അഴുകിയ ജഡംതൊടുമ്പോൾ അറപ്പല്ല അലിവാണ്, മൊയ്തുവിന്റെ പരേതർക്കായുള്ള ജീവിതം


ഇ.ടി.പ്രകാശ്

3 min read
Read later
Print
Share

പി.പി.മൊയ്തു

അഴുകിയ ജഡംതൊടുമ്പോൾ മൊയ്തുവിന് അറപ്പല്ല അലിവാണ് തോന്നുന്നത്. ചിലത് ജീവൻവിട്ടുപോയ തൊട്ടടുത്ത സമയമായിരിക്കും. മറ്റുചിലതിന് മരണത്തിന്റെ തണുപ്പുപിടിച്ചിട്ടുണ്ടാകും. ചില ജഡങ്ങളുടെ സമീപത്തൊന്നും നിൽക്കാൻസാധിക്കാത്ത ദുർഗന്ധമാണ്. മൊയ്തു തൊട്ട പലജഡങ്ങളിലും തത്തിക്കളിക്കുന്ന പുഴുക്കളായിരുന്നു. അതൊന്നും കാര്യമാക്കാറില്ല, കാരണം ഇത് മൊയ്തുവിന്റെ നിസ്സ്വാർഥമായ ജീവിതദൗത്യമാണ്. ജീവിതവും മരണവും ഒരു പാഴിലയുടെ പച്ചയുംവാട്ടവുമാണ്. അതിനാൽ മൊയ്തുവും ഈ ആയുസ്സിലാകാവുന്ന നന്മ ചെയ്യുന്നുവെന്നുമാത്രം.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ് അറുപത്തൊന്നുകാരനായ പറമ്പത്തുകണ്ടി പൊയിൽ മൊയ്തു. 20 ദിവസത്തേക്ക് മസ്‌കറ്റിലുള്ള മകളുടെ വീട്ടിലെത്തിയതാണ്. ഞായറാഴ്ച വെളുപ്പിന് മൊയ്തു നാട്ടിലേക്ക് തിരിച്ചുപോകും. കാരണം ഏതുസമയത്തും തലശ്ശേരിഭാഗത്തുനിന്നും മൊയ്തുവിനെത്തേടി ‘മരണവിളി’യെത്തും. ശവമെടുക്കാനും അടയ്ക്കാനുമെല്ലാം മൊയ്തുതന്നെവേണം. പോലീസിൽനിന്നും ആശുപത്രി മോർച്ചറിയിൽനിന്നെല്ലാം ഏതുസമയത്തും മൊയ്തു വിളി പ്രതീക്ഷിക്കും. അല്ലെങ്കിൽ തലശ്ശേരി ആശുപത്രിപരിസരത്ത് മൊയ്തു ഉണ്ടാകും.

ഒരുമണിക്കൂർ പഴക്കമുള്ള മരണംതൊട്ട് അഞ്ചും പത്തും ദിവസം വൈകിയ ദുർഗന്ധംപടർന്ന മരണംവരെ വാരിയെടുത്തിട്ടുണ്ട് പി.പി. മൊയ്തു. ജീവിതവും മരണവും എത്ര വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ‘ഇന്നലെ ഈ വഴിയേ അമർത്തി ചവിട്ടിനടന്നുപോയ ഒരാൾ ഇന്നിതാ നിശ്ചലനായി കിടക്കുന്നു’. ജീവിതത്തിൽനിന്ന് മരണത്തിലേക്ക് ഹ്രസ്വമായ അകലംമാത്രമാണെന്നും 40 വർഷത്തെ ‘ശവമെടുപ്പ്’ അനുഭവങ്ങളിൽനിന്ന് മൊയ്തു തിരിച്ചറിഞ്ഞിട്ടുണ്ട്.

40 വർഷം, ആറായിരത്തോളം ജീവിതങ്ങൾ

ഇരുപതാമത്തെ വയസ്സിൽ തുടങ്ങിയതാണ് മൊയ്തുവിന്റെ പരേതർക്കുള്ള വ്യത്യസ്തമായ ജീവിതം. നീണ്ട 40 വർഷത്തിനിടയിൽ ആറായിരത്തോളം ശവങ്ങൾ മൊയ്തുവിന്റെ കൈയാലെകടന്നുപോയി. 2010-15 കാലത്ത് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു മൊയ്തു. തലശ്ശേരിഭാഗത്ത് അപകടമരണങ്ങൾ, ആത്മഹത്യ, ദുരൂഹമരണം എന്നിവയെല്ലാം സംഭവിച്ചാൽ പോലീസ് ആദ്യം അന്വേഷിക്കുന്നത് മൊയ്തുവിനെയാണ്. മൊയ്തു എത്തിയിട്ടുവേണം ചീഞ്ഞളിഞ്ഞ ജഡമായാലും പോലീസിന്റെ നിർദേശത്തിൽ നീക്കംചെയ്യാൻ. തീവണ്ടിതട്ടി ചിന്നമായ ശവങ്ങളും എടുത്തുപെറുക്കി പോളിത്തീൻ കവറിലാക്കി അനന്തരനടപടികൾക്കായി മൊയ്തു കൊണ്ടുപോയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞാൽ പോലീസ് ഇൻക്വസ്റ്റ് നടപടികളാണ്. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഫൊറൻസിക് വിഭാഗത്തിലേക്ക് നീക്കുന്നതും പോലീസിനൊപ്പം മൊയ്തുതന്നെ. തിരിച്ചറിയാത്ത ശവശരീരങ്ങൾ ഒട്ടേറെ കണ്ടെത്തിയിട്ടുണ്ട്. മിക്കതും മുഖംകണ്ടാൽ മനസ്സിലാകാത്തവിധത്തിൽ ചീഞ്ഞഴുകിയിട്ടുണ്ടാവും. അനാഥമായ അത്തരം ശവങ്ങളും കുഴിച്ചുമൂടുന്നതും മൊയ്തുതന്നെയാണ്. 10 ദിവസത്തോളം ഉറ്റവരെയോ ബന്ധുക്കളെയോ കാത്ത് മോർച്ചറിയിൽ തിരിച്ചറിയാത്ത ശവങ്ങൾ സൂക്ഷിക്കും. അതിനുശേഷമാണ് ആശുപത്രിയും നഗരസഭയും പോലീസുമെല്ലാം ചേർന്ന് അനന്തരനടപടികളിലേക്ക് നീങ്ങുന്നത്. അത്തരം ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം തലശ്ശേരി നഗരസഭയുടെ ശ്മശാനത്തിൽ കുഴിച്ചിടും. എന്നെങ്കിലും നിയമനടപടികൾക്കോ ബന്ധുക്കൾക്ക് തിരിച്ചേൽപ്പിക്കാനോ ആണ് കത്തിക്കാതെ കുഴിച്ചിടുന്നതെന്ന് മൊയ്തു പറഞ്ഞു. തലശ്ശേരിയിൽ മാത്രമല്ല, പരിയാരം മെഡിക്കൽകോളേജിലും ശവമെടുക്കാൻ മൊയ്തുവിന്റെ സേവനം ആവശ്യപ്പെടാറുണ്ട്. പോലീസ് എത്തിയാൽ മാത്രമേ മോർച്ചറികളിൽനിന്നും ജഡം പുറത്തെടുക്കാവൂയെന്നാണ് നിയമം. പിന്നീട് പോലീസിനെ സഹായിക്കുകയാണ് മൊയ്തുവിന്റെ ‘കൂലിയില്ലാ ജോലി’. തലശ്ശേരി ഭാഗങ്ങളിൽ അപകടമരണങ്ങൾ സംഭവിക്കുമ്പോൾ പോലീസ് ആദ്യമെത്താൻ ആവശ്യപ്പെടുന്നത് ആംബുലൻസും മൊയ്തുവിനോടുമാണ്. വളരെ പ്രയാസത്തോടെ ജഡങ്ങൾ വാരിയെടുത്തിട്ടുണ്ടെന്നും മൊയ്തു ഓർമിച്ചു.

മുമ്പ് മംഗളൂരുവിൽനിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുചെറുപ്പക്കാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. കൊലയ്ക്കുശേഷം ജഡങ്ങൾ കാസർകോടുള്ള ഗ്രാമപ്രദേശത്ത് പ്രതികൾ കുഴിച്ചിട്ടു. സംഭവമന്വേഷിക്കുന്ന മംഗളൂരു പോലീസ് തലശ്ശേരി പോലീസുമായി ബന്ധപ്പെട്ടു. അന്ന് തലശ്ശേരി പോലീസിനൊപ്പം സഹായിയായി മംഗളൂരുവിലെത്തിയത് മൊയ്തു ആയിരുന്നു. അഞ്ചുദിവസം പഴക്കമുള്ള രണ്ടുയുവാക്കളുടെ ജഡങ്ങൾ പുറത്തെടുക്കുമ്പോൾ വല്ലാത്ത മാനസികാവസ്ഥയായിരുന്നെന്ന് മൊയ്തു പറഞ്ഞു.

പിന്നീട് ഇത്തരംകാര്യങ്ങൾ ചിന്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് പതിവ്. തൂങ്ങിമരിച്ച് ദിവസങ്ങൾക്കുശേഷം ജഡം താഴെയിറക്കുമ്പോൾ മനസ്സിൽ വേവലാതി തോന്നിയിട്ടുണ്ടെന്ന് മൊയ്തു പറഞ്ഞു. ജീവിതനിയോഗമായി ഓരോന്നിങ്ങനെ ചെയ്യുന്നുവെന്നുമാത്രം. മുലപ്പാൽ തൊണ്ടയിൽകുടുങ്ങി മരിച്ച കൊച്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും മറ്റും നീക്കുമ്പോഴും മനസ്സ് പിടഞ്ഞുപോയിട്ടുണ്ട്. അടുത്തിടെ വെള്ളത്തിൽ മുങ്ങിമരിച്ച ഒരു ജഡം കുഴിയിൽ അടിഞ്ഞുകിടക്കുകയിരുന്നു. കുഴിയിൽനിന്ന് പുറത്തെടുക്കുമ്പോൾ മൊയ്തുവിന്റെ കൈകാലുകൾക്കുപോലും വിറയൽ അനുഭവപ്പെട്ടു.

മൊയ്തുവിന്റെ വീടിനടുത്ത് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് 17-ലേറെ ജീവനുകൾ പൊലിഞ്ഞപ്പോഴാണ് ആദ്യമായി ഈ രംഗത്ത് പ്രവർത്തനം തുടങ്ങിയത്. വെടിക്കെട്ട് ശബ്ദത്തിൽ ചിതറിയോടിയ ആളുകൾ സമീപത്തെ റെയിൽവേ ട്രാക്കിലെത്തിയപ്പോൾ ഇന്റർസിറ്റി പാഞ്ഞുകയറിയാണ് അന്ന് 17 പേർ മരിച്ചത്. അക്കാലത്ത് കൂടെയുണ്ടായിരുന്ന സാമൂഹികപ്രവർത്തകൻ ശേഖരന്റെ പ്രചോദനമാണ് മൊയ്തു ജഡങ്ങൾ നീക്കംചെയ്യാനിറങ്ങിയത്. ശേഖരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ നന്മയുടെ പാതയിലൂടെയാണ് മൊയ്തുവും യാത്രതുടരുന്നത്. കോവിഡിൽ ദിവസം ചുരുങ്ങിയത് രണ്ടുജഡങ്ങളെങ്കിലും മൊയ്തുവിന്റെ മുന്നിലെത്തും. മരണം അത്രയും നിസ്സാരമാണെന്നുപോലും തോന്നിപ്പോയകാലമാണത്. പി.പി.ഇ. കിറ്റ് ധരിച്ച് എത്രയോ കോവിഡ് രോഗംബാധിച്ച് മരിച്ചവരുടെ മരണാനന്തരകർമങ്ങൾ മൊയ്തു പൂർത്തിയാക്കിയിരിക്കുന്നു.

35 വർഷത്തോളം ടെക്‌സ്‌റ്റൈലിൽ ജീവനക്കാരനായിരുന്നു മൊയ്തു. തലശ്ശേരിയിലെ ആശുപത്രികളുടെ പരിസരത്തായിരുന്നു മൊയ്തു ജോലിചെയ്ത സ്ഥാപനങ്ങളും. അങ്ങനെയാണ് ഇത്തരം കനിവുള്ള പ്രവർത്തനങ്ങൾക്കും വഴിതുറന്നത്. തലശ്ശേരി സർക്കാർ ആശുപത്രിയിലാണ് മൊയ്തുവിന്റെ ‘സ്ഥിരവാസം’.

ആദരവുകളേറെനേടി

സാമൂഹികപ്രവർത്തനങ്ങൾക്ക് മൊയ്തുവിനെ കണ്ണൂർ ജില്ലാ കളക്ടർ, ധർമടം പോലീസ്, ഒട്ടേറെ സംഘടനകൾ എന്നിവരെല്ലാം ആദരിച്ചിട്ടുണ്ട്. മൊയ്തുവിന്റെ ചെറിയ വീടുനിറയെ അംഗീകാരങ്ങളാണ്. എന്നാൽ, അംഗീകാരങ്ങൾക്കപ്പുറത്താണ് ഈ മനുഷ്യന് തന്റെ വേറിട്ട ജീവിതം. ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ഏതാനും സാമൂഹികസംഘടനകളും മുമ്പ് മൊയ്തുവിനെ ആദരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതുകാരണം മൊയ്തുവിന്റെ ഒരു കൈക്ക് സ്വാധീനവും കുറഞ്ഞിട്ടുണ്ട്. എങ്കിലും ആകാവുന്നകാലത്തോളം ജീവിക്കുന്നവർക്കു മാത്രമല്ല മരിച്ചവർക്കും സഹായവുമായി മൊയ്തുവുണ്ടാകും.

Content Highlights: moithu does funerals for abandoned bodies, inspiring stories

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


Maleesha Kharwa

ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് അഞ്ചു വയസുകാരി കണ്ട സ്വപ്‌നം;ആഡംബര ബ്രാന്‍ഡിന്റെ മുഖമായി മാറിയ മലീഷ

May 22, 2023


krishna priya
Premium

ഹോളിവുഡ് താരം അരിയാനയുടെ ഗൗണ്‍ വരെ തയ്‌ച്ചെടുത്ത കൃഷ്ണപ്രിയ; ഷീറ്റിട്ട വീട്ടിലെ ഫാഷന്‍ലോകം

Sep 23, 2023


Most Commented