19ാം വയസില്‍ വിവാഹം, ഇപ്പോള്‍ ഗവേഷക; മിസ്സിസ് യൂണിവേഴ്‌സ് സക്‌സസ്ഫുള്‍ മിഥില ജോസ് തിരക്കിലാണ്‌


അഞ്ജന രാമത്ത്‌



മിഥില ജോസ് | Photo: instagram/ midhila jose

വിവാഹം കഴിഞ്ഞ് വീട്ടമ്മയായി വീടിനുള്ളില്‍ ഒതുങ്ങുന്നവരുടെ ഇടയില്‍ തനിക്ക് അതിന് മനസില്ലെന്ന് പറഞ്ഞ് നല്ല സ്‌റ്റൈലില്‍ മുന്നോട്ട് നടന്നൊരു പാലക്കാട്ടുകാരിയുണ്ട്. മിഥില ജോസെന്ന് 33-കാരി മിസ്സിസ് യൂണിവേഴ്സ് സക്സസ്ഫുള്‍ കിരീടം നേടി നില്‍ക്കുമ്പോള്‍ പറയാനുള്ളത് ദൃഢനിശ്ചയത്തിന്റെ കഥയാണ്. മിസ്സിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഒരു ടൈറ്റിലായ 'മിസ്സിസ് യൂണിവേഴ്‌സ് സക്‌സസ്ഫുള്‍' നേടുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് മിഥില. ആഗ്രഹങ്ങളോടും സ്വപ്നങ്ങളെയും മുറുകെ പിടിച്ച് മുന്നോട്ട് നടക്കുന്ന മിഥില തന്റെ കഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു

മോഡലിങ്ങിനേക്കാള്‍ ആകര്‍ഷിച്ചത്



മോഡലിങ്ങ് രംഗത്ത് വലിയ മുന്‍പരിചയമൊന്നുമുണ്ടായിരുന്നില്ല. കേരളത്തിലൊരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അതിനു ശേഷം മിസ്സിസ് ഇന്ത്യയില്‍ പങ്കെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് മിസ്സിസ് യൂണിവേഴ്സിലേക്ക് എത്തുന്നത്. മോഡലിങ്ങ് ആഗ്രഹം സത്യത്തിലുണ്ടായിരുന്നില്ല. മിക്ക പേജന്റുകള്‍ക്കും പിന്നില്‍ ശക്തമായ സന്ദേശമുണ്ടാവും. അത്തരമൊരു പരിപാടിയില്‍ പങ്കാളിയാവുകയെന്നതായിരുന്നു എന്റെ പ്രഥമ ലക്ഷ്യം. പെണ്‍കുട്ടികള്‍ക്ക് പഠനസഹായം നല്‍കാനുള്ള ഫണ്ട് കണ്ടെത്തുകയെന്നതായിരുന്നു മിസ്സിസ് ഇന്ത്യ മത്സരത്തിലെ ലക്ഷ്യം. മിസ്സിസ് യൂണിവേഴ്സിന്റെ ഭാഗമായൊരു പവര്‍ ക്യാംപയിന്‍ ലോഞ്ച് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായി പ്രവര്‍ത്തനങ്ങളാണ് ഇവയിലൂടെ ഉദ്ദേശിച്ചിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് എന്നെ ഇതിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

മത്സരം മാറ്റിമറിച്ചു

മിസ്സിസ് യൂണിവേഴ്സ് മത്സരം നല്‍കിയ എക്സ്പോഷര്‍ വളരെ വലുതാണ്. നിരവധി കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാനായി. ഈ മത്സരത്തിലൂടെ കടന്നു പോയതോടെ ഞാന്‍ കൂടുതല്‍ നവീകരിച്ചുവെന്ന് വേണം പറയാന്‍. 110 രാജ്യങ്ങളിലെ കുട്ടികളുടെ കൂടെ 14 ദിവസത്തെ ഗ്രൂമിങ് സെഷന്‍ തന്നെ വലിയൊരു അനുഭവമാണ്. ആദ്യമായിട്ടാണ് ഈ മത്സരത്തില്‍ കേരളത്തില്‍ നിന്നൊരാള്‍ പങ്കെടുക്കുന്നത്. നാഷണല്‍ കോസ്റ്റിയൂം വിഭാഗത്തില്‍ തെയ്യം പ്രചോദമായിട്ടുള്ള വസ്ത്രം, സാരി എന്നിവയാണ് ഉടുത്തിരുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആരെങ്കിലും പോയിട്ടുണ്ടെങ്കിലും അവരെല്ലാം ഡല്‍ഹി, ബോംബൈ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. പരിശീലന കാലയളവ് വളരെയധികം എനര്‍ജി തന്നതായിരുന്നു. വര്‍ക്കൗട്ടുകള്‍, റാംപ് വാക്ക് പരീശിലനം.. ഇവയെല്ലാം മറക്കാന്‍ സാധിക്കുന്നതല്ല. ക്രിയേറ്റിവ് റൗണ്ടില്‍ തെയ്യം പ്രചോദനമായ വര്‍ക്കാണ് അവതരിപ്പിച്ചത.് ആത്മവിശ്വാസമാണ് ഈ മത്സരത്തില്‍ നമുക്ക് വേണ്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കൊറിയയിലാണ് മത്സരം. എയര്‍പോട്ടില്‍ നമ്മള്‍ വന്നിറങ്ങുമ്പോള്‍ തൊട്ട് അവര്‍ നമ്മളെ ശ്രദ്ധിക്കും. നമ്മുടെ മാര്‍ക്ക് അവിടെ നിന്ന് തന്നെ ഇട്ടുതുടങ്ങും. അവിടെത്തെ ചുറ്റുപാടുകളില്‍ പിടിച്ച് നില്‍ക്കാന്‍ നാം സ്വയം മോട്ടിവേഷന്‍ നല്‍കി കൊണ്ടിരിക്കണം. ഭക്ഷണം, കാലവസ്ഥ, അതിനപ്പുറം നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം തന്നെ തരണം ചെയ്യാനുള്ള കരളുറപ്പ് നമ്മള്‍ ഉണ്ടാക്കിയെടുക്കണം. എഴുതിവെച്ച സൗന്ദര്യ സങ്കല്‍പ്പങ്ങളല്ല ഇതിലെ വിജയിയെ നിര്‍ണ്ണയിക്കുന്നത്. നമ്മുടെ പേഴ്സണാലിറ്റിക്കാണ് ഇവിടെ മാര്‍ക്ക്.

മത്സരത്തിന് പോവുമ്പോള്‍ വിജയപ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല. 110 പേരില്‍ ഒരാള്‍ ആദ്യത്തെ മലയാളി എന്നതും മാത്രമായിരുന്നു ഞാന്‍ മുന്നില്‍ കണ്ടിരുന്നത്. പങ്കെടുക്കാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ടൈറ്റില്‍ ലഭിച്ചത് വലിയ സന്തോഷം തന്നെയാണ്. നമ്മുടെ ഒരു വര്‍ഷത്തെ കഠിനാധ്വാനം ഫലം കാണുക എന്നത് തന്നെ വലിയ കാര്യമല്ലേ.

19-ാം വയസിലെ വിവാഹം

വിവാഹം 19-ാം വയസില്‍ കഴിഞ്ഞു. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. വിവാഹം കഴിക്കുമ്പോഴും സാമ്പത്തിക സ്വാതന്ത്ര്യമുള്ള വ്യക്തിയാവണമെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അത് ഉറപ്പിച്ചായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. അതത്ര എളുപ്പമുള്ള യാത്രയായിരുന്നില്ല. നിരവധി പേര്‍ കുത്തുവാക്കുകള്‍ കൊണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇനി എന്തിനാണ് ഇങ്ങനെ പഠിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ സ്വപ്നങ്ങള്‍ക്ക് പിറകെ പോവാനായിരുന്നു എന്റെ തീരുമാനം. ഇന്ന് കൈയ്യടിക്കുന്ന പലരും അന്ന് എന്നെ പിന്നിലോട്ട് വലിക്കാന്‍ നോക്കിയവരായിരുന്നു. പ്രസവത്തിന് ശേഷം ധാരാളം സമ്മര്‍ദ്ദം നേരിട്ടിരുന്നു. മുന്നോട്ട് പോയേ മതിയാവു എന്ന ചിന്തയാണ് എന്നെ നയിച്ചത്. നമ്മുടെ കാര്യം നോക്കണമെങ്കില്‍ വേറാരും വരില്ലല്ലോ.

ഡിഗ്രി ഒന്നാം വര്‍ഷമായിരുന്നു വിവാഹം. ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞായിരുന്നു മോനുണ്ടായത്. കൃത്യം ഒരു കൊല്ലം ബ്രേക്കെടുക്കുകയും അതിന് ശേഷം എംഎ-യ്ക്ക് ചേരുകയും ചെയ്തു. അതിന് ശേഷം ബിഎഡ്, എംഫില്‍ എന്നിവയെടുത്തു. ഇപ്പോള്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. എന്റെ അച്ഛനായിരുന്നു എന്റെ ശക്തി. ഞാന്‍ പഠിക്കണം, സ്വതന്ത്ര ബോധമുള്ള സ്ത്രീയായി മാറണം എന്നെല്ലാം അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനുള്ള പിന്തുണയും തന്നിരുന്നു.

ബിസിനസ് സ്വപ്നങ്ങള്‍

1945-ലാണ് ശാന്ത ബുക്സ് ആരംഭിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആ സ്ഥാപനമാണ് അച്ഛന്‍ നടത്തി കൊണ്ടു പോയിരുന്നത്. അച്ഛന്റെ മരണശേഷം അത് ഞാന്‍ ഏറ്റെടുത്തിരിക്കുകയാണ്. ശാന്ത ബുക്സിന്റെ വിപുലീകരണ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ . ഒരു സാധാരണ ബുക്ക്സ്റ്റാളിനപ്പുറം നിരവധി പുരോഗമന പ്രവര്‍ത്തനങ്ങളുമായി ശാന്ത ബുക്സിനെ മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നത്.

വിവാഹിതയായ ഒരു സ്ത്രീയുടെ നേട്ടങ്ങള്‍ അത്ര ചെറുതല്ല

മാധ്യമങ്ങളും മറ്റും മിസിസ് യൂണിവേഴ്സിന് വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിവാഹം കഴിഞ്ഞൊരു സ്ത്രീയുടെ ഓരോ ചുവടുവെയ്പ്പുകള്‍ക്ക് പിന്നിലും വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ടായിരിക്കും. സാമൂഹികമായി നിരവധി ചങ്ങലകളെ പൊട്ടിച്ച് പുറത്തുകടക്കുകയെന്നത് വലിയൊരു കാര്യമാണ്. അതിന് വലിയ രീതിയിലുള്ള ശ്രദ്ധയും ആവശ്യമാണെന്നാണ് എന്റെ പക്ഷം.

Content Highlights: Mrs Universe Successful Midhila Jose story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented