ശ്രീലക്ഷ്മി ശങ്കർ
കൊച്ചി: ‘‘വീണുപോയിടത്തുനിന്ന് എഴുന്നേറ്റു നടക്കാനുള്ള ശ്രമമാണ് എല്ലാ വിജയത്തിന്റെയും രഹസ്യം’’ - പറയുന്നത് മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ശ്രീലക്ഷ്മി ശങ്കർ. നൃത്തം ശ്വാസമായിരുന്ന പെൺകുട്ടി. അവളുടെ ചിലങ്ക തട്ടിയെറിഞ്ഞുകൊണ്ടാണ് ജീവിതം പരീക്ഷിച്ചത്. പോളി ന്യൂറോപ്പതി ബാധിച്ച് വലതുകാൽ തളർന്നുപോയ ശ്രീലക്ഷ്മി എഴുന്നേൽക്കാനാഗ്രഹിച്ചത് നൃത്തം ചെയ്യാൻവേണ്ടി മാത്രമായിരുന്നെങ്കിൽ ഇന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള തുടക്കമാണ്.
സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹിക പീഡനം, കുട്ടികൾക്കു നേരേയുള്ള അതിക്രമം എന്നിവയ്ക്കെതിരേ സമൂഹത്തിൽ ബോധവത്കരണം നടത്തിക്കൊണ്ടാണ് ‘എഫ്.ഐ. ഇവന്റ്‌സ്’ ലെ-മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. പ്രതിബന്ധങ്ങളിൽ തളരാതെ നിശ്ചയ ദാർഢ്യത്തിന്റെ കരുത്തിലാണ് ശ്രീലക്ഷ്മി രോഗക്കിടക്കയിൽനിന്ന് ഓരോ ചുവടും വെച്ചത്.
നൃത്തവും സംഗീതവും നിറഞ്ഞ കുടുംബത്തിലെ അംഗമായ ശ്രീലക്ഷ്മി, ചെറുപ്പത്തിലേ തിരക്കുപിടിച്ച കലാകാരിയായിരുന്നു. എന്നാൽ, 12-ാം ക്ലാസിൽ പോളി ന്യൂറോപ്പതി ബാധിച്ച് കാലുതളർന്ന് കിടപ്പിലായതോടെ കിടക്കയിൽ അവസാനിക്കേണ്ടതായിരുന്നു അവരുടെ സ്വപ്നങ്ങളും. എന്നാൽ, വർഷങ്ങളുടെ ചികിത്സയ്ക്കുശേഷം പിന്നെ, വാക്കറുപയോഗിച്ച് പിച്ചവെച്ചുകൊണ്ട് നൃത്തത്തിലേക്ക് അവർ നടന്നുകയറി. ഇന്നും വലതുകാലിന്റെ ഒന്നരയിഞ്ച് നീളക്കുറവുമായി വേദനയോടെയാണ് അവർ നൃത്തം ചെയ്യുന്നത്.
കാലിന് ഇന്നും വേദനയും സ്വാധീനക്കുറവും ബലക്കുറവുമുണ്ട്. നടക്കുമ്പോൾ ആളുകൾക്ക് മനസ്സിലാകും. പക്ഷേ, അതൊന്നും ശ്രീലക്ഷ്മിയെ തളർത്തുന്നില്ല. നോവ് ചിരിയാക്കി അവർ റാംപ് വാക്ക് ചെയ്യുന്നു. സ്റ്റേജ് ഷോ ചെയ്യുന്നു. ഒടുവിൽ ഇതാ മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് കിരീടവും സ്വന്തമാക്കി.
പ്ലസ് സൈസ് മോഡലിങ്ങിലൂടെയാണ് മോഡലിങ്ങിലേക്ക് കടന്നുവരുന്നത്. എല്ലാ വീഴ്ചകളെയും പ്രതീക്ഷയോടെയുള്ള തുടർ ശ്രമങ്ങൾകൊണ്ട് മറികടക്കുന്നതാണ് തന്റെ വിജയമെന്ന് ശ്രീലക്ഷ്മി അഭിമാനത്തോടെ പറയും. ഒറ്റ വാക്കിൽ, തളർന്നുപോകുന്നവരോട് ശ്രീലക്ഷ്മി തീരാത്ത പരിശ്രമങ്ങളുടെ കഥ പറഞ്ഞുതരും. വിജയത്തിന്റെ മധുരം പങ്കുവെച്ച് അവർ അടുത്ത മത്സരങ്ങളിലേക്കും നൃത്ത പരിപാടികളിലേക്കുമുള്ള പരിശ്രമത്തിലാണ്.
ഭർത്താവ് എം.ആർ. ഹരിയും മക്കളായ ലക്ഷ്മണും ഹരിപ്രിയയും അടങ്ങുന്നതാണ് കുടുംബം. കലാമണ്ഡലത്തിലെ ആദ്യകാല സംഗീതാധ്യാപകൻ കലാമണ്ഡലം ശങ്കര വാരിയരുടെ കൊച്ചുമകളാണ് ശ്രീലക്ഷ്മി.
പോളി ന്യൂറോപ്പതി ബാധിച്ച് വലതുകാൽ തളർന്നുപോയ ശ്രീലക്ഷ്മി ഇപ്പോൾ റാംപിൽ വിജയമുദ്ര കാണിക്കുകയാണ്; തീരാത്ത വേദനകൾക്കിടയിലും നിരന്തര പരിശ്രമം കൊണ്ട് തളർച്ചയെ മറികടക്കാമെന്ന സന്ദേശവുമായി.
Content Highlights: mrs kerala first runner up sreelakshmi, polyneuropathy survivor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..