സൗമ്യ, ഒരുത്തീ സിനിമയിൽ നവ്യാ നായർ
മാല പൊട്ടിച്ചോടിയ കള്ളന്മാരെക്കൊണ്ട് ചേച്ചി സൂപ്പറാണെന്ന് പറയിച്ച, മീ ടൂ വിഷയത്തിൽ നടൻ വിനായകന്റെ നിലപാട് തെറ്റാണെന്ന് തുറന്നു പറയാൻ മടിയില്ലാത്ത ‘ആ ഒരുത്തിയാണ്’ സൗമ്യ. സൗമ്യയുടെ ജീവിതത്തിൽ ഒരു വൈകുന്നേരം ഇടിച്ചുകയറിവന്ന ഒരുപിടിസംഭവങ്ങളാണ്, സംവിധായകൻ വി.കെ. പ്രകാശിന്റെ ‘ഒരുത്തീ’ എന്ന സിനിമ. ‘ഒരുത്തീ’യിലൂടെ നവ്യാ നായർ രാധാമണിയെന്ന ശക്തമായ കഥാപാത്രത്തിലൂടെ മടങ്ങിവരവ് നടത്തിയപ്പോൾ യഥാർഥ ജീവിതത്തിൽ ‘രാധാമണി’യായ സൗമ്യ കല്പറ്റയിലാണിപ്പോൾ. കല്പറ്റ നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഭർത്താവ് എസ്. ഷൈജുവിനൊപ്പം നാലുവർഷം മുമ്പാണ് സൗമ്യ വയനാട്ടിലെത്തുന്നത്. എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റാണ് സൗമ്യയിപ്പോൾ.
ഒരുമാലയും മൂന്നരക്കിലോമീറ്ററും
2018 ജനുവരിയിലെ തിരക്കുള്ള ഒരുദിവസം. കൊല്ലം കരുനാഗപ്പള്ളിയിൽ പതിവുപോലെ സൗമ്യ രാവിലത്തെ നെട്ടോട്ടത്തിലായിരുന്നു. കടയിലേക്ക് പോകുന്നതിന് മുമ്പൊരു കല്യാണത്തിന് കൂടണം. അമ്മ തൊഴിലുറപ്പ് പണിക്കുപോയി കിട്ടിയപണം കൈയിലുണ്ട്, പണയംവെച്ച മാലയെടുത്തിട്ട് വേണം കല്യാണത്തിനുപോകാൻ. കുറേ കാലത്തിനുശേഷമാണ് സ്വർണമൊക്കെ ധരിച്ചൊരു പരിപാടിക്ക് പോകുന്നത്. മാല ആരെങ്കിലും പറിച്ചോണ്ട് പോയാലോന്ന് അമ്മയുടെ ആധി കണ്ടപ്പോൾ സൗമ്യക്ക് ചിരി വന്നു, ‘എന്റെ കഴുത്തീന്നൊക്കെ ആര് മാല പറിക്കാൻ’. പക്ഷേ, അന്ന് വൈകീട്ട് ഏഴുമണി വരെയേ ആ വിശ്വാസത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.
വൈകീട്ട് സ്കൂൾവിട്ടുവന്ന മക്കളെ വീട്ടിലാക്കി കടയിൽ തിരിച്ചെത്തിയപ്പോൾ നല്ല തിരക്ക്. പണി കഴിഞ്ഞ് ഇറങ്ങാൻ കുറച്ചുവൈകി. വീട്ടിലേക്ക് സാധനങ്ങളും വാങ്ങി സ്കൂട്ടർ ഓടിച്ചുപോകുമ്പോഴാണ് റബ്ബർ തോട്ടത്തിനരികെ ഒരു ബൈക്ക് ഒപ്പമെത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനുമുമ്പുതന്നെ അവരിലൊരാൾ സൗമ്യയുടെ മാല പൊട്ടിച്ചു. ‘‘ശരീരം മുഴുവൻ ഒരു മരവിപ്പ് കയറിവന്നു, കരച്ചിൽ ഉള്ളിൽക്കെട്ടി തൊണ്ട വേദനിച്ചു, ഒച്ച പുറത്ത് വരുന്നില്ല. മാലയില്ലാതെ വീട്ടിൽ കയറിച്ചെല്ലാൻ പറ്റില്ല. വണ്ടിയുടെ നമ്പറോ കള്ളന്മാരുടെ മുഖമോ ഓർമയില്ലാത്തതുകൊണ്ട് പോലീസ് സ്റ്റേഷനിൽ പോയിട്ട് കാര്യമില്ല. ആലോചിച്ച് നിൽക്കാൻ സമയമില്ല’’, സൗമ്യ സ്കൂട്ടറിന്റെ വേഗം കൂട്ടി അവരുടെ പിന്നാലെ പാഞ്ഞു.
കുറച്ച് ഓടിയപ്പോൾത്തന്നെ മോഷ്ടാക്കളുടെ ബൈക്ക് കണ്ടു. ‘‘കള്ളൻ, മാല പൊട്ടിച്ചേ, നിക്കടാ’’ എന്നൊക്കെ സൗമ്യ വിളിച്ചുകൂവിയെങ്കിലും വഴിയിൽ ആർക്കും മനസ്സിലായില്ല. മൂന്നരക്കിലോമീറ്റർ അവരുടെ പിന്നാലെ വിടാതെ കൂടി. ഇതിനിടയിൽ ഹെൽമെറ്റ് ഊരിയെറിഞ്ഞു. ഒരുപാലമെത്തിയപ്പോൾ എതിർവശത്തുനിന്നുവന്ന വണ്ടിക്ക് പോകാൻ മോഷ്ടാക്കൾ ബൈക്കിന്റെ വേഗം കുറച്ചു. ഒന്നും നോക്കാതെ സൗമ്യ മുന്നിൽക്കയറി ബൈക്ക് ഇടിച്ചിട്ടു. മാല പൊട്ടിച്ചയാൾ സൗമ്യയെ കണ്ടപ്പോൾ കായലിൽച്ചാടി രക്ഷപ്പെട്ടു. മറ്റെയാളും രക്ഷപ്പെടാതിരിക്കാൻ സൗമ്യക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. ഒച്ചയും ബഹളവും കേട്ട് ആളുകൂടി. വിറയൽ മാറിയിരുന്നില്ല, മാല പിടിച്ചുപറിച്ചതാണെന്ന് എങ്ങനെയോ പറഞ്ഞ് ഒപ്പിക്കുകയായിരുന്നു.
ശാസ്താംകോട്ട പോലീസായിരുന്നു അന്വേഷിച്ചത്. പിറ്റേന്നുതന്നെ പോലീസ് രക്ഷപ്പെട്ട പ്രതിയെയും മാലയും കണ്ടെത്തി. തൊണ്ടിമുതലായതുകൊണ്ട് മാല കൈയിൽക്കിട്ടാൻ പിന്നെയും ഒരുമാസം സൗമ്യ കാത്തിരിക്കേണ്ടിവന്നു. സംഭവം സാമൂഹികമാധ്യമങ്ങളിലും പത്രങ്ങളിലും വന്നതോടെ സൗമ്യ ഒരുരാത്രി വെളുത്തപ്പോൾ സ്റ്റാറായി. മാധ്യമങ്ങളിൽവന്ന വാർത്തകണ്ടാണ് സംവിധായകൻ വി.കെ. പ്രകാശ് സൗമ്യയെ വിളിക്കുന്നത്. പിന്നീട് നാലുവർഷം കഴിഞ്ഞപ്പോഴാണ് അടുത്തവിളി വരുന്നത്. ആ സംഭവം സിനിമയാക്കിയെന്നും നവ്യാ നായർ വിളിക്കുമെന്നും പറഞ്ഞു. സിനിമയിൽ സ്വന്തം ജീവിതം വീണ്ടും കണ്ടപ്പോൾ സൗമ്യക്ക് ഉള്ളുനിറച്ചും സന്തോഷമാണ്. ഇപ്പോഴും ഇങ്ങനെയൊരു സംഭവമുണ്ടായാൽ ഒരുകൈ നോക്കാമെന്ന് സൗമ്യ.
Content Highlights: oruthe movie, real life heroine soumya, navya nair movie, insoiring women, inspiring life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..