മുലപ്പാൽകൊണ്ട് നിർമിച്ച ആഭരണങ്ങൾ | Photo: Special Arrangement
മുലയൂട്ടുന്ന കാലത്തെ പാല്‍മണമുള്ള ഓര്‍മകള്‍ എങ്ങനെയാണ് സൂക്ഷിച്ചുവെക്കുക? മോണകാട്ടി ചിരിക്കുന്ന കുരുന്നുകളുടെ ഫോട്ടോകള്‍ എടുത്തുവെക്കും. അതിലപ്പുറം ആ കാലത്തെ ഓര്‍ത്തുവെക്കാന്‍ എന്താണ് ചെയ്യാനാവുക? അമ്മിഞ്ഞപ്പാല്‍ തന്നെ സൂക്ഷിച്ചുവെക്കാം. എക്കാലത്തേക്കുമായി മനോഹര രൂപങ്ങളായും ആഭരണങ്ങളായും.
മാതൃത്വത്തില്‍ വളരെപ്പെട്ടന്ന് തീര്‍ന്നുപോകുന്ന മുലയൂട്ടല്‍ കാലത്തെ ഓര്‍ത്തുവെക്കാന്‍ മുലപ്പാലുകൊണ്ട് വ്യത്യസ്തമായ ആഭരണങ്ങള്‍ തീര്‍ക്കുകയാണ് തിരുവനന്തപുരം സ്വദേശി അരുണ ദീപക്. പെന്‍ഡന്റ്, മോതിരം തുടങ്ങിയ ആഭരണങ്ങളും സ്റ്റോണുകളുമെല്ലാം നിര്‍മിക്കുന്നുണ്ട് അരുണ.
ഒരു വര്‍ഷം മുമ്പാണ് അരുണ ഈ മേഖലയിലേക്ക് കടന്നെത്തുന്നത്. മുലപ്പാലൊക്കെ ആരെങ്കിലും സൂക്ഷിച്ചുവെക്കുമോ എന്ന് ചോദിച്ച് പരിഹസിച്ചവരായിരുന്നു അന്ന് കൂടുതലും. പക്ഷെ അമ്മയും കുഞ്ഞും ഏറ്റവും കൂടുതല്‍ അടുക്കുന്ന ആ കാലത്തെയും വൈകാരികമായ ബന്ധത്തെയും സൂക്ഷിച്ച് വെക്കാന്‍ ഇതിനേക്കാള്‍ അമൂല്യമായതൊന്നുമില്ലെന്ന് പലരും വളരെപ്പെട്ടന്ന് തിരിച്ചറിഞ്ഞുവെന്നാണ് അരുണ പറയുന്നത്.
ആഭരണം നിര്‍മിക്കാന്‍ എത്ര പാല്‍ വേണ്ടി വരും? ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്ത് തുടങ്ങി എന്നറിഞ്ഞപ്പോള്‍ പലര്‍ക്കുമുണ്ടായ സംശയം ഇതായിരുന്നു. ഒരു തുള്ളി പാല് മതി ആഭരണം നിര്‍മിക്കാന്‍ എന്നറിഞ്ഞപ്പോള്‍ ആളുകള്‍ക്ക് കൗതുകം ആയിരുന്നു. ഓര്‍ഡര്‍ ചെയ്യാന്‍ താത്പര്യം അറിയിക്കുന്നവരോട് അഞ്ച് എംഎല്‍ പാലാണ് കൊറിയര്‍ ചെയ്യാന്‍ ആവശ്യപ്പെടുക.
.jpg?$p=430c1f1&&q=0.8)
പ്രൊസസ്സ് ചെയ്യുന്നതിനിടെ ഒന്നോ രണ്ടോ തുള്ളി പാല്‍ നഷ്ടപ്പെട്ടാലോ എന്ന് കരുതിയാണ് അഞ്ച് എംഎല്‍ പാല്‍ അയക്കാന്‍ പറയുന്നത്. അത് കൊറിയര്‍ ചെയ്യണ്ട രീതിയെക്കുറിച്ച് പറഞ്ഞു കൊടുക്കും. സ്വര്‍ണത്തിലോ വെള്ളിയിലോ ഇഷ്ടമുള്ള രൂപം അവര്‍ക്ക് തിരഞ്ഞെടുക്കാം. ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തൂക്കത്തിന് അനുസരിച്ച് 3500 രൂപ മുതല്‍ ചാര്‍ജ് വരും. സ്റ്റോണുകളാക്കി മാറ്റണം എങ്കില്‍ ആയിരം രൂപയോളം ചെലവ് വരും.
മുലയൂട്ടല്‍ കാലം അവസാനിക്കുമ്പോള്‍ മാനസികമായി വളരെ പ്രയാസപ്പെടുന്ന അമ്മമാരെ കാണാറുണ്ട്. അതിന്റെ ഓര്‍മ്മക്കായി ആഭരണങ്ങളുണ്ടാക്കാന്‍ നിരവധി ആളുകളാണ് ഇപ്പോള്‍ തയ്യാറായി വരുന്നതെന്നും അരുണ പറയുന്നു.
ധനുവച്ചപുരം പോസ്റ്റോഫീസിലെ ജീവനക്കാരിയായ അരുണയ്ക്ക് ഒന്നരവയസ്സുള്ള മകളുണ്ട്. അമ്മയായതിനാല്‍ കച്ചവട താത്പര്യത്തിന് അപ്പുറം ഓര്‍ഡര്‍ ചെയ്യുന്ന ആളുകളുടെ ഇമോഷണല്‍ ഫീലിംങ്‌സ് മനസ്സിലാക്കാന്‍ പറ്റുമെന്നും അതുകൊണ്ട് അധിക തുക ഈടാറില്ലെന്നും അരുണ പറയുന്നു. മുലപ്പാല്‍ കൊണ്ട് നിര്‍മിച്ചതായതിനാല്‍ തന്നെ ഏറെ വെയിലു തട്ടാതെ രാസവസ്തുക്കള്‍ പറ്റാതെ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ നിറം മങ്ങാന്‍ സാധ്യത ഉണ്ടെന്നും അരുണ പറയുന്നു.
ഉത്തരേന്ത്യയിലും വിദേശ രാജ്യങ്ങളും നേരത്തെ തന്നെ ഇത് പ്രചാരത്തിലുണ്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ പലരേയും ആശ്രയിച്ചെങ്കിലും വളരെ യുണീക്ക് ആയി ചെയ്യുന്ന വര്‍ക്കായതിനാല്‍ അധികമാരും പറഞ്ഞുകൊടുക്കാന്‍ തയ്യാറായില്ല. പലതരം ജേണലുകള്‍ വായിച്ചും മുലപ്പാല്‍ പ്രിസര്‍വ് ചെയ്യാനുള്ള വസ്തുക്കള്‍ വിദേശത്ത് നിന്നും വരുത്തിച്ചുമാണ് അരുണ നിര്‍മാണം തുടങ്ങിയത്. മുലപ്പാല്‍ മാത്രമല്ല, നഖം, മുടി, പല്ല്, എന്തിന് പൊക്കിള്‍ കൊടി പോലും അമൂല്യമായ ആഭരണങ്ങളാക്കി മാറ്റാം എന്നാണ് അരുണ പറയുന്നത്
Content Highlights: ornaments made of breast milk aruna deepak lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..