നളിനി ജമീല
"എന്റെ ശൈലിയാണ് സിനിമയിൽ സ്വീകരിച്ചത്. ജീവിതാനുഭവങ്ങളിൽ നിന്നെടുത്ത ഏടുകൾ തന്നെയാണ് പകർത്താൻ ശ്രമിച്ചത്."- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ച നളിനി ജമീലയുടെ വാക്കുകളാണിത്. ലൈംഗികത്തൊഴിലാളിയുടെ ജീവിതകഥ പറഞ്ഞ ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് പുരസ്കാരം. സമൂഹത്തിന്റെ വിവിധതലങ്ങളിൽനിന്നു സിനിമയുടെ സർഗാത്മക മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രയത്നത്തിന്റെ അംഗീകാരമായാണ് പുരസ്കാരം നളിനി ജമീലയെ തേടിയെത്തിയത്. മാതൃഭൂമി ഡോട്ട്കോമുമായി സന്തോഷം പങ്കിടുകയാണ് നളിനി ജമീല.
നളിനി ജമീലയുടെ വാക്കുകളിലേക്ക്...
വസ്ത്രാലങ്കാരത്തിനൊരു പുരസ്കാരം ലഭിക്കുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ജീവിതത്തിൽ ആദ്യമായാണ് വസ്ത്രാലങ്കാരം ചെയ്യുന്നതും. എന്റെ സുഹൃത്തിന്റെ സിനിമയാണ് ഭാരതപ്പുഴ. ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും പക്ഷേ നിനക്ക് പറ്റിയ വേഷമില്ല, പകരം സിനിമയിലെ വസ്ത്രാലങ്കാരം ചെയ്യണമെന്നും പറയുകയായിരുന്നു. സൗഹൃദബന്ധത്തിന്റെ പുറത്തായിരുന്നു അത് പറഞ്ഞത്. ഒരുപാടു പുറകോട്ടു പോവേണ്ടെന്നും പുതിയ കാലഘട്ടത്തിനു ചേരുന്ന രീതിയിലാവണം വസ്ത്രാലങ്കാരം എന്നും പറഞ്ഞു. എന്റെയൊരു ശൈലി തന്നെയാണ് സിനിമയിൽ സ്വീകരിച്ചത്. വലിയ അലങ്കാരങ്ങളോ ആർഭാടങ്ങളോ ഉള്ള വസ്ത്രം ഞാൻ ധരിക്കാറില്ല. ഇതൊരു ജോലി ആയിട്ടൊന്നും തോന്നിയതേയില്ല. ലൈംഗിക തൊഴിലാളിയായിരുന്ന കാലത്തെ അനുഭവത്തിൽ നിന്നുള്ള ഏടുകളാണ് പകർത്താൻ ശ്രമിച്ചത്.
വിലകൂടിയ വസ്ത്രങ്ങളൊക്കെയാണ് ആദ്യം എടുക്കാൻ ശ്രമിച്ചിരുന്നത്. പക്ഷേ, ഞങ്ങൾ പൂനം സാരി, ഗ്രേ സിൽക് എന്നതിനൊന്നും അപ്പുറം പോകാറില്ല. സാധാരണക്കാരിയുടെ വേഷവിധാനം തന്നെയാണ് സ്വീകരിച്ചത്. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലും പ്രത്യേകതയുണ്ട്. രാത്രികാലങ്ങളിൽ കളർഫുൾ ആയ നിറങ്ങളും പകൽ സമയങ്ങളിൽ ഇളംനിറങ്ങളുമാണ് പൊതുവേ തിരഞ്ഞെടുക്കാറുള്ളത്. 13 സാരിയാണ് ചിത്രത്തിനു വേണ്ടി ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് തികയാതെ വന്നപ്പോൾ ഒന്നുരണ്ടെണ്ണം കൂടി തിരഞ്ഞെടുക്കുകയുണ്ടായി.
ജീവിതം യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച തോന്നലാണിപ്പോൾ. ഒരാൾ വിചാരിച്ചാൽ കുറേ കാര്യങ്ങളിൽ മുന്നോട്ടു പോകാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒമ്പതാം വയസ്സിൽ ഭക്ഷണം ഇല്ലാതെ ജോലിക്കിറങ്ങുമ്പോഴും പതിമൂന്നാം വയസ്സിൽ വീട്ടുപണിക്കിറങ്ങുമ്പോഴുമൊക്കെ നമ്മൾക്കുള്ളത് നമ്മൾ നേടണം എന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോയത്. പണ്ട് വിമാനത്തിൽ കയറണമെന്നായിരുന്നു ആഗ്രഹം. പല രാജ്യങ്ങളും സന്ദർശിച്ചു. ഇപ്പോൾ ഇവിടെ എത്തിനിൽക്കുമ്പോൾ വളരെ സന്തോഷമുണ്ട്.
സ്നേഹവീടൊരുക്കണം
ലൈംഗിക തൊഴിലാളികളോട് പണ്ടത്തെ അത്ര പുച്ഛവും അടിച്ചോടിക്കലുമൊന്നുമില്ല ചെറിയ പരിഗണനയൊക്കെ കിട്ടുന്നുണ്ട്. വയസ്സായവർക്ക് തെരുവിലുറങ്ങാതിരിക്കാൻ ഒരു കിടപ്പാടം ഒരുക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം. അവർക്കായി അവസാനം സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു സ്നേഹവീടൊരുക്കണം. ഞാനും പ്രായമായ ആളാണ് എനിക്കൊപ്പം അവർക്കുമുള്ള ഇടമാണ് സ്വപ്നം. ഒപ്പം ഒരു പുസ്തകമെഴുത്തിന്റെ പണിപ്പുരയിലുമാണ്.
Content Highlights: nalini jameela about kerala state film awards
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..