തരംകിട്ടിയാൽ മാനസികരോ​ഗിയാക്കും, മരിച്ചാല്‍ മാത്രം വിലകിട്ടുന്ന പ്രത്യേക ജീവികളാണ് പെണ്‍കുട്ടികള്‍


4 min read
Read later
Print
Share

ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന ക്രൂരതയെക്കുറിച്ചും പങ്കുവെക്കുകയാണ് അഞ്ജലി.

Representative Image | Photo: Gettyimages.in

​ഗാർഹിക പീഡനത്തിന്റെ പേരിൽ ജീവൻ ത്യജിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുകയാണ്. സ്ത്രീധനപീഠനത്തെ അതിജീവിക്കാനാകാതെ ജീവനൊടുക്കിയ വിസ്മയയും കൊലചെയ്യപ്പെട്ട ഉത്തരയുമൊക്കെ ഇന്നും നമുക്ക് മുന്നിൽ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. പെൺകുട്ടികളെ പൊന്നളന്ന് വിവാഹിതയാക്കുകയല്ല പ്രധാനം, അവരുടേത് സുരക്ഷിത ജീവിതമാണോ എന്ന് അന്വേഷിക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ​ഗാർഹികപീഡനം സഹിക്കാനാകാതെ ജീവിതം അവസാനിപ്പിച്ച ഒടുവിലത്തെ കണ്ണിയാണ് മൊഫീന പർവീൺ. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് സംരംഭകയായ അഞ്ജലി ചന്ദ്രൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. പെൺകുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന ക്രൂരതയെക്കുറിച്ചും പങ്കുവെക്കുകയാണ് അഞ്ജലി.

ജീവിതം അവസാനിപ്പിക്കാനുള്ളതല്ല ജീവിച്ചു കാണിക്കാനുള്ളതാണ് എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പ്രശ്നഭരിതമായ ഒരു ജീവിതത്തിലൂടെ കടന്നു പോവുന്ന മകളോ സഹോദരിയോ ഉണ്ടെങ്കിൽ പലപ്പോഴും നമ്മളവളോട് തുടക്കം മുതലേ പറയുക ഒന്നഡ്ജസ്റ്റ് ചെയ്യാനാണെന്നും വിവാഹം കഴിഞ്ഞാൽ , തിരികെ വരുമ്പോൾ പലപ്പോഴും സ്വന്തം വീട്ടിൽ ഒരു മുറി പോലും ഇല്ലാതായി പോവുന്ന പെൺകുട്ടികളുള്ള നാടാണിതെന്നും കുറിപ്പിൽ പറയുന്നു. ഭർതൃവീട്ടിൽ പ്രശ്നങ്ങളുമായി സ്വന്തം വീട്ടിൽ അഭയം തേടുന്ന പെൺകുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയൽവാസികളുമുണ്ട്. തരം കിട്ടിയാൽ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാവുന്നവരും ഉണ്ടെന്നും അഞ്ജലി കുറിക്കുന്നു.

കുറിപ്പിലേക്ക്...

ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ്.

നിയമ വിദ്യാർത്ഥിയായ ഒരു ഇരുപത്തിയൊന്നുകാരി കൂടി ഗാർഹിക പീഡനം സഹിക്കാതെ ഇന്ന് ജീവിതമവസാനിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞ് ഗാർഹിക പീഡനങ്ങൾ സഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ ജീവിതമവസാനിപ്പിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെൺകുട്ടികൾ പലപ്പോഴും നേരിടുന്നതെന്താണെന്നറിയാമോ?

പ്രശ്നഭരിതമായ ഒരു ജീവിതത്തിലൂടെ കടന്നു പോവുന്ന മകളോ സഹോദരിയോ ഉണ്ടെങ്കിൽ പലപ്പോഴും നമ്മളവളോട് തുടക്കം മുതലേ പറയുക ഒന്നഡ്ജസ്റ്റ് ചെയ്യാനാണ്. വിവാഹം കഴിഞ്ഞാൽ , തിരികെ വരുമ്പോൾ പലപ്പോഴും സ്വന്തം വീട്ടിൽ ഒരു മുറി പോലും ഇല്ലാതായി പോവുന്ന പെൺകുട്ടികളുള്ള നാടാണിത്. വിവാഹബന്ധം ഉപേക്ഷിക്കുന്ന സഹോദരി തനിയ്ക്ക് ഒരു ബാധ്യതയാവുമോ എന്ന പേടിയിൽ അവളെ തിരികെ പറഞ്ഞയയ്ക്കാൻ നിർബന്ധിക്കുന്ന സഹോദരങ്ങളുണ്ട്. മകളുടെ ബുദ്ധിമുട്ട് മനസ്സിലായാലും നാട്ടുകാർ തങ്ങളുടെ വളർത്തു ദോഷമെന്ന് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന 'ഇനി അതാണ് നിന്റെ വീട്' എന്നു പറയുന്ന മാതാപിതാക്കളുണ്ട്. പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്നതിനു പകരം മറ്റൊരു വീട്ടിലേയ്ക്ക് പോവാനായി സ്വർണവും പണവും സൂക്ഷിച്ചു വെക്കുന്നവരുണ്ട്. നിയമ സഹായം നേടാൻ പോവുമ്പോൾ പെൺകുട്ടി എത്ര കണ്ട് താഴണം എന്നു പഠിപ്പിക്കുന്ന മറ്റൊരു പാരലൽ വേൾഡുണ്ട്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുമായി സ്വന്തം വീട്ടിൽ അഭയം തേടുന്ന പെൺകുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയൽവാസികളുമുണ്ട്. തരം കിട്ടിയാൽ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാം.

തിരികെ വരാൻ യാതൊരു മാർഗ്ഗവുമില്ലാത്ത തരത്തിൽ അവരെ ഒറ്റപ്പെടുത്തുന്നത് നമ്മളൊക്കെ തന്നെയാണ്. വിവാഹത്തോടെ അന്ധരും ബധിരരുമായി മാറുന്ന എത്ര പെൺജീവിതങ്ങളുണ്ട് ചുറ്റിലുമെന്നറിയാമോ? ഗാർഹിക പീഡന നിയമങ്ങൾ നിലനിൽക്കെ പരാതിയുമായി വരുന്ന പെൺകുട്ടികൾക്ക് താങ്ങാവേണ്ടവർ തന്നെ അവരെ ജീവിതമവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ എവിടെയാണ് നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവുക? കടലാസുകളിൽ ഒതുങ്ങേണ്ടതാണോ നമ്മുടെ നിയമങ്ങൾ? കയറുകളിലും ദുപ്പട്ടകളിലും അവസാനിക്കേണ്ടതാണോ പെൺജീവിതങ്ങൾ ? സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ നിലനിൽക്കെ തന്നെ സ്ത്രീയെന്നാൽ സഹനത്തിന്റെ പര്യായമായി ചിത്രീകരിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറേണ്ടതു തന്നെയല്ലേ?

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ദുർഘടാവസ്ഥയിൽ പെൺകുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ചിന്തിച്ചാൽ നമ്മളടങ്ങുന്ന സമൂഹത്തിന്റെ പങ്ക് വ്യക്തമാവും. വിവാഹ ജീവിതമൊഴിവാക്കി തിരികെ വന്ന പെൺകുട്ടികളുടെ നേരെ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കല്യാണ , മരണ വീടുകളിലെ വില്ലന്‍ കഥാപാത്രമായി അവൾ മാറാന്‍ ഉള്ള ഏക കാരണം മിക്കവാറും ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നടക്കുന്നതാവും. മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍.

ഞങ്ങളവളെ ഒന്നു തൊട്ടു വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു നടക്കുന്ന ഭർതൃ വീട്ടുകാർ, വീട്ടിലെ മരുമകള്‍ക്ക് കൊടുക്കുന്ന മെന്റല്‍ ടോര്‍ച്ചര്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. അടിയുടെയും കുത്തിന്റെയും പൊള്ളലിന്റെയും തീവ്രത മാത്രമല്ലേ നമുക്ക് പുറത്തേയ്ക്ക് കാണാന്‍ പറ്റൂ. സുഹൃത്തുക്കളെ ഫോണ്‍ ചെയ്യാന്‍ , ഒരാഴ്ച സ്വന്തം വീട്ടില്‍ നില്‍ക്കാന്‍, ബന്ധുക്കളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒക്കെ വിലക്ക് നേരിടുന്ന പലരെയും അറിയാം.സമൂഹത്തിനു മുന്‍പില്‍ പ്രായം കൊണ്ട് സഹതാപത്തിന്റെ കോളത്തില്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങി എല്ലാ പ്രശ്‌നങ്ങളും പെൺകുട്ടികളുടെയും അവളുടെ മാതാപിതാക്കളുടെയും തലയിലാക്കാന്‍ പ്രത്യേക സിദ്ധി ആര്‍ജ്ജിച്ചവരാണ് ഇത്തരക്കാർ. വളർത്തു ദോഷമെന്ന് കുറ്റം പറഞ്ഞ് അവളെ വിചാരണ ചെയ്യുന്നവർ സ്വന്തം മകൾക്ക് ഇങ്ങനെ ഒരവസ്ഥ വരുന്നതിന് മുൻപ് അവളെ സുരക്ഷിതയാക്കാൻ മിടുക്കരായിരിക്കും.

വിവാഹ മോചിതയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാല്‍ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. അവളെ അഹങ്കാരിയായി അധിക പ്രസംഗിയായി മുദ്രകുത്താൻ വിവാഹ മോചനം നടന്നത് അവളുടെ ഭാഗത്തുള്ള തെറ്റ് തന്നെയാണെന്ന് വരുത്തിത്തീർക്കാൻ വ്യഗ്രതയുള്ളവരുണ്ട്. അവളുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ അവളേതെങ്കിലും പുരുഷ സുഹൃത്തിനൊപ്പം പ്രത്യക്ഷ്യപ്പെട്ടാൽ ഉടനെ അവനെ കണ്ടെത്തി, അവനുമായി അവിഹിതമുള്ളതു കൊണ്ടാണ് അവൾ വിവാഹ മോചനം നേടിയതെന്നു പറയുന്നവരുണ്ട്. വിവാഹ മോചനത്തോടെ സോഷ്യൽ ഓഡിറ്റിങ്ങിനെ ഭയന്ന് സകല സൗഹൃദങ്ങളുടെയും വേരറുക്കേണ്ടി വരുന്നവരുണ്ട്. ഇനി വിവാഹമേ വേണ്ടെന്നു പറയുന്നവരെ, ആ ട്രോമ യിൽ നിന്നും പുറത്തു കടക്കാത്തവരെ അടുത്ത വിവാഹത്തിനു നിർബന്ധിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ചിലരാവട്ടെ സമയാസമയം അനുകമ്പ, കാരുണ്യം എന്നിവയൊക്കെ വാരി വിതറുമെങ്കിലും പെൺകുട്ടി ഇല്ലാത്ത സ്ഥലങ്ങളിൽ അവളെ പ്രശ്നക്കാരിയാക്കി ചിത്രീകരിക്കും..

പ്രിയ പെണ്‍കുട്ടികളേ നിങ്ങള്‍ക്കു വേണ്ടി പകല്‍ വെളിച്ചത്തില്‍ പൊരുതാതെ , നിങ്ങളെ ചേര്‍ത്തു നിര്‍ത്താതെ, കാണുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ മാത്രം നിങ്ങളെ ഓര്‍ത്ത് ആധി കയറുന്ന ഒരാളെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. നേരിട്ടു മുഖത്തു നോക്കി കുറ്റം പറയുന്നവരിലും വിഷമാണ് ചില മനുഷ്യ ജന്മങ്ങൾ. ഒരാളും നിങ്ങൾക്ക് തരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യം വെച്ചല്ല നിങ്ങള്‍ അരി വാങ്ങാന്‍ പോവുന്നത് എന്ന ഒറ്റ തിരിച്ചറിവില്‍ ഇവരെയൊക്കെ നൈസായി അവഗണിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചു തുടങ്ങി. ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ്.

Content Highlights: mofia parvin suicide, domestic violence, vismaya death, domestic violence against women, domestic violence act

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
krishna priya
Premium

ഹോളിവുഡ് താരം അരിയാനയുടെ ഗൗണ്‍ വരെ തയ്‌ച്ചെടുത്ത കൃഷ്ണപ്രിയ; ഷീറ്റിട്ട വീട്ടിലെ ഫാഷന്‍ലോകം

Sep 23, 2023


hardik pandya
Premium

5 min

നൈറ്റ് പാർട്ടിയിൽ ഫസ്റ്റ് സൈറ്റ്, നടുക്കടലിൽ പ്രൊപ്പോസൽ, ഹാര്‍ദിക്കിനെ ബൗൾഡാക്കിയ സെർബിയൻ സുന്ദരി

Sep 7, 2023


wedding video

വിവാഹ വേദിയിലേക്ക് പറന്നെത്തി വധു; വൈറൽ വീഡിയോ കണ്ടത് നാലുമില്യണിലേറെ പേർ

Apr 20, 2022


Most Commented