അഞ്ജു ഖതിവാഡ | Photo: twitter
നേപ്പാളിലെ സെതി ഗണ്ഡകി നദിക്ക് സമീപമുള്ള മലയിടുക്കിലേക്ക് യെതി എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നപ്പോള്‍ അതിനൊപ്പം ചാരമായത് അഞ്ജു ഖതിവാഡ എന്ന പൈലറ്റിന്റെ ജീവിതവും സ്വപ്നവുമായിരുന്നു. വിമാനം വിജയകരമായി ലാന്‍ഡ് ചെയ്താല്‍ ക്യാപ്റ്റന്‍ എന്ന പദവിയാണ് അഞ്ജുവിനെ കാത്തിരുന്നത്. ഒരു ജീവിതകാലം മുഴുവന്‍ അഞ്ജു എന്ന കോ പൈലറ്റ് കാത്തിരുന്ന സ്വപ്നം. എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അഞ്ജുവിന്റെ ജീവനൊപ്പം സ്വപ്നവും കത്തിച്ചാമ്പലായി.
കാഠ്മണ്ഡുവില്‍ നിന്ന് വിനോദസഞ്ചാരകേന്ദ്രമായ പൊഖ്റയിലേക്ക് പറന്ന വിമാനത്തിലെ കോ പൈലറ്റ് ആയിരുന്നു അഞ്ജു. സീനിയര്‍ ക്യാപ്റ്റന്‍ കമാല്‍ കെസി ആയിരുന്നു ഈ യാത്രാവിമാനത്തിലെ പൈലറ്റ്. ഇതിന് മുമ്പ് നേപ്പാളിലെ എല്ലാ വിമാനത്താവളങ്ങളിലും ലാന്‍ഡ് ചെയ്തുള്ള അനുഭവസമ്പത്ത് അഞ്ജു സ്വന്തമാക്കിയിരുന്നു. എന്നാല്‍ ദുരന്തം മുന്നിലെത്തിയപ്പോള്‍ ആ പരിചയമൊന്നും അഞ്ജുവിനെ തുണച്ചില്ല.
ഇതിനെല്ലാം അപ്പുറം ഒരു വിമാന ദുരന്തതതില് ഭര്‍ത്താവിനെ നഷ്ടപ്പെട്ട ചരിത്രവും അഞ്ജുവിന്റെ കണ്ണിന് മുന്നില്‍ സങ്കടത്തുളളിയായി ഉരുണ്ടുകൂടിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഭയത്തോടെ പിന്മാറാന് അവര്‍ ഒരുക്കമായിരുന്നില്ല. കൂടുതല്‍ ആര്‍ജവത്തോടെ ജീവിതത്തെ നേരിട്ടു. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2006 ജൂണ്‍ 21-ന് നടന്ന ദുരന്തത്തിലാണ് ഭര്‍ത്താവ് ദീപക് പൊഖരേലിനെ അഞ്ജുവിന് നഷ്ടമായത്. അന്ന് യതി എയര്‍ലൈന്‍സില്‍ കോ പൈലറ്റ് ആയിരുന്നു ദീപക് എന്നതും യാദൃശ്ചികമാണ്. ജുംലയില്‍ നടന്ന അപകടത്തില്‍ ദീപക് ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് ജീവന് നഷ്ടമായത്.
വര്‍ഷങ്ങളോളം ആ സങ്കടത്തില്‍ കഴിഞ്ഞ അഞ്ജു പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. വീണ്ടും വിവാഹിതയായി. പൈലറ്റായി കരിയര്‍ മുന്നോട്ടുകൊണ്ടുപോയി. ദീപക്കുമായുള്ള വിവാഹത്തില്‍ 22 വയസുള്ള മകളും രണ്ടാം വിവാഹത്തില്‍ ഏഴ് വയസുള്ള മകനും അഞ്ജുവിനുണ്ട്.
Content Highlights: nepal plane crash co pilot anju khatiwada was seconds away from becoming captain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..