പത്രവിതരണത്തിനിടെ അനിത | Photo: Mathrubhumi
മഞ്ഞെന്നോ മഴയെന്നോ നോക്കാതെ ദിവസവും പുലര്‍ച്ചെ സൈക്കിളില്‍ നൂറോളം വീടുകളില്‍ പത്രവിതരണം, അതു കഴിഞ്ഞാല്‍ പഠനം. ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച് എ ഗ്രേഡോടെ എം.ഫിലും കരസ്ഥമാക്കി നില്‍ക്കുകയാണ് ഉദയംപേരൂരുകാരി കെ.ബി. അനിത.
ഉദയംപേരൂര്‍ നടക്കാവ് കാവുങ്കരയില്‍ റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കെ.കെ. ഭാസിയുടെയും ഉദയംപേരൂര്‍ മുന്‍ പഞ്ചായത്തംഗം രജിതയുടെയും മകളാണ് അനിത. പത്ര ഏജന്റായ അച്ഛന് കുറെക്കാലം മുമ്പ് അപകടത്തില്‍ പരിക്കേറ്റു. അച്ഛനെ സഹായിക്കാനായിട്ടാണ് അനിത പത്രവിതരണം തുടങ്ങിയത്. ഇന്നിപ്പോള്‍ മറ്റ് ഏജന്റുമാരുടെ പത്രങ്ങള്‍ അടക്കം വിതരണം ചെയ്യുന്നുണ്ട്.
''ആസ്വദിച്ചുതന്നെയാണ് തൊഴില്‍ ചെയ്യുന്നത്. ചെറുതെങ്കിലും അതുമൂലം കിട്ടുന്ന വരുമാനം സഹായം തന്നെ'' - അനിത പറയുന്നു. സംഗീതജ്ഞയായ അനിതയ്ക്ക് കേരള കലാമണ്ഡലത്തില്‍നിന്നാണ് കര്‍ണാട്ടിക് സംഗീതം ഇന്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ എ ഗ്രേഡോടെ എം.ഫില്‍ ലഭിച്ചത്.
നാലാം വയസ്സില്‍ സജി മുഹമ്മയുടെ കീഴില്‍ നടക്കാവ് കിഴക്കുഭാഗം എന്‍.എസ്.എസ്. കരയോഗത്തിന്റെ സംഗീത ക്ലാസിലാണ് തുടക്കം. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ ബി.എ. മ്യൂസിക് പഠനം പൂര്‍ത്തിയാക്കി. അതിനിടെ സംഗീതജ്ഞ ഡോ. ജി. ഭുവനേശ്വരിയുടെ കീഴില്‍ പഠനം, തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ പി.ജി. - അനിതയുടെ പഠനവഴി ഇങ്ങനെ നീളുന്നു. സംഗീതജ്ഞന്‍ അഷ്ടമന്‍ പിള്ളയുടെ കീഴില്‍ പഠനം തുടരുമ്പോഴാണ് 2018-ല്‍ കേരള കലാമണ്ഡലത്തില്‍ എം.ഫില്ലിനു ചേര്‍ന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ 'പഞ്ചലിംഗ സ്ഥല കൃതി'യിലായിരുന്നു ഗവേഷണം.
''പത്രമിട്ട് തുടങ്ങിയപ്പോള്‍ ആളുകള്‍ പലരും അദ്ഭുതത്തോടു കൂടിയായിരുന്നു നോക്കിയത്. കല്യാണം കഴിഞ്ഞാല്‍ നിര്‍ത്തുമല്ലേ? ചിലര്‍ ചോദിച്ചു. നിര്‍ത്തിയില്ല എന്നു മാത്രമല്ല ഇപ്പോള്‍ മെക്കാനിക്കു കൂടിയായ ഭര്‍ത്താവ് ഹരികൃഷ്ണയും പത്ര വിതരണത്തിനുണ്ട്'' - അനിത പറഞ്ഞു.
കച്ചേരികള്‍ നടത്താറുള്ള അനിതയെ സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ വിധികര്‍ത്താവായും വിളിക്കുന്നുണ്ട്. വീട്ടില്‍ കുട്ടികള്‍ക്കായി സംഗീത ക്ലാസും നടത്തുന്നുണ്ട്. ഒരു മാസമായി കോലഞ്ചേരി ഹില്‍വ്യൂ പബ്ലിക് സ്‌കൂളില്‍ സംഗീതാധ്യാപികയാണ്. ഭരതനാട്യം അഭ്യസിച്ചിട്ടുള്ള അനിത വീണയും വയലിനും വായിക്കും. ''സ്ഥിരം ജോലിയാണ് സ്വപ്നം. സംഗീതത്തില്‍ ഡോക്ടറേറ്റും നേടണം. അപ്പോഴും പത്രവിതരണം വിടില്ല'' - 28-കാരിയായ അനിത ഉറപ്പിച്ചു പറയുന്നു.
Content Highlights: newspaper distributor anithas life and her success story


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..