നേമം പുഷ്പരാജ് ചിത്രങ്ങൾക്കൊപ്പം | Photo: Mathrubhumi
സിനിമയില്‍ കലാസംവിധാനം എന്ന ടൈറ്റിലിന് താഴെ നമ്മള്‍ എത്രയോ തവണ കണ്ട പേരാണ് നേമം പുഷ്പരാജ്. എന്നാല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ മറ്റൊരു പുഷ്പരാജിനെയാണ് നമ്മള്‍ കാണുക. ചിത്രത്തെ അതിരറ്റ് സ്‌നേഹിക്കുന്ന ഒരാള്‍. സിനിമയില്‍ ഇത്തരത്തില്‍ പേരെടുത്തവര്‍ കാന്‍വാസിന്റെ ലോകത്തും തുടരുന്നത് അപൂര്‍വം.
പുഷ്പരാജിന്റെ ചിത്രപ്രദര്‍ശനം വഴിതെറ്റിയ കാലത്തോടുള്ള വിയോജിപ്പുകളാണ് വിളിച്ചു പറയുന്നത്. നെറികെട്ട കാലത്തിനോടുള്ള ധാര്‍മിക രോഷവും മാറിയ കാലവും കാന്‍വാസിലുണ്ട്. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും ചേര്‍ന്ന ദേശപൈതൃകത്തിന്റെ വടവൃക്ഷം കരണ്ടുതിന്നുന്ന ദുഷിച്ച കാലത്തെ എലികളും മുഖം നഷ്ടപ്പെട്ട വിവേകാനന്ദനും ശിരസ്സറ്റ ബുദ്ധശില്പവും വര്‍ത്തമാന കാലം ഉറക്കെ പറയുന്നു. 20 വരെയാണ് പ്രദര്‍ശനം.
'മാനവികതയ്ക്കുമേല്‍ സ്വേച്ഛാധിപതികള്‍ ഏല്‍പ്പിക്കുന്ന ആഴത്തിലുള്ള മുറിവുകള്‍ കലയിലൂടെ അടയാളപ്പെടുത്താനാണ് എന്റെ ശ്രമം. അതിനാണ് ഈ ചിത്രപ്രദര്‍ശനം നടത്തുന്നത്'-നേമം പുഷ്പരാജ് പറയുന്നു.
എങ്ങനെ ചിത്രകലയില്‍ എത്തി
കുട്ടിക്കാലത്തേ വരച്ചിരുന്നു. സംസ്‌കൃത കോളേജില്‍ പഠിക്കുമ്പോള്‍ മാഗസിന്‍ പ്രകാശനത്തിന് ശൂരനാട് കുഞ്ഞന്‍പിള്ള സാറാണ് വന്നത്. മാഗസിന്‍ കവറിലെ ചിത്രത്തിനെ അഭിനന്ദിച്ച അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദിച്ച് തനിക്കു ലഭിച്ച ബൊക്കെ തന്നു. അതൊരു വലിയ അംഗീകാരം ആയിരുന്നു. പ്രൊഫസര്‍ കെ.വി. ഹരിദാസും കാനായി കുഞ്ഞിരാമനും പൊറിഞ്ചു കുട്ടിയും ഉള്ള കാലത്താണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിച്ചത്.
സിനിമയിലേക്ക് എങ്ങനെ
പഠിക്കുന്ന കാലത്തുതന്നെ ആറ് ആനുകാലികങ്ങളിലേക്ക് ഞാന്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. പാസായപ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ആര്‍ട്ട് എഡിറ്ററായി ജോലി കിട്ടി. എന്റെ ആദ്യ ഏകാംഗ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ പി.എ. ബക്കര്‍ വന്നിരുന്നു. പിന്നെ ബക്കര്‍ കൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ച് സഖാവ് എന്ന സിനിമ ചെയ്തു. മറ്റൊരാളായിരുന്നു കലാ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന് അസൗകര്യം വന്നപ്പോള്‍ പകരക്കാരനായി എന്നെ വിളിക്കുകയായിരുന്നു.
ഒരു പരിചയവും അന്ന് എനിക്കില്ല. പക്ഷേ, ബക്കര്‍ ധൈര്യം തന്നു. ഇ.എം.എസും ഇ.കെ. നായനാരും ഒക്കെ സെറ്റില്‍ വന്നിരുന്നു. കുറേ ഷൂട്ട് ചെയ്‌തെങ്കിലും ചില പ്രശ്‌നങ്ങളാല്‍ സിനിമ ഇടയ്ക്ക് മുടങ്ങി. പിന്നെയാണ് രാജസേനന്റെ 'അയലത്തെ അദ്ദേഹ'ത്തിന് കലാ സംവിധാനം ചെയ്തത്. അത് വലിയ വിജയമായി. ഒരു സിനിമ വിജയിക്കുന്നതോടെ അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പുതിയ അവസരങ്ങള്‍ വന്നുചേരും. എനിക്കും തിരക്കായി. അങ്ങോട്ട് പല സിനിമകളും ചെയ്തു. പൈതൃകം, കണ്ണകി, തിളക്കം, സോപാനം, ചെപ്പടിവിദ്യ, ചാന്തുപൊട്ട്, രുദ്രാക്ഷം, സുകൃതം, ഹൈവേ... അങ്ങനെ പോകുന്നു. ഗൗരീശങ്കരം, ബനാറസ്, കുക്കലിയാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
കടപ്പാടുകള്‍
ടാഗോര്‍ തിയേറ്ററില്‍ നടന്ന സര്‍ക്കാര്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ കൈപിടിച്ചു കൊണ്ടുപോയ കൃഷ്ണപിള്ള സാര്‍, കവയിത്രി കൂടിയായിരുന്ന ചേച്ചി നേമം പുഷ്പകുമാരി, അന്തരിച്ച സംവിധായകന്‍ പി.എ. ബക്കര്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, കുടുംബം.
Content Highlights: nemam pushparaj artist and art designer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..