.jpg?$p=cb29e33&f=16x10&w=856&q=0.8)
നീന ഗുപ്ത | Photos: instagram.com/neena_gupta/
പ്രായം വെറും നമ്പർ മാത്രമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന താരമാണ് ബോളിവുഡ് നടി നീന ഗുപ്ത. അഭിനയത്തെ ഇപ്പോഴും ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്ന് നീന പറയാറുണ്ട്. ഫാഷൻ സെൻസിന്റെ കാര്യത്തിലും താരം ഒട്ടും പുറകിലല്ല. തനിക്കിഷ്ടമുള്ള വസ്ത്രമാണെങ്കിൽ വിമർശകരെയൊന്നും നീന വകവെക്കില്ല. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിലുള്ള ട്രോളുകളെക്കുറിച്ചാണ് നീന പങ്കുവെച്ചിരിക്കുന്നത്.
ഇറക്കം കുറഞ്ഞ ഔട്ട്ഫിറ്റുകൾ ധരിക്കുന്നവരോടുളള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചാണ് നീന ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ഡ്രസ് ധരിച്ചാണ് നീന വസ്ത്രധാരണത്തിൻമേലുള്ള മുൻവിധികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
സെക്സി ആയ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ (ഞാനിപ്പോൾ ധരിച്ചിരിക്കുന്നതുപോലെ) വിലയില്ലാത്തവരാണ് എന്നൊരു ചിന്താഗതിയുണ്ട് എന്നുപറഞ്ഞാണ് നീന ആരംഭിക്കുന്നത്. എന്നാൽ താൻ സംസ്കൃതത്തിൽ എംഫിൽ എടുത്തിട്ടുള്ളയാളാണ്. ഇനിയും നിരവധി നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. അതിനാൽ ഒരു സ്ത്രീ ധരിക്കുന്ന ഔട്ട്ഫിറ്റിന്റെ പേരിൽ അവരെ വിലയിരുത്തരുത്. ട്രോൾ ചെയ്യുന്നവർ ഈ കാര്യം അറിഞ്ഞിരിക്കണം- നീന പറയുന്നു.
കഴിഞ്ഞ ദിവസം നടി സാമന്ത റൂത് പ്രഭുവും സമാനമായ പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഒരു പരിപാടിക്കായി പച്ചനിറത്തിലുള്ള ഗൗൺ ധരിച്ച് എത്തിയതിനു പിന്നാലെയാണ് സാമന്തയ്ക്കെതിരെ ട്രോളുകൾ ഉയർന്നത്. ഫാഷൻ സെൻസില്ലെന്നും മോശം വസ്ത്രധാരണമെന്നുമൊക്കെ കമന്റുകൾ ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രോളന്മാർക്ക് മറുപടിയുമായി സാമന്തയെത്തിയത്.
'വിധിക്കപ്പെടുക എന്നതിന്റെ അർഥം ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് നന്നായി അറിയാം. സ്ത്രീകൾ പല തരത്തിൽ വിലയിരുത്തപ്പെടാറുണ്ട്. തൊലിയുടെ, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട് അങ്ങനെ ഒരു നീണ്ട നിരയുണ്ട്. ധരിക്കുന്ന വസ്ത്രം നോക്കി ഒരു വ്യക്തിയെ വിലയിരുത്തുന്നത് എളുപ്പമാണ്. നമ്മളിപ്പോൾ നിൽക്കുന്നത് 2022 ലാണ്. ഇപ്പോഴെങ്കിലും വസ്ത്രത്തിന്റെ കഴുത്തും താഴ്ഭാഗവും നോക്കി സ്ത്രീകളെ വിലയിരുത്തുന്നതിൽ ശ്രദ്ധിക്കാതെ സ്വയം മെച്ചപ്പെടുന്നതിൽ ശ്രദ്ധിക്കാനാവില്ലേ. വിലയിരുത്തലുകൾ തന്നിലേക്ക് തിരിച്ച് സ്വന്തം പരിണാമത്തിനായി ശ്രമിക്കൂ. നമ്മുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആർക്കും ഗുണമുണ്ടാകില്ല. ഒരാളെ മനസ്സിലാക്കുന്ന രീതി തിരുത്തിയെഴുതൂ - എന്നാണ് സാമന്ത കുറിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..