഞ്ച് ബോക്‌സ്' എന്ന ചിത്രം പുറത്തുവന്നത് ആ വര്‍ഷമായിരുന്നു. ആ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 'ലഞ്ച് ബോക്‌സ്' സ്‌ക്രീന്‍ ചെയ്തു. അതും ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് വീക്കില്‍. 'പെഡ്‌ലേഴ്‌സ്' എന്ന ചിത്രത്തിനായി ഒരു കോടി രൂപ കണ്ടെത്താനും ഗുനീതിന് കഴിഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ഈ ഫണ്ട് റൈസിങ്. സുബാന്‍, മാസാന്‍, ഹറാംഖോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സിഖയ നിര്‍മിച്ചു. 2020-ല്‍ നിര്‍മിച്ച തമിഴ് ചിത്രം 'സൂരറൈ പോട്ര്' ദേശീയ പുരസ്‌കാരത്തിലും തിളങ്ങി.

കവി എന്ന ഹ്രസ്വചിത്രത്തിനാണ് ഗുനീതിനെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം തേടിയെത്തിയത്. സ്‌കൂളില്‍ പോകാനും ക്രിക്കറ്റ് കളിക്കാനും ആഗ്രഹിച്ച ഒരു കുട്ടി ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതാനാകേണ്ടി വന്നതിന്റെ കഥ പറയുന്ന, ബോണ്ടഡ് ലേബറിനെ കുറിച്ച് പറയുന്ന ഈ ഷോര്‍ട്ട് ഫിലിം ഓസ്കർ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം കാറ്റഗറിയിലാണ് പരിഗണിച്ചത്. അന്ന് പുരസ്‌കാരം നേടാനായില്ലെങ്കിലും 13 വര്‍ഷത്തിന് ഇപ്പുറം ഒരു ഡോക്യുമെന്ററിയിലൂടെ ഡോള്‍ബി തിയേറ്ററില്‍ ഗുനീത് എത്തിച്ചേര്‍ന്നു.

നേട്ടങ്ങള്‍ക്കിടയിലും ഒറ്റപ്പെടലിന്റെ നീറ്റല്‍

ജീവിതത്തില്‍ ഓരോ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ആ സന്തോഷം പങ്കിടാന്‍ ആരുമില്ലെന്നത് ഗുനീതിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ഒറ്റപ്പെടലിന്റെ വേദനയിലൂടെ അവര്‍ ഒരുപാട് കാലം കടന്നുപോയി. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയപ്പോഴും അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹിച്ചു. ഇടയ്ക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ശാശ്വതമായി നിന്നില്ല.

18-ാം വയസ് മുതല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചവളാണ് താനെന്ന് ഗുനീത് പറയുന്നു. "90-കളിലെ എല്ലാ കുട്ടികളേയും പോലെ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ചിത്രമാണ് എന്റെ മനസിലും ആ ആഗ്രഹമുണ്ടാക്കിയത്. എന്റെ രാജിനെ എന്ന് കണ്ടെത്തുമെന്ന അന്വേഷണമായിരുന്നു പിന്നീട്. ഓരോ പ്രണയത്തിലാകുമ്പോഴും എന്റെ രാജിനെ കണ്ടെത്തി എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറയും. എന്നാല്‍ ആ ബന്ധങ്ങളൊന്നും വിജയിച്ചില്ല. പാതിവഴിയില്‍ അവസാനിച്ചു. അപ്പോഴെല്ലാം സുഹൃത്തുക്കള്‍ പറയും. 'സമയമാകുമ്പോള്‍ എല്ലാം ശരിയാകും എന്ന്'. അപ്പോഴെല്ലാം ഞാന്‍ കരുതും..ഇനി എപ്പോഴാണ് ആ സമയം വരിക എന്ന്. ഇത്രയും വയസ്സായിട്ടും വിവാഹം കഴിക്കാത്തത് എന്താണെന്ന് പലപ്പോഴും ബന്ധുക്കള്‍ ചോദിച്ചിട്ടുണ്ട്. ഒരാളെ സംഘടിപ്പിച്ചു തന്നാല്‍ ഞാന്‍ നാളെത്തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് അവര്‍ക്ക് മറുപടി നല്‍കും. നീ സിനിമാ മേഖലയില്‍ നിന്നുള്ള ആളല്ലേ.. നിനക്ക് യോജിക്കുന്ന ആളെ എങ്ങനെ കണ്ടെത്താനാണ് എന്ന് പറഞ്ഞ് അവരെല്ലാം കൈയൊഴിയും.

ഗുനീത് മോംഗ ഭര്‍ത്താവ് സണ്ണി കപൂറിനൊപ്പം | Photo: instagram/ guneet monga

"ഒടുവില്‍ 39-ാം വയസ്സില്‍ ഞാന്‍ എന്റെ രാജിനെ കണ്ടെത്തി. എന്റെ ജീവിതത്തിലെ യഥാര്‍ഥ ഹീറോയെ. മനോഹരമായി ചിരിക്കുന്ന, സിനിമാമേഖലയില്‍ തന്നെ ജോലി ചെയ്യുന്ന, മുംബൈയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍. 'നിന്നെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ് ' എന്ന് അദ്ദേഹം കണ്ണ് നിറഞ്ഞ് പറഞ്ഞതായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം." ഭര്‍ത്താവ് സണ്ണി കപൂറുമായുള്ള പ്രണയത്തെ കുറിച്ച് ഗുനീത് പറയുന്നു.

ഡേറ്റിങ് ആപ്പിലൂടെയാണ് സണ്ണിയെ ഗുനീത് കണ്ടുമുട്ടുന്നത്. പരിചയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം 2022 ഡിസംബര്‍ 12-ന് ഗുനീതും സണ്ണിയും വിവാഹിതരായി. കൗമാരം മുതല്‍ അനാഥയായി വളര്‍ന്ന ഗുനീതിന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. ഒടുവില്‍ ഇതാ ഓസ്‌കര്‍ എന്ന അഭിമാനനേട്ടവും ഗുനീതിനെ തേടിയെത്തിയിരിക്കുന്നു. ഭര്‍ത്താവ് സണ്ണിക്കാണ് ഈ പുരസ്‌കാരം ഗുനീത് സമര്‍പ്പിച്ചത്.

Content Highlights: oscar winner guneet monga lifestory

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
krishna priya
Premium

ഹോളിവുഡ് താരം അരിയാനയുടെ ഗൗണ്‍ വരെ തയ്‌ച്ചെടുത്ത കൃഷ്ണപ്രിയ; ഷീറ്റിട്ട വീട്ടിലെ ഫാഷന്‍ലോകം

Sep 23, 2023


swathy s kumar

2 min

സ്വാതിയെന്ന് കേട്ടാല്‍ വിറയ്ക്കും ഗഞ്ചസംഘങ്ങള്‍; ഒഡിഷയില്‍ കഞ്ചാവുവേട്ടയ്ക്ക് നേതൃത്വം നൽകി മലയാളി

Aug 28, 2023


sreelakshmi

1 min

കൗതുകത്തിൽ തുടങ്ങി, ഇന്ന് പ്രതിമാസം അമ്പതിനായിരത്തോളം വരുമാനം; സംരംഭകയായി ശ്രീലക്ഷ്മി

Nov 11, 2021


Most Commented