പായലും കുടുംബവും
വാടകയ്ക്കാണെങ്കിലും സ്വപ്നങ്ങൾ അടുക്കിവെച്ച കൊച്ചുവീടിന്റെ വരാന്തയിൽ പൂച്ചക്കുഞ്ഞിനെ താലോലിച്ചുകൊണ്ടിരുന്ന ഫ്രെയിമിലാണ് ആ പെൺകുട്ടി മുന്നിൽത്തെളിഞ്ഞത്. മങ്ങിയനിറങ്ങൾ അടർന്നുവീണുകൊണ്ടിരിക്കുന്ന ചുമരിൽ ചാരിയിരിക്കുമ്പോൾ അവളുടെ പാദസരമില്ലാത്ത കണങ്കാൽ നീളൻ ചുരിദാറിനാൽ മൂടപ്പെട്ടിരുന്നു. സ്വപ്നങ്ങളുടെ സ്വരങ്ങൾപോലെ കാലിൽ എപ്പോഴും കിലുങ്ങിക്കൊണ്ടിരിക്കാൻ മോഹിച്ച പാദസരം ഇല്ലാത്ത നേരത്തും അവൾ പറഞ്ഞത് ഒരു പഴയ കഥയായിരുന്നു: ‘‘പാദസരം എന്നർഥംവരുന്ന പായൽ എന്ന പേര് എനിക്കിടുമ്പോൾ പപ്പയ്ക്കും അമ്മയ്ക്കും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പപ്പയാണ് എന്റെ കുഞ്ഞിക്കാലിൽ ആദ്യമായൊരു പാദസരം അണിയിച്ചത്. ഈ പെണ്ണ് എവിടെവരെ ഓടിപ്പോകുമെന്നറിയില്ല. അവൾ എത്രദൂരം ഓടിയാലും അതറിയാൻ അവൾക്കൊരു പാദസരം വാങ്ങി കാലിൽ കെട്ടിക്കൊടുക്കണമെന്നാണ് പപ്പ മമ്മിയോട് പറഞ്ഞിരുന്നത്... ഒരുപാട് ശബ്ദംകേൾക്കുന്ന ഒരു പാദസരം. എന്റെ കുഞ്ഞിക്കാലുകൾ വലുതായപ്പോൾ പക്ഷേ, വലിയ പാദസരം വാങ്ങിത്തരാൻ പാവം പപ്പയ്ക്കു കഴിഞ്ഞില്ല. പപ്പയുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് ഉള്ളിൽ വലിയ മോഹമുണ്ടെങ്കിലും ഒരു പാദസരം വേണമെന്ന് ഞാൻ പറഞ്ഞിട്ടുമില്ല...’’ -കണങ്കാൽ വീണ്ടും ചുരിദാറിനുള്ളിലേക്ക് ഒളിപ്പിച്ച് അവൾ ചിരിച്ചു.
പപ്പ പറഞ്ഞ ദൂരത്തിനപ്പുറം ആ പെൺകുട്ടി ഇപ്പോൾ ഓടിക്കഴിഞ്ഞു. പപ്പയും മമ്മിയും കണ്ട സ്വപ്നത്തിനപ്പുറത്തേക്ക് അവൾ ഓട്ടം തുടരുകയുമാണ്. പക്ഷേ, കാലിൽ പാദസരമില്ലെങ്കിലും അവളുടെ ഓട്ടം ലോകത്തിനുമുന്നിൽ വലിയ ചില സ്വരങ്ങൾ കേൾപ്പിക്കുന്നുണ്ട്. ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും കൂട്ടിൽനിന്ന് വിജയത്തിന്റെ വലിയ സ്വപ്നങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഒരാളുടെ കാലൊച്ചകളാണ് പായൽ ഇപ്പോൾ ലോകത്തെ കേൾപ്പിച്ചുകൊണ്ടിരിക്കുന്നത്. എം.ജി. സർവകലാശാലയുടെ ബി.എ. ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പായൽ എന്ന ബിഹാറുകാരി പുഞ്ചിരിക്കുമ്പോൾ അതിന് എത്ര കൈയടികൾ നൽകിയാലും അധികമാകില്ല. കാരണം അത്രമേൽ വലിയ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചിത്രമാണ് ഇന്ന് പായൽ എന്ന പെൺകുട്ടി.
അതിഥിതൊഴിലാളിയുടെ മകൾ
ബിഹാറിൽനിന്നുള്ള അതിഥിതൊഴിലാളിയുടെ മകൾക്ക് കേരളത്തിലെ ഒരു സർവകലാശാലയിലെ ബിരുദപരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടുമ്പോൾ അദ്‌ഭുതപ്പെടുന്നവർ അവൾ താണ്ടിയ കഠിനപാതകളിലെ കല്ലും മുള്ളും അറിഞ്ഞിട്ടുണ്ടാകില്ല. അതിഥിതൊഴിലാളിയായ അച്ഛന്റെ ചിത്രമാണ് അവൾ തന്റെ ദുരിതയാത്രകൾക്കിടയിലെ ആത്മവിശ്വാസമായി ഉയർത്തിക്കാണിക്കുന്നത്. ‘‘നാളെ പുലരുമ്പോൾ എവിടെയാകും എന്നറിയാതെ ദൂരങ്ങളിലേക്കു നിങ്ങൾ യാത്രചെയ്തിട്ടുണ്ടോ. ദാരിദ്ര്യം മാത്രം ചുറ്റും വന്നുമൂടുമ്പോൾ ശ്വാസംകിട്ടാതെ നിങ്ങൾ പിടഞ്ഞിട്ടുണ്ടോ. മുതലാളി കൊണ്ടുതള്ളിയ ഒറ്റമുറിയിൽ ചുറ്റും ഒരുപാടുപേരുടെ വിയർപ്പുഗന്ധങ്ങൾക്കിടയിൽക്കിടന്ന് ഉറങ്ങിയിട്ടുണ്ടോ. എന്റെ പപ്പ ഇതെല്ലാം അനുഭവിച്ചിട്ടുണ്ട്. പപ്പയുടെയും മമ്മിയുടെയും സ്വപ്നങ്ങളുടെ നിറങ്ങളാണ് ദുരിതങ്ങളുടെ കൂരിരുട്ടിലും മുന്നോട്ടുപോകാൻ എനിക്കുമുന്നിൽ വെളിച്ചമാകുന്നത്. മൂന്നു മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയാതെ പപ്പ കിതച്ചുനിൽക്കുന്നത് കാണുമ്പോൾ പലതവണ പഠനം നിർത്തിയാലോ എന്നാലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പപ്പയുടെയും മമ്മിയുടെയും സ്വപ്നങ്ങളും ഇവിടെ എന്നെ സഹായിക്കാനെത്തിയ ചില സുമനസ്സുകളുമാണ് എന്റെ യാത്ര തുടർക്കഥയാക്കിയത്. ഇപ്പോൾ ഇവിടെവരെയെത്തിനിൽക്കുമ്പോഴും നാളെയെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, സ്വപ്നങ്ങൾ എന്നെ മുന്നോട്ടുനയിക്കുമായിരിക്കും...’’ -പായൽ വാചാലയാകുമ്പോഴും ആ മുഖത്ത് ഏതൊക്കെയോ സങ്കടങ്ങൾ നിഴൽച്ചിത്രങ്ങളായി.
പ്രതീക്ഷകളുടെ തീവണ്ടിയിൽ
ബിഹാറിലെ ഉരുളക്കിഴങ്ങുതോട്ടത്തിൽ കൃഷിക്കാരനായിരുന്ന പ്രമോദ്കുമാർ സിങ്ങും ഭാര്യ ബിന്ദു ദേവിയും കേരളത്തിലേക്ക് തീവണ്ടികയറാൻ തീരുമാനിക്കുമ്പോൾ മനസ്സിൽ മക്കളുടെ മുഖം മാത്രമേയുണ്ടായിരുന്നുള്ളൂ. ചാരിയിരുന്ന പൂമുഖത്തെ പൊളിഞ്ഞുതുടങ്ങിയ അരമതിലിലിരുന്ന് പുതപ്പ് തുന്നിക്കൊണ്ടിരിക്കുമ്പോഴാണ് ബിന്ദു ദേവി ആ യാത്രയുടെ കഥ പറഞ്ഞത്: ‘‘ഇവരുടെ പപ്പ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ഞാൻ ഒരുവിധം പത്താം ക്ലാസ് വരെയെത്തി. ബിഹാറിലെ ഗോസായ്മാധി എന്ന ഗ്രാമത്തിൽനിന്നാണ് ഞങ്ങൾ കേരളത്തിലേക്കുവന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ ആർക്കും കാര്യമായ പഠിപ്പൊന്നുമില്ല. അവിടെ കൃഷിപ്പണിചെയ്തു ജീവിക്കുമ്പോഴും മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. കേരളത്തിലേക്കുപോയാൽ തൊഴിൽ കിട്ടുമെന്നും മക്കളെ പഠിപ്പിക്കാമെന്നും മനസ്സിലായപ്പോൾ ഇങ്ങോട്ടേക്ക് തീവണ്ടികയറുകയായിരുന്നു. 20 വർഷംമുമ്പാണ് ഞങ്ങൾ കേരളത്തിലെത്തുന്നത്. അന്ന് മൂത്ത മകൻ ആകാശിന് അഞ്ചുവയസ്സാണ് പ്രായം. പായലിന് രണ്ടു വയസ്സും ഇളയ മകൾ പല്ലവിക്ക് ഒരു വയസ്സുമുണ്ട്. മൂന്നു കുഞ്ഞുങ്ങളുമായി കേരളത്തിൽ വന്നിറങ്ങുമ്പോൾ സങ്കടങ്ങളും ദുരിതങ്ങളുമല്ലാതെ മറ്റൊന്നും ഞങ്ങൾ കൊണ്ടുവന്നിരുന്നില്ല...’’ -സംസാരം നിർത്തി ബിന്ദു വീണ്ടും പുതപ്പുതുന്നാൻ തുടങ്ങി.
സ്വപ്നങ്ങളുടെ ഒറ്റമുറിയിൽ
നിറംമങ്ങിയ ചുമരുകളും സിമന്റ് അടർന്നുവീണുകൊണ്ടിരിക്കുന്ന മേൽക്കൂരയും കണ്ട് വീടിന്റെ അകത്തേക്കു കയറുമ്പോൾ ആ ഒറ്റമുറി മുന്നിൽ തെളിഞ്ഞു. മങ്ങിയ ചുമരിലെ തട്ടുകളിൽ ഒന്നിൽ നിറയെ ദൈവങ്ങളുടെ ചിത്രങ്ങൾ. ശിവനും വിഷ്ണുവും ഗണപതിയും മഹാലക്ഷ്മിയും സരസ്വതിയും ദുർഗയും സ്ഥാനംപിടിച്ച തട്ടിന്റെ നടുവിൽ സന്തോഷിമ ദേവിയുടെ ചിത്രം. ‘‘ബിഹാറിൽ ഞങ്ങളുടെ ആരാധനാമൂർത്തിയാണ് സന്തോഷിമ ദേവി. എത്ര സങ്കടമുണ്ടായാലും ദേവിയുടെ മുന്നിലെത്തി പ്രാർഥിച്ചാൽ അതു മാറും...’’ -സംസാരം നിർത്തി പായൽ സന്തോഷിമ ദേവിയുടെ ചിത്രത്തിനുമുന്നിൽ അല്പനേരം കൈകൂപ്പിനിന്നു. ദൈവങ്ങളുടെ ചിത്രങ്ങൾവെച്ച തട്ടിനപ്പുറത്തെ തട്ടിൽ നിറയെ ട്രോഫികൾ. റാങ്ക് നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് പലരും സമ്മാനിച്ച ട്രോഫികളിൽ ചിലത് തട്ടിൽ സ്ഥലമില്ലാത്തതിനാൽ താഴെ നിരത്തിവെച്ചിട്ടുണ്ട്. അതിനപ്പുറത്തെ ഇത്തിരി സ്ഥലം നിറയെ പുസ്തകങ്ങൾ. ജവാഹർലാൽ നെഹ്രുവിന്റെ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യും പി.എം. ബക്ഷിയുടെ ‘ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ’യും ചൂണ്ടി പായൽ പറഞ്ഞു: ‘‘ഈ രണ്ടു പുസ്തകങ്ങളും കഴിഞ്ഞ ദിവസം സബ് കളക്ടർ വന്നപ്പോൾ സമ്മാനമായി തന്നതാണ്. റാങ്ക് കിട്ടിയതറിഞ്ഞ് മുഖ്യമന്ത്രിയും വിളിച്ചിരുന്നു. വലിയ വലിയ ആളുകൾ വരുന്നതും വിളിക്കുന്നതുമൊക്കെ ജീവിതത്തിലെ വലിയ അനുഭവമാണ്...’’ പായൽ പറയുമ്പോൾ അമ്മ വീണ്ടും അരികിലേക്കുവന്നു. ‘‘ഈ ഒറ്റമുറിയിലാണ് ഞങ്ങളുടെ പ്രാർഥനയും എന്റെ തയ്യലും മക്കളുടെ പഠനവുമെല്ലാം നടക്കുന്നത്. അപ്പുറത്തെ ചെറിയ മുറിയിലാണ് ഞങ്ങൾ അഞ്ചുപേരും കിടക്കുന്നത്...’’ ബിന്ദു പറഞ്ഞതുകേട്ട് അപ്പുറത്തെ കൊച്ചുമുറിയുടെ വാതിൽ തുറന്നു. ഒരു കട്ടിൽപോലുമില്ലാതെ നിലത്തുവിരിച്ചിരിക്കുന്ന പായകളും പുതപ്പുകളും മാത്രം കണ്ടപ്പോൾ പായലിന്റെ മുഖത്തേക്കുനോക്കി. ആ മുഖത്ത് വിഷാദംനിറഞ്ഞ ഒരു ചിരി വിരിഞ്ഞു.
കൊടുക്കാനില്ലാത്ത ഫീസും സർക്കാർ സ്കൂളും
കേരളത്തിലെത്തുമ്പോൾ എന്തു ജോലിയും ചെയ്യാമെന്നുള്ള ആത്മവിശ്വാസം മാത്രമായിരുന്നു പ്രമോദ് സിങ്ങിന് കൂട്ടുണ്ടായിരുന്നത്. ആദ്യം ഒരു സാനിറ്ററി വെയർ സ്ഥാപനത്തിൽ ചുമട്ടുതൊഴിലാളിയായ പ്രമോദ് അതിനുശേഷം ഒരു പെയിന്റ് കടയിൽ ജോലിക്കുകയറി. 4000 രൂപയാണ് വീടിന്റെ വാടകനൽകേണ്ടത്. തങ്ങളുടെ അവസ്ഥ അറിയാവുന്ന നല്ലവനായ വീട്ടുടമസ്ഥൻ ഇത്രയും കാലമായി വാടകകൂട്ടാതെ സഹായിക്കുകയായിരുന്നെന്നു പറയുമ്പോൾ ബിന്ദുവിന്റെ കണ്ണുകൾ നനഞ്ഞിരുന്നു. ആദ്യം ഒരു സ്വകാര്യ സ്കൂളിലാണ് പായലിനെ ചേർത്തത്. എന്നാൽ, ഹൈസ്കൂൾ ഘട്ടത്തിൽ ഫീസ് അടയ്ക്കാൻ വഴിയില്ലാതെവന്നപ്പോൾ സ്കൂളുകാർ പ്രമോദിന്റെ കൈയിൽ മകളുടെ ടി.സി. നൽകി. നിറഞ്ഞ കണ്ണുകളോടെ ആ ടി.സി. ഏറ്റുവാങ്ങുമ്പോൾ പ്രമോദിന്റെ ഹൃദയത്തിൽ ഒരായിരം കത്തികൾകൊണ്ട് കുത്തുന്നതുപോലെയുള്ള വേദനയുണ്ടായിരുന്നു. പപ്പയുടെ മനസ്സറിയുന്ന പായൽ പക്ഷേ, ആ നേരത്ത് അല്പംപോലും കരഞ്ഞില്ല. പപ്പയുടെ കൈപിടിച്ച് അവൾ നേരെ പോയത് ഒരു സർക്കാർ സ്കൂളിലേക്കായിരുന്നു. ‘‘ഇടപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേരുമ്പോൾ ആദ്യത്തെ സ്കൂളിൽനിന്ന് പോന്നതിൽ എനിക്ക് ഒട്ടും വിഷമമുണ്ടായിരുന്നില്ല. മലയാളം ശരിക്കും പഠിച്ചുതുടങ്ങിയത് സർക്കാർ സ്കൂളിലെത്തിയപ്പോഴായിരുന്നു. കൂട്ടുകാർ പോയതിന്റെ സങ്കടമുണ്ടായെങ്കിലും സർക്കാർ സ്കൂളിലാകുമ്പോൾ പപ്പയ്ക്ക് ഫീസിന്റെ ഭാരമുണ്ടാകില്ലല്ലോയെന്ന ആശ്വാസമുണ്ടായിരുന്നു...’’ പായൽ പറഞ്ഞത് പൂരിപ്പിച്ചത് ബിന്ദുവായിരുന്നു. ‘‘സർക്കാർ സ്കൂളിൽ പഠിച്ചാണ് എന്റെ മോൾ എസ്.എസ്.എൽ.സി.ക്ക് 85 ശതമാനവും പ്ലസ് ടുവിന് 95 ശതമാനവും മാർക്കുവാങ്ങിയത്...’’ അഭിമാനത്തിന്റെ സന്തോഷംപോലെ ബിന്ദു പായലിന്റെ നെറ്റിയിൽ ചുംബിച്ചു.
മാർത്തോമയിലെ സ്നേഹകാലം
പ്ലസ്ടുവിൽ ഉന്നതവിജയംനേടി പെരുമ്പാവൂർ മാർത്തോമാ കോളേജിൽ ബിരുദത്തിനു ചേരുമ്പോഴും ഫീസ് എന്ന വില്ലൻ പായലിന്റെമുന്നിൽ ഒരു ചോദ്യചിഹ്നമായുണ്ടായിരുന്നു. ചെറിയ ഫീസ് അടച്ച് അഡ്മിഷൻ വാങ്ങിയെങ്കിലും അടുത്തഘട്ടം ഫീസ് അടയ്ക്കേണ്ട സമയമെത്തിയപ്പോൾ പായൽ സങ്കടത്തിലായി. അടയ്ക്കേണ്ട ഫീസിന്റെ പകുതിപോലും പപ്പയുടെ കൈയിലില്ലെന്നറിയാവുന്ന പായൽ പക്ഷേ, തന്റെ സങ്കടമൊന്നും വീട്ടുകാരെ അറിയിച്ചില്ല. ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞിട്ടും അടയ്ക്കാതെവന്നപ്പോൾ കോളേജ് അധികൃതർ കാര്യം തിരക്കി. പായലിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ജീവിതത്തിൽ കണ്ട മാലാഖ’യായ പ്രിയ കുര്യൻ എന്ന അധ്യാപിക ഫ്രെയിമിലേക്കു വരുന്നത് ആ നേരത്തായിരുന്നു. ‘‘എനിക്കു ഫീസടയ്ക്കാൻ മാർഗമില്ലെന്ന് ആദ്യം മനസ്സിലാക്കിയത് പ്രിയ മിസ്സായിരുന്നു. മിസ്സ് വീട്ടിലെ കാര്യങ്ങൾ തിരക്കിയപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് ഞാൻ എല്ലാം തുറന്നുപറഞ്ഞു. അതുകേട്ടപ്പോൾ എന്നെ ചേർത്തുനിർത്തി മിസ്സ് പറഞ്ഞത് ഒരു വാചകം മാത്രമായിരുന്നു... ‘വിഷമിക്കണ്ടാ, നിനക്കു പഠിക്കാനാകും’. പിന്നീട് മിസ്സാണ് എന്റെ ഫീസ് എല്ലാം അടച്ചത്. മിസ്സ് അടുത്തവർഷം മറ്റൊരു ജോലികിട്ടി കാനഡയിലേക്കു പോയപ്പോൾ ജീവിതം വീണ്ടും പ്രതിസന്ധിയിലാണെന്നു വിചാരിച്ചതാണ്. എന്നാൽ, ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ബിബിൻ സാറും വിനോദ് സാറുമൊക്കെ എന്നെ സഹായിക്കാനെത്തി. അവരെല്ലാം ചേർന്നാണ് എന്നെ ഇതുവരെ പഠിക്കാൻ സഹായിച്ചത്. അവരൊക്കെ ഇല്ലായിരുന്നെങ്കിൽ...’’ -എന്തോ ഓർത്തതുപോലെ പായൽ അല്പനേരം മൗനിയായിനിന്നു.
സന്തോഷം നൽകുന്ന കൊച്ചുവീട്
കഷ്ടപ്പാടുകൾക്കിടയിലൂടെ മാത്രം യാത്രതുടരുമ്പോഴും പഠനം എന്ന ലക്ഷ്യം വിടാത്തതായിരുന്നു പായൽ എന്ന മിടുക്കിയുടെ എന്നത്തേയും മുഖമുദ്ര. രാവിലെ ആറുമണിക്ക് എഴുന്നേറ്റാൽ അടുക്കളയിൽ അമ്മയെ അല്പനേരം സഹായിക്കൽ. അതിനുശേഷം കോളേജിലേക്കുള്ള യാത്ര. തിരിച്ചെത്തുമ്പോൾ നേരം സന്ധ്യയാകാറായിട്ടുണ്ടാകും. തിരിച്ചെത്തിയാലും വീട്ടിൽ കുറെ പണികൾ ബാക്കിയുണ്ടാകും. അതെല്ലാം ചെയ്ത് രാത്രി എട്ടുമണിയോടെയാണ് പായലിന്റെ പഠനം തുടങ്ങുന്നത്. ‘‘രാത്രി 11 മണിവരെ ഞാൻ എന്നും പഠിക്കുമായിരുന്നു. പരീക്ഷവന്ന സമയത്തും ഏറക്കുറെ ഇങ്ങനെ തന്നെയായിരുന്നു പഠനരീതി. സ്കൂളിൽ പഠിക്കുന്ന സമയത്ത് ടെക്സ്റ്റ് ബുക്ക് വാങ്ങാൻ കാശില്ലാത്തതിനാൽ സീനിയർ കുട്ടികളുടെ പഴയ ബുക്കാണ് വാങ്ങി ഉപയോഗിച്ചിരുന്നത്. കോളേജിലും കൂടുതലും ലൈബ്രറി പുസ്തകങ്ങൾ ഉപയോഗിച്ചായിരുന്നു പഠനം...’’ സങ്കടങ്ങളുടെ ഫ്ളാഷ് ബാക്കിലേക്കു പായൽ വീണ്ടും യാത്രതുടങ്ങിയപ്പോൾ ബിന്ദു ഇടയ്ക്കുകയറി: ‘‘ഞങ്ങൾക്കൊരു കൊച്ചുവീട് പണിയണമെന്നാണ് മോളുടെ വലിയ ആഗ്രഹം...’’ മമ്മി പറഞ്ഞതു പുഞ്ചിരിയോടെ പായൽ പൂരിപ്പിച്ചു: ‘‘സന്തോഷിമ ദേവിയുടെ അനുഗ്രഹമുള്ള സന്തോഷം നിറഞ്ഞ ഒരു കൊച്ചുവീട്...’’
പപ്പതരുന്ന പത്തുരൂപ
പായൽ എന്ന കോളേജ് കുമാരിക്ക് ഒരു ദിവസത്തെ ചെലവിന് എത്ര രൂപ വേണ്ടിവരും? ചോദ്യത്തിന് ഉത്തരമേകാൻ പായലിനു ഒരു നിമിഷംപോലും വേണ്ടിവന്നില്ല: ‘‘പത്തുരൂപ’’. കോളേജിൽ പഠിക്കുന്ന പലർക്കും ഒരുപക്ഷേ, അദ്‌ഭുതം തോന്നിയേക്കാവുന്ന ആ കണക്ക് പായൽ വ്യക്തമായിത്തന്നെ വരച്ചിട്ടു. ‘‘എല്ലാ ദിവസവും പപ്പതരുന്ന പത്തുരൂപയാണ് കോളേജിൽ പഠിക്കുമ്പോൾ എന്റെ ചെലവിനുള്ള ഏക മാർഗം. വീടിനടുത്തുനിന്ന് രണ്ടു ബസുകളിലായാണ് ഞാൻ കോളേജിലേക്കു പോകുന്നത്. വീട്ടിൽനിന്ന് പെരുമ്പാവൂർവരെയുള്ള ആദ്യത്തെ ബസിൽ നാലുരൂപയാണ് ടിക്കറ്റിനു നൽകേണ്ടത്. പെരുമ്പാവൂരിൽനിന്ന് കോളേജുവരെ ഒരു രൂപയും നൽകണം. തിരിച്ചുവരാനും ഇതേ തുക ടിക്കറ്റിനായി നൽകുമ്പോൾ ഒരു ദിവസം പത്തുരൂപയാണ് എനിക്ക് ചെലവാകുന്നത്. കോളേജിൽ പിന്നെയുള്ള ചെലവ് ഭക്ഷണത്തിനുവരുന്നതാണ്. ആദ്യമൊക്കെ ഞാൻ ചപ്പാത്തിയും പരിപ്പുമാണ് ഉച്ചയ്ക്കു കഴിക്കാനായി കൊണ്ടുപോയിരുന്നത്. ചില ദിവസം അതും ഇല്ലാതാകുമ്പോൾ ഉച്ചയ്ക്കു പട്ടിണിയാകും. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ ഒന്നും കഴിക്കാതിരിക്കുന്നതുകണ്ട കൂട്ടുകാർ കാന്റീനിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നു. പാവപ്പെട്ട കുട്ടികൾക്കായി കാന്റീനിൽ ഒരു സൗജന്യ ഭക്ഷണമുണ്ട്. പിന്നീട് എല്ലാ ദിവസവും ആ ഭക്ഷണം എനിക്കു കിട്ടാൻ തുടങ്ങി. ഇതിനിടയിൽ ചില നേരത്ത് കാന്റീനിൽ കൊണ്ടുപോയി കൂട്ടുകാർ മറ്റു ഭക്ഷണവും വാങ്ങിത്തരാറുണ്ട്...’’ എന്തോ ഓർത്തതുപോലെ അല്പനേരം മൗനിയായി നിന്നശേഷം പായൽ ഇതുകൂടി പറഞ്ഞു: ‘‘എനിക്കൊരാഗ്രഹമുണ്ട്. ഒരു ദിവസമെങ്കിലും എന്റെ കൂട്ടുകാരെ കാന്റീനിൽ കൊണ്ടുപോയി അവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കണം. പക്ഷേ, പപ്പതരുന്ന പത്തുരൂപ മാത്രമുള്ള ഞാൻ...’’ -സങ്കടത്താൽ പായലിന്റെ വാക്കുകൾ മുറിഞ്ഞു.
ഐ.എ.എസ്. എന്ന സ്വപ്നം
സങ്കടങ്ങളുടെ ഫ്രെയിമിൽനിന്നു സംസാരം മാറ്റാമല്ലോയെന്നു വിചാരിച്ചാണ് പായലിനോട് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ചു ചോദിച്ചത്. ചോദ്യത്തിന് ഉത്തരമായി അവൾ ഒരു പുസ്തകം നേരെനീട്ടി... ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു: ‘‘ഈ പുസ്തകം ഒരുപാടുതവണ ഞാൻ വായിച്ചിട്ടുണ്ട്. നമ്മൾ നമ്മളെ കണ്ടെത്തലാണ് ജീവിതം നിർണയിക്കുന്നതിലെ പ്രധാന ഘടകമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിവിൽ സർവീസ് തന്നെയാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഐ.എ.എസ്. എന്ന പദവിയുടെ പകിട്ടിനെക്കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത്. 20 വർഷംമുമ്പ് കുഞ്ഞുന്നാളിൽ വിട്ടുപോന്ന എന്റെ ഗ്രാമത്തിലേക്ക് ഒരു ഐ.എ.എസുകാരിയായി എനിക്കു തിരിച്ചെത്തണം. പെൺകുട്ടികളെ എന്റെ ഗ്രാമത്തിൽ അധികം പഠിപ്പിക്കാറില്ല. സ്കൂളിൽ പഠിക്കുമ്പോൾതന്നെ പാതിവഴിയിൽ പഠനം നിർത്തി ഏതെങ്കിലും തൊഴിലിനു പോകുന്ന ആൺകുട്ടികളാണ് എന്റെ ഗ്രാമത്തിലുള്ളത്. അവിടത്തെ കുട്ടികൾക്ക് ആഗ്രഹങ്ങൾ വളരെ കുറവാണ്...’’ അല്പനേരം മൗനിയായിരുന്നശേഷം പായൽ വീണ്ടും പറഞ്ഞു: ‘‘എന്റെ ഗ്രാമത്തിലെ കുട്ടികൾക്കും ആഗ്രഹങ്ങളുണ്ടാകണം. അവർ വിജയത്തിന്റെ ആകാശങ്ങളിലേക്കു പറക്കണം...’’
Content Highlights: Migrant worker's daughter Payal on securing first rank in MG varsity exam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..