കേരള വർമ കോളേജിൽ പുതുവത്സരാഘോഷത്തിനെത്തിയപ്പോൾ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച സിയയെ എടുത്തുകൊണ്ടുപോകുന്ന നജാഹ് | Photo: Special Arrangement
നജാഹിന്റെ കൈകളില്‍ സിയയെ വാരിയെടുക്കുമ്പോള്‍ കരുതലിന്റെ ഉറവ വറ്റാത്ത മനസ്സിന്റെ പ്രതിഫലനമായിരുന്നു അത്. തളിക്കുളം സ്വദേശി അനീസയുടെ വീല്‍ചെയറില്‍ ചാരിനിന്ന് തമാശകള്‍ പറയുമ്പോഴും അവളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുകയായിരുന്നു നജാഹ്. ഇടറുന്ന ശരീരത്തിലെ പതറാത്ത മനസ്സിന് കൂട്ടാകാനുള്ള ശ്രമം.
മസ്കുലര്‍ ഡിസ്ട്രോഫി (എം.ഡി.), സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്രസ്റ്റ് സംഘടനയുടെ വൊളന്റിയര്‍ വിങ്ങായ 'കൂട്ടി'ലെ പ്രവര്‍ത്തകനാണ് നജാഹ്. സേവനപാതയിലെ യുവരക്തം. നജാഹിനെ പോലെ എണ്‍പതോളം പേര് ഈ സംഘടനയുടെ ഭാഗമാണ്. സിയയും, അനീസയും തന്റെ ശാരീരിക പരിമിതികളെ കുറവായി കാണാതെ തങ്ങള്‍ക്കും സന്തോഷിക്കാന്‍ അവസരമുണ്ടെന്നും അതിനുവേണ്ടി പൊരുതാനും തയ്യാറായ ഒരു കൂട്ടത്തിന്റെ പ്രതിനിധികളും.
2017-ലാണ് എം.ഡി, എസ്.എം.എ. രോഗാവസ്ഥയില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായവര്‍ക്ക് തുണയായി മൈന്‍ഡ് ട്രസ്റ്റ് സംഘടന നിലവില്‍ വരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് സംഘടനയുടെ വൊളന്ററി വിങ്ങായി പ്രവര്‍ത്തിക്കാന്‍ 'കൂട്ട്' എന്ന സംഘടന രൂപം കൊണ്ടത്. മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ തുണയായി നില്‍ക്കേണ്ട പ്രവര്‍ത്തനമാണ് കൂട്ടിനുള്ളത്.
'മൈന്‍ഡ് ട്രസ്റ്റി'ന്റെ പിറവി
കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രജിത്ത് പൂങ്കാവനം, കോഴിക്കോട്ട് തന്നെയുള്ള ജിമി, കൊല്ലത്തുനിന്നുള്ള ശ്രീജിത്ത്, വര്‍ഷങ്ങളായി മസ്കുലാര്‍ ഡിസ്ട്രോഫിയെന്ന രോഗത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍. പരസ്പരം അറിയാവുന്ന മൂന്നുപേരും 2016-ല്‍ ഒരു വാട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നല്കി. പിന്നീടത് പലര്‍ക്കും കൈത്താങ്ങായി വളര്‍ന്നു. 65 അംഗങ്ങളായപ്പോള്‍ അവര്‍ തൃശ്ശൂര്‍ കൈപ്പറമ്പില്‍ ഒത്തുചേരാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് 2017 മേയ് ഒന്നിനാണ് തൃശ്ശൂര്‍ മതിലകം ആസ്ഥാനമാക്കി മൈന്‍ഡ് ട്രസ്റ്റ് എന്ന സംഘടന രജിസ്റ്റര്‍ ചെയ്യുന്നത്. പ്രജിത്തിന് പുറമേ കെ.കെ. കൃഷ്ണകുമാര്‍, ഷക്കീര്‍ ഹുസൈന്, ആശാ മേരി തരിയന്‍, മുന്‍ഷാബി, മഹേഷ് കുമാര്‍ എന്നിവര്‍ സ്ഥാപകാംഗങ്ങളായി.
രോഗികള്ക്കിടയിലും സമൂഹത്തിലും നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായി ബോധവത്കരണ പരിപാടികള്‍ ഒരുക്കുക എന്നതായിരുന്നു സംഘടനയുടെ ആദ്യ ചുവടുവെപ്പ്. ഇന്ന് ആയിരത്തിലധികം അംഗങ്ങളുണ്ട്സംഘടനക്ക് മുതല്‍ക്കൂട്ടായി.
കരുതല്ക്കൈകള് നീട്ടുന്നവര്‍
കൊടുങ്ങല്ലൂര്‍ സ്വദേശിയായ നജാഹ് കേരളത്തില്‍ എവിടെ സംഘടനയുടെ പരിപാടിയുണ്ടെങ്കിലും ഓടിയെത്തും. പ്രതിഫലമൊന്നും പ്രതീക്ഷിച്ചല്ല നജാഹിനെപ്പോലുള്ളവര് കൂട്ടിന്റെ ഭാഗമായത്. രണ്ടാം വര്‍ഷ ബി.എസ്.ഡബ്ള്യു. വിദ്യാര്‍ഥിയായ നജാഹ് ചില സമയങ്ങളില്‍ ക്ലാസുകള്‍ തന്നെ ഒഴിവാക്കിയാണ് കൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.
'രണ്ടു വര്‍ഷത്തിലേറെയായി കൂട്ടിന്റെ പ്രവര്‍ത്തകനായിട്ട്. അഭിമുഖം എന്ന കടമ്പ കടന്നുകിട്ടിയാലേ കൂട്ടിലെ പ്രവര്‍ത്തകനാകാന്‍ സാധിക്കൂ. സൗജന്യ സേവനമാണിവിടെ. കൂടെനിന്ന് അവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ഒന്നുമാത്രം മതി ഇനിയും അവരോടൊപ്പം കൂടാന്‍', നജാഹ് പറഞ്ഞു.
Content Highlights: MinD Trust is a nascent fellowship of persons with Muscular Dystrophy and Spinal Muscular Atrophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..