ക്രിസ്റ്റീന ബിജു | Photo: instagram/ christina biju
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മിസ് ഇന്ത്യ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി മലയാളിയായ ക്രിസ്റ്റീന ബിജു. പത്തനംതിട്ട കൊടുമണ്‍ സ്വദേശിനിയായ ക്രിസ്റ്റീന ഉടന്‍ മുംബൈയിലേക്ക് പറക്കും. ഏപ്രിലില്‍ ഇംഫാലിലാണ് ഫെമിന മിസ് ഇന്ത്യ മത്സരം നടക്കുക.
പതിനെട്ടാം വയസ്സില്‍ മിസ് ഒഡീഷയായി മിസ് ഇന്ത്യ മത്സരത്തിന് യോഗ്യത നേടിയെങ്കിലും കേരളത്തെ പ്രതിനിധീകരിക്കണമെന്ന ആഗ്രഹത്താല്‍ അന്ന് പങ്കെടുത്തില്ല. അതിനുശേഷം 2023-ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ജന്മനാടിന് പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്ന ക്രിസ്റ്റീനയുടെ സ്വപ്‌നം സാക്ഷാത്കരിച്ചു.
കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതും കാത്തിരുന്നതുമാണ് മിസ് ഇന്ത്യയുടെ മത്സരവേദിയെന്ന് 25-കാരി പറയുന്നു. സ്‌കൂള്‍ കാലം മുതല്‍ ഫാഷന്‍ റാമ്പുകളും മോഡലിങ്ങുമായിരുന്നു ക്രിസ്റ്റീനയുടെ സ്വപ്നം. ഭുവനേശ്വര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദപഠനത്തിന് ചേര്‍ന്നപ്പോഴും സുന്ദരിപ്പട്ടം ആയിരുന്നു മനസ്സില്‍.
മോഡലിങ്ങില്‍ സജീവമായതോടെ പഠനത്തിന് അവധി നല്‍കി. ഡല്‍ഹി സര്‍വകലാശാലയില്‍ വിദൂര പഠനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിന് മുംബൈയില്‍ അന്തിമഘട്ട പരിശീലനത്തിനുശേഷം ഏപ്രില്‍ 15-ന് ഇംഫാലിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. ക്രിസ്റ്റീനയുള്‍പ്പെടെ 30 മത്സരാര്‍ഥികളാണ് മിസ് ഇന്ത്യ പട്ടത്തിനായി മാറ്റുരയ്ക്കുക.
കൊടുമണ്‍ കിണറുവിളയാണ് ക്രിസ്റ്റീനയുടെ കുടുംബം. 15 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം. അസം റൈഫിള്‍സില്‍ കമന്‍ഡാന്റായ അച്ഛന്‍ ബിജു സാം, അമ്മ പ്രിന്‍സി, സഹോദരന്‍ ഡേവിഡ് എന്നിവരുടെ പൂര്‍ണമായ പിന്തുണ ക്രിസ്റ്റീനയ്ക്കുണ്ട്.
Content Highlights: miss kerala christina biju prepares for the miss india pageant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..