Photos: instagram.com|harnaazsandhu_03|?hl=en
ഇരുപത്തിയൊന്നു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കുശേഷമാണ് ഒരു ഇരുപത്തിയൊന്നുകാരിയിലൂടെ ഇന്ത്യക്ക് വീണ്ടും വിശ്വസുന്ദരിപ്പട്ടം ലഭിച്ചത്. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം വിശ്വസുന്ദരി കിരീടവുമായെത്തിയ ഹര്‍നാസ് സന്ധു എന്ന പഞ്ചാബി പെണ്‍കൊടിക്ക് ഊഷ്മള സ്വീകരണമാണ് രാജ്യം നല്‍കിയത്. എന്നാല്‍ താന്‍ സൗന്ദര്യമത്സരങ്ങളില്‍ ഭാഗമാകുന്നതിനെ കുറിച്ചൊന്നും ആദ്യ കിരീടം നേടുന്നതുവരെ അച്ഛനോട് പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് ഹര്‍നാസ്. അതിന്റെ കാരണവും ഡിഎന്‍എയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഹര്‍നാസ് തുറന്നുപറയുന്നുണ്ട്.
'അച്ഛനോട് വിവരങ്ങള്‍ മുമ്പ് പറഞ്ഞിരുന്നില്ല എന്നത് സത്യമാണ്. കാരണം അച്ഛന്‍ വരുന്നത് വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നാണ്. കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്നുവന്ന അച്ഛനോട് ഫാഷന്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ പറഞ്ഞു ഫലിപ്പിക്കുക പാടായിരുന്നു. പക്ഷേ അമ്മയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നു, കാരണം അമ്മയ്ക്ക് എന്റെ കഴിവുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. ഇവയെല്ലാം അച്ഛനെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ അസാധ്യമായിരുന്നില്ല.'- ഹര്‍നാസ് പറയുന്നു.
എപ്പോഴാണ് അച്ഛന്‍ തന്റെ വഴി അംഗീകരിച്ചതെന്നും ഹര്‍നാസ് പറയുന്നുണ്ട്. 'എനിക്ക് ഇഷ്ടമുള്ള കരിയര്‍ ഇതാണെന്നും അതില്‍ ഞാന്‍ മികച്ചതാണെന്നും തിരിച്ചറിഞ്ഞതോടെ അച്ഛനും അംഗീകരിച്ചു.
പഞ്ചാബിന്റെ പെണ്‍സിംഹമെന്നാണ് അച്ഛന്‍ എന്നെ വിളിച്ചത്. പിന്നീട് നാഷണല്‍ പേജന്റില്‍ വിജയിച്ചപ്പോള്‍ ഇന്ത്യയുടെ പെണ്‍സിംഹം എന്നു വിളിച്ചു. ഇനി 'വിശ്വ പെണ്‍സിംഹം' എന്നു വിളിക്കുമായിരിക്കും.' കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് മോഡലിങ് ലോകത്ത് വളരാനായതെന്നും ഹര്‍നാസ് പറയുന്നു.
വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളില്‍ ഹർനാസ് ഭാഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടം ഹർനാസ് നേടി. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം ലഭിക്കുന്ന വേദികളെല്ലാം സംസാരിക്കുന്നയാളാണ് ഹര്‍നാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ.
ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ.
1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.
Content Highlights: miss universe harnaaz sandhu, beauty pageant, harnaaz sandhu latest news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..