പള്ളിപ്പാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരി
ഉടുമുണ്ടും തോര്‍ത്തും മാത്രം വേഷം. കൈയിലൊരു തോള്‍സഞ്ചിയും കുടയും ചോറ്റുപാത്രവും. പണമോ മൊബൈല്‍ ഫോണോ കൈവശമില്ലാതെ തൃശ്ശൂര്‍ ചാഴൂരിലെ പള്ളിപ്പാട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു വര്‍ഷത്തെ കാല്‍നടയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ജനുവരി ഒന്നിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഒറ്റയാള്‍ പദയാത്ര ഡിസംബര്‍ 23-ന് അവസാനിപ്പിച്ചതും കന്യാകുമാരിയില്‍ത്തന്നെ. യാത്ര ചെയ്തത് 12000 കിലോമീറ്റര്‍.
മലയാളം മാത്രമറിയുന്ന ഇദ്ദേഹം ജമ്മു കശ്മീരിലും ഉത്തര, പശ്ചിമ സംസ്ഥാനങ്ങളിലുമൊഴികെ എല്ലായിടങ്ങളിലും യാത്ര ചെയ്തു. ഭക്ഷണത്തിന് അല്പം ബുദ്ധിമുട്ടുണ്ടായത് േകരളത്തില്‍ മാത്രം. ചോറ്റുപാത്രവുമായി വീടുകളില്‍ ചെന്ന് ഭക്ഷണം ചോദിച്ചപ്പോള്‍ ചിലര്‍ കൊടുക്കാന്‍ മടിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരുടെ വീടുകളില്‍നിന്ന് യഥേഷ്ടം ഭക്ഷണം ലഭിച്ചെന്നും 55-കാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറയുന്നു.
2019-ല്‍ കന്യാകുമാരിയില്‍നിന്ന് കാശിയിലേക്ക് കാല്‍നടയാത്ര നടത്തിയിരുന്നു ഇദ്ദേഹം. 74 ദിവസം കൊണ്ട് 3000 കിലോമീറ്റര്‍ താണ്ടി കാശി ദര്‍ശനം കഴിഞ്ഞാണ് അന്ന് തിരിച്ചെത്തിയത്. ഇപ്പോഴത്തെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ആരാധനാലയങ്ങളിലും മഠങ്ങളിലും പെട്രോള്‍ പമ്പുകളിലും വഴിവക്കിലും കിടന്നുറങ്ങി. ദാനമായി കിട്ടിയ ഭക്ഷണം കഴിച്ചു. ദിവസവും 45 മുതല്‍ 55 കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്തത്. രാവിലെ 4.30 മുതല്‍ 11.30 വരേയും വൈകീട്ട് മൂന്നുമുതല്‍ ഏഴുമണി വരേയുമായിരുന്നു നടത്തം. തുടക്കത്തില്‍ കാലിന് പ്രശ്‌നമുണ്ടായതിനാല്‍ തിരുവനന്തപുരത്ത് മൂന്നുദിവസവും തൃശ്ശൂരില്‍ മൂന്നുദിവസവും വിശ്രമിച്ചു. പിന്നീട് ഇടവേളകളില്ലാത്ത യാത്രയായിരുന്നു. സസ്യാഹാരമാണ് കഴിച്ചത്.
മുന്‍ ക്ഷേത്രപൂജാരിയായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇപ്പോള്‍ വര്‍ഷത്തില്‍ ആറു മാസം ബദരീനാഥില്‍ സന്ന്യാസികള്‍ക്ക് ഒപ്പമാണ്. ആറു മാസം ചാഴൂരിലെ സഹോദരന്മാര്‍ക്ക് ഒപ്പവും.
Content Highlights: no accessories, yet determined to travel India by foot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..