തങ്കി സെബാസ്റ്റിയൻ | Photo: Special Arrangement
ന്യൂഡല്‍ഹിയില്‍ നടന്ന ദി മിസ് ആന്‍ഡ് മിസിസ് ഇന്ത്യ ക്യൂന്‍ ഓഫ് ഹാര്‍ട്സ് (എം.ഐ.ക്യു.എച്ച്.) മത്സരത്തില്‍ വിജയ കിരീടം ചൂടി കോഴിക്കോട്ടുകാരി. താമരശ്ശേരി ചമല്‍ സ്വദേശി തങ്കി സെബാസ്റ്റ്യനാണ് ജീവിതത്തില്‍ തിളങ്ങുന്ന നേട്ടം സ്വന്തമാക്കാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് മിസിസ് ഇന്ത്യ കിരീടമണിഞ്ഞത്. 40-നും 60-നുമിടയിലുള്ളവര്ക്കായി നടന്ന ക്ലാസിക് വിഭാഗത്തിലാണ് ഈ നാല്പത്തൊന്നുകാരിയുടെ മിന്നുന്ന പ്രകടനം.
സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ മത്സരത്തില്‍ വിലയിരുത്തപ്പെട്ടത് വ്യക്തിത്വവും ആത്മവിശ്വാസവുമായിരുന്നെന്ന് തങ്കി പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലാണ് താമസം. ഫിറ്റ്നസിലും മറ്റും ശ്രദ്ധിച്ചുതുടങ്ങിയിട്ട് രണ്ടു വര്‍ഷം മാത്രമേ ആയുള്ളു.
ഒരു സുഹൃത്ത് അയച്ചു നല്കിയ സന്ദേശമനുസരിച്ചാണ് വി.ആര്.പി. പ്രൊഡക്ഷന്‍സിന്റെ മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ കോസ്മോസ് മത്സരത്തില്‍ പങ്കെടുത്ത് മിസിസ് കര്‍ണാടകയായത്. തുടര്‍ന്ന് വിജയികള്‍ക്കായി നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായി. ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഇന്‍ഫ്രയിം മീഡിയാ ലാബിന്റെ മിസിസ് മലയാളി മത്സരത്തില്‍ ബെസ്റ്റ് ടാലന്റ് ടൈറ്റില്‍ വിജയി കൂടിയായതോടെ ആത്മവിശ്വാസമേറി. അങ്ങനെയാണ് എം.ഐ.ക്യു.എച്ച്. മത്സരത്തിനപേക്ഷിച്ചത്.
തുടക്കത്തില്‍ വീട്ടുകാരെക്കാള്‍ പ്രോത്സാഹിപ്പിച്ചത് കൂട്ടുകാരും സഹപ്രവര്ത്തകരുമാണെങ്കിലും വിജയങ്ങള്‍ പിന്നാലെയെത്തിയതോടെ കുടുംബവും സന്തോഷത്തിലായി. ചമല്‍ മുരിയംവേലില്‍ എം.ടി. സെബാസ്റ്റ്യന്റെയും വത്സമ്മയുടെയും മകളാണ്. ഭര്‍ത്താവ് ജിജു ജെയിംസ്. പതിമൂന്നും പത്തും വയസ്സുകാരായ എലീനയും എഡ്വിനുമാണ് മക്കള്‍. യു.എസ്. ഐ.ടി. കമ്പനിയുടെ സീനിയര്‍ ഡയറക്ടറായ തങ്കിയും കുടുംബവും കാനഡയിലേക്ക് താമസം മാറാനൊരുങ്ങുകയാണ്.
Content Highlights: miss and mrs india queen of hearts beauty contest 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..