Let's break-up; പ്രണയിക്കാനല്ല, പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് പഠിക്കേണ്ടത്


അഖില സെല്‍വം'പ്രണയം എന്താണ്, അത് എങ്ങനെ മുന്നോട്ട് കൊണ്ടു പോകാം എന്നതിനെ കുറിച്ചുള്ള അജ്ഞതകളാണ് ക്രൂരതകളിലേക്ക് നയിക്കുന്നത്.'

.

സ്നേഹിച്ചാല്‍ കഷായം കൊടുത്തു കൊല്ലും. തെറ്റിയാല്‍ വെട്ടിക്കൊല്ലും. ഇതെന്തൊരു ലോകം. ഇതെന്തൊരു പ്രണയം. ഇങ്ങനെയാണ് പ്രണയമെങ്കില്‍ ഇല്ലേ.... ഞങ്ങളീ വഴിക്കില്ലേ.... കാമുകി പിണങ്ങിപ്പോയതിന് വെള്ളമടിച്ചു നശിച്ച ദേവദാസിനെയും പാട്ടുപാടി അലഞ്ഞ പരീക്കുട്ടിയെയുമൊക്കെ കളിയാക്കിയ പുതുതലമുറ ഇനി എന്തു ചെയ്യും. ഏതു കാലത്താണ് പക പ്രണയത്തിന്റെ കൈപിടിച്ചു നടക്കാന്‍ തുടങ്ങിയത്. പ്രണയമെന്ന സുന്ദരമായ തത്വം പോലും അപകടകരമായി മാറുകയാണ് പുതിയ കാലത്ത്. പ്രണയിക്കാനല്ല, പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് പഠിക്കേണ്ടത്. ഐ ലവ് യു, അല്ല കം ലെറ്റ്സ് പാര്‍ട്ട് എന്നാണ് ഇനി ചിരിച്ചുകൊണ്ട് പറയാന്‍ പഠിക്കേണ്ടത്.

'നീയെന്റെയാണ് എന്റേത് മാത്രം... എന്തിനാണ് നീ ഇത്രയും നേരവും ഫോണില്‍ ബിസിയായിരിക്കുന്നത്.... സ്‌നേഹം കൂടിയിട്ടല്ലേ വാവേ ഞാന്‍ നിന്നെ തല്ലിയത്... ബൈ പറഞ്ഞു വാട്ട്‌സാപ്പിന്ന് പോയിട്ടും ഓണ്‍ലൈന്‍ കാണിക്കുന്നല്ലോടി ആരുവായിട്ടാടി നീ സൊള്ളുന്നേ... ഉട്ടി ഉരുമ്മി കറക്കമാണല്ലോ അവനുവായിട്ട് അവന്‍ നിന്റെ കൂട്ടുകാരനോ അതോ മറ്റവനോ.... നിന്നെപ്പോലൊരു അഴിഞ്ഞാട്ടക്കാരിയെ സഹിക്കുന്ന എന്നെ പൂവിട്ട് പൂജിക്കണം... ഞാന്‍ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി എന്റെ കൂടെ മുന്നോട്ട് പോയാല്‍ കൊള്ളാം..' - ഇങ്ങനെയുള്ള വാക്കുകള്‍ ജീവിതത്തിലെ പ്രണയപുസ്തകത്തിലെ താളുകളില്‍ ഒരിക്കലെങ്കിലും ചുവപ്പ് മഷി കൊണ്ട് അടയാളപ്പെടുത്തേണ്ടി വന്നിട്ടുള്ളവരാണ് പലരും. ഈ വാക്കുകള്‍ ആ പുസ്തകത്തിലെ മനോഹരമായ വാക്കുക്കളെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് മനസ്സുകളില്‍ എന്നും തങ്ങിനില്‍ക്കുന്നു. 'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ' എന്ന നഷ്ടപ്രണയത്തെ ആനന്ദമായി ചിത്രീകരിക്കുന്ന വരികളെ 'എനിക്ക് കിട്ടാത്തത് വേറെയാര്‍ക്കും കിട്ടാന്‍ അനുവദിക്കുന്നില്ല' എന്ന ധീര സിനിമയിലെ വില്ലന്റെ മാസ്സ് ഡയലോഗ് റീപ്ലേസ് ചെയ്തിട്ട് കാലങ്ങള്‍ പിന്നിടുന്നു. പഴയ ആളുകള്‍ പറയുന്നത് അതിശയിച്ചുപോകാറില്ലേ? കുറേയേറെ കാലം പരസ്പരം സ്‌നേഹിച്ചിട്ട് രണ്ടു പേരും രണ്ട് വഴികളില്‍ പിരിയേണ്ടി വരുന്നു.. അവരുടെ മനസ്സിലെ നല്ല ഓര്‍മകളായി ആ നഷ്ടപ്രണയത്തെ അവര്‍ താലോലിക്കുന്നു, ആസ്വദിക്കുന്നു. കാലം മാറി പക്ഷേ.. പ്രണയവും അത് ഇല്ലാതാകുമ്പോഴുള്ള പകയും കാരണം നടക്കുന്ന കുരുതികളെ കണ്ടു അറച്ച് പോകുമ്പോള്‍ മ്യൂച്ച്വല്‍ ബ്രേക്കപ്പെന്ന പഴയ ആളുകളുടെ ആ കണ്‍സപ്റ്റിനെ ഒന്ന് മോഡേണൈസ് ചെയ്താല്‍ മാറുന്നത് മാത്രമാണ് ഇത്തരം പക വിചാരങ്ങള്‍. പരസ്പര സമ്മതത്തോടെയുള്ള ബ്രേക്കപ്പും എക്‌സിറ്റ് പ്ലാനുകളും ബന്ധങ്ങളെ കൂടുതല്‍ നല്ല ഓര്‍മകളായി മാറ്റുന്നു.'മിലിയും ഞാനും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങള്‍ ഹാപ്പിയായിരുന്നു. സ്വന്തം സ്‌പേസ് എന്‍ജോയ് ചെയ്യാനും അതേസമയം ഒന്നിച്ചുചെലവഴിക്കാനും സമയം കണ്ടെത്തിയിരുന്നു. പക്ഷേ നാളുകള്‍ പിന്നിട്ടതോടെ ഞങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുകള്‍ തുടങ്ങി. അടിയും വഴക്കുമൊന്നും ഉണ്ടായില്ല. പക്ഷേ ഒന്നിച്ച് ചെലവഴിക്കുന്ന സമയം കുറഞ്ഞു. കുറേയേറെകാലം അങ്ങനെ മുന്നോട്ടുപോയി. ഒരു ദിവസം അവളെന്നോട് പറഞ്ഞു: 'നവീന്‍ എനിക്ക് വേറൊരാളോട് ഇഷ്ടമുണ്ട് ശരിക്കും അവനെ എനിക്ക് ജീവിതത്തില്‍ കൂടെ കൂട്ടണമെന്നുണ്ട്. നമുക്ക് ഇത് അവസാനിപ്പിക്കാം.' എനിക്കിത് കേട്ടിട്ട് വലുതായിട്ടൊന്നും തോന്നിയില്ല. ഓക്കോ ബീ ഹാപ്പി, ഓള്‍ ദ ബെസ്റ്റെന്ന് പറഞ്ഞ് പിരിഞ്ഞു. പെട്ടെന്നുള്ള പോക്ക് എന്നില്‍ ചലനം സൃഷ്ടിച്ചെങ്കിലും എനിക്കായി ഞാന്‍ സമയം കൊടുത്തു. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. പതിയേ ഓക്കേയായി. എനിക്ക് വേറെ റിലേഷനായി. അവള്‍ അവനെ തന്നെ വിവാഹം കഴിച്ചു. സ്റ്റില്‍ വി ആര്‍ ഇന്‍ ടച്ച്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത മനോഹരമായ ബ്രേക്കപ്പ് ഞങ്ങള്‍ക്ക് തന്നത് കാലങ്ങളോളം കൊണ്ടു പോകാവുന്ന ഒരു സുഹൃദ് ബന്ധമാണ്'

നവീന്‍ പറയുന്ന ഈ അനുഭവത്തില്‍ രണ്ട് പോയിന്റുകളാണ് ഉളളത്, സമയം, ക്ഷമ. ഇത് രണ്ടുമില്ലാതിരിക്കുമ്പോഴാണ് ബന്ധങ്ങള്‍ തകരുന്നതും അത് പകയിലെത്തുന്നതും. ഈ രണ്ട് ആശയവും ശരിയായി കൊണ്ടുപോയാല്‍ മ്യൂച്ചല്‍ ബ്രേക്കപ്പെന്ന ശാന്തമായ ആശയത്തെ അംഗീകരിക്കാനാകും. പൊതുവേ ബ്രേക്കപ്പുകളില്‍ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒട്ടും ശരിയല്ലെങ്കിലും അത് സാധാരണവുമാണ്. കുറേ കാലം കൂടെ ഉണ്ടാകുമെന്ന കരുതിയിരുന്ന ആളുകള്‍ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ സഹിക്കാനാവില്ലെന്നുളളത് സത്യമായിരിക്കാം. പക്ഷേ സ്‌നേഹിച്ച വ്യക്തിയെ അപമാനിക്കാനുളള തീരുമാനം അത് അവരെ നമ്മളെങ്ങനെ കണ്ടുവെന്ന് എടുത്തുകാണിക്കും. സമയമെടുത്ത് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാതെ, ക്ഷമയില്ലാതെ എടുത്തുചാടുമ്പോഴാണല്ലോ പ്രശ്‌നങ്ങള്‍. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം ബ്രേക്കപ്പായാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പുരുഷന്‍മാര്‍ക്കെതിരേ കേസ് നല്‍കുന്ന സ്ത്രീകള്‍ ചെയ്യുന്നത് ശരിയാണോ? പങ്കാളിയുടെ സ്വഭാവം ശരിയല്ലാത്തതുകൊണ്ട് ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയാലും, ബ്രേക്കപ്പായാലും ബന്ധം ഊഷ്മളമായിരുന്ന കാലത്ത് നടത്തിയ ഇരുകൂട്ടരും ആസ്വദിച്ച ലൈംഗികബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നത് വൈരുധ്യമാണ്.

നഷ്ട പ്രണയം എല്ലാ കാലത്തുമുണ്ട് - കെ.രേഖ, എഴുത്തുകാരി

"പ്രേമം ശരിക്കും നല്ലൊരു പാഠപുസ്തകമാണ്. പ്രേമം തരുന്നത് സന്തോഷമോ ദുഃഖമോ ആകട്ടെ , അതിലൂടെ ലഭിക്കുന്ന പാഠത്തിന് വലിയ കരുത്തുണ്ട്. പ്രേമിക്കുന്നവരെ ഒന്നു പുത്തനാക്കിയെടുക്കാന്‍ അതിനു കഴിയും. അതിന്റെ ശരി തെറ്റുകള്‍ പോലും വലിയ തിരിച്ചറിവു നല്‍കും.

നഷ്ടപ്രണയം എല്ലാ കാലത്തുമുണ്ട്. പ്രേമജീവിതം പരാജയപ്പെട്ട് മറ്റൊരാളെ കൂടെ കൂട്ടിയവരില്‍ പലരും പൂര്‍വാധികം സന്തോഷമായി കഴിയുന്നതു കണ്ടിട്ടുണ്ട്. പ്രണയഗംഗയെ ഉളളിലൊളിപ്പിച്ച് ഒരു ജന്മം മുഴുവന്‍ ഉരുകിക്കഴിയുന്നവരെയും കണ്ടിട്ടുണ്ട്. അതിലൊന്നും ശാശ്വത നിയമമില്ല. ജീവിതം പോലെ അനിശ്ചിതത്വം നിറഞ്ഞത്.

അന്യനാട്ടില്‍ വീട്ടുതടങ്കലിലായിരുന്ന, കാമുകിയോട് ഒരേസമയം മരിക്കാമെന്ന് വാക്കുനല്‍കി , അതുവിശ്വസിച്ച് തൂക്കു കയറില്‍ സ്‌നേഹം പങ്കിട്ട കാമുകി - അതൊരു തമാശയാക്കിയ കാമുകന്‍ - അയാള്‍ വേറെ വിവാഹം കഴിച്ച് സന്തോഷമായി കഴിയുന്നതു കണ്ടിട്ടുണ്ട്. പ്രണയം ഒരു കുരുക്കാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നത്, ഇതു പോലുള്ള അനുഭവങ്ങള്‍ കൊണ്ടാകണം .

പക്ഷേ പ്രണയം പോലെ ഊര്‍ജം പകരുന്നത്, സന്തോഷവും പ്രതീക്ഷയും നല്‍കുന്നത് മറ്റൊന്നില്ല. നിര്‍ഭാഗ്യവശാല്‍ ആസിഡും മൊബൈല്‍ഫോണ്‍ ക്യാമറയും കൊണ്ട് പ്രണയത്തിന്റെ അന്ത്യം കുറിക്കുന്ന പ്രവണത ഇപ്പോള്‍ ഏറി വരുന്നു. സെല്‍ഫികള്‍ ഏറിയപ്പോള്‍ ആളുകള്‍ ഭീകരമാംവിധം സെല്‍ഫിഷ് ആയി. പ്രേമ ജീവിതത്തില്‍ സ്‌നേഹത്തിനും, കരുതലിനും വിശ്വാസത്തിനും പകരം പിടിച്ചടക്കലും പ്രകടനപരതയും ദുരഭിമാനവും ഇടം പിടിച്ചാല്‍ പിന്നെ പൊട്ടിത്തെറികളും ചതിക്കുഴികളും രക്തച്ചൊരിച്ചിലുമാകും, അന്തിമഫലം.

ഒരാള്‍ മറ്റൊരാളുടെ മനസിലൂടെ സഞ്ചരിക്കുന്നതിനുളള അനുമതി തേടുന്നതാണ് പ്രണയം. കയറിപ്പോകുന്ന സഞ്ചാരിക്ക് തിരിച്ചിറങ്ങാനും, അവിടെ നിത്യപ്പൊറുതി നടത്താനും സ്വാതന്ത്ര്യം ഉണ്ടാകുന്നിടത്താണ്, അതിന്റെ മനോഹാരിത. പ്രേമിക്കുന്നവര്‍, ഒന്നിച്ചൊരു ജീവിതത്തിലേക്ക് ബാക്കി വയ്ക്കാന്‍ സ്‌നേഹത്തിന്റെ കൗതുകങ്ങള്‍ നിലനിറുത്തുമ്പോഴാണ് ആ ബന്ധത്തിന് രസമേറുക.

നല്ല അതിരുകള്‍ നല്ല സുഹൃത്തുക്കളെ സൃഷ്ടിക്കും എന്ന് പഴമൊഴിയുണ്ടല്ലോ. പ്രേമത്തിലും അതിരുകള്‍ കാത്തുവയ്ക്കുന്നത് നന്നായിരിക്കും എന്നു പറഞ്ഞാല്‍ എന്നെ പഴഞ്ചനായി കാണുമെന്ന് അറിയാം. എങ്കിലും പറയാതെ വയ്യ! കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഫോണില്‍ പകര്‍ത്തിയ നല്ല നിമിഷങ്ങളുടെ / കൂട്ടിന്റെ ചിത്രങ്ങള്‍ സ്‌നേഹത്തിന്റെ വലകളായി മാറുന്ന കാലത്ത് പ്രത്യേകിച്ചും അതിരുകളെക്കുറിച്ച് നാം വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു.

പ്രേമം, വിവാഹത്തിന്റെ ഒറ്റ ഫ്രെയിമില്‍ പതിയുമ്പോള്‍ മാത്രമല്ല വിജയിക്കുന്നത്. ഒരായുഷ്‌കാലം മുഴുവന്‍ അപരന്റെ / അപരയുടെ മനസ്സില്‍ ഇളം കാറ്റായി തണുപ്പ് പടര്‍ത്തുമ്പോഴാണ് ആ 'പ്രേമം ' സത്യ സൗന്ദര്യം കൊണ്ട് തിളങ്ങുന്നത്!

'പ്രണയപ്പക' എന്ന വാക്ക് തന്നെ പൊളിറ്റിക്കലി ഇന്‍കറക്ടാണ് പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടാകുന്ന പക എന്നാണ് ശരിക്കും പറയേണ്ടത്. ഇത്തരത്തില്‍ പ്രണയ തകര്‍ച്ചയിലുണ്ടാകുന്ന പകയില്‍ പുരുഷന്മാര്‍ മുന്‍പ്രണയിനിയെ കൊലപ്പെടുത്തുന്നത് ഉള്‍പ്പടെയുളള കുറ്റകൃത്യങ്ങളിലേക്ക് തിരിയുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ മനസ്സിനേറ്റ മുറിവ് ഉണക്കുന്നത് നിയമസാധ്യതകളിലൂടെയാണ്. രണ്ടും പക തന്നെ. മാനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. പുരുഷന്മാരുടെ പക പലതരത്തില്‍ പുറത്ത് വരുമ്പോള്‍ മുന്‍പ്രണയിതാവിനെ മാനസികമായി തകര്‍ക്കുന്ന പല അവസ്ഥകളും പെണ്‍കുട്ടികളും സൃഷ്ടിക്കാറുണ്ട്. കുറ്റകൃത്യമല്ലാത്തതിനാല്‍ തന്നെ അത് പുറത്തറിയുന്നത് വിരളവും. പ്രണയിനിയുടെ മാനസിക പീഡനങ്ങളെ തുടര്‍ന്ന് ആത്മവിശ്വാസമില്ലാതാകുന്നവര്‍ നിരവധിയാണ്. പ്രതീക്ഷ നശിപ്പിച്ച് അവരുടെ ഉള്ളില്‍ താന്‍ ഒന്നിനും കൊള്ളില്ലെന്ന വിചാരം കുത്തിനിറച്ച് ആനന്ദിക്കുന്ന സാഡിസ്റ്റ് പെണ്‍കുട്ടികള്‍ കുറവല്ല.

'തന്‍വി എന്റെ ജൂനിയര്‍ പെണ്‍കുട്ടി. വലിയ സിനിമാറ്റിക്കായ രീതിയില്‍ ആളുകള്‍ കാണ്‍കേ എന്നോട് പ്രണയമാണെന്ന് വിളിച്ചു പറഞ്ഞവള്‍. അവള്‍ പിറകേ നടക്കുന്നതും ഫ്‌ളര്‍ട്ട് ചെയ്യുന്നതുമെല്ലാം രഹസ്യമായി ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അവളോട് യെസ് പറയാന്‍ വലിയ മടിയായിരുന്നു. കാരണം ഇതൊക്കെ അവളുടെ കുട്ടിത്തമായി ഞാന്‍ വിലയിരുത്തി. പക്ഷേ അവളുടെ ഡെഡിക്കേഷനു മുന്നില്‍ എനിക്ക് മുട്ട് മടക്കേണ്ടി വന്നു. ഒരു വര്‍ഷത്തോളം അവളെ വട്ടം ചുറ്റിച്ചിട്ട് ഞാന്‍ തന്‍വിയോട് യെസ് പറഞ്ഞു. വളരെ നന്നായി തന്നെയായിരുന്നു അവള്‍ ട്രീറ്റ് ചെയ്തിരുന്നത്. പക്ഷേ എല്ലാ പ്രേമങ്ങളിലുമെന്ന പോലെ പൊട്ടിത്തെറികളും ഉണ്ടായി. ഞങ്ങളുടേതില്‍ വെറും ബോംബല്ല ആര്‍ഡി എക്‌സ് തന്നെയാണ് പൊട്ടിയത്. വളരെ ടോക്ക്‌സിക്കായി മാറിയിരുന്നു അവള്‍. പെണ്‍സുഹൃത്തുക്കളോട് സംസാരിക്കാന്‍ അനുവദിക്കാതെയായി. അങ്ങനെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങി. ഒരു നേരം ഫോണ്‍ ബിസിയായാല്‍ അനാവശ്യമായ സംശയങ്ങളും ബഹളവുമായിരുന്നു. ഒട്ടും സഹിക്കാതെ വയ്യാണ്ടായപ്പോള്‍ എനിക്ക് പറ്റുന്നില്ലെന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞു. ഇത് കേട്ടപ്പോള്‍ തന്‍വി സമനില തെറ്റിപ്പോയ പോലുള്ള പെരുമാറ്റമായിരുന്നു. എന്റെ അമ്മയേ പോലും വിളിച്ച് ഞാന്‍ അവളെ ചതിച്ചെന്നും നശിപ്പിച്ചുവെന്നും ഒക്കേ വിളിച്ചു പറഞ്ഞു. ആദ്യം അമ്മ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അമ്മയ്ക്ക് കാര്യം പറഞ്ഞപ്പോള്‍ മനസ്സിലായി. എപ്പോഴും നിയമങ്ങള്‍ സ്ത്രീകളുടെ പക്ഷത്തായത് കൊണ്ട് തന്നെ വീട്ടുകാരെയും കുറ്റം പറയാന്‍ സാധിക്കില്ല. വൈകാതെ തന്നെ കാര്യങ്ങള്‍ അമ്മയ്ക്ക് മനസ്സിലായി. പോലീസ് സ്റ്റേഷന്‍ വരെ കയറേണ്ടി വന്നു. ജയിലില്‍ പോകുമെന്ന അവസ്ഥയായി. സ്റ്റേഷനില്‍ വെച്ച് എന്നെ അസഭ്യം പറഞ്ഞു തല്ലാന്‍ വന്നപ്പോള്‍ അവളുടെ സ്വഭാവം എങ്ങനെയാണെന്ന് പോലീസുകാര്‍ക്ക് തന്നെ മനസ്സിലായി. അവള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കി പുറത്തു കൊണ്ട് വരാന്‍ സാധിച്ചു. പക്ഷേ എനിക്കുണ്ടായ മാനനഷ്ടത്തിനും മാനസിക പിരിമുറുക്കങ്ങള്‍ക്കും ട്രോമയ്ക്കും അറുതി വരുത്താന്‍ ആര്‍ക്കാണ് സാധിക്കുക.'

പ്രണയത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ആളുകള്‍ ആവശ്യത്തിലധികമുണ്ട് പക്ഷേ അതേ ടോക്‌സിസിറ്റിയും പ്രശ്‌നങ്ങളും പുരുഷന്‍മാരും അനുഭിവക്കുന്നുണ്ടെന്ന കാര്യം മറന്നു പോകരുത്. ഇവല്യൂഷണറി ബിഹേവിയറല്‍ സയന്‍സിന്റെ കോഓഥറായ മാരിസ്സ ഹാരിസണ്‍ പറഞ്ഞത് "ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പുരുഷന്‍മാര്‍ Hunters സ്ത്രീകള്‍ gatherers എന്നിങ്ങനെയാണ് അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്". ഇത് ക്രിമിനല്‍ സൈക്കോളജിയെ ആസ്പദമാക്കിയാണ് പറഞ്ഞതാണെങ്കിലും സൈക്കോളജിക്കലായും പ്രസക്തമാണ്. കാലക്രമേണ ഇത് മാറി വന്നെങ്കിലും ഇപ്പോഴും ഇതിലെ സൈക്കോളജിക്കല്‍ ഘടകം നിലനിന്നു പോകുന്നു. കാരണം ടോക്ക്‌സിസിറ്റി ആളുകള്‍ കാണ്‍കേ കാണിച്ച് പങ്കാളിയെ തല്ലിയും തെറി വിളിച്ചും പുരുഷന്‍മാര്‍ തീര്‍ക്കുമ്പോള്‍ സ്ത്രീകള്‍ പുറത്ത് നല്ലപിളള ചമഞ്ഞ് കിട്ടുന്ന സാഹചര്യത്തില്‍ പ്രണയിതാവിനെ വേദനിപ്പിച്ച് ആനന്ദിക്കുന്നു. കാമുകന്മാരുടെ ഉറക്കം കളയുന്ന അവസ്ഥപോലും പെണ്‍കുട്ടികള്‍ ഉണ്ടാക്കാറുണ്ട്. നല്ല ഓര്‍മ്മകളെ നെഞ്ചോട് ചേര്‍ത്ത് 'സെറ്റാവുന്നില്ലടോ നിര്‍ത്താം നമുക്ക് ഫ്രണ്ട്‌സായി പോകാ'മെന്ന് കാമുകന്‍/കാമുകി പറഞ്ഞാല്‍ അതിനെ ബഹുമാനിക്കാന്‍ പഠിക്കാം.

അച്ഛനമ്മമാര്‍ക്കിടയിലെ പ്രശ്‌നങ്ങളും അച്ഛന്‍ അമ്മയെ പറയുന്ന കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളും കേട്ടുവളര്‍ന്ന ആനിക്ക് കമ്മിറ്റ്മെന്റുകളോട് ഒരു തരത്തിലുള്ള ഭയമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും പ്രേമിക്കില്ല, കല്യാണം കഴിക്കില്ലായെന്ന് വാശിപിടിച്ചിരുന്ന അവളെ അത്തരം അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഒരു തരത്തിലുള്ള ഭയം തന്നെയാണ്. ആനിക്ക് സുഹൃത്തുക്കള്‍ ആവശ്യത്തില്‍ കൂടുതലുണ്ട്. പക്ഷേ പ്രേമം എന്നുപറഞ്ഞാല്‍ ഓക്കേ ബൈ ആണ്. ആ ജീവിതത്തിലേക്കാണ് അവന്‍ വരുന്നത്. ആനിയുടെ ബെസ്റ്റ് ഫ്രണ്ട്സിലെ ലിസ്റ്റില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍. പതിയേ അവര്‍ പ്രണയത്തിലാകുന്നു. വളരെ മനോഹരമായ പ്രണയഘട്ടം. പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി. എവിടം മുതലാണ്് അവന് പൊസ്സസ്സീവ്നെസ്സിന്റെയും ടോക്ക്സിസിറ്റിയുടെയും പ്രശ്നങ്ങള്‍ വന്നു തുടങ്ങിയതെന്നറിഞ്ഞില്ല. എല്ലാ തരത്തിലും സ്വന്തമാക്കണമെന്ന അവന്റെ ആഗ്രഹവും തനിക്ക് സ്‌നേഹം വാരിച്ചൊരിഞ്ഞ കാമുകനെ അങ്ങേയറ്റം വിശ്വസിച്ചുപോയതുകൊണ്ടുകൂടിയാകണം അവള്‍ ശാരീരിക ബന്ധത്തിന് പോലും മുതിര്‍ന്നത്. സേഫ്റ്റിയില്ലാതെ അടുത്തു വരരുതെന്ന അവളുടെ വാക്കുകളെ വികാരത്തിന് പുറത്ത് അവഗണിച്ചപ്പോള്‍ അതേ വികാരത്തില്‍ അവള്‍ക്കും നിന്ന് കൊടുക്കേണ്ടി വരുന്നു. താന്‍ ഗര്‍ഭിണിയായെന്ന് അവള്‍ അവനോട് പറയാന്‍ മടിച്ചു. കാരണം അതിനകം തന്നെ അവന്റെ വല്ലാത്ത സ്വഭാവം അവള്‍ക്ക് കൂടുതല്‍ അറിയേണ്ടി വന്നു. കുഞ്ഞിനെ കളയാനായിരുന്നു അവളുടെ തീരുമാനം. കുഞ്ഞിന്റെ പേരില്‍ വിഷമയമായ ആ ബന്ധം തുടരാന്‍ അവള്‍ താല്പര്യപ്പെട്ടിരുന്നില്ല. ഇക്കാര്യങ്ങള്‍ അറിഞ്ഞതുമുതലുളള അവന്റെ പഴിയും അഴിഞ്ഞാട്ടക്കാരിയെന്ന വിളികളും അവള്‍ക്ക് അപരിചിതമായിരുന്നില്ല. അവരുടെ പൊതുസുഹൃത്തുക്കളുടെ പേരുകള്‍ പറഞ്ഞെല്ലാം അവന്‍ ആക്ഷേപം തുടങ്ങി. ബന്ധം തകര്‍ന്നെന്നുമാത്രമല്ല ആനി വിഷാദരോഗിയാവുകയും ചികിത്സ തേടേണ്ടി വരികയും ചെയ്തു.

അതൊന്നും ശരിക്കും പ്രണയമേ അല്ല-
റഫീക്ക് അഹമ്മദ്

"പ്രണയം എന്നത് മനുഷ്യനുണ്ടായ കാലത്ത് തൊട്ടേ ഉണ്ടായിരുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ചിലതില്‍ തകര്‍ച്ചകളുണ്ടാകും. ശരിക്കും ഈ വിജയം എന്ന സംഗതി തന്നെയില്ല. സത്യത്തില്‍ ദാമ്പത്യമെന്നതാണോ പ്രണയത്തിന്റെ വിജയം. പ്രണയതകര്‍ച്ചകള്‍ അതിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ഇത്തരം തകര്‍ച്ച തീര്‍ച്ചയായും വേദനിപ്പിക്കുന്നവ തന്നെയാണ്. സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന പ്രണയങ്ങള്‍ വിരളമാണ്. രണ്ടും പേരും തുല്യ ദുഃഖിതരാവുന്നതാണല്ലോ പതിവ്. ഇത്തരം വേദനകളില്‍ നിന്നാണ് പല കലാസൃഷ്ടികള്‍ പോലും ഉരുത്തിരിഞ്ഞത്.

പ്രണയഭംഗങ്ങളില്‍ ഉടലെടുത്ത കഥകളും കവിതകളും നോവലുകളുമെല്ലാം വളരെയധികമുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് സംഭവിച്ചിരിക്കുന്നത് പൊസ്സസ്സീവിനെസ്സിന്റെ വലിയ ഭീകരമായ അവസ്ഥകളാണ്. ഇവിടെ ഉടമസ്ഥ മനോഭാവം വലിയ തോതില്‍ നിലനിന്ന് വരുന്നു. അതൊന്നും ശരിക്കും പ്രണയമേ അല്ല. അതുകൊണ്ടാണ് സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കാനും കൊല്ലാനുമൊക്കെ തോന്നുന്നത് ഇത് മൂലമാണ്. പ്രണയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ അവസ്ഥ മാനസികവൈകൃതമാണ്. അത്തരം മനോഭാവങ്ങളെ മാറ്റി നിര്‍ത്തി പ്രണയത്തിന്റെ ശരിയായ അന്ത:സത്ത മനസ്സിലാക്കുകയാണ് വേണ്ടത്. പുതിയ തലമുറ കലസൃഷ്ടികളുമായി വലിയ ബന്ധങ്ങള്‍ വെച്ചു പുലര്‍ത്താത്തതായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ളവ വായിച്ച് മനസ്സിലാക്കേണ്ടതായുണ്ട്. പ്രണയം എന്താണ്, അത് എങ്ങനെ മുന്നോട്ട് കൊണ്ടു പോകാം എന്നതിനെ കുറിച്ചുള്ള അജ്ഞതകളാണ് ക്രൂരതകളിലേക്ക് നയിക്കുന്നത്.

ആനിയെ പോലുളള കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. ഈ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് പറയുമ്പോള്‍ കുഞ്ഞുണ്ടായാല്‍ സ്വന്തമാക്കാമെന്ന് കരുതുന്ന ആനിയുടെ മുന്‍കാമുകനെ പോലുളളവരും നമിുക്കിടയിലുണ്ട്. ഇന്നും ശരീരവും ചാരിത്ര്യവും വലിയ സംഭവമാണെന്ന് ചിന്തിക്കുന്ന 90 ശതമാനം ആളുകളുടെ പ്രതിനിധിയാണ് ആനിയുടെ കാമുകന്‍ അവിനാഷ്. പ്രണയബന്ധത്തില്‍ ഗര്‍ഭിണിയായാല്‍ എനിക്ക് മുന്നില്‍ വേറെ വഴികളില്ലെന്ന് ചിന്തിച്ച് വിഷമയമായ ബന്ധത്തില്‍ തുടരുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. കല്യാണത്തിന് മുമ്പുളള ഇത്തരം ബന്ധങ്ങളെ പാപമാണെന്ന് കരുതുന്ന മാതാപിതാക്കളുടെ ശകാരം കൂടിയാകുമ്പോള്‍ സ്വപ്‌നങ്ങള്‍ പണയംവെച്ച് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ബ്രേക്കപ്പിനുളള ഒപ്ഷന്‍ പൂര്‍ണമായും റദ്ദാക്കപ്പെടുകയാണ് ഇവിടെ.

'വീടിനുടുത്തുള്ള ഒരടിപൊളി പയ്യന്‍. ചേട്ടന്റെ അടുത്ത കൂട്ടുകാരനും. ഞങ്ങള്‍ എപ്പോള്‍ പ്രണയത്തിലായെന്നുപോലും എനിക്കറിയില്ല. ഞാന് തയ്യല്‍ക്ലാസിന് പോകുമ്പോള്‍ വഴിയില്‍ നില്‍ക്കും. നിത്യകുര്‍ബാന മുടക്കാത്തതുപോലും അവനെ കാണുന്നതിന് വേണ്ടിയായിരുന്നു. നോട്ടങ്ങളിലൂടെ കൈമാറിയിരുന്ന പ്രണയം. പിടിക്കപ്പെടാതിരിക്കാന്‍ വായിലിട്ടാല്‍ അലിഞ്ഞുതീരുന്ന മിഠായികളായിരുന്നു ഞങ്ങളുടെ പ്രണയസമ്മാനങ്ങള്‍. അതിനിടയിലാണ് എന്റെ കല്യാണം ഉറപ്പിക്കുന്നത്. ഒന്നിക്കാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെ പരസ്പരം സംസാരിച്ച് പിരിയാന്‍ തീരുമാനിച്ചു. എന്റെ കല്യാണത്തിന് മുന്‍പേ അവന്‍ നാടുവിട്ടു. കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവനെ കണ്ടുമുട്ടി. അവന്‍ വിവാഹം കഴിച്ചിരുന്നില്ല. എനിക്ക് രണ്ടുമക്കളും. അവനോട് സംസാരിച്ച് ഞാനവനെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു. ഭാര്യയും കുട്ടികളുമായി അവനുമിപ്പോള്‍ സന്തോഷകരമായ കുടുംബജീവിതം മുന്നോട്ടു നയിക്കുന്നു. ഇടയ്‌ക്കൊക്കെ കാണാറുണ്ട്, സംസാരിക്കാറുണ്ട്. അവന്റെ ഭാര്യക്ക് എല്ലാമറിയാം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇന്ന് ഞങ്ങളുടെയുള്ളില്‍ ആ പ്രണയമുണ്ട്. പരസ്പരം വേദനിപ്പിക്കാത്ത നിസ്വാര്‍ത്ഥമായ പ്രണയം.'- മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പേയുളള പ്രണയകാലം സന്ധ്യ ഓര്‍ത്തെടുത്തു.

ബ്രേക്കപ്പ് എന്ന വാക്ക് പോലും ഉപയോഗിച്ച് തുടങ്ങാത്ത ഒരു കാലഘട്ടത്തില്‍ എത്ര മനോഹരമായാണ് ആ ബ്രേക്കപ്പ് സംഭവിച്ചത്. അവര്‍ക്കു തമ്മില്‍ പകയുണ്ടായില്ല. ഒരാള്‍ മറ്റൊരാളെ വഞ്ചിച്ചുവെന്ന് പറഞ്ഞു കുറ്റപ്പെടുത്തിയില്ല. ഇതും ഒരു ടൈപ്പ് പ്രണയമാണെന്ന് പറയാം. അവരുടെ ഉള്ളിലെ പ്രണയത്തെ നിലനിര്‍ത്തി കുടുംബ ജീവിതത്തിലും ഹാപ്പിയായി മുന്നോട്ടു നീങ്ങുന്നു. ശല്യങ്ങളും പ്രശ്‌നങ്ങളുമില്ലാതെ തന്നെ. ഇത് തീര്‍ത്തും പ്ലാറ്റോണിക്ക് ബന്ധമാണ്. ഒരാളുടെ നന്മയെ മാത്രം ആഗ്രഹിച്ച് സ്‌നേഹിക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഇത്തരം ബന്ധങ്ങള്‍ ഉദ്ദാഹരണം കാണിക്കാന്‍ പോലും നമ്മുടെ ചുറ്റുമില്ല. പ്രണയത്തിന്റെ മാനങ്ങള്‍ മാറിയാലും പ്രണയം മാറുന്നില്ലല്ലോ. പക്ഷേ അത്തരത്തില്‍ മാറിയ മാനങ്ങള്‍ അംഗീകരിക്കാനും കൂടെ നിര്‍ത്താനുമൊന്നും നമ്മുടെ നാട്ടിലെ സ്വയംപ്രഖ്യാപിത സദാചാരവാദികള്‍ക്ക് സാധിക്കുന്നില്ലെന്നത് വാസ്തവം.

ബ്രേക്കപ്പുകള്‍ വേദനാജനകമെങ്കിലും സാധാരണമാണ്. വികാരങ്ങളുടെ വേലിയേറ്റ-വേലിയിറക്കങ്ങള്‍ക്കിടയില്‍ അന്ധരാകുമ്പോഴാണ് പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നത്. പരസ്പര വിരുദ്ധമായ വൈകാരിക നിലപാടുകള്‍ ഇവര്‍ വെച്ച് പുലര്‍ത്തുന്നത് പോലും ബ്രേക്കപ്പ് പ്രോസ്സസ്സിന്റെ ഭാഗമാണ്. ആ വൈകാരിക അസന്തുലിതാവസ്ഥകള്‍ വിഷലിപ്തമാകുമ്പോഴാണ് കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത്. ബ്രേക്കപ്പ് ആയവര്‍ ഒരിക്കലും ഒരു തെറാപ്പിക്ക് വരാന്‍ ഇഷ്ടപ്പെടില്ലെങ്കിലും തീര്‍ച്ചയായും ഒരു ഡിസേണ്‍മെന്റ് കൗണ്‍സിലറുടെ സഹായത്തോടെ കുറച്ചൊക്കെ പ്രശ്‌നങ്ങള് പരിഹരിക്കാനാവും. ഇങ്ങനെ വരുന്ന പക പോലുള്ള വികാരങ്ങളെ നിയന്ത്രിക്കാനായി ഇത്തരം കൗണ്‍സിലിങ്ങിന് സാധിക്കും. ഇതുവഴി ജീവിതത്തില്‍ പോസിറ്റീവായി മുന്നോട്ട് പോകാനും പറ്റും. വേദനയും മാനസ്സികമായ മുറിവുകളും ബ്രേക്കപ്പിന്റെ ഭാഗമാണ്. പക്ഷേ ഇതിനൊടൊപ്പം തന്നെ അതൊക്കെ മറിക്കടക്കാനും മനസ്സിനെ ഒരുക്കാം. - (ഡോക്ടര്‍ അനീറ്റ, റേഗോ ഫൗണ്ടര്‍ ഡയറക്ടര്‍ ഓഫ് പേള്‍സ് 4 ഡെവലപ്പ്‌മെന്റ് എ കണ്‍സള്‍ട്ടിങ്ങ് കമ്പനി ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍ലിങ്ങ് ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍ലിങ്ങ് ആന്റ് ഫിസിയോതെറാപ്പി ഇനിഷ്യേറ്റീവ്.)

പലപ്പോഴും അന്ധമായ പ്രേമത്തിന്റെ പരിണിതഫലമായും പ്രണയം കുരുക്കായി മാറാറുണ്ട്. ഈയിടയായി നടന്ന ഒരു സംഭവം തന്നെ എടുക്കാം. അതില്‍ തീര്‍ച്ചയായും പെണ്‍ക്കുട്ടി കുറ്റവാളി തന്നെയാണ്. ആ കേസിനെ മുന്നില്‍ വെച്ച് കൊണ്ട് വേറൊരു ആംഗിള്‍ ചിന്തിച്ചു നോക്കിയാലോ. പണ്ടത്തെ പോലെയല്ല ഇത് തിരഞ്ഞെടുപ്പുകളുടെ കാലമാണ്. അതുകൊണ്ട് തന്നെ വളരെ ദൂരം മുന്നോട്ട് പോകാന്‍ ചോയിസ് ഓപ്പ്ഷന്‍ വളരെ നന്നായി വിനിയോഗിക്കേണ്ടതുണ്ട്. അത് കരിയറിലായാലും ജീവിതത്തിലായാലും. ഒരാളുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അവരെ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ് (കൊല ചെയ്ത് കൊണ്ടല്ല). അങ്ങനെ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുമ്പോള്‍ അയാളുടെ തീരുമാനം കാമുകന്‍/കാമുകി ആ തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഇത്തരം കേസുകളില്‍ പലയിടങ്ങളിലും നടക്കുന്നത് ബ്രേക്കപ്പെന്ന് പെണ്‍കുട്ടികള്‍ പറയുമ്പോള്‍ ആണ്‍കുട്ടികള്‍ അതിന്റെ പക പോക്കാനായി അവരുടെ പ്രേമിക്കുമ്പോള്‍ പങ്ക് വെച്ച സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. നമ്മുടെ നാട്ടില്‍ വികാരങ്ങളെക്കാളും ശരീരത്തിന് പ്രാധാന്യം നല്‍കുന്ന മനുഷ്യന്‍മാര്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ആ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങി കൊടുക്കുന്നു.

എല്ലാം ഏതുവിധേനെയും സ്വന്തമാക്കണമെന്ന ചിന്ത പ്രണയത്തിലേക്കെത്തുമ്പോള്‍ പകയായി മാറുന്നു. ഒരുകാലത്ത് നമ്മുടെ എല്ലാമായിരുന്ന വ്യക്തിയുടെ നാശം ആഗ്രഹിക്കുന്നത് ശരിക്കും പ്രണയം തന്നെയാണോയെന്ന് ആത്മപരിശോധന നടത്തണം. എല്ലാ പ്രണയങ്ങളും ജീവിതാവസാനം വരെ ഉണ്ടാകണമെന്നില്ല വിവാഹത്തില്‍ എത്തണമെന്നും ഇല്ല. ഇവിടെ വേണ്ടത് എക്‌സിറ്റ് പ്ലാനാണ്. പ്രണയം പോലെ തന്നെ പ്രണയ തകര്‍ച്ചകളെ കുറിച്ചും ചിന്തിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയെങ്കില്‍ ഈ തകര്‍ച്ചകളെ പക്വതയോടെ കൈകാര്യം ചെയ്യാനാവും. ഒരാളെ നിര്‍ബന്ധിച്ച് പിടിച്ചു നിര്‍ത്തി കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ അയാളോടൊപ്പം അഭിനയിച്ച് ജീവിക്കേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്. എതിര്‍ഭാഗത്തുള്ള ആളുകളുടെ വികാരത്തെ വിലയിരുത്തിയാല്‍ മതിയാവും അപ്പോള്‍ തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കും.

ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത ന്യൂജെന്‍ എന്നു പറയുമ്പോഴും ഇപ്പോഴും പല ന്യൂജെനും ടോക്ക്‌സിസിറ്റി+പൊസ്സസ്സീവ്‌നെസ്സ് തന്നെയാണ് പ്രണയം. ഏതൊരു ബന്ധങ്ങളുടെയും അടിസ്ഥാനം പരസ്പര ബഹുമാനമാണ്. ഇറ്റ്‌സ് നോട്ട് വര്‍ക്കിങ്ങെന്ന് പങ്കാളി പറഞ്ഞാല്‍ ആ തീരുമാനത്തെയും അവരെയും ബഹുമാനിച്ച് കൊണ്ട് ഒന്നു മാറികൊടുക്കാം. അത് തന്നെയല്ലേ ശരിക്കും പ്രണയം....

Content Highlights: need an exit plan in relationships


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented