നിവേദ്യ ആർ ശങ്കർ | Photo: Instagram/ Nivedya. R. Sankar
സാമൂഹിക മാധ്യമത്തെ മികച്ചരീതിയില്‍ ഉപയോഗിച്ച് മാതൃക തീര്‍ക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ഫോളോവേഴ്‌സിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശി നിവേദ്യ ആര്‍ ശങ്കര്‍. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് പതിനഞ്ചുകാരിയായ നിവേദ്യയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് ഈ മിടുക്കി. നിവേദ്യയുടെ വിശേഷണങ്ങളിലൂടെ...
തുടക്കം
ചെറുപ്പം മുതലേ കേള്‍ക്കുന്ന പാട്ടുകള്‍ക്കനുസരിച്ച് ഡാന്‍സ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട് ആദ്യം മുതല്‍ക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോം വന്നതോടുകൂടി ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യം മലയാളത്തിലുള്ള അടിച്ചുപൊളി പാട്ടുകളായിരുന്നു ചെയ്തിരുന്നത്. പിന്നീട് തമിഴ് പാട്ടുകള്‍ക്കും റീല്‍സ് ചെയ്യാന്‍ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ച്ചക്കാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാഴ്ച്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകള്‍ കാണാന്‍ തുടങ്ങി. ഇപ്പോള്‍ മൂന്ന് മില്യണ്‍ ഫോളോവ്‌ഴ്‌സ് ആയി. ഒരുപാട് സന്തോഷം.
ടിക് ടോക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്ക്
ടിക് ടോക് ജനപ്രിയമായ സമയത്തായിരുന്നു നിരോധനം വരുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച് വീഡിയോകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടുന്ന സമയമായിരുന്നു അത്. കൂടുതല്‍ ആളുകള്‍ വീഡിയോ കാണാനും അഭിപ്രായം പറയാനും തുടങ്ങിയിരുന്നു. ടിക് ടോക് നിരോധനം ആദ്യമൊക്കെ വിഷമമുണ്ടാക്കി. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം വന്നതോടെ ആ വിഷമം മാറി. നിരവധി ഇന്‍ഫ്‌ളുവെന്‍സേഴ്‌സുള്ള താരതമ്യേന വലിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. അതിനാല്‍ത്തന്നെ കൂടുതല്‍ ആളുകളിലേക്ക് നമ്മുടെ കണ്ടന്റുകള്‍ എത്തും. മികച്ചു നില്‍ക്കുന്നവയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ എന്നും സ്ഥാനമുള്ളത്. വീഡിയോ റീച്ച് കിട്ടാത്തതില്‍ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ഓരോ വീഡിയോയും. എന്നാല്‍ പിന്നീട് കാഴ്ച്ചക്കാരുടെ എണ്ണം കൂടിവന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ എന്ന നിലയില്‍ അറിയപ്പെടുന്നതില്‍ വളരെ സന്തോഷം.
.jpg?$p=04097f5&&q=0.8)
തമിഴ് റീല്‍സുകളിലെ താരത്തിളക്കം
തമിഴ് പാട്ടുകളില്‍ ചുവടുവെച്ചാണ് ടിക് ടോക്കില്‍ തുടങ്ങിയത്. അന്ന് അതൊരു ട്രെന്‍ഡ് ആയിരുന്നു. കൂടുതല്‍ ആളുകളും തമിഴ്, തെലുങ്ക് പാട്ടുകളെടുത്താണ് റീല്‍സ് ഉണ്ടാക്കാറ്. അതായിരിക്കാം തമിഴ് ആരാധകര്‍
ഉണ്ടാകാന്‍ കാരണം. വാത്തികമിങ് എന്ന വിജയ് പാട്ടിന് ചെയ്ത റീല്‍സ് വൈറലായി. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചവയില്‍ കുറെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടു.
നൃത്തം, സിനിമ മോഹങ്ങള്‍
ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്നുണ്ട്. അതെന്റെ പാഷനാണ്. ഈയിടെയായി വെസ്റ്റേണ്‍ ഡാന്‍സും പഠിക്കുന്നുണ്ട്. ദേവദൂതര്‍ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. സുരേഷ് ബാബു സാറിന്റെ ഡിഎന്‍എ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് നായകന്‍. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സര്‍ എനിക്ക് നല്‍കിയത്. അതില്‍ ഞാന്‍ സംപ്തൃപ്തയാണ്. ഞാനിപ്പോള്‍ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം.
Content Highlights: nivedya r sankar instagram influencer interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..