ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയുടെ ജീവിതത്തില്‍ തലയിടാന്‍ ആരാണ് അനുവാദം നല്‍കിയത്?


റോസ് മരിയ വിന്‍സെന്റ്

ഒരു സ്ത്രീ വിവാഹമോചിതയായോ ഒറ്റയ്‌ക്കോ ജീവിച്ചാല്‍ ചുറ്റുമുള്ള എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ കയറി ഇടപെടാന്‍ അനുവാദമുണ്ടെന്ന് കരുതുന്ന സമൂഹമാണ് പ്രശ്‌നം.

Representative Image| Photo: Gettyimages.in

സ്ത്രീയായ നിങ്ങള്‍ക്ക് ആണ്‍സുഹൃത്തിനെ അയാള്‍ നേടിയ ഒരു വലിയ വിജയത്തിന്റെ പേരില്‍ ഒന്ന് ആലിംഗനം ചെയ്യണമെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ ആണ്‍ സുഹൃത്തിനൊപ്പം ഒരു ചായ കുടിക്കാന്‍ പുറത്തിറങ്ങണമെന്ന് ഉണ്ടോ? മോഡേണ്‍ വസ്ത്രമണിഞ്ഞ് നിങ്ങളുടെ ഭര്‍ത്താവിനൊപ്പം രാത്രി കാറില്‍ ഔട്ടിങ്ങിന് പോകണോ? രാത്രി ജോലികഴിഞ്ഞ് 12 മണിക്ക് വീട്ടിലെത്തുമ്പോള്‍ അടുത്ത ജനാലകളില്‍ നിന്നുള്ള തുറിച്ചു നോട്ടമോ ഹോസ്റ്റല്‍ വാര്‍ഡന്റെ മോശമായ സംസാരമോ ഭയന്ന് തലകുനിക്കേണ്ടി വരരുതേ എന്ന് ഉള്ളില്‍ തോന്നാറുണ്ടോ? നിങ്ങളുടെ കാമുകനൊപ്പം അല്‍പസമയം സംസാരിച്ചിരിക്കാന്‍ ബീച്ചിലോ പാര്‍ക്കിലോ പോകാന്‍ ആഗ്രഹമുണ്ടോ? കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ വിവാഹജീവത്തില്‍ നിന്ന് തിരിച്ചുനടക്കാനുള്ള ശ്രമത്തിലാണോ? ഇത്തരം ആഗ്രഹമൊന്നും പാടില്ലെന്നാണ് ഇപ്പോള്‍ നമ്മുടെ കേരള സമൂഹം നല്‍കുന്ന ഉത്തരം. കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തില്‍ അരങ്ങേറുന്ന മോറല്‍ പോലീസിങ്ങിന്റെ പലമുഖങ്ങളാണ് ഇവ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ തന്റെ പെണ്‍സഹപാഠിയെ ആലിംഗനം ചെയ്തതിന് വിദ്യാര്‍ത്ഥി നേരിട്ട അപമാനം മുതല്‍ ഭാര്യയെയും ഭര്‍ത്താവിനെയും അനാശാസ്യം ആരോപിച്ച് കൈയേറ്റം ചെയ്ത ആള്‍ക്കൂട്ട വിചാരണയും കഴിഞ്ഞ ദിവസം കൊച്ചി പനമ്പിള്ളി നഗറിലെ തന്റെ വീടിന് മുന്നില്‍ വച്ച് സീതാലക്ഷ്മി നേരിട്ട അനുഭവവും വരെ അത് തുടരുകയാണ്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സീതാലക്ഷ്മിക്ക് സമൂഹം അംഗീകരിക്കുന്ന സമയങ്ങളില്‍ മാത്രമല്ല വൈകിയും ജോലി ചെയ്യേണ്ടി വരാറുണ്ട്, അത് അവരുടെ അവകാശവുമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ രാത്രിപകലില്ലാതെ ജീവിക്കാന്‍ വേണ്ടി അധ്വാനിക്കുന്ന കൊച്ചി പോലുള്ള ഒരു മെട്രോസിറ്റിയിലാണ് ഈ സംഭവമെന്നതും ഞെട്ടിക്കുന്നതാണ്. സ്ത്രീകളുടെ കാര്യത്തില്‍ എന്താണ് ഇപ്പോഴും നമ്മുടെ സമൂഹത്തിന് ഇത്രയധികം 'സദാചാര ജാഗ്രത' കൂടുതല്‍. അതും വിദ്യാഭ്യാസവും പുരോഗതിയും ഉണ്ടെന്ന് നിരന്തരം വിളിച്ചു പറയുന്ന മലയാളികള്‍ക്ക്?

ഇതൊരു സീതാലക്ഷ്മിയുടെ മാത്രം അനുഭവം മാത്രമല്ല എന്ന് നിരന്തരമായി വാര്‍ത്തകളില്‍ നിറയുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷന്മാരെക്കാള്‍ നമ്മുടെ സമൂഹത്തില്‍ മോറല്‍ പോലീസിങ്ങിന് ഇരയാവുന്നത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ വനിതാ ഹോസ്റ്റലുകളിലെ സമയക്രമത്തില്‍ പോലും ഇത്തരമൊരു സാദാചാരപോലീസ് സ്വഭാവം നിറയുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരെപ്പൊലെ ഒറ്റയ്ക്ക് ജീവിക്കാനും തൊഴിലുകള്‍ ചെയ്യാനും തുടങ്ങിയിട്ടും നമ്മുടെ സമൂഹത്തിന്റെ മനോഭാവം മാത്രം മാറിയിട്ടില്ല. ഇപ്പോഴും ജോലികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്താനും രാത്രി വൈകി എത്തുന്ന സ്ത്രീകളെ മോശം കണ്ണോടെ കാണാനും സമൂഹത്തിന് മടിയൊന്നുമില്ല എന്ന് തന്നെ കരുതണം. അത് തങ്ങളുടെ അവകാശമോ സ്ത്രീകളോട് ഞങ്ങള്‍ കാണിക്കുന്ന കരുതലോ അധികാരമോ ആണെന്ന് മട്ടിലാണ് സമൂഹത്തിന്റെ വാദങ്ങളും.

Tresa
ട്രീസ ജോസ്ഫിന്‍

ചവറ കെഎംഎംഎല്ലില്‍ സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാവില്ല എന്ന് വ്യവസ്ഥയെ ചോദ്യം ചെയ്ത് പരാതി നല്‍കി അനുകൂലമായ കോടതി വിധി നേടിയ ട്രീസ ജോസ്ഫിന്‍ എന്ന ഇരുപത്തഞ്ചുകാരിയുണ്ട് നമ്മുടെ മുന്നില്‍. രാത്രി ഷിഫ്റ്റില്‍ സ്ത്രീ ജീവനക്കാരെ പറ്റില്ല എന്നായിരുന്നു കമ്പനിയുടെ മനോഭാവം. എന്നാല്‍ രാത്രി ജോലികളെന്താ പെണ്ണിന് പറ്റില്ലേ എന്നാണ് ട്രീസക്ക് ചോദിക്കാനുണ്ടായിരുന്നത്. അതേ നാട്ടില്‍ തന്നെയാണ് രാത്രി ജോലി കഴിഞ്ഞെത്തിയ സീതാലക്ഷ്മിയെ സ്വന്തം വീടിന് മുന്നില്‍ പൂട്ടിയിട്ട് റസിഡന്‍സ് അസോസിയേഷന്‍ ഗുണ്ടായിസവും അരങ്ങേറിയത്.

'സ്ത്രീ എന്ന പേരില്‍ രണ്ടാമത്തെ തവണയാണ് ഞാന്‍ വിവേചനം അനുഭവിച്ചത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. അതും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന്. പുരുഷന്മാര്‍ക്ക് മാത്രമേ ആ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പറ്റൂ എന്നായിരുന്നു അവരുടെ വ്യവസ്ഥ. അതും സ്ത്രീസ്വാതന്ത്യമൊക്കെ പറയുന്ന് ഇങ്ങനെയൊരു കാലത്ത്. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്. ഏത് അറ്റം വരെയും പോകും എന്നായിരുന്നു തീരുമാനം. ഒരു സേഫ്റ്റി ഓഫീസര്‍ എന്ന നിലയില്‍ പെണ്ണായാലും ആണായാലും ജോലിയില്‍ മാറ്റമൊന്നുമില്ല. എന്റെ ജോലി എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പുരുഷന്‍മാര്‍ക്ക് നല്‍കുന്ന അതേ സൗകര്യങ്ങള്‍ സത്രീകള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് മാത്രം.' ട്രീസ തന്റെ പോരാട്ടത്തെ പറ്റി പറഞ്ഞു. വൃത്തിയുള്ള ശൗചാലയമോ യൂണിഫോം മാറാന്‍ ഒരു മുറിയോ നല്‍കാതെ സ്ത്രീകളെ നിയമിച്ച് അവര്‍ ഈ പണിക്ക് പറ്റില്ലെന്ന് വരുത്തിത്തീര്‍ക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോഴും ഉള്ള ഒരു നാട്ടില്‍ നിന്നാണ് ട്രീസയെപ്പോലുള്ളവരുടെ പോരാട്ടമെന്ന് ഓര്‍ക്കണം.

ശരിയായ കാര്യത്തിന് വേണ്ടിയാണ് നമ്മള്‍ പൊരുതുന്നതെങ്കില്‍ നാളെ സമൂഹം അത് അംഗീകരിക്കുമെന്ന വിശ്വാസത്തിലാണ് ട്രീസ. സമൂഹം ഇനിയും മാറാനുണ്ട്, മാറ്റങ്ങള്‍ വരുമെന്നാണ് ട്രീസയടക്കമുള്ളവരുടെ പ്രതീക്ഷ. അത്തരം സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ വീണ്ടും അരങ്ങേറുന്നു എന്നതാണ് സീതാലക്ഷ്മിയുടെ അനുഭവത്തിലൂടെ വീണ്ടും മുന്നിലെത്തുന്നത്.

seetha lakshmi
സീതാലക്ഷ്മി

'എന്നെ പുറത്ത് വഴിയില്‍ നിര്‍ത്തിയതല്ല എനിക്ക് വിഷമമായത്. എന്റെ അമ്മയെ ആ രാത്രി അങ്ങനെ നിര്‍ത്തിയതിലാണ്. പിന്നെ എന്റെ മകള്‍. ഏഴ് വയസ്സാണ് അവള്‍ക്ക്. വളര്‍ന്നു വരികയാണ്. നമ്മുടെ സമൂഹം എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞു വരുന്ന പ്രായമാണ്. സ്വന്തം അമ്മ ഇങ്ങനെ പുറത്തു നില്‍ക്കുമ്പോള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ സംഭവം അവള്‍ക്ക് വലിയ ഷോക്കായി. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ഞങ്ങളെ കാണാതെ ഭയന്ന് കരയുന്ന അവസ്ഥവരെ എത്തി കാര്യങ്ങള്‍. ആ ഒരു അവസ്ഥ ഇനി ആര്‍ക്കും വരരുത് എന്ന് കരുതി തന്നെയാണ് ഞാന്‍ പ്രതികരിച്ചതും.' തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പറ്റി സീതാലക്ഷ്മി പറയുന്നത് ഇങ്ങനെ.
'
'നമ്മള്‍ പേടിച്ചിരുന്നാലാണ് ആളുകള്‍ വീണ്ടും ഉപദ്രവിക്കാന്‍ എത്തുക. അവര്‍ ഹരം കണ്ടെത്തുക. സിനിമാ മേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ പേടിയെ ഞാന്‍ വീട്ടില്‍ വച്ച് പൂട്ടിയിരുന്നു. അവിടെ പ്രശ്‌നമുണ്ടാക്കിയവര്‍ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഞാന്‍ ആ വീട് എടുക്കുമ്പോള്‍ സിനിമാക്കാര്‍ക്ക് വീട് നല്‍കില്ല എന്നൊരു സംസാരം ഒളിഞ്ഞും തെളിഞ്ഞും കേട്ടിരുന്നു. എല്ലാ ജോലിയും പോലെ എല്ലാവരെയും പോലെ അന്തസായി ചെയ്യുന്ന ജോലിയാണ് ഇതും.' പിന്നെ എന്താണ് പ്രശ്‌നമെന്നാണ് സീതാലക്ഷ്മി സമൂഹത്തോട് ചോദിക്കുന്നത്. 'ബാങ്കു ഉദ്യോഗസ്ഥരും അധ്യാപകരും മാത്രം പോരല്ലോ സമൂഹത്തില്‍, ഞങ്ങളെപ്പോലുള്ളവരും വേണ്ടേ. ഇത് മാത്രമല്ല സിംഗിള്‍ പേരന്റായി ജീവിക്കുന്നതിന്റെ പ്രശ്‌നവും ഇതിന് പിന്നിലുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീ ഒരു പുരുഷനോടൊപ്പം വന്നാല്‍ അതാരാണ് എന്ന് ചോദ്യം ചെയ്യുക, അത് സ്വന്തം സഹോദരനാണെങ്കിലും. ഒരു സ്ത്രീ വിവാഹമോചിതയായോ ഒറ്റയ്‌ക്കോ ജീവിച്ചാല്‍ ചുറ്റുമുള്ള എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ കയറി ഇടപെടാന്‍ അനുവാദമുണ്ടെന്ന് കരുതുന്ന സമൂഹമാണ് പ്രശ്‌നം. ഡിവോഴ്‌സായ പുരുഷനേപ്പോലെ തന്നെയാണ് സ്ത്രീകളും. പുരുഷന്മാരുടെ ജീവിതത്തില്‍ ഇങ്ങനെ ആരും ഇടപെടുന്നില്ലല്ലോ. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാന്‍ ആരുടെയും അനുവാദം വേണ്ട എന്ന് നിയമമുള്ള നാട്ടിലാണ് ഒരു സഹോദരന്റെയും സഹോദരിയുടെയും ബന്ധം ചോദ്യം ചെയ്യപ്പെടുന്നതെന്ന് ഓര്‍ക്കണം. കുറച്ചു കൂടി പുരോഗമന ചിന്താഗതിയുള്ള ആളുകള്‍ ജീവിക്കുന്ന കൊച്ചിപോലൊരു നാട്ടില്‍ എന്തിനാണ് ഇപ്പോഴും സമൂഹം ഇങ്ങനെ പെരുമാറുന്നത്. വിവാഹമോചിതയാണെങ്കില്‍ തന്നിഷ്ടക്കാരിയാണ്, അഹങ്കാരിയാണ്.. എന്തിനാണ് ഈ ലേബലുകള്‍. വിവാഹം പരസ്യമാണെങ്കില്‍ വിവാഹമോചനവും പരസ്യമാണ്. ഞാന്‍ പറയുന്നത് സ്ത്രീവാദമൊന്നുമല്ല, എന്നാല്‍ എനിക്ക് ഞാനായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. തലകുനിക്കാതെ അധ്വാനിച്ച് അന്തസ്സായി. ഇതുപോലെ അനുഭവമുണ്ടായ ഒരുപാട് സ്ത്രീകള്‍ക്ക് വേണ്ടിയാണ് തന്റെ പ്രതികരണമെന്ന് സീതാലക്ഷ്മി.

chithira kusuman
ചിത്തിര കുസുമന്‍

'മെട്രോ നഗരം എന്ന് പേരു മാത്രമേയുള്ളു കൊച്ചിക്ക്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ അതിപ്പോഴും നൂറ്റാണ്ടുകള്‍ക്ക് പിറകിലാണെന്നാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ ഏറ്റവും വികസിതമെന്ന് പേരുകേട്ട പനമ്പിള്ളി നഗറില്‍ ഒരു സിനിമാപ്രവര്‍ത്തക്ക്ക് ഉണ്ടായ അനുഭവം തെളിയിക്കുന്നതെന്ന്' എഴുത്തുകാരിയായ ചിത്തിര കുസുമന്‍ പറയുന്നു. 'ഇത് കൊച്ചിയില്‍ മാത്രമുള്ളതോ തീരെ ഒറ്റപ്പെട്ടതോ ആയ അനുഭവമല്ല. രാത്രിയില്‍ ജോലിസംബന്ധമായോ അല്ലാതെയോ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള സദാചാരപോലീസിങ് ഇതാദ്യമായല്ല നമ്മള്‍ കേള്‍ക്കുന്നത്. തൊഴില്‍ സമത്വത്തെക്കുറിച്ച്, സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സംസാരിക്കേണ്ടിവരുന്നതു തന്നെ സമൂഹം എന്ന നിലയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. ലോകം ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ച് ഏറെ മുന്നേറുമ്പോഴും പെണ്ണിന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് തയ്യാറാകുന്നതില്‍ നിന്ന് ഒരടി മുന്‍പോട്ടില്ല ഇവിടത്തെ പുരുഷന്മാര്‍. രാത്രിയും പകലും എന്ന് സമയബന്ധിതമായല്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനും മനഃസമാധാനത്തോടെ അന്തസ്സായി ജീവിക്കാനുമുള്ള അവകാശം ലൈംഗികതയില്‍ അധിഷ്ഠിതമായല്ല തീരുമാനിക്കപ്പെടുന്നത്, അത് ഓരോ പൗരനും ഭരണഘടന തരുന്ന ഉറപ്പാണ്.' അത് ലംഘിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നത് മാത്രമാണ് പോംവഴിയെന്നും ചിത്തിര.

J sandhya
അഡ്വ. ജെ. സന്ധ്യ

എന്നാല്‍ നമ്മുടെ നാട്ടിലെ നിയമങ്ങളോ ശിക്ഷാനടപടികളോ ഇല്ലാത്തതല്ല ഇതിനെല്ലാം പിന്നിലെന്നാണ് അഭിഭാഷകയായ അഡ്വ. ജെ. സന്ധ്യയുടെ അഭിപ്രായം. 'ആളുകളുടെ മനോഭാവമാണ് മാറേണ്ടത്. മറ്റൊന്നുള്ളത് ഇത്തരം കേസുകള്‍ പെട്ടെന്ന് നടപടികള്‍ എടുത്ത് തീര്‍പ്പാക്കണം. സാധാരണ നമ്മുടെ നാട്ടില്‍ ഇത്തരം കേസുകള്‍ തീരാന്‍ കാലങ്ങളെടുക്കുന്നത് കാണാം. പരാതി നല്‍കുന്നവരുടെ പ്രതീക്ഷ നഷ്ടപ്പെടുക മാത്രമല്ല ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് കുറ്റക്കാരില്‍ തോന്നിക്കാനും ഈ ഇഴച്ചില്‍ കാരണമാകാറുണ്ട്. അത് പാടില്ല. ചൂടോടെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം. അവരത് തുറന്ന് പറയാന്‍ കാണിച്ച ധൈര്യമാണ് വലുത്. ഇരയെ തന്നെ പ്രതിയാക്കുന്ന സമൂഹത്തിന്റെ ശീലം ഇക്കാര്യത്തില്‍ ഉണ്ടാവരുത്.' അങ്ങനെ സ്ത്രീകള്‍ തുറന്നെതിര്‍ക്കാന്‍ തുടങ്ങുന്നു എന്നത് വലിയ പ്രതീക്ഷയാണെന്നും സന്ധ്യ.

സ്വന്തം വീട്ടില്‍ വൈകി വരാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം എന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ ജെ. ദേവികയുടെ ചോദ്യം. 'ഞങ്ങളുടെ ഫ്‌ളാറ്റില്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിരുന്നു. കുറച്ച് പെണ്‍കുട്ടികള്‍

j devika
ജെ. ദേവിക

രാത്രിയില്‍ ജോലിക്കു പോകുന്നതായിരുന്നു പ്രശ്‌നം. അവര്‍ രാത്രിയില്‍ ജോലിക്കു പോകുന്നു, മോഡേണായി വസ്ത്രം ധരിക്കുന്നു ഇതൊക്കെ സംശയത്തോടെ കാണുന്ന നിരവധിയാളുകള്‍ ഉണ്ടായിരുന്നു അവിടെ. മാത്രമല്ല നാലുപേരുടെ ഫ്‌ളാറ്റില്‍ എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ താമിസിച്ചതോടെ റസിഡന്‍സ് അസോസിയേഷനുമായി ഇവര്‍ ശത്രുതയിലുമായി. അങ്ങനെയുള്ള ശത്രുത തീര്‍ക്കാനുള്ള മാര്‍ഗമായി മോറല്‍ പോലീസിങ് ഇവിടെ മാറുകയായിരുന്നു. പെണ്‍കുട്ടികളുടെ സൈഡിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ മോറല്‍ പോലീസിങ്ങിലേക്ക് എത്തുന്നത് മോശമായ കാര്യമാണ്. ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കുട്ടികളാണ്. അവര്‍ ഒന്ന് ശ്വാസം വിടുന്നത് ആഴ്ച അവസാനമായിരിക്കും. അതിന്റെ ആഘോഷങ്ങളില്‍ ആവും അവര്‍, അതേസമയം അടുത്ത ഫ്‌ളാറ്റില്‍ രാത്രി ഉറക്കമില്ലാത്ത പ്രായമായ ആളുകളൊക്കെ ഉണ്ടാവും. ഈ കുട്ടികളുടെ ആഘോഷം അവര്‍ക്ക് തലവേദനയാവും. പ്രശ്‌നങ്ങളാവും. ഇതായിരുന്നു ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് സംഭവിച്ചത്. മോറല്‍ പോലീസിങ്ങിന്റെ ഭാഷ ഉപയോഗിക്കാതെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആരും ശ്രമിക്കാറില്ല.' സ്ത്രീകളായതുകൊണ്ട് അവരെ ഇങ്ങനെയങ്ങ് ഒതുക്കാം എന്നൊരു മനോഭാവം സമൂഹത്തിനുണ്ടെന്നും ജെ. ദേവിക പറയുന്നു.

manasi
മാനസി പി.കെ

തന്റെ മുസ്ലീം ഐഡന്റിറ്റി മൂലം വീട് തന്നെ ലഭിക്കാതിരുന്ന അനുഭവമാണ് എഴുത്തുകാരിയായ മാനസി പി.കെയ്ക്ക് പറയാനുണ്ടായിരുന്നു. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീ എന്നത് മാത്രമല്ല ജാതിയും മതവും വരെ സദാചാരക്കാരുടെ കണ്ണിലെ കരടുകളാണെന്ന് തെളിയിക്കുന്നതാണ് മാനസിയുടെ അനുഭവം. 'ഞാന്‍, എന്റെ ഉമ്മ, എന്റെ മകന്‍, എന്റെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് വീട് അന്വേഷിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് സംഭവം. കോഴിക്കോടായിരുന്നു. വീടെല്ലാം കണ്ട് ഇഷ്ടപ്പെട്ട്, താമസിച്ചിരുന്ന പഴയ വീട് ഒഴിയാന്‍ തീരുമാനിച്ചു. എന്നാല്‍ എഗ്രിമെന്റ് എഴുതാനായി എത്തി എന്റെ ഐഡിപ്രൂഫ് കണ്ടപ്പോഴാണ് ഞാന്‍ മുസ്ലീമാണ് എന്നകാര്യം അവര്‍ക്ക് മനസ്സിലായത്. അതോടെ വേറെ ആര്‍ക്ക് വേണമെങ്കിലും വീട് നല്‍കാം മുസ്ലീം ആളുകള്‍ക്ക് വീട് നല്‍കില്ല എന്നായി അവര്‍. എന്റെ സംസാരത്തില്‍ നിന്ന് ഞാന്‍ മുസ്ലീമാണെന്ന് തോന്നുന്നില്ല എന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ വിഷമം പോലും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. അന്ധമായ മതവിദ്വേഷമായിരുന്നു അവരുടെ പ്രശ്‌നം. ഞാന്‍ തര്‍ക്കിക്കാന്‍ ഒന്നും നിന്നില്ല. പക്ഷേ ആ അനുഭവം ഞെട്ടിക്കുന്ന ഒന്നായിരുന്നു. സീതാലക്ഷ്മിയുടെ അനുഭവം കേട്ടപ്പോള്‍ വലിയ പേടിയാണ് തോന്നിയത്. നാളെ ഞാനും ഇങ്ങനെയൊന്നു നേരിടേണ്ടി വരില്ല എന്ന് എന്താണ് ഉറപ്പ്?ഞാനും ജോലികള്‍ക്കായി ഇങ്ങനെ യാത്രകള്‍ ചെയ്യുമ്പോള്‍ രാത്രിയും പകലുമില്ലാതെ വീട്ടിലെത്തേണ്ടി വരുമ്പോള്‍ വലിയ ഭയമുണ്ട്. ഇരുട്ടിനെ പേടിയായിട്ടല്ല ആളുകളെ പേടിച്ചിട്ടാണ് അതെന്നാണ് മാനസിയുടെ ഉത്തരം. പുരുഷന്മാര്‍ക്കില്ലാത്ത എന്ത് സദാചാരനിയമങ്ങളാണ് സ്ത്രീകള്‍ക്കുള്ളതെന്നും മാനസി ചോദിക്കുന്നു.

somy
സോമി സോളമന്‍

'പ്രബുദ്ധ' പുരോഗമന കേരളത്തില്‍ 'രാത്രി' സഞ്ചരിക്കുന്ന 'രാത്രി' കൂട്ടുകാരോടൊപ്പം പുറത്തുപോകുന്ന, രാത്രി സമയം ഒറ്റയ്ക്ക് പുറത്ത് ചിലവഴിക്കുന്ന സ്ത്രീകള്‍ 2021 ലും പ്രശ്‌നക്കാരാണ്. പല തട്ടിലുള്ള അനുവാദങ്ങള്‍ക്കും ബോധ്യപ്പെടുത്തലുകള്‍ക്കും ശേഷം മാത്രമാണ് പലര്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളു.' സാമൂഹ്യപ്രവര്‍ത്തകയും ലോക കേരള സഭ അംഗവുമായ സോമി സോളമന്‍ പറയുന്നത് ഇങ്ങനെ. ആ സ്ത്രീകളിലും 'പ്രിവിലേജ്ഡ്' എന്നൊരു വിഭാഗമുണ്ട്. അവിവാഹിയാണെങ്കില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്ന, വിവാഹമോചിതയല്ലാത്ത, സിംഗിള്‍ മദര്‍ ലേബലില്ലാത്ത, കുലസ്ത്രീകളായ, രാത്രി എട്ട് മണിക്കു മുമ്പ് വീടെത്തുന്ന, പുരുഷ സുഹൃത്തുക്കളില്ലാത്ത, മോഡേണാവാത്ത.. അങ്ങനെ നീണ്ടയൊരു ലിസ്റ്റുണ്ട് സ്ത്രീകള്‍ക്ക് മുന്നില്‍. അങ്ങനെയല്ലാത്തവര്‍ 'വ്യക്തിഹത്യ, ആള്‍ക്കൂട്ട വിചാരണയൊക്കെ നേരിടേണ്ടി വരും. വീട്ടിനകതും പുറത്തും വിചാരണകളും വിലക്കുകളും മുന്‍വിധി മൂലമുളള പ്രശ്‌നങ്ങളെയും അതിജീവിച്ചാണ് കേരളത്തിലെ ഓരോ സ്ത്രീയും മുമ്പോട്ടു പോകുന്നതെന്നും സോമി കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: Moral policing God's own country Kerala has an ugly face

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented