'പാഴ്‌സല്‍ തുറന്നുനോക്കിയപ്പോള്‍ ചോറില്ല,വീട്ടിലാണെങ്കില്‍ ഒരു മണി അരിയുമില്ല'


എം.ബി.ബാബു

പ്രതീകാത്മക ചിത്രം

ഭേഷായി ഓണസദ്യ ഉണ്ണുകയെന്നത് മലയാളിക്ക് ഒഴിവാക്കാനാകാത്തതാണ്. കാലം മാറുന്നതിനനുസരിച്ച് മലയാളിയുടെ ഓണാഘോഷവും സദ്യയും ന്യൂജനായിമാറി. പരിമിതികള്‍ക്കുള്ളില്‍നിന്ന് ഒരോ മലയാളിയും ഓണമാഘോഷിക്കുന്നു. ചിലപ്പോഴെങ്കിലും അവ നമ്മെ വട്ടം ചുറ്റിക്കാറുമുണ്ട്. അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ലേഖകന്‍.

കഴിഞ്ഞ വര്‍ഷത്തെ ഓണമാണ്. കോവിഡ് ഒരല്പം ഔദാര്യം കാണിച്ചതിനോടൊപ്പം സര്‍ക്കാരും കനിഞ്ഞപ്പോള്‍ കിട്ടിയ ഓണാഘോഷം. അതിനായി പദ്ധതി ഏറെയുണ്ടായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് തട്ടകമിവിടെയാണെങ്കിലും നാട് ദൂരെയാണ്. തട്ടകത്തില്‍ തിരുവോണസദ്യ കഴിഞ്ഞ് അല്പം വിശ്രമം. നാല് മണിയോടെ തീവണ്ടിയില്‍ നാട്ടിലേക്ക്. രാത്രി അവിടെ തങ്ങി പിറ്റേന്ന് അവിട്ടസദ്യ കഴിച്ച് മൂകാംബികയിലേക്ക്. പുലിക്കളിയുടെ അന്ന് വൈകീട്ട് തട്ടകത്ത് തിരിച്ചെത്തണം. പുലിക്കളി കാണണം. സാംസ്‌കാരിക നഗരത്തിലെ വേറിട്ട ഓണാഘോഷം അവിസ്മരണീയമാക്കണം-ഇതൊക്കെയായിരുന്നു പദ്ധതി.

ഒരു വര്‍ഷം പൂര്‍ണമായും മുടങ്ങിയ ഓണമാണ് കുറച്ചെങ്കിലും പൊലിമയോടെ എത്തുന്നത്. സദ്യ കഴിഞ്ഞ് വൈകാതെ യാത്ര പോകേണ്ടിയിരുന്നതിനാല്‍ സദ്യ പുറമേനിന്ന് വാങ്ങാന്‍ തീരുമാനിച്ചു. ഭാര്യയ്ക്കും സന്തോഷമായി. നാലുപേര്‍ക്കായി സദ്യവട്ടമൊരുക്കാന്‍ കഷ്ടപ്പെടേണ്ടതില്ലല്ലോ.

സദ്യ ബുക്ക് ചെയ്യാനായി കാറ്ററിങ്ങുകാരെ സമീപിച്ചപ്പോഴാണ് പ്രശ്‌നം അറിഞ്ഞത്. മിക്ക പ്രമുഖ കാറ്ററിങ്ങുകാരും ഇക്കുറി സദ്യ ഒരുക്കുന്നില്ല. കോവിഡ് ചതിക്കുമോ എന്ന് ഭയന്ന് പാഴ്‌സല്‍ സദ്യയില്‍നിന്ന് മിക്കവരും പിന്മാറിയിരിക്കുകയാണ്.

എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കവേയാണ് എന്തിനുമേതിനും 'ഓകെ' മാത്രം പറയുന്ന സുഹൃത്തിനെ ഓര്‍ത്തത്. ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. കേള്‍ക്കേണ്ട താമസം- ഓകേ, നാല് ഓണസദ്യ തിരുവോണനാളില്‍ 12-ന് മുന്നേ വീട്ടില്‍ എത്തിയിരിക്കും എന്ന് അദ്ദേഹത്തിന്റെ ഉറപ്പ്. ആ ഉറപ്പില്‍ സദ്യയൊന്നിന് 350 രൂപ നിരക്കില്‍ പണം ഓണ്‍ലൈനില്‍ അയച്ചുകൊടുത്തു, അജ്ഞാത കാറ്ററിങ് സ്ഥാപനത്തിലേക്ക്.

തിരുവോണത്തലേന്ന് സുഹൃത്തിനെ വിളിച്ച് ഓണസദ്യയുടെ കാര്യം ഓര്‍മിപ്പിച്ചു. ഞാനല്ലേ പറഞ്ഞത്, എല്ലാം ഓകെ എന്ന് ഉറപ്പിച്ച് കാറ്ററിങ് സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറും തന്നു.

തിരുവോണദിനം രാവിലെ ദോശയുണ്ടാക്കി. ചമ്മന്തിയും കൂട്ടി കഴിച്ചു. ചായ കുടിച്ചു. ഓണസദ്യയ്ക്കായി കാത്തിരുന്നു. 12 കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു-സദ്യക്കാരെ ഒന്ന് വിളിച്ചുനോക്ക്, പെട്ടെന്ന് കിട്ടിയാല്‍ പെട്ടെന്ന് കഴിക്കാമല്ലോ.

ഒരു മണിയായിട്ടും സദ്യയെത്തിയില്ല. സുഹൃത്തിനെ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫാണ്. സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ കാറ്ററിങ് സ്ഥാപനത്തിലേക്ക് വിളിച്ചു. ഫോണ്‍ അടിക്കുന്നുണ്ട്, എടുക്കുന്നില്ല. ടെന്‍ഷനായെങ്കിലും പുറത്ത് കാണിച്ചില്ല.

ഒന്നരയ്ക്ക് കാറ്ററിങ് സ്ഥാപനക്കാര്‍ തിരികെ വിളിച്ചു. സ്ത്രീശബ്ദത്തിലായിരുന്നു മറുപടി- ഓര്‍ഡര്‍ കുറച്ചേറെയുണ്ടായിരുന്നു, അതാണ് വൈകിയത്. പത്ത് മിനിറ്റില്‍ വീട്ടിലെത്തിക്കും. വൈകാതെ ഓണസദ്യയെത്തുമെന്ന വിവരം കേട്ടപ്പോള്‍ സമാധാനമായി.

അര മണിക്കൂര്‍ കഴിഞ്ഞിട്ടും സദ്യയെത്താത്തതിനാല്‍ വീണ്ടും വിളിച്ചു. സ്ത്രീശബ്ദം ഫോണെടുത്ത് പറഞ്ഞു- ഒരു ഉപകാരം ചെയ്യുമോ. ഒന്നുരണ്ട് വീട്ടില്‍ക്കൂടി കൊടുക്കാനുണ്ട്. വല്ലാതെ വൈകി. വിരോധമില്ലെങ്കില്‍ ഒന്ന് ഹൈവേയിലേക്ക് വന്ന് നില്‍ക്കാമോ?

വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്ററുണ്ട് ഹൈവേയിലേക്കെങ്കിലും അത് സാരമാക്കാതെ വണ്ടിയെടുത്ത് ഇറങ്ങി. ഓണനാളില്‍ സെറ്റുസാരിയുടുത്ത സുന്ദരി ഓണസദ്യ തരാനായി ഹൈവേയോരത്തേക്ക് വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെ.

10 മിനിറ്റിനുള്ളില്‍ സ്‌കൂട്ടറില്‍ ഒരാള്‍ എത്തി. ഒരു യുവാവ്. കറുത്ത ടീഷര്‍ട്ടും കള്ളിമുണ്ടും വേഷം. നെറ്റിയില്‍ വിയര്‍പ്പൊലിക്കുന്നു. അയാള്‍ ചോദിച്ചു-ഓണസദ്യ ഓര്‍ഡര്‍ ചെയ്തയാളല്ലേ.

കിളിനാദം ഈ പുരുഷകോമളന്റേതായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്. സ്‌കൂട്ടറിന്റെ മുന്നിലെ സ്ഥലത്ത് വലിയൊരു പഴയ ചാക്ക് വെച്ചിരുന്നു. ആ ചാക്ക് അതേപടി എടുത്ത് അയാള്‍ തന്നു. എന്നിട്ട് പറഞ്ഞു - അവസാനത്തെ പാഴ്‌സലാണ്. ചിലപ്പോള്‍ ഒന്നു രണ്ട് ഐറ്റം കൂടുതലുണ്ടാകും. ഭക്ഷണം അല്പം തണുത്തിട്ടുണ്ടാകും, ക്ഷമിക്കുക. സ്‌കൂട്ടറില്‍ കയറി ആ കിളിനാദക്കാരന്‍ പാഞ്ഞു.

ചാക്കിലെ സദ്യയുമായി വീട്ടിലെത്തി. ചാക്ക് തുറന്നു. മൂന്ന് വലിയ പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ ഒരു വലിയ പ്ലാസ്റ്റിക് കവറിലാക്കി കൂട്ടിക്കെട്ടി വെച്ചിരിക്കുന്നു. അത് പുറത്തെടുത്തു. സാമ്പാര്‍, മോര്, പായസം എന്നിവയുടെ കണ്ടെയ്‌നറുകളായിരുന്നു അത്. മൂന്നും പൊട്ടി പരസ്പരം യോജിച്ചിരിക്കുന്നു. കണ്ടയുടന്‍ ഭാര്യ അതെടുത്ത് വെയ്സ്റ്റ് ബക്കറ്റിലിട്ടു.

പിന്നീട് ഇനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. പൊടിഞ്ഞുതീര്‍ന്ന പപ്പടം രണ്ടുമൂന്ന് പായ്ക്കറ്റുണ്ട്, ചെറിയ പായ്ക്കറ്റ് അവിയല്‍, കാളന്‍, തോരന്‍, കിച്ചടി, അച്ചാര്‍, പഴം, രസം, ഉപ്പേരി എല്ലാമുണ്ട്. പത്ത് തൂശനിലയും. പക്ഷേ പ്രധാന ഇനമായ ചോറ് കാണാനില്ല.

ചോറ് മറന്നതാണോ എന്നറിയാന്‍ കാറ്ററിങ് സ്ഥാപനത്തിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്. സദ്യ ഓര്‍ഡര്‍ ചെയ്തുതന്ന സുഹൃത്തിനെ വിളിച്ചു. അദ്ദേഹത്തിന്റെ ഫോണ്‍ അപ്പോഴും സ്വിച്ച് ഓഫ്.

ഓണമായതിനാലാകാം ഭാര്യയുടെ മുഖം പ്രതീക്ഷിച്ചത്ര മങ്ങിയില്ല. ഭാര്യ പ്രതിവിധി കണ്ടെത്തി. പത്ത് മിനിറ്റില്‍ കുക്കറില്‍ ചോറ് തയ്യാറാക്കാം.

രണ്ട് ദിവസമായി വീട്ടില്‍ അരിയില്ലായിരുന്നു. എല്ലാ വര്‍ഷവും പ്രൊഫഷണല്‍ ക്ലബ്ബില്‍ നിന്ന് ഓണക്കിറ്റ് കിട്ടാറുണ്ടായിരുന്നു. അതില്‍ ആവശ്യത്തിലേറെ അരിയുണ്ടാകാറുണ്ടായിരുന്നു. അതിനാലാണ് രണ്ട് ദിവസം അരിയില്ലാതെ കഴിച്ചുകൂട്ടിയത്.

അരിയെടുക്കാനായി ക്ലബ്ബിന്റെ ഓണക്കിറ്റ് തുറന്നു. കിറ്റില്‍ ഇത്തവണ അരി മാത്രമില്ല. കോവിഡ് കാലത്തെ ദാരിദ്ര്യം കിറ്റിനേയും ബാധിച്ചിരിക്കുന്നു. ബൈക്കെടുത്ത് പുറത്തിറങ്ങി. എവിടെയെങ്കിലും ഹോട്ടലുണ്ടാകാതിരിക്കില്ല. അതായിരുന്നു പ്രതീക്ഷ.

ഹൈവേയിലും നഗരത്തിലും ഗ്രാമറോഡുകളിലും കറങ്ങി. എങ്ങും കടകളില്ല. ഒരു കട തുറന്നിട്ടുണ്ട്. പെട്ടിക്കടയാണ്. അവിടെച്ചെന്ന് ബ്രഡ് ചോദിച്ചു. ഇല്ലെന്ന് മറുപടി. അവിടെ ഒരു കവറില്‍ ഒരു പായ്ക്കറ്റ് റെഡി ടു കുക്ക് പൊറോട്ട കണ്ടു. അത് വാങ്ങി. തന്നപ്പോള്‍ കടക്കാരന്‍ പറഞ്ഞു- കുറച്ച് ദിവസം മുന്നേ കൊണ്ടുവെച്ചതാണ്. നല്ലതാണെങ്കിലേ കഴിക്കാവൂ.വീട്ടിലെത്തി പൊറോട്ട ചൂടാക്കി. അവിയലും കിച്ചടിയും തോരനും പപ്പടവും ഉപ്പേരിയും കൂട്ടി എല്ലാവരും ഓണസദ്യ കഴിച്ചു. ന്യൂജന്‍ മക്കള്‍ക്ക് പരിഭവമേയില്ല.

നാലിനാണ് തീവണ്ടി. പുറപ്പെടാന്‍ ഒരുങ്ങവേ മൂത്തമകന്‍ പറഞ്ഞു-നല്ല വയറുവേദന. തുടര്‍ന്ന് ഇളയ മകനും ശൗചാലയത്തിലേക്ക് പാഞ്ഞു. ഒന്നല്ല, പലതവണ. അവര്‍ക്ക് പിന്നാലെ ഭാര്യയും. വയറുവേദനയും അനുബന്ധ പ്രശ്‌നങ്ങളും എല്ലാവരേയും പിടിയിലാക്കി. നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി.

സൗജന്യ ആംബുലന്‍സ് സേവനം തേടി ആശുപത്രിയിലെത്തി. അവിടെ ഗ്ലൂക്കോസ് കയറ്റിയും കയറ്റാതെയും മരുന്ന് കഴിച്ചും നാലുപേരും കിടന്നു. രണ്ടാം നാള്‍ ഡിസ്ചാര്‍ജ്. രണ്ട് ദിവസത്തെ പൂര്‍ണവിശ്രമവും ഡോക്ടര്‍ നിര്‍ദേശിച്ചു.

പുലിക്കളിയുടെ നാളാണ്. കഞ്ഞികുടിച്ച് കിടക്കവേ ഒരു ഫോണ്‍വിളിയെത്തി. എന്തിനും ഏതിനും 'ഓകെ' പറയുന്ന സുഹൃത്തിന്റേതാണ് - നാട്ടില്‍നിന്ന് തിരിച്ചെത്തിയില്ലേ, പുലിക്കളി കാണാന്‍ വരുന്നില്ലേ.

ഒന്നും പറയാതെ ഫോണ്‍ വെച്ചു. രണ്ടുമൂന്ന് ദിവസത്തെ പത്രം വായിക്കാെത കിടപ്പുണ്ട്. അതിലൊന്ന് വായിക്കാനായി എടുത്തു. ഒന്ന് തുറന്നപ്പോള്‍ ആദ്യം കണ്ടത് ഞായര്‍ പതിപ്പിലെ വാരഫലമാണ്. നക്ഷത്രമേതെന്ന് നോക്കാതെ ആദ്യത്തേത് വായിച്ചു- സാമ്പത്തിക നഷ്ടം, ആരോഗ്യപ്രശ്‌നം, മാനഹാനി, കുടുംബകലഹം, യാത്രാക്ലേശം... ഭാഗ്യം, പുലിക്കളി കാണാന്‍ വിഘ്‌നം എന്നുമാത്രം കണ്ടില്ല.

Content Highlights: onam memories realted with onam sadhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented