ഹനാ ഖാൻ | twitter.com|girlpilot
കരിയര്‍ തിരഞ്ഞെടുപ്പുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത പെണ്‍സമൂഹമാണ് ഇന്നുള്ളത്. പണ്ടൊക്കെ സ്ത്രീകള്‍ക്ക് ഇന്നയിന്ന ജോലികളാണ് അഭികാമ്യം എന്ന പറച്ചിലുണ്ടായിരുന്നെങ്കില്‍ ഇന്ന് ഏതു ജോലിയും ചെയ്യാന്‍ പ്രാപ്തരാണെന്നു ജീവിതത്തിലൂടെ തെളിയിക്കുന്ന സ്ത്രീകളുണ്ട്.
സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത മേഖലകളില്‍ പോലും മാറ്റങ്ങളുണ്ടായി. അത്തരം മാറ്റങ്ങള്‍ സ്ത്രീസമൂഹത്തെ തന്നെ ആനന്ദിപ്പിക്കുന്നതുമാണ്. അത്തരത്തിലൊരു വനിതാ പൈലറ്റിന്റെ അനുഭവകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തന്നെ കോക്പിറ്റില്‍ കണ്ടപ്പോള്‍ ഒരു വയോധിക ആകാംക്ഷ പ്രകടിപ്പിച്ച വിധത്തെക്കുറിച്ചാണ് യുവതിയുടെ പോസ്റ്റ്.
ഹനാ ഖാന്‍ എന്ന കൊമേഴ്‌സ്യല്‍ പൈലറ്റാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഡല്‍ഹി-ഗയാ-ഡല്‍ഹി ഫ്‌ളൈറ്റില്‍ ജോലിയിലായിരുന്നു ഹനാ. ഇതിനിടയ്ക്ക് പ്രായമാര്‍ന്ന ഒരു സ്ത്രീ കോക്പിറ്റ് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അനുമതി ലഭിച്ചതോടെ അവര്‍ കോക്പിറ്റിലേക്ക് കടക്കുകയും അവിടെ ഹനയെ കണ്ടതോടെ ആഹ്ലാദം പ്രകടിപ്പിക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടിയാണല്ലോ ഇവിടെയിരിക്കുന്നത് എന്നായിരുന്നു അവര്‍ ആനന്ദത്താല്‍ പറഞ്ഞത്. ഇതെക്കുറിച്ചാണ് പിന്നീട് ഹന ട്വീറ്റ് ചെയ്തത്.
ആ വയോധികയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് ചിരി അടക്കാനായില്ലെന്നും ഹന പറയുന്നു. പതിനയ്യായിരത്തില്‍പ്പരം ലൈക്കുകളും ആയിരത്തില്‍പ്പരം റീട്വീറ്റുകളുമാണ് ഹനയുടെ പോസ്റ്റിന് ലഭിച്ചത്. നിരവധി പേര്‍ ട്വീറ്റിന് കീഴെ കമന്റുകളുമായി എത്തുകയും ചെയ്തു.
സ്ത്രീകളുടെ പ്രതിനിധിയെ അവിടെ കണ്ടപ്പോഴുള്ള ആഹ്ലാദമാവും ആ വയോധിക പ്രകടിപ്പിച്ചതെന്നും ഹന ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും ചിലപ്പോള്‍ കാലങ്ങളായി താന്‍ ധരിച്ചു വച്ചത് തെറ്റാണല്ലോ എന്നാവും ഹനയെ കണ്ടപ്പോള്‍ ആ വൃദ്ധയ്ക്ക് തോന്നിയിട്ടുണ്ടാവുക എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: On Gaya to Delhi flight, old lady saw woman pilot in cockpit Viral Tweet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..