കുഞ്ഞിനെ നെഞ്ചോട്‌ചേര്‍ത്ത് ലോകകപ്പ് വേദിയില്‍ ഓടിനടക്കുന്ന ഒരമ്മ;പോസിറ്റിവിറ്റിയുടെ പര്യായമായി നബ്ഷ


സ്വന്തംലേഖിക

നബ്ഷ മുജീബ് | Photo: facebook/ nabsha mujeeb

കുഞ്ഞിനേയുംകൊണ്ട് പൊതുവേദിയില്‍ എത്തുമ്പോഴേക്ക് നെറ്റിചുളിക്കുന്നവര്‍ ഈ അമ്മയേയും കുഞ്ഞിനേയും ഒന്ന് പരിചയപ്പെടണം. ഫുട്‌ബോള്‍ ആവേശം നിറഞ്ഞ ഖത്തറില്‍ കൈക്കുഞ്ഞുമായി വൊളന്റിയറിങ് ജോലി ചെയ്യുകയാണ് നബ്ഷ എന്ന അമ്മ. മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നബ്ഷ ആവേശത്തോടെ ഓടി നടക്കുന്നത് കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവരിലും പോസിറ്റിവിറ്റി നിറയും. ഖത്തര്‍ ലോകകപ്പിലെ മനോഹര കാഴ്ച്ചകളില്‍ ഒന്നായാണ് സോഷ്യല്‍ മീഡിയ ഇതിനെ കാണുന്നത്.

മലപ്പുറം വളാഞ്ചേരിയില്‍ നിന്നുള്ള നബ്ഷ മുജീബ് ഖത്തറില്‍ അധ്യാപികയാണ്. ഇപ്പോള്‍ ലോകകപ്പിലെ പ്രധാന മീഡിയ സെന്ററിലെ അക്രഡിറ്റേഷന്‍ ലീഡര്‍മാരില്‍ ഒരാളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ നബ്ഷ മുന്നിലുണ്ടായിരുന്നു. 'ഈ സേവനങ്ങള്‍ മനസിന് നല്‍കുന്ന സംതൃപ്തി ചെറുതല്ല. എന്തിനാണ് ഇതിന് നില്‍ക്കുന്നതെന്നും കാശ് പോലും കിട്ടില്ലല്ലോ എന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവര്‍ നിരവധിയാണ്. അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. എന്തുകൊണ്ട് എനിക്കിത് കഴിയില്ല എന്നാണ് ഞാന്‍ എന്നോടുതന്നെ ചോദിച്ചത്. എന്നെക്കൊണ്ട് കഴിയില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരെപ്പോലെ ആകാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.' നബ്ഷ പറയുന്നു.2021-ലാണ് ഫിഫ അറബ് കപ്പിലെ വൊളന്റിയര്‍ ആയി നബ്ഷ സേവനം തുടങ്ങിയത്. സ്‌കൂളിലെ അധ്യാപിക ജോലി കഴിഞ്ഞു വന്നശേഷമാണ് വൊളന്റിയറിങ്ങിന് പോയിരുന്നത്. ആ സമയത്താണ് ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയുന്നത്. പക്ഷേ ജോലി മാറ്റിവെയ്ക്കാന്‍ അവര്‍ തയ്യാറായില്ല. ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം നബ്ഷ മറികടന്നു. പെട്രോളിയം കമ്പനിയായ ഖത്തര്‍ എനര്‍ജിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മുജീബ് റഹ്‌മാനും മക്കളായ 13-കാരി നഷ് വ മുജീബും പത്തു വയസ്സുകാരന്‍ ഷാന്‍ റഹ്നാമും നബ്ഷയുടെ കൂടെനിന്നു. പ്രസവത്തിന് രണ്ട് ദിവസം മുമ്പു വരെ ഞാന്‍ ആവേശത്തോടെ ഓടിനടന്നു. പിന്നാലെ അര്‍വ ഐറിന്‍ എന്ന കൊച്ചുമാലാഖയെ പ്രസവിച്ചു.

നബ്ഷ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അറബ് കപ്പിലെ മത്സരം കാണുന്നു | Photo: facebook/ nabsha mujeeb

പിന്നീടുള്ള നബ്ഷയുടെ യാത്രയിലെല്ലാം അര്‍വ കൂടെയുണ്ടായിരുന്നു. സ്‌റ്റേഡിയം, അക്കോമെഡേഷന്‍, ഫാന്‍ സോണ്‍ എന്നിവിടങ്ങളിലേക്ക് എങ്ങനെ എത്താം, സൗകര്യങ്ങളില്‍ ആരാധകര്‍ തൃപ്തരാണോ, അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ പരഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രീം കമ്മിറ്റി അധികൃതര്‍ നടത്തിയ റിഹേഴ്‌സുകളുടെ ഭാഗമായുള്ള യാത്രകളിലെല്ലാം നബ്ഷയ്‌ക്കൊപ്പം അര്‍വയുമുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ താങ്ങും തണലുമായി നിന്നതിനാലാണ് അതെല്ലാം സാധ്യമായതെന്ന് നബ്ഷ നന്ദിയോടെ ഓര്‍ക്കുന്നു.

'പലരും അന്വേഷിച്ചത് കുഞ്ഞിന് എങ്ങനെ പാല് കൊടുക്കും എന്നായിരുന്നു. മുലയൂട്ടല്‍ ഒരു പ്രശ്‌നമായിരുന്നില്ലേ എന്ന് പലരും തിരക്കി. ദൈവത്തിന്റെ കൃപ കൊണ്ട് അവള്‍ക്ക് ഇതുവരെ കുപ്പിപാലോ ഒരു തുള്ളി വെള്ളമോ കൊടുക്കേണ്ടി വന്നിട്ടില്ല. ഇതുവരെ മുലപ്പാല്‍ മാത്രമാണ് കുടിച്ചത്. ആറു മാസം വരെ ഇത് തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ മീഡിയ സെന്ററിലെ അക്രഡിറ്റേഷന്‍ ലീഡര്‍ ആണ് ഞാന്‍. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സമയം തിരഞ്ഞെടുത്ത് ജോലി ചെയ്യാം. ഭര്‍ത്താവിന്റെ ജോലിസമയം അനുസരിച്ചാണ് ഞാന്‍ ഷിഫ്റ്റ് തിരഞ്ഞെടുക്കുന്നത്. അവിടേക്ക് കുഞ്ഞിനെ കൊണ്ടുപോകാറില്ല. അവള് പാലിന് വേണ്ടി കരയുമ്പോള്‍ ഭര്‍ത്താവ് അവളേയും കൂട്ടിവരും. ആ സമയത്ത് പാല് കൊടുക്കും.' നബ്ഷ പറയുന്നു.

ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവശേഷവും വിശ്രമം വേണമെന്ന് പലരും നബ്ഷയെ ഉപദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു സ്‌കില്‍ ആണെന്നായിരുന്നു അവര്‍ക്ക് നബ്ഷ നല്‍കിയ ഉത്തരം. അങ്ങനെ വിശ്രമിച്ചിരുന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഭാഗമാകാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത് എന്ന ബോധ്യം അവരുടെ മനസിലുണ്ടായിരുന്നു. അതു തന്നെയായിരുന്നു അവര്‍ക്ക് കരുത്ത് പകര്‍ന്നതും.

Content Highlights: nabsha mujeeb a teacher and mother of three kids who chose to be qatar world cup volunteer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented