ഹിമാലയവും കൈലാസവും ലോകത്തിന്റെ അങ്ങേയറ്റമായ അന്റാര്‍ട്ടിക്കയും; പ്രായം നമിക്കും പ്രയാണം


സി സാന്ദീപനി

കെ.എം.എസ്. ഭട്ടതിരിപ്പാടും പത്നി രജനിയും | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ

2009-ല്‍ കെ.എം.എസ്. ഭട്ടതിരിപ്പാടിന് പ്രായം 68. 'റിട്ടയര്‍മെന്റ്' കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ട ഒരാള്‍ക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നാല്‍പ്പോരേ എന്നു ചോദിച്ചവരോട് മധുരമായി ഒന്നുചിരിച്ച് അദ്ദേഹം യാത്രപറഞ്ഞിറങ്ങി. അത് ആദ്യത്തെ കൈലാസയാത്ര. പ്രമേഹത്തിന്റെ അസ്‌കിതകള്‍ കൂസാതെ അതേ ചുറുചുറുക്കോടെ ഒപ്പം പത്നി രജനിയും കൂടെയുണ്ടായിരുന്നു; അതിനുമുന്‍പ് ഇരുവരും ഇന്ത്യന്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്ര വലിയൊരു തുടക്കമായി. ഇന്ന് 81-ാം വയസ്സിലെത്തിയ ഭട്ടതിരിപ്പാടും 70-ല്‍ എത്തിയ പത്നി രജനിയും കഴിഞ്ഞ പതിനഞ്ചുവര്‍ഷംകൊണ്ട് ഒന്നിച്ചു സഞ്ചരിച്ചത് ഏഴു വന്‍കരകളിലായി മുപ്പത്തഞ്ചോളം രാജ്യങ്ങള്‍!

നടന്നുകയറിയ ദൂരങ്ങള്‍

കൈലാസയാത്രയ്ക്ക് ആറുമാസംമുന്‍പ് പരിശീലനം തുടങ്ങി. കോട്ടയ്ക്കലിലെ കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴികളിലൂടെ ദിവസവും നാലോ അഞ്ചോ കിലോമീറ്റര്‍ നടന്നുശീലിച്ചു. അത് വെറുതെയായില്ല. കൈലാസയാത്രയില്‍ ഡോള്‍മാ ചുരത്തിനുമുകളില്‍ 18,600 അടി ഉയരത്തില്‍നില്‍ക്കുമ്പോള്‍ സാഹസികതയുടെ വല്ലാത്ത ഒരു രസമുണ്ടായിരുന്നു. ആ വഴിയില്‍ മനുഷ്യനുപോകാവുന്ന ഏറ്റവും ഉയരം കൂടിയ ഇടം! ഇതിനുമേലേ 21,778 അടി ഉയരമുള്ള കൈലാസമേ ഉള്ളൂ. അവിടെ യാത്രികരാരും പോയിട്ടില്ല.

ഉയരങ്ങളും ആഴങ്ങളും വിശാലതയും മനസ്സിലാക്കിയതിന്റെ ആഹ്ലാദം നിറഞ്ഞു. കുറേദൂരം കുതിരപ്പുറത്തും പിന്നെ നടന്നും ചുരം കയറി. ഈ പ്രായത്തിലും കോട്ടപ്പടിയിലെ വഴികളിലൂടെ ദിവസവും അഞ്ചും ആറും കിലോമീറ്റര്‍ നടക്കുന്ന ഭട്ടതിരിപ്പാടിന് ഓരോ നടത്തവും കൈലാസയാത്രപോലെ ഹൃദ്യം.

2001-ല്‍ റെയില്‍വേയില്‍നിന്നു അസി. ഡിവിഷണല്‍ എന്‍ജിനീയറായി വിരമിച്ചശേഷമാണ് യാത്രയുടെ ഉത്സവം തുടങ്ങുന്നത്. 2007-ല്‍ യൂറോപ്പിലേക്ക് ആദ്യ വിദേശയാത്ര. ആതന്‍സ്, മധ്യധരണ്യാഴി, റോം, ഇറ്റലി, ലണ്ടന്‍ യാത്രകള്‍ മറക്കാനാകില്ല. കോട്ടയ്ക്കല്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജനറല്‍ മാനേജരായിരുന്ന പത്നി രജനി വിരമിക്കുംവരെ അവധിയെടുത്താണ് കൂടെവന്നത്.

2019-ല്‍ നടത്തിയ അന്റാര്‍ട്ടിക്ക യാത്രയാണ് ഒടുവിലത്തേത്. വിസയ്ക്കുള്ള കൂടിക്കാഴ്ചയില്‍ എംബസി ഉദ്യോഗസ്ഥന്‍ ഭട്ടതിരിപ്പാടിനോടു ചോദിച്ചു: ''വൈ അന്റാര്‍ട്ടിക്ക? (എന്തുകൊണ്ട് അന്റാര്‍ട്ടിക്ക?) ഭട്ടതിരിപ്പാട് പറഞ്ഞു: ''അത് ലോകത്തിന്റെ അങ്ങേയറ്റമാണ്''.

അങ്ങനെ ലോകത്തിന്റെ അങ്ങേയറ്റംവരെ പോയതിന്റെ യാത്രാനുഭവങ്ങള്‍ ഉള്ളില്‍ നിറഞ്ഞപ്പോഴാണ് അവ എഴുതണമെന്നുതോന്നുന്നതും 'കൈലാസം മുതല്‍ അന്റാര്‍ട്ടിക്കവരെ' എന്ന പുസ്തകം പിറക്കുന്നതും. വൈകാതെയുണ്ടായ കോവിഡ് കാലം എഴുതാനുള്ള ഏകാന്തത തന്നു. സവിശേഷമായ നാലു യാത്രകളാണ് എഴുതാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തേത് ഹിമാലയാനുഭവങ്ങള്‍. രണ്ട് ചരിത്രഭൂമിയായ ഈജിപ്ത്. മൂന്ന് കംബോഡിയയിലെ അങ്കോര്‍വത്ത് ക്ഷേത്രം. പിന്നെ അന്റാര്‍ട്ടിക്ക. 'ഭട്ടതിരിയും സഹധര്‍മിണി രജനിയുമാണിതിലെ മുഖ്യകഥാപാത്രങ്ങള്‍. അവര്‍ തമ്മിലുള്ള സ്നിഗ്ധമധുരമായ ബന്ധവും പരസ്പരമുള്ള കരുതലും ആരും ശ്രദ്ധിക്കാതെ പോകില്ല' -അവതാരികയില്‍ ഡോ. കെ.ജി. പൗലോസ് പറയുന്നു.

ഹിമാലയന്‍ അഭിനിവേശം

ഭാരതത്തിലെ ഓരോ പൗരനിലും ജനിതകബോധത്തില്‍ കോശരൂപത്തില്‍ കുടികൊള്ളുന്ന അഭിനിവേശമാണ് ഹിമാലയവും കൈലാസവും. ഭഗവദ്ഗീതയില്‍ താന്‍തന്നെയാണു ഹിമാലയമെന്ന് കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി കൈലാസയാത്ര നടത്തി. 2009-ലും 2010-ലും. കാളിദാസന്റെ കുമാരസംഭവവും മേഘസന്ദേശവും വായിച്ചത് ഹിമാലയത്തെ ഒന്നുകൂടി ഹൃദ്യമാക്കി.

ചതുര്‍ധാമിലേക്ക് പിന്നെയും

ഒക്ടോബര്‍ ഒന്‍പതിന് ചതുര്‍ധാം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമല്ല, മക്കളും അവരുടെ കുടുംബവുമെല്ലാം ചേര്‍ന്ന് കൂടുതല്‍ രസകരമായ ഒരു യാത്ര. പത്തുപതിനഞ്ചു ദിവസമെടുക്കും.

യാത്രകൊണ്ട് എന്തുകിട്ടും?

ഉന്മേഷംതന്നെ പ്രധാനം. സ്വയം തിരിച്ചറിയാന്‍ സഹായിക്കും. ചെറിയ ലോകത്തുനിന്ന് നാം വിശാലമായ വിഹായസ്സിലേക്കെത്തുമ്പോള്‍ ആ വലുപ്പം നമ്മെ കൂടുതല്‍ ആശ്ചര്യപ്പെടുത്തുന്നു. വിനീതരാക്കുന്നു. നമ്മുടെ ചെറിയ ഇടംപോലെ അവിടെ ശ്വാസംമുട്ടുന്നില്ല. പകരം ഒരൗഭമതലത്തിലെത്തുന്നു. ഇത് അനുഭവിച്ചറിയേണ്ടതാണ്. നമ്മുടെ കാലുകള്‍ ഇവിടെ ഉറപ്പിച്ചുതന്നെ ഒരു വലിയ കാഴ്ചക്കാരനാകാം.

കെ.എം.എസ്. ഭട്ടതിരിപ്പാട്

1941-ല്‍ കോട്ടയ്ക്കലിനടുത്ത് അച്ചിപ്ര കാവനാട്ടുമനയ്ക്കല്‍ ജനനം. കോട്ടയ്ക്കലിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട്ട് ടി.ടി.സി. പഠനം. അറുപതുകളിലും എഴുപതുകളിലും കോഴിക്കോട്ട് സജീവമായിരുന്ന സാഹിത്യകൂട്ടായ്മകളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടു. 1964-ല്‍ സതേണ്‍ റെയില്‍വേ എന്‍ജിനിയറിങ് വിഭാഗത്തില്‍ പഠിച്ചശേഷം ജോലിയില്‍ ചേര്‍ന്നു. ചിത്രകാരന്‍മാരായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.എസ്. നായര്‍, മഹാകവി അക്കിത്തം, സംവിധായകന്‍ അരവിന്ദന്‍, പൂമുള്ളി ആറാംതമ്പുരാന്‍ തുടങ്ങി എത്രയോ പ്രമുഖരുമായി സൗഹൃദം. 'ഓര്‍മച്ചെപ്പു തുറക്കുമ്പോള്‍' എന്നപേരില്‍ ആത്മകഥാംശംനിറഞ്ഞ മറ്റൊരു പുസ്തകവും. മക്കള്‍: കെ. സാജന്‍ (സി.എസ്.ബി. ബാങ്ക്, ക്ലസ്റ്റര്‍ ഹെഡ്), കെ. സഞ്ജയന്‍ (എച്ച്.ഡി.എഫ്.സി. സീനിയര്‍ മാനേജര്‍).

Content Highlights: old couple world travel and passion of travelling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented