നേഹ ധൂപിയ | Photos: instagram.com/nehadhupia/?hl=en
ബോഡിഷെയിമിങ്ങിനെതിരെ നിരന്തരം സംസാരിക്കാറുള്ള സെലിബ്രിറ്റികളിലൊരാളാണ് നേഹ ധൂപിയ. രണ്ടുവട്ടവും ഗർഭകാലത്തും അമ്മയായതിനുശേഷവും തന്റെ വണ്ണത്തെച്ചൊല്ലി നേരിട്ട ട്രോളുകളെക്കുറിച്ച് നേഹ പങ്കുവെക്കാറുണ്ട്. മെഹർ, ഗുരിഖ് എന്നീ രണ്ടു മക്കളുടെ അമ്മയായ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം തന്നെ പ്രസവശേഷം വണ്ണംവച്ചതിനെ വിമർശിക്കുന്നവർക്ക് തക്ക മറുപടി കൊടുക്കാറുമുണ്ട് നേഹ. പ്രസവാനന്തരമുണ്ടാകുന്ന വണ്ണത്തിൻമേൽ അമ്മമാരെ ട്രോളുന്നവരെക്കുറിച്ചാണ് ഇപ്പോൾ നേഹ പറഞ്ഞിരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞായ ഗുരിഖിനെ പ്രസവിച്ചതിനുശേഷമാണ് തനിക്കെതിരെയുള്ള ട്രോളുകൾ ഉയർന്നത്. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ഇന്റർനെറ്റ് നോക്കാനൊന്നും സമയം കിട്ടിയെന്നു വരില്ല. ആ സമയത്ത് ഇതൊന്നും ബാധിക്കില്ല. പക്ഷേ അതെല്ലാം കഴിഞ്ഞ് ആ ലോകത്തേക്കു വരുമ്പോൾ അത്ര സുഖകരമായെന്നു വരില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് പ്രസവാനന്തരമുള്ള കാലം. അമ്മയെന്ന നിലയ്ക്കുള്ള കഠിനമായ കാലമാണത്. അതുകൊണ്ട് അവരോട് അനുകമ്പയോടെ പെരുമാറുകയാണ് വേണ്ടത്- നേഹ പറയുന്നു.
ഒരു സ്ത്രീയെ സംബന്ധിച്ചും പ്രസവകാലം എന്നത് അത്ര എളുപ്പമുള്ള യാത്രയല്ല എന്നും നേഹ പറയുന്നു. ഇത്തരം അവസ്ഥകളിലൂടെയൊന്നും കടന്നുപോയിട്ടില്ലാത്ത പുരുഷനാണോ ഇവ കുറിക്കുന്നത്? അതോ ഇതുവരെ അമ്മയായിട്ടില്ലാത്ത സ്ത്രീകളാണോ? അതോ കുഞ്ഞുങ്ങളുണ്ടായിട്ടും ഇത്തരത്തിൽ എഴുതിവിടുന്നവരാണോ? അങ്ങനെയെങ്കിൽ അതാണ് ഏറ്റവും ഗൗരവമേറിയ കാര്യം. ആരാണ് ഇത്തരം കമന്റുകൾ ഇടാനുള്ള അധികാരം നൽകുന്നതെന്നും നേഹ ചോദിക്കുന്നു.
നേരത്തെയും സമാനമായ പോസ്റ്റുകൾ നേഹ പങ്കുവെച്ചിരുന്നു. ഗർഭകാലത്ത് താൻ 23 കിലോ വരെ കൂടിയെന്നും ജോലി നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നുവെന്ന് നേഹ മുമ്പു പറഞ്ഞിരുന്നു. 'അവനവനോടും അവനവന്റെ ശരീരത്തോടും അനുകമ്പയുള്ളവരാകൂ' എന്നു പറഞ്ഞാണ് അടുത്തിടെ നേഹ ഒരു പോസ്റ്റ് പങ്കുവെച്ചത്. ബോഡിഷെയിമിങ് ചെയ്യുന്നവരെ വകവെക്കരുതെന്നും വണ്ണം വെക്കുന്നതോർത്ത് ആകുലപ്പെടരുതെന്നുമാണ് അന്നു നേഹ പങ്കുവെച്ചത്.
'' അഞ്ചുവർഷം മുമ്പത്തെ ചിത്രം നോക്കി ഇപ്പോഴത്തെ ഭാരത്തെയോർത്ത് ആകുലപ്പെട്ടിരുന്നത് ഓർക്കുന്നുണ്ടോ? അഞ്ചുവർഷം മുമ്പുള്ള അതേ വ്യക്തിക്ക് തന്റെ ശരീരഭാരത്തെയോർത്ത് മോശം തോന്നുന്ന മറ്റെന്തെങ്കിലും കാര്യമുണ്ടായിരുന്നു. യോഗ്യതയില്ലെന്നും നിങ്ങൾ മറ്റുള്ളവരുടെയത്ര പോരെന്നുമുള്ള വിധത്തിലാണ് വളർന്നു വന്നിരിക്കുന്നത്.
' പുതിയ അമ്മ എന്ന യാത്ര അവൾക്ക് മാത്രം മനസ്സിലാകുന്നതാണ്. നമ്മളെപ്പോഴും സന്തോഷകരമായ കാര്യങ്ങൾ മാത്രമാണ് കാണുന്നത്, എന്നാൽ അതോരു വലിയ ഉത്തരവാദിത്തമാണെന്നോ മാനസികമായി അവൾ തളരുന്നതോ ആരും കാണില്ല. ഒരു അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും വലിയൊരു പ്രതിസന്ധിയാണ്. ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസവും കുറ്റപ്പെടുത്തലുകളുമാവും. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, അതെത്ര ഭീകരമാണെന്ന് എനിക്കറിയാം.' - എന്നാണ് നേഹ കുറിച്ചത്.
Content Highlights: neha dhupia questions trolls body shaming new moms, postpartum body, motherhood, bodyshaming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..