വിവാഹദിനത്തിൽ സുനിതയ്ക്കൊപ്പം കമലാദേവി | Photo: DainikBhaskar
ഭർതൃകുടുംബങ്ങളിൽ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങൾ മൂലം ജീവിതം പോലും ഇല്ലാതാക്കുന്ന നിരവധി സ്ത്രീകളുടെ അനുഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മകൻ മരിച്ചപ്പോഴും മരുമകളെ ചേർത്തുപിടിച്ച് ഒരു ഭർതൃമാതാവാണ് വാർത്തയിൽ നിറയുന്നത്. രാജസ്ഥാനിലെ സികാറിൽ നിന്നാണ് ഹൃദയം കീഴടക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ആറുമാസത്തിനപ്പുറം സുനിതയ്ക്ക് ഭർത്താവ് ശുഭത്തിനെ നഷ്ടമാവുകയായിരുന്നു. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. കിർഗിസ്ഥാനിൽ എംബിബിഎസ് പഠനത്തിനായി പോയ ശുഭം വിവാഹം കഴിഞ്ഞ് ആറുമാസത്തിനപ്പുറം മരണപ്പെടുകയായിരുന്നു.
മസ്തിഷ്കാഘാതം സംഭവിച്ചാണ് ശുഭം മരിച്ചത്. എന്നാൽ മകൻ മരിച്ചതോടെ മരുമകളെ വിട്ടുകളയുന്നതിന് പകരം കൂടുതൽ ചേർത്തുപിടിക്കുകയാണ് കമലാ ദേവി എന്ന സുനിതയുടെ ഭർതൃമാതാവ് ചെയ്തത്. സർക്കാർ സ്കൂളിലെ അധ്യാപികയായ കമലാ ദേവി മരുമകൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകാനായി മുന്നിട്ടിറങ്ങുകയായിരുന്നു.
സുനിതയെക്കൊണ്ട് പി.ജിയും ബി.എഡും ചെയ്യിക്കാൻ സർവ പിന്തുണയുമായി കമല കൂടെ നിന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ സുനിതയ്ക്ക് അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. മകൻ മരിച്ചിട്ടും തനിക്കൊപ്പം നിന്ന സുനിതയെ അഞ്ചുവർഷവും കമലാദേവി മകളെപ്പോലെ കൂടെനിർത്തി സ്നേഹിച്ചു. ഒടുവിൽ അവൾക്ക് ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന തീരുമാനത്തിനും കമലാദേവി മുന്നിട്ടിറങ്ങി.
ഭോപ്പാലിൽ ഓഡിറ്ററായ മുകേഷാണ് സുനിതയുടെ വരൻ. ആഡംബരമായാണ് കമലാദേവി മരുമകളുടെ വിവാഹവും നടത്തിയത്. മാത്രമല്ല സ്ത്രീധനത്തോട് കടുത്ത എതിർപ്പുള്ള കമലാദേവി തന്റെ മകൻ സുനിതയെ വിവാഹം കഴിച്ചപ്പോഴും സ്ത്രീധനം നിഷേധിച്ചിരുന്നു. ഇപ്പോൾ സുനിതയെ വീണ്ടും വിവാഹം കഴിപ്പിച്ചപ്പോഴും കമലാദേവി ആദർശം മുറുകെപിടിച്ച് സ്ത്രീധനം നൽകുന്നില്ലെന്ന തീരുമാനവുമെടുത്തു.
Content Highlights: mother-In-law gets daughter in-law educated employed remarried
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..