ട്രെയിൻ ട്രാവലർ ഇൻസ്പെക്ടർ ഷൊർണൂർക്കാരി വള്ളി | Photo: Mathrubhumi
മേട്ടുപ്പാളയം: ഊട്ടി തീവണ്ടിയിലെ വിരുന്നുകാരെ പാട്ടുപാടി കൂട്ടിക്കൊണ്ടുപോകുന്ന 'റെയില്‍വേയുടെ വാനമ്പാടി' വള്ളി വിരമിക്കുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിന്‍ ട്രാവലര്‍ ഇന്‍സ്പെക്ടര്‍ ഷൊര്ണൂര്ക്കാരി വള്ളിയാണ് ശനിയാഴ്ച വിരമിക്കുന്നത്. വ്യാഴാഴ്ച രാവിലെയുള്ള മേട്ടുപ്പാളയം- ഊട്ടി പൈതൃക തീവണ്ടിയിലെ യാത്രികര്ക്കൊപ്പമായിരിക്കും വള്ളിയുടെ തൊഴില്ജീവിതത്തിലെ അവസാന യാത്ര.
നീണ്ട 37 വര്‍ഷത്തെ റെയില്‍വേ സേവനം കഴിഞ്ഞാണ് വള്ളി പടിയിറങ്ങുന്നത്. തെരുവ് നാടകങ്ങളും പാട്ടുമായി നടന്നിരുന്ന റെയില്‍വേ പോയിന്റ്മാന്‍ കുട്ടിമാന്റെ ഏഴുമക്കളില്‍ അഞ്ചാമത്തെ ആളാണ് വള്ളി. അസുഖം കാരണം ജോലിചെയ്യാന്‍ വയ്യാത്ത അച്ഛന്റെ ജോലിയാണ് വള്ളിക്ക് ലഭിച്ചത്. ഗാനമേളകള്‍ക്ക്
പാടാന്‍ പോയിരുന്ന വള്ളി കഷ്ടപ്പാടുകളുടെ ദിനത്തില്‍ ഗ്രൂപ്പ് ഡി ജീവനക്കാരിയായെത്തി ട്രാവലര്‍ ഇന്സ്പെക്ടര്വരെയായി. കുടുംബത്തില്‍ എല്ലാവര്ക്കും ലഭിച്ച സംഗീത അഭിരുചി മുപ്പതുവര്‍ഷം ആരും അറിഞ്ഞില്ല.
കൂനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ശേഷം കോയമ്പത്തൂരില്‍ ചില വര്‍ഷങ്ങള്‍ ജോലി ചെയ്തുവെന്നൊഴിച്ചാല്‍ നീലഗിരി മൗണ്ടൈന്‍ റെയില്‍വേയുടെ ഭാഗമായിരുന്നു ഇവര്‍. ടി. ടി. ഐ. ആയശേഷം മേട്ടുപ്പാളയത്തുനിന്ന് പുറപ്പെടുന്ന തീവണ്ടിയിലെ യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ പാടുമ്പോള്‍ കൂടെ പാടാന്‍ തുടങ്ങിയതാണ് പിന്നീട് തീവണ്ടി കൂകിപ്പായുന്നതിനിടയില് വള്ളിയുടെ മനോഹര ശബ്ദം ലോകമെങ്ങും കേള്‍ക്കാന്‍ തുടങ്ങിയത്.

2016-ല്‍ യാത്രയ്ക്കിടെ തമിഴ് വാരികയായ ആനന്ദ വികടന് റിപ്പോര്‍ട്ടറുടെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ നിരവധി മാധ്യമങ്ങള്‍ വള്ളിയെ കാണാനെത്തി. മാതൃഭൂമിയും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരെ കുറിച്ചുള്ള വാര്‍ത്ത നല്‍കിയിരുന്നു. എസ്. ജാനകിയുടെ ഗാനങ്ങളെ സ്നേഹിക്കുന്ന വള്ളിയെ ജാനകിയമ്മ തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതാണ് തന്റെ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്തതെന്ന് പറയുമ്പോള്‍ വള്ളിയുടെ മുഖത്തില്‍ ആനന്ദക്കണ്ണീരെത്തി.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, ബഡുക ഭാഷകളിലെ പാട്ടുകളൊക്കെ പാടും. യാത്രക്കാരുടെ ആവശ്യപ്രകാരവും പാടുന്ന വള്ളി പോകുന്ന വഴിയിലെ സ്റ്റേഷനുകളെ കുറിച്ചും ഫോട്ടോ എടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും നീലഗിരിയില്‍ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുമെല്ലാം റെയില്‍വേയുടെ ടൂര്‍ ഗൈഡാവുന്നതോടെ സഞ്ചാരികള്‍ക്ക് സമീപിക്കാവുന്ന ഏറ്റവും നല്ല ടി. ടി. ഐ. എന്ന ബഹുമതിക്ക് റെയില്‍വേ നിരവധി തവണയാണ് അവാര്‍ഡുകളും അനുമോദന സര്‍ട്ടിഫിക്കറ്റുകളും നല്‍കിയത്. റെയില്‍വേ മന്ത്രി ഡല്‍ഹി റെയില്‍വേ ഭവനത്തില്‍ വച്ച് മികച്ച ജീവനക്കാരിയായ വള്ളിക്ക് നീലഗിരി മൗണ്ടൈന്‍ റെയില്‍വേയുടെ 'വാനമ്പാടി' അവാര്‍ഡ് നല്കി ആദരിച്ചു.
.jpeg?$p=65bb018&&q=0.8)
വിരമിച്ചാലും പാട്ടിനെ ഉപേക്ഷിക്കില്ല. തന്നെ അന്വേഷിച്ചെത്തുന്ന സഞ്ചാരികളും റെയില്‍വേയിലെ സഹപ്രവര്‍ത്തകരും തന്നിരുന്ന പിന്തുണ കൊണ്ട് മാത്രമാണ് തീവണ്ടിയിലെ പാട്ടുകാരിയായി തുടരാന്‍ പറ്റിയതെന്ന് പറഞ്ഞ വള്ളി പാട്ടിന്റെ ലോകത്തേക്ക് പൂര്‍ണ്ണമായും മടങ്ങുമ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു. പാലക്കാട് ചിലമ്പ് നിര്‍മ്മാണ ജോലിചെയ്യുന്ന ശശിധരനാണ് ഭര്‍ത്താവ്. മക്കള്‍: ശാലു, ശാലി, ശാരി.
Content Highlights: Ooty Train TTR and Singer Valli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..