മൊയ്തീൻ കോയ ഗുരുക്കൾ | Photo: Special Arrangement
ചടുല താളങ്ങളോടെ കൈയിലെ കോലുകള്‍ തലങ്ങും വിലങ്ങും കൂട്ടിമുട്ടിച്ച്, കോല്‍ അടവുകള്‍ വെട്ടി തടുത്ത് മുന്നേറുന്ന കോല്‍ക്കളിക്കാരനെ വേദിയില്‍ കാണുമ്പോള്‍ പടക്കളത്തിലൂടെ പൊടിപാറിച്ച് കുതിരപ്പുറത്ത് പായുന്ന പോരാളികളാണ് നമ്മുടെ മനസിലേക്കെത്തുക. നില്‍പ്പിലും ചുവടുവെപ്പിലും തോല്‍ക്കാന്‍ മനസില്ലാത്ത പോരാളികള്‍. എവിടേയും ഇടറിവീഴില്ല എന്ന ദൃഢനിശ്ചയമാണ് അവരുടെ കളിയെ മുന്നോട്ടുനയിക്കുന്നതും.
കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരിയുള്ള തെക്കേ പിലാത്തോട്ടത്തില്‍ മൊയ്തീന്‍ കോയ എന്ന 85-കാരന്‍ ആദ്യമായി കോല്‍ക്കളിയുടെ കോലുകള്‍ കൈയിലെടുത്തതും അങ്ങനെയാണ്. കുട്ടിക്കാലം മുതല്‍ കയ്പുനിറഞ്ഞ അനുഭവങ്ങള്‍ കുടിച്ചിറക്കി പരിചയമുള്ള മൊയ്തീന് കോല്‍ക്കളി എളുപ്പം വഴങ്ങി. 60 വര്‍ഷത്തോളം കേരളത്തിലൂടെ സഞ്ചരിച്ച് പല സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ കോല്‍ക്കളി പരിചയപ്പെടുത്തി, പഠിപ്പിച്ചു. ഏഴു കൊല്ലം ഉള്ള്യേരി പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിനെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാക്കി. രണ്ട് കൊല്ലം നന്മണ്ട സ്‌കൂളിനും ഒന്നാം സ്ഥാനം നേടിക്കൊടുത്തു.
ആറാം വയസ്സില്‍ അനാഥന്‍
കോഴിക്കോട് വെള്ളയിലെ ചേക്രീന്‍വളപ്പിലാണ് മൊയ്തീന്‍ കോയയുടെ ജനനം. നാലാംവയസില്‍ ഉമ്മയെ നഷ്ടപ്പെട്ടു. അനിയത്തിയെ പ്രസവിച്ചതിന് പിന്നാലെ ഉമ്മ മരിക്കുകയായിരുന്നു. അന്ന് ചികിത്സാ സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രസവത്തെ തുടര്‍ന്നുള്ള മരണമെല്ലാം സാധാരണയായിരുന്നു. പിന്നീട് ഉമ്മയുടെ ഉമ്മ (ഉമ്മാമ)യുടെ തണലിലാണ് കഴിഞ്ഞത്. സ്‌കൂളില്‍ വിട്ടിരുന്നതെല്ലാം ഉമ്മാമയായിരുന്നു. വെള്ളയില്‍ യുപി സ്‌കൂളില്‍ ചേര്‍ത്തിയതും ഉമ്മാമയാണ്. എന്നാല്‍ ആരും പഠിപ്പിക്കാന്‍ ഇല്ലാത്തതിനാലും പുസ്തകങ്ങളും സ്ലേറ്റും വാങ്ങാന്‍ പൈസ ഇല്ലാത്തതിനാലും ഒന്നാം ക്ലാസിലെ പഠനം എട്ടു വര്‍ഷത്തോളം നീണ്ടു. ആറാം വയസ്സില്‍ ഉപ്പയെ കൂടി നഷ്ടപ്പെട്ടു. ഇതോടെ സ്‌കൂളില്‍ പോകുന്നത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസമായി.
പിന്നീട് ഉപ്പയെ പോലെ തോണിയിലും ഓടത്തിലും കടലില്‍ പോകാന്‍ തുടങ്ങി. എങ്ങനെയെങ്കിലും പട്ടിണി മാറ്റാനുള്ള വഴി കണ്ടെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇടയ്ക്ക് കയറ് കമ്പനിയില്‍ കയറ് പിരിക്കാന്‍ പോകും. പാളയില്‍ ഉണക്കമീന്‍വെച്ച് നടന്ന് വില്‍ക്കും. അധികവും മുള്ളന്‍ മീനാണുണ്ടാകുക. ഒപ്പം ഉമ്മാമയും ഉണ്ടാകും. അന്ന് കിട്ടുന്ന തുച്ഛമായ പൈസയിലാണ് കഞ്ഞി കുടിച്ചുപോയത്. അരി ഇല്ലാത്തതിനാല്‍ അധികവും കപ്പയായിരിക്കും ഭക്ഷണം. ഇടയ്ക്ക് കഞ്ഞിവെള്ളം മാത്രം കുടിച്ച് വിശപ്പകറ്റിയിട്ടുണ്ട്. ഇതെല്ലാം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്തിന് മുമ്പ് നടന്ന സംഭവങ്ങളാണ്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മൊയ്തീന്‍ കോയക്ക് ഒമ്പത് വയസ്സാണ് പ്രായം.
കോല്‍ക്കളി ആദ്യമായി കണ്ടത് 16-ാം വയസ്സില്‍
മീന്‍ പിടിച്ചുവന്നതിന് ശേഷമുള്ള ഒരു വൈകുന്നേരം കടലോരത്ത് വെച്ചാണ് മൊയ്തീന്‍ ആദ്യമായി കോല്‍ക്കളി കാണുന്നത്. ശിഷ്യന്‍മാരുമായി വന്ന മമ്മദ് കോയ ഗുരുക്കളായിരുന്നു ആ സംഘത്തെ നയിച്ചിരുന്നത്. മൊയ്തീന്‍ കോല്‍ക്കളി കൗതുകപൂര്‍വ്വം നോക്കുന്നത് കണ്ട് 'കൂടെക്കൂടുന്നോ' എന്ന് മമ്മദ് കോയ ഗുരുക്കള്‍ ചോദിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കൂടെക്കൂട്ടി. പാട്ട് മനസിലാക്കാന്‍ വേണ്ടി ആദ്യം അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും എഴുതാനുമാണ് പഠിച്ചത്. കളിയുടെ താളവും പാട്ടിന്റെ ഈണവും മമ്മദ് കോയ ഗുരുക്കള്‍ പഠിപ്പിച്ചു. വളരെപെട്ടെന്ന് തന്നെ മൊയ്തീന്‍ പാട്ടുകള്‍ പഠിച്ചെടുത്തു. അന്ന് തൊട്ട് പാട്ടുകളോട് അതിരില്ലാത്ത സ്‌നേഹമായി.
പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി ഇബ്രാഹിം ഗുരുക്കളുടെ കീഴില്‍ കോല്‍ക്കളി അഭ്യസിച്ചു. തഴക്കവും വഴക്കവും വന്നതോടെ കല്ല്യാണ വീടുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കുംപോയി. കലോത്സവങ്ങളില്‍ കോല്‍ക്കളി എത്തിയതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗുരുവായി മാറി. വെള്ളയില്‍ യുപി സ്‌കൂള്‍, പന്നിയങ്കര യുപി സ്‌കൂള്‍, കല്ലായി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ 35 വര്‍ഷത്തോളം കോല്‍ക്കളി പഠിപ്പിച്ചു.
.jpg?$p=8a7b7b1&&q=0.8)
പ്ലാസ്റ്റിക് കവറിനുള്ളിലെ നോട്ടുബുക്കുകള്‍
എവിടെപ്പോകുമ്പോഴും മൊയ്തീന്‍കോയയുടെ കൈയില്‍ ഒരു നോട്ടുബുക്കുണ്ടാകും. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അത് ഭദ്രമായിവെച്ചിട്ടുണ്ടാകും. അതില്‍ നിറയെ കോല്‍ക്കളി പാട്ടുകളാണ്. പലതും സ്വന്തമായി എഴുതിയതാണ്. അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചതുമുതല്‍ എഴുതിത്തുടങ്ങിയ പാട്ടുകള്‍ അതിലുണ്ട്.
'60 വര്‍ഷത്തോളമായി ആ നോട്ടുബുക്ക് കൂടെയുണ്ട്. കടലാസില്‍ കുറിച്ചതിനേക്കാള്‍ വെടിപ്പില്‍ പാട്ടുകളെല്ലാം മനസിലുണ്ട്. പഠിക്കാന്‍ നല്ല അധ്വാനം വേണ്ട കലയാണ് കോല്‍ക്കളി. സൂക്ഷ്മാഭ്യാസത്തിന്റെ കല. എന്നാല്‍ പഠിച്ചുകഴിഞ്ഞാല്‍ ലഹരി പോലെ അത് നമ്മളെ പിന്തുടരും.' മൊയ്തീന്‍ കോയ പറയുന്നു.
കുട്ടികളെത്തുംമുമ്പ് കലോത്സവ വേദിയില്‍
സ്‌കൂള്‍ കലോത്സവം എവിടെ നടന്നാലും കോല്‍ക്കളിയുള്ള ദിവസം മൊയ്തീന്‍ കോയ അവിടെ ഹാജരുണ്ടാകും. അതും മത്സാര്‍ഥികളും വിധികര്‍ത്താക്കളുമെല്ലാം എത്തുന്നതിന് മുമ്പെ സ്റ്റേജിലെത്തി സീറ്റ് പിടിച്ചിട്ടുണ്ടാകും. എട്ടുകൊല്ലമായി ഈ പതിവ് മുടക്കിയിട്ടില്ല. ശ്വാസംമുട്ടലിനെ തുടര്‍ന്ന് കോല്‍ക്കളി പഠിപ്പിക്കുന്നത് നിര്‍ത്തിയതോടെയാണ് കാഴ്ചക്കാരന്‍ മാത്രമായുള്ള ഈ യാത്ര.
കോഴിക്കോട് കലോത്സവം നടന്നപ്പോള്‍ ഗുജറാത്തി സ്‌കൂളിലും ഈ 85-കാരന്‍ ഓടിയെത്തി. കൈയിലൊരു കവറും അതിലൊരു നോട്ടുബുക്കുമായി. തന്റെ ശിഷ്യഗണങ്ങളെ നേരില്‍കണ്ടും സൗഹൃദം പുതുക്കിയും സ്റ്റേജിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നു. പലരും അദ്ദേഹത്തെ കണ്ട് സലാം പറഞ്ഞു. ചിലര്‍ ഒരു പുഞ്ചിരി സമ്മാനിച്ചു. അതിനിടയില്‍ നോട്ടുബുക്ക് തുറന്ന് അദ്ദേഹം ഒരു പാട്ട് പാടി...'ഉദിച്ചുയരും ശംസ്‌പോലും വിറച്ചീടുന്നേ...ഉതിമദീനാ നഗരം വിതുമ്പി ഉണര്‍ന്നീടുന്നേ..'
Content Highlights: moideen koya gurukkal kolkali teacher lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..