നൗജിഷ, നൗജിഷ മകൻ ഐഹം നസ്സൽ
തൃശ്ശൂരിലെ രാമവര്‍മപുരം പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍വെച്ച് 446 പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് തന്റെ മകനെ എടുത്തുയര്‍ത്തി കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചു. കാത്തിരുന്ന് കിട്ടിയ ജോലിയുടെ സന്തോഷം മുഴുവന്‍ മകന് നല്‍കിയ ഉമ്മകളില്‍ പകര്‍ന്നു നല്‍കിയ ആ അമ്മയുടെ വീഡിയോ വളരെ വേഗമാണ് വൈറലായത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ച കോഴിക്കോട് പന്തിരിക്കര സ്വദേശി നൗജിഷയായിരുന്നു ആ അമ്മ.
എന്നാല്‍, ആ വിജയത്തിലേക്ക് നടന്നടുക്കാന്‍ നൗജിഷ നടന്നുകയറിയ വഴികള്‍ കനലുകള്‍ നിറഞ്ഞതായിരുന്നു. എം.സി.എ. പഠനം പൂര്‍ത്തിയാക്കിയ നൗജിഷയുടെ വിവാഹം 2013 മേയില്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് പത്താം നാളില്‍ തുടങ്ങിയതാണ് ഭര്‍ത്താവിന്റെ പീഡനം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതാണ് തുടക്കം. ''കാരണങ്ങളേതുമില്ലാതെ അയാള്‍ എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു. മൂന്നര വര്‍ഷമാണ് ഞാന്‍ അവിടെ പിടിച്ചുനിന്നത്. ശേഷം ഒരു വയസ്സു മാത്രമുള്ള മകനെയുമെടുത്ത് ഞാന്‍ എന്റെ വീട്ടിലേക്ക് പോന്നു. അന്ന് കരുത്തായി എന്റെ ഒപ്പം ബാപ്പയും ഉമ്മയും എന്റെ പ്രിയപ്പെട്ട ചേച്ചി നൗഫും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എവിടെയുമെത്തില്ലായിരുന്നു''- നൗജിഷ പറഞ്ഞു.
"പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നു. അവര്‍ അന്നേ തിരിച്ചുപോരാന്‍ പറഞ്ഞതാണ്. എന്നാല്‍, കെട്ടിച്ച് വിട്ട മകള്‍ തിരികെയെത്തുമ്പോള്‍ ബാപ്പയും ഉമ്മയും നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കുമെന്നാണ് അന്ന് ഞാന്‍ ചിന്തിച്ചത്. ഒരു കുട്ടിയായി കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് കരുതി. അങ്ങനെ മകന്‍ ഉണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും ഞാന്‍ കാത്തുനിന്നു. പക്ഷേ, വിപരീതഫലമാണ് ഉണ്ടായത്. തുടര്‍ന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് പോന്നു. ഇരുകൈയ്യും നീട്ടിയാണ് എന്റെ വീട്ടുകാര്‍ സ്വീകരിച്ചത്"- നൗജിഷ പറഞ്ഞു.
സ്വന്തം വീട്ടില്‍ എത്തിയശേഷം ഗസ്റ്റ് ലക്ചററായി നൗജിഷ ജോലിയില്‍ കയറി.ഇതിനൊപ്പം പി.എസ്.സി. പരിശീലനവും തുടര്‍ന്നു. എന്നാല്‍, മുഴുവന്‍ സമയവും പി.എസ്.സി. പരിശീലനത്തിന് മാറ്റിവെച്ചാല്‍ മാത്രമെ വിജയം കാണുകയുള്ളൂവെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അധ്യാപക ജോലി ഉപേക്ഷിച്ചു.
പിറ്റേ വര്‍ഷം പി.എസ്.സി.യുടെ എറണാകുളം ജില്ലയിലെ എല്‍.ഡി.സി. സപ്ലിമെന്ററി ലിസ്റ്റില്‍ ഇടം പിടിച്ചു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ കാസര്‍കോട്ട് വെച്ച് നടന്ന ഫിസിക്കല്‍ ടെസ്റ്റിന് വിളിച്ചുവെങ്കിലും അതില്‍ പരാജയപ്പെട്ടു. എങ്കിലും പ്രതീക്ഷ കൈവിടാതെ നൗജിഷ പരിശീലനം തുടര്‍ന്നു. തുടര്‍ന്നാണ് ഡബ്ല്യു.സി.പി.ഒ. ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. 2022 ഏപ്രില്‍ 15-നാണ് നൗജിഷ സര്‍വീസില്‍ കയറി. ഡബ്ല്യു.സി.പി.ഒ. മുസ്ലീം സംവരണവിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം റാങ്കും എറണാകുളം ജില്ലയില്‍ എട്ടാം റാങ്കും നൗജിഷയ്ക്ക് സ്വന്തം.
"മോനെ എങ്ങെനെ വളര്‍ത്തുമെന്ന കാര്യത്തില്‍ വിഷമിക്കുകയേ വേണ്ട, എല്ലാവരും തുണയായി ഉണ്ടാകുമെന്ന് പറഞ്ഞ് താങ്ങും തണലുമായി നിന്നത് ചേച്ചിയാണ്. അവരാണ് പി.എസ്.സി. പരിശീലനം നേടാനും പഠിക്കാനും ഏറെ പ്രോത്സാഹിപ്പിച്ചത്. കായണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റാണ് ചേച്ചി. ഞാന്‍ പഠിക്കുമ്പോഴും പി.എസ്.സി. പരിശീലനത്തിന് പോകുമ്പോഴും ചേച്ചിയാണ് മകനെ നോക്കിയിരുന്നത്"-നൗജിഷ പറഞ്ഞു.
.jpg?$p=f1b1304&&q=0.8)
വിവാഹമോചനം കിട്ടുന്നതുവരെ നൗജിഷയ്‌ക്കൊപ്പം പിതാവ് അബ്ദുള്ളയും ഉമ്മ ഫാത്തിമയും കൂടെനിന്നു. തന്റെ മുഖത്ത് ഇന്നുള്ള സന്തോഷത്തിന് കാരണം അവരാണെന്ന് നൗജിഷ കൂട്ടിച്ചേര്‍ത്തു.ഏഴു വയസ്സുകാരന്‍ മകന്‍ ഐഹം നസ്സലും ഉമ്മയോടെ ഒപ്പം കട്ടയ്ക്ക് കൂടെയുണ്ട്. മകന് നല്ല വിഭ്യാഭ്യാസം നല്‍കി വളര്‍ത്തണമെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവുമെന്ന് നൗജിഷ പറയുന്നു.
പേരാമ്പ്രയിലുള്ള ടോപ്പേഴ്‌സ് കോച്ചിങ് സെന്റര്‍ ആണ് നൗജിഷയ്ക്ക് പി.എസ്.സി. പരിശീലനം നല്‍കിയത്. ഫീസ് അടയ്ക്കാനുള്ള നൗജിഷയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഫീസൊന്നും വാങ്ങാതെയാണ് അവര്‍ പരിശീലനം നല്‍കിയത്.
പോലീസിലെ പരിശീലനം തന്റെ ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചുവെന്ന് നൗജിഷ പറയുന്നു. "ആരുടെയും സഹായമില്ലാതെ ഒറ്റക്ക് ജീവിക്കാനും യാത്ര ചെയ്യാനുമുള്ള ആത്മവിശ്വാസം പോലീസിലെ പരിശീലനം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു. കല്യാണം കഴിച്ചുവിടുന്ന പെണ്‍മക്കള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത് കേള്‍ക്കാനുള്ള മനസ്സ് മാതാപിതാക്കള്‍ക്കുണ്ടാകണം. അവര്‍ ആവശ്യമായ മാനസിക പിന്തുണ നല്‍കേണ്ടതുണ്ട്. മക്കളെ, പ്രത്യേകിച്ച് പെണ്‍മക്കളെ പഠിപ്പിച്ച്, ജോലി മേടിച്ചതിന് ശേഷം മാത്രം വിവാഹം കഴിപ്പിച്ച് അയക്കുക. വിവാഹം എന്നത് രണ്ടാമത്തെ ഓപ്ഷനാണ്. പഠനവും ജോലിയും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം"- അവര്‍ പറഞ്ഞു.
"ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും മനംനൊന്ത് ആത്മഹത്യയുടെ വക്കില്‍ നിന്നയാളാണ് ഞാന്‍. ആത്മഹത്യ ചെയ്യുന്നത് ഒന്നിനമുള്ള പരിഹാരമല്ല. ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി നമ്മുടെ മുന്നില്‍ തുറന്നുകിട്ടും"- നൗജിഷ കൂട്ടിച്ചേര്‍ത്തു.
Content Highlights: noujisha, kerala psc, 141 rank in wcpo, lifestyle, women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..