ദ്രൗപദി മുർമു മകൾക്കും ചെറുമകൾക്കുമൊപ്പം | Photo: instagram/ Itishree Murmu/ PTI
ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രപുസ്തകത്തില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ക്കും. ഗോത്രവര്‍ഗക്കാരിയായ ആദ്യ രാഷ്ട്രപതി എന്ന വിശേഷണമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ദ്രൗപദിയുടെ പേരിനൊപ്പം ചേരുക.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് ദ്രൗപദിയെന്നും ഗോത്രവര്‍ഗക്കാരിയായ അവര്‍ക്ക് ഏറ്റവും താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുമെന്നുമാണ് ബിജെപിക്കാരുടെ അവകാശവാദം. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന അവര്‍ ആ സ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയിരുന്നു.
ഇപ്പോള്‍ ചരിത്രത്തിന്റെ പടിവാതില്ക്കല് നില്ക്കുമ്പോള് പലരും ദ്രൗപദിയുടെ ഭൂതകാലവും തിരയുന്നുണ്ട്. രാജ്യത്തെ എല്ലാ ഗോത്രവര്‍ഗക്കാരേയും പോലെ ദ്രൗപദിയും പട്ടിണിയും ദാരിദ്ര്യവും പിന്നിട്ടാണ് യാത്ര തുടങ്ങിയത്. ഒഡിഷയിലെ സാന്താള്‍ ഗോത്രവിഭാഗത്തിലാണ് ദ്രൗപദിയുടെ ജനനം. ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ അവര്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1997-ല്‍ റായ്റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി.
2000-ല്‍ നിയമസഭയിലെത്തിയ ദ്രൗപദി, ബി.ജെ.പി.-ബി.ജെ.ഡി. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
ഒരുവശത്ത് രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു വശത്ത് സ്വകാര്യ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമാണ് ദ്രൗപദിക്കുണ്ടായിരുന്നത്. ഭര്‍ത്താവിന്റേയും രണ്ട് ആണ്മക്കളുടേയും മരണത്തിന് അവര്‍ക്ക് സാക്ഷിയാകേണ്ടിവന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗം.
ഇതിന്റെ സങ്കടം മാറുന്നതിന് മുമ്പ് മൂത്ത മകന് ലക്ഷ്മണിനേയും ദ്രൗപദിക്ക് നഷ്ടമായി. 2009-ലായിരുന്നു ഈ മരണം. കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലക്ഷ്മണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ 2012-ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും മരണം കവര്‍ന്നെടുത്തു.
ഇതിശ്രീ എന്നു പേരുള്ള ഒരു മകള്‍ കൂടി ദ്രൗപദിക്കുണ്ട്. യുസിഒ ബാങ്കില്‍ ജോലി ചെയ്യുന്ന ഇവര്‍ ഭര്‍ത്താവും ഗോള്‍ഫ് താരവുമായ ഗണേഷ് ഹെംബ്രാമിനും മകള്‍ക്കുമൊപ്പം ഭുവനേശ്വറിലാണ് താമസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..