രാസ്തയുടെ പ്രവർത്തനങ്ങൾക്കിടെ ഓമന കുട്ടികളോടൊപ്പം | Photo: facebook/ omana
ആശ്രയിക്കാനാരുമില്ലാതെ ജീവിതത്തിനുമുന്നില്‍ ഉഴറിനിന്നവര്‍ക്ക് മുന്നില്‍ 35 വര്‍ഷംമുമ്പ് തെളിഞ്ഞൊരു വഴിയായിരുന്നു ടി.കെ. ഓമന. സ്ത്രീകളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യത്തിന് അവര്‍ മറുമരുന്നു കണ്ടു, പട്ടിണിക്കാര്‍ക്ക് അന്നത്തിന് വഴിയൊരുക്കി, വീടിന്റെ സുരക്ഷിതത്വമേകി, സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു. പരിചയമുള്ളവര്‍ക്ക് 'രാസ്ത' ഇന്നും വെറുമൊരു പേരല്ല, നല്ല ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണത്.
മണലാരണ്യത്തില്‍ നിന്ന് വയനാട്ടിലേക്ക്
റാന്നിയില്‍നിന്ന് ജോലിസാധ്യത തേടി രാജസ്ഥാനിലേക്ക് പോയ പഴയൊരു പി.ഡി.സി.ക്കാരിയുടെ ജീവിതാനുഭവങ്ങളായിരുന്നു രാസ്തയ്ക്ക് പ്രചോദനം. രാജസ്ഥാനില്‍ നഴ്സായിരുന്ന സഹോദരിക്കൊപ്പമാണ് ഓമന അവിടെയെത്തുന്നത്.
തിലോണിയ ഗ്രാമത്തിലെത്തിയ ഓമനയ്ക്ക് ജോലി ശരിയായത് സാമൂഹികപ്രവര്‍ത്തകരായ സഞ്ജിത് ബങ്കര്‍ റോയിയും അരുണ റോയിയും ചേര്‍ന്നു നടത്തിയ സോഷ്യല്‍വര്‍ക്ക് റിസര്‍ച്ച് സെന്ററിലായിരുന്നു. 18 വയസ്സുകാരിയായ ഓമനയെ രൂപപ്പെടുത്തിയത് ആ സ്ഥാപനമാണ്.
ഗ്രാമീണ രാജസ്ഥാനിലെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ ശൈശവവിവാഹവും സാമൂഹിക പിന്നാക്കവസ്ഥയുമുള്‍പ്പെടെയെല്ലാം, ഓമന നിരന്തരം ഇടപെട്ടു. അരുണ റോയിയുടെ നിഴലുപോലെ ഒപ്പംനടന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഓമനയിലെ സാമൂഹികപ്രവര്‍ത്തകയെ പരുവപ്പെടുത്തി.
ഇതേ സ്ഥാപനത്തില്‍തന്നെ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ എഞ്ചിനീയര്‍ ധനേഷ് കുമാറുമായി ഇതിനിടെ വിവാഹം. ഒരു കുട്ടിയായതോടെ നാട്ടിലേക്ക് മടങ്ങിയാലോ എന്ന ചിന്തയായി. അരുണ റോയിയാണ് അന്ന് കേരളത്തിലെ പിന്നാക്കഗ്രാമങ്ങളിലൊന്നില്‍ സോഷ്യല്‍വര്‍ക്ക് റിസര്‍ച്ച് സെന്ററിന്റെ സബ് സെന്റര്‍ തുടങ്ങാമെന്ന ആശയം മുന്നോട്ടുവെച്ചത്.
അങ്ങനെ 1987-ല്‍ വയനാട് കണിയാമ്പറ്റ പഞ്ചായത്തില്‍ രാസ്ത രൂപംകൊണ്ടു. ആദ്യം സബ് സെന്ററായി തന്നെയായിരുന്നു പ്രവര്‍ത്തനം. പിന്നീട് സ്വന്തം സ്ഥാപനം എന്ന താത്പര്യം വന്നപ്പോള്‍ വഴി എന്നര്‍ഥമുള്ള രാസ്ത എന്നപേരാണ് സ്വീകരിച്ചതെന്ന് ഓമന പറഞ്ഞു.
ഓമന തന്നെയാണ് തുടക്കകാലംമുതല്‍ രാസ്തയുടെ പ്രിയപ്പെട്ട ഡയറക്ടര്‍. ഭര്‍ത്താവ് ധനേഷ് കുമാറും രാസ്തയ്‌ക്കൊപ്പം അന്നുമുതലുണ്ട്.
ഓടി മാറിയവര്‍, തേടിവന്ന രാസ്ത
ഇന്നത്തെ വയനാടല്ല, അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല -കൈക്കുഞ്ഞുമായാണ് താമസം. വഴിപോലുമില്ലാത്ത ഊരുകളിലേക്ക് കൈക്കുഞ്ഞിനെയുമെടുത്ത് ചെല്ലുമ്പോള്‍ ഓടിപ്പോകുമായിരുന്നു താമസക്കാര്‍.
ഇതൊന്നും വകവെക്കാതെ നിരന്തരം പോകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അടുത്തു. പിന്നെ പ്രയാസങ്ങള്‍ പങ്കുവെച്ചു. കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു രാസ്തയുടെ പ്രവര്‍ത്തനം.
സ്ത്രീകളുടെ ഉന്നമനം കുടുംബത്തിന്റെ ഉന്നതിക്ക് കാരണമാകുമെന്ന് അറിയാവുന്നതിനാല്‍ അവരെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കുടുംബശ്രീ മാതൃകയില്‍ അയല്‍ക്കൂട്ടങ്ങളുണ്ടാക്കി. സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നല്‍കി. ചെറിയ വരുമാനമായപ്പോള്‍ ഇതു സൂക്ഷിക്കാന്‍ ഇടംവേണമെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. അതു സ്വാശ്രയസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പ്രചോദനമായി. ഇതിനിടെ പല പദ്ധതികളിലായി വീടുനിര്‍മാണവും കക്കൂസ് നിര്‍മാണവും മറ്റു ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും രാസ്ത ഏറ്റെടുത്തു.
ഇപ്പോഴും തൊഴില്‍പരിശീലനങ്ങള്‍ രാസ്തയ്ക്ക് കീഴില്‍ സജീവമാണ്. പേപ്പര്‍ബാഗ് യൂണിറ്റും, കൂണ്‍നിര്‍മാണ യൂണിറ്റും പുകയില്ലാ അടുപ്പുകള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന യൂണിറ്റുമെല്ലാമുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്ലംബിങ്ങും വയറിങ്ങും ഡ്രൈവിങ്ങുമെല്ലാം പഠിപ്പിക്കുന്നുണ്ട്.
ഇതിനിടെ 2012-ല്‍ കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീശക്തി പുരസ്‌കാരം ഓമനയ്ക്ക് ലഭിച്ചത് രാസ്തയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി. തുടക്കം മുതല്‍ ഒപ്പമുള്ള ഭാഗ്യലക്ഷ്മിയും അല്‍ഫോണ്‍സയുമെല്ലാം ഓമനയ്ക്ക് തുണയായി രാസ്തയെ നയിക്കുന്നു. പത്തു സ്ഥിരംജീവനക്കാര്‍ ഈ സ്ഥാപനത്തിലുണ്ട്.
Content Highlights: omana kochukuttan director at rasta wayanad talks about her experience and women empowerment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..