മകന്റെ ജനനം വഴിത്തിരിവായി, ഇന്ന് മിഥുവിന്റെ മാസവരുമാനം 3 ലക്ഷം രൂപ


അലീന മരിയ വര്‍ഗ്ഗീസ്

ഏറ്റവും പ്രിയപ്പെട്ട ഷൂട്ട് ഏതാണ് എന്ന് ആളുകള്‍ ചോദിക്കാറുണ്ട് എങ്കിലും അതിന് ഒരു ഉത്തരം പറയാന്‍ മിഥുവിന് കഴിയാറില്ല. കണ്ടുമുട്ടുന്ന ഓരോ കുഞ്ഞും സ്പെഷ്യലാണ്, ഓരോ ഷൂട്ടും പുതുമയേറിയ അനുഭവമാണ് എന്ന് മിഥു പറയുന്നു.

മിഥു ശ്രീനിവാസ് എടുത്ത ചിത്രം/മിഥു ശ്രീനിവാസ്‌ | Photo: Special Arrangement

ത്ത് പേര്‍ നില്‍ക്കുന്ന ആ മുറിയില്‍ അപ്പോള്‍ മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു. റൂമിന്റെ വലിയ ചില്ലുജാലകങ്ങളെ മൂടിയ തൂവെള്ള കര്‍ട്ടനുകള്‍ക്ക് സമീപം രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞുമായി ഒരു സ്ത്രീ ഇരിക്കുന്നു. ആ സ്ത്രീയുടെ പേര് മിഥു ശ്രീനിവാസ്. അവര്‍ കുഞ്ഞിനെ ഉറക്കുകയാണ്. ആ കുഞ്ഞു ജീവന്റെ ഉടമ മിഥു അല്ല എന്നാല്‍ അടുത്ത ഏതാനും മണിക്കൂറുകള്‍ ആ കുഞ്ഞ് മിഥുവിന്റെ എല്ലാമാണ്. ഉറക്കത്തിലായതോടെ കുഞ്ഞിനെ പ്രത്യേകരീതിയില്‍ കിടത്തി വിവിധ ആംഗിളുകളില്‍ അവര്‍ ചിത്രം പകര്‍ത്താന്‍ തുടങ്ങി. അതിമനോഹരമായ ഒരു അനുഭൂതി ചുറ്റും പടര്‍ന്ന് അവിടെമാകെ നിറയും പോലെ തോന്നി. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞപോലെ മനോഹരമായ നിമിഷങ്ങള്‍.... മിഥു ശ്രീനിവാസ് കേരളത്തിലെ അറിയപ്പെടുന്ന ന്യൂ ബോണ്‍ ബേബി ഫോട്ടോഗ്രഫറാണ്. ജനിച്ച് രണ്ട് ആഴ്ച പ്രായമായ കുട്ടികളുടെ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തുന്നതാണ് മിഥുവിന്റെ ജോലി. തന്റെ ജോലി പൂര്‍ത്തിയാക്കി അവര്‍ സംസാരിച്ചു തുടങ്ങി.

ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സെറ്റ് പരീക്ഷയും പാസായി. കുറച്ചുനാള്‍ കോളേജ് അധ്യാപികയായി ജോലി ചെയ്തു. ആ ജോലിയില്‍ സംതൃപ്തയല്ല എന്ന് മിഥു പെട്ടെന്ന് തിരിച്ചറിഞ്ഞു. ആ സമയത്താണ് അവര്‍ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ഫോട്ടോഗ്രാഫറായിരുന്നു. വൈകാതെ ഇരുവരും വിവാഹിതരായി. അവര്‍ക്ക് ഒരു ഇവന്റ് കമ്പനി ഉണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ഇവന്റുകള്‍ കവര്‍ ചെയ്യാന്‍ മിഥുവും പോയി തുടങ്ങി.

ഈ സമയങ്ങളില്‍ ഫോട്ടോഗ്രഫിയെന്നത് ഒരു പുരുഷാധിപത്യമുള്ള തൊഴിലിടമാണെന്ന് മിഥു തിരിച്ചറിഞ്ഞു. എത്ര കഠിനമായി ജോലി ചെയ്താലും അംഗീകാരം ലഭിക്കാത്ത സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടായി. ഇവന്റുകള്‍ പകര്‍ത്താന്‍ പോകുമ്പോഴും ഫോട്ടോഗ്രഫി ഒരുമുഴുവന്‍ സമയ ജോലിയായി മിഥു തിരഞ്ഞെടുത്തിരുന്നില്ല. മനസില്‍ എപ്പോഴും ഫോട്ടോഗ്രഫിയില്‍ സ്വന്തം കയ്യൊപ്പ് പതിഞ്ഞ ഒരു മേഖല കണ്ടെത്തണം എന്ന ചിന്തയായിരുന്നു. വൈകാതെ മിഥു അമ്മയായി. മനോഹരമായ ഒരു ഗര്‍ഭകാലമായിരുന്നു മിഥുവിനും ഭര്‍ത്താവിനും ലഭിച്ചത്.

കുഞ്ഞു ജനിച്ചതോടെ ഫോട്ടോഗ്രാഫര്‍മാരായ ഇരുവരും കുഞ്ഞിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് പതിവാക്കി. എടുത്തഫോട്ടോകള്‍ രണ്ടു ദിവസം കഴിഞ്ഞു നോക്കുമ്പോഴാണ് കുഞ്ഞിനുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ മിഥുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. അന്നായിരുന്നു കുട്ടികളുടെ ഫോട്ടോഗ്രഫി എന്ന മേഖലയുടെ സാധ്യതകളെക്കുറിച്ച് മിഥു ചിന്തിക്കുന്നത്. ന്യൂബോണ്‍ ബേബി ഫോട്ടോഗ്രഫി എന്ന ചിന്ത മിഥുവിന്റെ മനസില്‍ ജന്മം കൊണ്ട നിമിഷമായിരുന്നു അത് കൈയില്‍ ഉണ്ടായിരുന്ന പ്രോപ്പര്‍ട്ടീസ് (ഫോട്ടോ എടുക്കുമ്പോള്‍ ഫ്രെയിമിന് ഭംഗി നല്‍കാനായി ഉപയോഗിക്കുന്ന വസ്തുക്കള്‍) ഉപയോഗിച്ച് മിഥു കുഞ്ഞിന്റെ ഫോട്ടോ എടുത്തു.

തുടര്‍ന്ന് ന്യൂബോണ്‍ ബേബി ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ലോകത്ത് വളരെ പോപ്പുലറായ ഒരു ഫോട്ടോഗ്രഫിയാണ് ന്യൂ ബോണ്‍ ബേബി ഫോട്ടോഗ്രഫി. എന്നാല്‍ അന്ന് അത് മലയാളികള്‍ക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല. ന്യൂ ബോണ്‍ ഫോട്ടോഷൂട്ടില്‍ ഒരു കൈ പരീക്ഷിക്കാന്‍ തന്നെ മിഥു തീരുമാനിച്ചു. അങ്ങനെ മകന്റെ ജനനത്തോടെ മിഥുവിന്റെ കരിയറും ജനിച്ചു. ഇന്ന് അഞ്ചുവര്‍ഷമായി അവര്‍ മിഥു ശ്രീനിവാസ് എന്ന പേരില്‍ ന്യൂബോണ്‍ ബേബി ഫോട്ടോഷൂട്ടുകള്‍ നടത്തുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം വിശ്വാസങ്ങളും മിഥ്യാധാരണകളും നിലനില്‍ക്കുന്ന നാട്ടില്‍ ഈ ജോലി ഒട്ടും എളുപ്പമായിരുന്നില്ല. ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രം എടുക്കാന്‍ പാടുണ്ടോ? ഫ്ളാഷ് ഉപയോഗിക്കുന്നത് പ്രശ്നം ആണോ തുടങ്ങി ധാരാളം ചോദ്യങ്ങളുടെ ഇടയിലായിരുന്നു മിഥുവിന്റെ തുടക്കം.

അതുകൊണ്ട് തന്നെ തുടക്കം ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യകാലങ്ങളില്‍ വീടുകളില്‍ പോയായിരുന്നു ഷൂട്ടുകള്‍ നടത്തിരുന്നത്. പലപ്പോഴും വീടുകളിലെ പ്രായമായവര്‍ക്ക് ഇത്തരം ഫോട്ടോഷൂട്ടുകളോട് താല്‍പര്യം ഉണ്ടാകില്ല അവര്‍ ഇഷ്ടക്കുറവ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ വളരെക്കുറച്ച് മാത്രമായിരുന്നു ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. പതിയെ പതിയെ വളരെയധികം ആവശ്യക്കാര്‍ ഉള്ള ഫോട്ടോഗ്രഫി മേഖലയായി ന്യൂ ബോണ്‍ ഫോട്ടോഗ്രഫി മാറി. കുഞ്ഞിന്റെ ആദ്യ ദിനങ്ങളിലെ രൂപവും ഭാവവും പിന്നിട് ലഭിക്കില്ല എന്ന തിരിച്ചറിവ് ആളുകള്‍ക്ക് ഇന്ന് ഉണ്ട്. ഇത് ന്യൂ ബോണ്‍ ബേബി ഫോട്ടോഷൂട്ടിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തുടക്കത്തിലെ ബുദ്ധിമുട്ടുകളെ മിഥു അതിജീവിച്ചു.

ഇതാണ് തന്റെ കരിയര്‍ എന്ന തിരിച്ചറിഞ്ഞ മിഥു ഓസ്ട്രേലിയയിലുള്ള ഒരു ന്യൂ ബോണ്‍ ഫോട്ടോഗ്രഫി അക്കാദമിയില്‍ നിന്ന് ന്യൂ ബോണ്‍ സേഫ്റ്റിയില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് പാസായി. സുരക്ഷിതമായ ന്യൂ ബോണ്‍ ഫോട്ടോഗ്രഫിയെക്കുറിച്ച് അപ്പോഴാണ് കൂടുതല്‍ മനസിലാകുന്നത് എന്ന് മിഥു പറയുന്നു. കുഞ്ഞുങ്ങളെ ഏതൊക്കെ പോസിഷനുകളില്‍ വച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കും,ഷൂട്ട് ചെയ്യുമ്പോള്‍ എങ്ങനെയാണ് കുഞ്ഞിനെ കൈകാര്യം ചെയ്യേണ്ടത്, റാപിങ്ങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് പ്രോപ്പര്‍ട്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ തുടങ്ങി കുഞ്ഞുങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ കോഴ്സ്‌ കൊണ്ട് സാധിച്ചു എന്ന് മിഥു പറയുന്നു.

അതുകൊണ്ട് തന്നെ ന്യൂ ബോണ്‍ ബേബി ഫോട്ടോഗ്രഫര്‍, ഫോട്ടോഗ്രഫിക്കല്ല കുഞ്ഞുങ്ങളുടെ സേഫ്റ്റിയ്ക്കാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്ന് മിഥു ഓര്‍മപ്പെടുത്തുന്നു. രണ്ട് ആഴ്ച മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ വിശ്വസിച്ച് ഫോട്ടോഗ്രാഫറുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായി കുഞ്ഞിനെ കൈാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമാണ്, അതു തന്നെയാണ് ഈ മേഖലയിലെ വെല്ലുവിളിയെന്നും മിഥു പറയുന്നു. ഒപ്പം നല്ല ക്ഷമയും ആവശ്യമാണ്. ഒരു ന്യൂ ബോണ്‍ ബേബി ഫോട്ടോഗ്രാഫര്‍ക്ക് വേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണ്. ചിലപ്പോള്‍ കുഞ്ഞിന്റെ മൂഡ് മാറുന്നത് അനുസരിച്ച് ഷൂട്ടിങ്ങിന്റെ സമയം കൂടി വരും. ഒരു ഷൂട്ടിന് എത്രസമയം എടുക്കുമെന്ന് ഒരിക്കലും മുന്‍കൂട്ടി പറയാന്‍ കഴിയില്ല.ഏറ്റവും പ്രിയപ്പെട്ട ഷൂട്ട് ഏതാണ് എന്ന് ആളുകള്‍ ചോദിക്കാറുണ്ട് എങ്കിലും അതിന് ഒരു ഉത്തരം പറയാന്‍ മിഥുവിനാവില്ല. കണ്ടുമുട്ടുന്ന ഓരോ കുഞ്ഞും സ്പെഷ്യലാണ്, ഓരോ ഷൂട്ടും പുതുമയേറിയ അനുഭവമാണ്. എത്ര ഷൂട്ട് ചെയ്താലും ഉറക്കത്തില്‍ ഒരു കുഞ്ഞ് ചിരിക്കുന്നത് കാണുന്നത് ഉള്ളു നിറയ്ക്കുന്ന അനുഭവമാണ്. ചില മറക്കാനാകാത്ത അനുഭവവും ഈ മേഖലയില്‍ നിന്ന് മിഥുവിന് ലഭിച്ചു. 15 വര്‍ഷം കാത്തിരുന്നു ജനിച്ച കുഞ്ഞിന്റെ ഫോട്ടോ എടുക്കാന്‍ പോയത് അത്തരത്തില്‍ ഒന്നായിരുന്നു. ഒരു ബെര്‍ത്ത് ഡേ ഷൂട്ടിനിടയില്‍ കുഞ്ഞ് കേക്ക് സ്മാഷ് ചെയ്യുമ്പോള്‍ പിന്നില്‍ നിന്ന് അമ്മ കരയുന്നത് കണ്ടു. ഷൂട്ട് കഴിഞ്ഞ് കാര്യം അന്വേഷിച്ചപ്പോള്‍ ആ അമ്മ വിഷമത്തോടെ പറഞ്ഞു അവര്‍ ഗര്‍ഭം ധരിച്ചത് ഇരട്ടകുട്ടികളെയായിരുന്നു എന്ന്. എന്നാല്‍ അവര്‍ക്ക് ലഭിച്ചത് ഒരു കുഞ്ഞിനെ മാത്രമായിരുന്നു.

ഇത്തരത്തില്‍ വൈകാരികമായ അവസരങ്ങളും ഷൂട്ടിങ്ങിനിടയില്‍ വരാറുണ്ട് എന്ന് മിഥു ഓര്‍ക്കുന്നു. ഷൂട്ട് ചെയ്യും മുമ്പ് മാതാപിതാക്കളുമായി സംസാരിച്ച് അവരുടെ താല്‍പര്യങ്ങളും ഇഷ്ടപ്പെട്ട നിറവുമൊക്കെ അറിയാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരു ഷൂട്ടും കൂടുതല്‍ പ്രീപ്ലാന്‍ ചെയ്യാറില്ലെന്ന് മിഥു പറയുന്നു. അതിന് ഒരു കാരണം ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും എല്ലാ മെറ്റിരിയലിലും എല്ല പ്രോപ്പര്‍ട്ടികളിലും കംഫര്‍ട്ടബിള്‍ ആകണമെന്നില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് കുഞ്ഞിന്റെ കംഫര്‍ട്ടിബിള്‍ നോക്കിയാണ് മെറ്റീരിയലും പ്രോപ്പര്‍ട്ടികളും ഉപയോഗിക്കുന്നത്.

25 ലക്ഷത്തോളമാണ് ന്യൂ ബോണ്‍ ഫോട്ടോഗ്രഫിക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍, സ്റ്റുഡിയോ, പ്രോപ്പര്‍ട്ടിസ് എന്നിവയ്ക്കെല്ലാമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിന് ഇടയ്ക്ക് വന്നിട്ടുള്ള മുതല്‍മുടക്ക്. നിലവില്‍ അഞ്ച് പേര്‍ മിഥുവിനൊപ്പം ജോലി ചെയ്യുന്നു. രണ്ട് പേര്‍ ഷൂട്ടിന് സഹായിക്കാന്‍ എത്തും, മൂന്നു പേര്‍ പോസ്റ്റ് പ്രോഡക്ഷനിലും. സ്റ്റുഡിയോ കൂടാതെ ഒരു പോസ്റ്റ് പ്രോഡക്ഷന്‍ ഓഫീസും മിഥു ശ്രീനിവാസ് ഫോട്ടോഗ്രഫിക്കുണ്ട്. സ്ത്രീകള്‍ മാത്രമുള്ള ഒരു ടീം ആണ് മിഥുവിന്റെ അടുത്ത ലക്ഷ്യം. ഒരു ജോലി എന്ന നിലയില്‍ ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരം കുറവാണ് എന്ന് മിഥു പറയുന്നു. ധാരാളം സ്ത്രീകള്‍ ഫോട്ടോഗ്രഫേഴ്സ് ആയി ഉണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളും ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരാണ്. ഒറ്റയ്ക്ക് ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് വിജയിക്കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഒരു ടീം ബില്‍ഡ് ചെയ്താല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് മിഥു പറയുന്നു. മൂന്നു മുതല്‍ നാല് ലക്ഷം വരെയാണ് മിഥുവിന് ഒരുമാസം ലഭിക്കുന്ന വരുമാനം.

ന്യൂ ബോണ്‍ ഷൂട്ടിന് 3 ആഴ്ച മുമ്പ് എങ്കിലും ബുക്ക് ചെയ്യണം. അതായത് ഡ്യൂഡേറ്റ് മുമ്പാണ് ബുക്ക് ചെയ്യേണ്ടത്. പ്രീ ബുക്കിങ് ആണ് സ്വീകരിക്കുന്നത്. കാരണം ജനിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിലാണ് കുഞ്ഞിന്റെ ഫോട്ടോകള്‍ എടുക്കേണ്ടത്. അതാണ് ന്യൂ ബോണ്‍ ബേബി ഫോട്ടോ ഷൂട്ടിന് ഏറ്റവും അനുയോജ്യമായ സമയം. ഫോണ്‍ വിളിച്ചും മെയില്‍ ചെയ്തും ഇന്‍സ്റ്റഗ്രാമോ വെബ്സൈറ്റോ വഴിയും ബുക്കിങ് സ്വീകരിക്കുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നത് ഈ മേഖലയില്‍ വളരെയധികം ഗുണം ചെയ്തിട്ടുണ്ട് എന്ന് മിഥു പറയുന്നു. കാരണം പുതിയതായി മാതാപിതാക്കളായവരുടെ മനസിലൂടെ എന്തെല്ലാം ആശങ്കകള്‍ കടന്നു പോകുമെന്ന് മനസിലാക്കാന്‍ പറ്റുന്നുണ്ട്. അമ്മയായത് കൊണ്ട് തെന്ന മാതാപിതാക്കള്‍ തന്നെ വിശ്വാസിച്ച് കുഞ്ഞിനെ ഏല്‍പ്പിക്കുന്നു എന്ന് മിഥു പറയുന്നു.

അറിയപ്പെടുന്നത് ന്യൂ ബോണ്‍ ഫോട്ടോഗ്രാഫര്‍ എന്നാണെങ്കിലും അതു മാത്രമല്ല മിഥു ചെയ്യുന്നത്. മെറ്റേണിറ്റി ഫോട്ടോഗ്രഫി, ബെര്‍ത്ത് ഡോക്യുമെന്റേഷന്‍, ചൈയില്‍ഡ് ആന്റ് ഫാമിലി ഫോട്ടോഗ്രഫി, എന്നിവയും മിഥു ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഇവന്റുകളും ചെയ്യാറുണ്ട്. അതില്‍ മിഥു ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്നത് ന്യൂബോണ്‍, മെറ്റേണിറ്റി, ബെര്‍ത്ത് ഫോട്ടോഗ്രഫിയാണ്.

നിലവില്‍ കേരളത്തില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുന്നത് കുറവാണ്. മാത്രമല്ല ഇപ്പോള്‍ കാണുന്ന ഷൂട്ടുകള്‍ എല്ലാം ഒരു പുരുഷന്റെ കാഴ്ചപ്പാടിലുള്ള ഫോട്ടോകളാണ്. അവിടെ സ്ത്രീകളുടെ സൗന്ദര്യവശമാണ് ഫോക്കസ് ചെയ്തിട്ടുള്ളത്. എന്നാല്‍ കുഞ്ഞിന്റെ ജനനത്തോടെയാണ് താന്‍ എത്രമാത്രം ശക്തയാണ് എന്ന് സ്വയം മനസിലായത് എന്ന മിഥു പറയുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരിക്കലും മെറ്റേണിറ്റി ഫോട്ടോയില്‍ സ്ത്രീയുടെ സൗന്ദര്യവശം മാത്രം കാണാന്‍ കഴിയില്ല. ഗര്‍ഭകാലത്ത് ഒരു സ്ത്രീ അവരുടെ ഏറ്റവും ശക്തയായിട്ടുള്ള സമയമാണ്. അതുകൊണ്ട് തന്നെ കണ്ട് ശീലിച്ച ഫോട്ടോകളില്‍ നിന്ന് വ്യത്യസ്തമായി അവരെ ഏറ്റവും ശക്തയായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് മിഥു പറയുന്നു.

ബെര്‍ത്ത് ഡോക്യൂമെന്റേഷനും മിഥുവിന് പ്രിയപ്പെട്ടതു തന്നെയാണ്. ഒരു ജീവന്‍ ഭൂമിയിലേയ്ക്ക് പിറന്നു വീഴുന്നത് മുന്നില്‍ കാണുന്ന സമയമാണ് അത്. ഒരിക്കലും മറക്കാനാവാത്ത മൂന്നു അനുഭവം പറഞ്ഞാല്‍ ആദ്യത്തെ മൂന്നും മൂന്നു പ്രസവങ്ങളാണ് എന്ന് മിഥു ഓര്‍ക്കുന്നു. ഒന്ന് തന്റെ മകന്‍ ജനിച്ചത്. മറ്റൊന്ന് ഷൂട്ട് ചെയ്തത്. മൂന്നാമത്തെത് വ്യക്തിപരമായി ഇടപെടേണ്ടി വന്നത്. ഫോട്ടോഗ്രഫിയിലേയ്ക്ക് എത്തുന്നതിന് മുമ്പ് ടീച്ചറായും സ്‌കില്‍ ട്രെയ്നറായും ഒക്കെ ജോലി ചെയ്തിരുന്നു. എന്നാല്‍ ഒരു ജോലിയിലും സംതൃപ്തി ലഭിച്ചിരുന്നില്ല. ന്യൂ ബോണ്‍ ഫോട്ടോഗ്രഫി തുടങ്ങിയപ്പോഴാണ് എന്റെ വഴി ഇതാണെന്ന തോന്നലുണ്ടായത്. അത് ഒരു ''ഹൂറെ മൊമെന്റ്'' ആയിരുന്നു. ചെയ്യുന്ന ജോലി ദിവസവും ഇത്ര ഇഷ്ടത്തോടെ ക്രിയേറ്റിവായി സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. അങ്ങനെ ഒരു ജോലി കണ്ടെത്താന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മിഥു പറയുന്നു.

Content Highlights: midhu sreenivas new born photography

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented